ഇംതിയാസ് ധർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Imtiaz Dharker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംതിയാസ് ധർക്കർ

ഇന്തോ-ആംഗ്ലിയൻ കവയിത്രിയായ ഇംതിയാസ് ധർക്കർ 1954-ൽ ലാഹോറിൽ ജനിച്ചു. ബ്രിട്ടനിൽ വളർന്ന ഇവർ പിന്നീട് മുംബൈയിൽ താമസമാക്കി. ദൃശ്യ-ശ്രാവ്യ കൃതികൾ (audio-visuals) രചിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും ഇവർ പ്രതിഭ തെളിയിച്ചു. 1975-85 കാലഘട്ടത്തിൽ ഡെബെനേർ എന്ന പ്രസിദ്ധീകരണത്തിന്റെ കവിതാവിഭാഗം എഡിറ്റർ എന്ന നിലയിൽ പ്രവർത്തിക്കുകയുണ്ടായി. ഇതിൽ പ്രസിദ്ധീകരിച്ച പല കവിതകൾക്കും ചിത്രം നൽകിയത് ഇംതിയാസ് ധർക്കർതന്നെ ആയിരുന്നു. പ്രസിദ്ധ ഇന്തോ-ആംഗ്ലിയൻ കവിയായ നിസിം എസെക്കീലിന്റെ ചിത്രം 1978-ൽ പ്രസിദ്ധീകരിച്ചത് ഇവർക്ക് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു.

പ്രധാന പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

പർദ (1989), പോസ്റ്റ്കാർഡ്സ് ഫ്രം ഗോഡ് (1994) എന്നിവയാണ് ധർക്കറിന്റെ പ്രധാന കവിതാസമാഹാരങ്ങൾ. ഇസ്ലാമിക സമൂഹത്തിൽ വളർന്നുവരുന്ന ഒരു സ്ത്രീയുടെ വിവിധങ്ങളായ അനുഭവവിശേഷങ്ങൾ പർദയിലെ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നു. പർദാ സമ്പ്രദായത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണം പർദ II എന്ന കവിതയിൽ കാണാം[അവലംബം ആവശ്യമാണ്]. എ വുമൺസ് പ്ലെയ്സ് എന്ന കവിതയിലാകട്ടെ, ഒരു സ്ത്രീ അലർച്ചയും ഒപ്പം പുഞ്ചിരിയും അമർത്തിവയ്ക്കണമെന്ന മാമൂൽപാഠം കവയിത്രിയുടെ രൂക്ഷമായ പരിഹാസത്തിനു ശരവ്യമാകുന്നു[അവലംബം ആവശ്യമാണ്]. ദ് ചൈൽഡ് സിങ്സ്, നോ-മാൻസ് ലാൻഡ് എന്നിവയാണ് ഈ കവിതാ സമാഹാരത്തിലെ മറ്റു പ്രധാന കവിതകൾ.

ചിത്രപ്രദർശനങ്ങൾ[തിരുത്തുക]

ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇംതിയാസ് ധർക്കറിന്റെ പോസ്റ്റ്കാർഡ്സ് ഫ്രം ഗോഡ് എന്ന കവിതാസമാഹാരത്തിൽ കവിതകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കവിതയും ചിത്രകലയും തമ്മിലുള്ള പരസ്പരപൂരകത്വത്തിന്റെ ഉത്തമ നിദർശനമാണ് ലിവിങ് സ്പെയ്സ് എന്ന കവിത. പർദയിലെ കവിതകളിൽ കവയിത്രിയുടെ വൈയക്തികാനുഭൂതികൾക്കാണ് മുൻതൂക്കമെങ്കിൽ ഈ സമാഹാരത്തിൽ സാമൂഹികാംശം കേന്ദ്രബിന്ദുവായി മാറുന്നു[അവലംബം ആവശ്യമാണ്].

പുസ്തകങ്ങൾ[തിരുത്തുക]

  • പർദ. (ഓക്സ്ഫൊർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1989)
  • പോസ്റ്റ്കാർഡ് ഫ്രം ഗോഡ് (1997)
  • ഐ സ്പീക് ഫോർ ദി ഡെവിൾ. (പെൻഗ്വിൻ ബുക്സ് ഇന്ത്യ, 2003)
  • ദി ടെറോറിസ്റ്റ് അറ്റ് മൈ ടേബിൾ (പെൻഗ്വിൻ ബുക്സ് ഇന്ത്യ, 2007)
  • ലീവിങ് ഫിഗെർപ്രിൻഡ്സ് (2009).

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധർക്കർ, ഇംതിയാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഇംതിയാസ്_ധർക്കർ&oldid=3809762" എന്ന താളിൽനിന്ന് ശേഖരിച്ചത്