Jump to content

വിഗ്രഹാരാധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Idolatry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിലയിൽ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂർണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്റെ പ്രതിഷ്ഠ ഉണ്ടാകും.

ലോകത്തിൽ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവിൽ നിന്നിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ(പുരാതന കാലത്തെ സിന്ധു നദീ തട വാസികൾ, ദ്രാവിഡർ) ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം.

പശ്ചാത്തലം

[തിരുത്തുക]

വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദീതടസംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാർ ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാർ ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.[1]

മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ ഇന്ദ്രന്റെ കയ്യിലെ വജ്രം എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ വരുണനോട് ബന്ധിച്ചു, കാറ്റിനെ വായുദേവനോടും; സൂര്യൻ കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.

ബുദ്ധമതസ്തരിൽ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.

വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ ബൈബിളിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നിൽ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്..[2] അവർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.

ചരിത്രം

[തിരുത്തുക]

തരം തിരിവ്

[തിരുത്തുക]

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.[അവലംബം ആവശ്യമാണ്]

വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം

  • ശൈലി - സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടാങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കരദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.
  • ദാരുമയി- പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.
  • ലൌഹി- ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്.
  • ലേപ്യ-ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്.
  • ലേഖ്യ-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.
  • സൈകതം- മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി(ദുർഗ)യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ). യക്ഷിയുടേ ഉരൌവം വയ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.
  • മണിമയി- വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
  • മനോമയി- മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

ക്ഷേത്രം

[തിരുത്തുക]

കേരളത്തിൽ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗർഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ബലിക്കൽ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾ. ക്ഷേത്രത്തിനുള്ളിൽ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങൾ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുൻപിൽ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മിൽ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിർമിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകൾ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.

സൂര്യാരാധന

[തിരുത്തുക]

സർവ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതൽക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങൾക്കുമെല്ലാം വളരാൻ തന്നെ സൂര്യൻ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കൽ‍പത്തിലും ഉണ്ട്.

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ‍ വിശ്വംഭരൻ. കേരള സംസ്കാര ദർശനം. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള.
  2. ‍ കേരളവിജ്ഞാനകോശം.വിഗ്രഹാരാധന , പേജ് 60, വർഷം 1988.
"https://ml.wikipedia.org/w/index.php?title=വിഗ്രഹാരാധന&oldid=4004608" എന്ന താളിൽനിന്ന് ശേഖരിച്ചത്