ഐ.സി. ചാക്കോ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ഐ.സി. ചാക്കോ (25 ഡിസംബർ 1875 - 27 മേയ് 1966). ഇംഗ്ളീഷ്, മലയാളം, സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ, സുറിയാനി, ഫ്രഞ്ച്, ജർമ്മൻ, തമിഴ് എന്നീ ഭാഷകൾ ചാക്കോയ്ക്ക് അറിയാമായിരുന്നു. വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്നം നടത്തി. 1932ൽ കേരളം മാസികയിൽ അദ്ദേഹമെഴുതിയ 'സാങ്കേതിക സംജ്ഞകൾ' എന്ന ലേഖന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ളീഷിലുള്ള പല പദങ്ങളുടേയും നിഷ്പത്തി, ലാറ്റിൻ-ഗ്രീക്കു ധാതുക്കളിൽ കണ്ടെത്തി, അവയ്ക്കു സമാനമായ സംസ്കൃത ധാതുക്കളിൽ നിന്ന്, മലയാള ഭാഷാശൈലിക്ക് ഇണങ്ങുന്ന രീതിയിൽ പദങ്ങൾ സൃഷ്ടിക്കുക എന്ന മാർഗ്ഗമായിരുന്നു ചാക്കോ അവലംബിച്ചത്. ചാക്കോയുടെ ഏറ്റവും പ്രധാന രചന "പാണിനീയപ്രദ്യോതം" ആണ്. പാണിനിസൂത്രങ്ങളുടെ സമഗ്രമായ വ്യഖ്യാനമായ ഈ കൃതിക്കായിരുന്നു മലയാളത്തിലെ രണ്ടാമത്ത കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.[1]
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ കുട്ടനാട്ടിൽ പുളിങ്കുന്നു പുന്നക്കുന്നത്ത്‌ശേരി കുടുംബത്തിലെ കോരയുടെയും അന്നയുടെയും മകനാണ്. പ്രാരംഭ വിദ്യാഭ്യാസം സംസ്കൃതത്തിലായിരുന്നു. പിന്നീട് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് ബിരുദം നേടി. ആലപ്പുഴയിൽ ഒരു മിഡിൽ സ്കൂളിൽ രണ്ടു കൊല്ലം അദ്ധ്യാപകനായിരുന്നു. 1901 ൽ സ്ക്കോളർഷിപ്പോടെ ഉപരിപഠനത്തിനായി ഇംഗ്ളണ്ടിൽ പോയി. ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് ഊർജ്ജതന്ത്രത്തിലും മൈനിംഗ് എൻജിനിയറിംഗിലും ബിരുദങ്ങൾ നേടി. നാട്ടിൽ തിരികെ എത്തി, തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ ഭൂഗർഭശാസ്ത്രവകുപ്പിൽ, 1908 മുതൽ തിരുവിതാംകൂർ സ്റ്റേറ്റ് ജിയോളജിസ്റ്റായും 1921 മുതൽ വ്യവസായ വകുപ്പ് ഡയറക്ടർ ആയും ജോലി നോക്കി.[2] 1966 മെയ് 27 ന് അദ്ദേഹം അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- ക്രിസ്തുസഹസ്രനാമം (വിഷ്ണുസഹസ്രനാമത്തിന്റെ ചുവടുപിടിച്ച് എഴുതിയത്)
- കൃഷി വിഷയങ്ങൾ.
- പ്രകൃതി പാഠങ്ങൾ(രണ്ട് ഭാഗം)
- ജീവിതസ്മരണകൾ
- മാർളൂയിസ് പഴയപറമ്പിൽ (ജീവചരിത്രം)
- സർതോമസ് മൂർ (ജീവചരിത്രം)
- വാല്മീകിയുടെ ലോകത്തിൽ (ഉപന്യാസസമാഹാരം)
- ചില ശബ്ദങ്ങളും അവയുടെ രൂഢാർത്ഥങ്ങളും
- പാണിനീയപ്രദ്യോതം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1957)
അവലംബം
[തിരുത്തുക]- ↑ http://www.keralasahityaakademi.org/sp/Writers/Profiles/ICChacko/Html/ICChackopage.htm
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 151. ISBN 81-7690-042-7.