Jump to content

ഹബിൾ ബഹിരാകാശ ദൂരദർശിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hubble Space Telescope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹബിൾ ബഹിരാകാശ ദൂരദർശിനി

ഹബിൾ ബഹിരാകാശ ദൂരദർശിനി, ഡിസ്കവറി സ്പേസ് ഷട്ടിലിൽ നിന്നുള്ള ദൃശ്യം. കേടുപാടുകൾ തീർക്കുന്നതിനുള്ള രണ്ടാമത്തെ ദൗത്യത്തിൽ നിന്ന്, STS-82
പൊതു വിവരങ്ങൾ
NSSDC ID: 1990-037B
സംഘടന: നാസ/ESA/STScI
വിക്ഷേപണം: ഏപ്രിൽ 24, 1990
നീക്കം ചെയ്യുന്നത്: 2020-ഓടെ
പിണ്ഡം: 11,110 കിലോഗ്രാം (24,250 പൌണ്ട്)
ഭ്രമണപഥത്തിന്റെ ഉയരം: 589 കി.മി, 366 mi.
ഭ്രമണ സമയം: 96–97 മിനിട്ട്
ഭ്രമണ പ്രവേഗം: 7,500 മീറ്റർ/സെക്കന്റ്, 16800 മൈലുകൾ / മണിക്കൂർ
ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം: 8.169 മീ/സെക്കന്റ്²
സ്ഥാനം: Low Earth orbit
ഭ്രമണപഥം: ദീർഘവൃത്തം
Telescope style: Ritchey-Chretien പ്രതിഫലനം
തരംഗദൈർഘ്യം: ഓപ്റ്റിക്കൽ, അൾട്രാ വയലറ്റ്, near-infrared
വ്യാസം: 2.4 മീ (94 ഇഞ്ച്)
വിവരങ്ങൾ ശേഖരിക്കുന്ന വിസ്തീർണ്ണം: ഏകദേശം. 4.3 ച.മീ (46 ച.അടി)
Focal length: 57.6 മീ (189 അടി)
ഉപകരണങ്ങൾ
NICMOS: ഇൻഫ്രാറെഡ് കാമറ/സ്പെക്ട്രോമീറ്റർ
എ.സി.എസ്: ഓപ്റ്റിക്കൽ സർവ്വേ കാമറ (പ്രവർത്തിക്കുന്നില്ല)
WFPC2: വൈഡ് ഫീൽഡ് ഓപ്റ്റിക്കൽ കാമറ
STIS: ഓപ്റ്റിക്കൽ സ്പെക്ട്രോമീറ്റർ /കാമറ (പ്രവർത്തിക്കുന്നില്ല)
FGS: മൂന്ന് ഫൈൻ ഗൈഡൻസ് സെൻസറുകൾ
 
വെബ് വിലാസം: http://www.nasa.gov/hubble http://hubble.nasa.gov http://hubblesite.org http://www.spacetelescope.org

ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മയ്ക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിലായുള്ള ഹബിളിന്റെ സ്ഥാനം ഭൂമിയിലെ ദൂരദർശിനികൾക്ക് അപ്രാപ്യമായ ഗുണങ്ങൾ ലക്ഷ്യം വച്ചുള്ളതാണ്. ഇതുമൂലം ദൃശ്യങ്ങൾ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം മൂലം മങ്ങിക്കാണില്ല, ദൃശ്യപശ്ചാത്തലം വായുവിൽ വിസരിതമാകില്ല എന്നതിനൊക്കെപ്പുറമേ ഭൂമിയിൽ അന്തരീക്ഷത്തിലെ ഓസോൺ പാളിയാൽ തടയപ്പെടുന്ന അൾട്രാവയലറ്റ് തരംഗങ്ങൾ ഹബിളിനു തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യുന്നു. 1990ൽ നടന്ന ഹബിളിന്റെ വിക്ഷേപണത്തോടു കൂടി ജ്യോതിശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഉപകരണം ജ്യോതിശാസ്ത്രജ്ഞർക്കു ലഭിച്ചു, ഭൗതികജ്യോതിശാസ്ത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി കണ്ടുപിടിത്തങ്ങൾ അതുവഴി നടക്കുന്നുണ്ട്. ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് (Hubble Ultra Deep Field) ആണ് ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം. 15 വർഷമാണ് ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവയ്ക്കുന്നതോടൊപ്പം ലോകത്തുള്ള ആർക്കും ഉപയോഗിച്ചു നോക്കാവുന്ന തരത്തിൽ നാസ അതിനെ പൊതുസ്വത്താക്കുകയും ചെയ്തു.

ഒരു ബഹിരാകാശ ദൂരദർശിനി നിർമ്മിക്കാനുള്ള പദ്ധതി അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ 1946-ൽ തന്നെ ഉണ്ടായെങ്കിലും സാമ്പത്തികപ്രശ്നങ്ങൾ കാര്യമായി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു. 1990-ലെ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ തന്നെ ദൂരദർശിനിയുടെ പ്രധാന ദർപ്പണത്തിന്റെ ഗോളീയസംക്ഷേപണം മോശം ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചതിനാൽ ശരിക്കും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി. ഇത് ദൂരദർശിനിയുടെ ഉപയോഗക്ഷമതയെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നു. എന്നിരുന്നാലും 1993-ലെ ഒരു നന്നാക്കൽ ദൗത്യത്തോടെ ദൂരദർശിനി ഉദ്ദേശ്ശിച്ച ഗുണമേന്മയുള്ളതാക്കി തീർക്കാനായി എന്നുമാത്രമല്ല സുപ്രധാനമായ ഒരു പഠനോപകരണവും പൊതുവേ ജ്യോതിശാസ്ത്രത്തിനൊരു ഉത്തേജനവുമായി.ക്രോം‌പ്റ്റൺ ഗാമാ കിരണ ജ്യോതിർനിരീക്ഷണകേന്ദ്രം, ചന്ദ്രാ എക്സ്-കിരണ നിരീക്ഷണ കേന്ദ്രം, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവ ഉൾപ്പെടുന്ന നാസയുടെ മഹാ ജ്യോതിർനിരീക്ഷണ പദ്ധതിയിൽ (Great Observatories program) ശ്രേണിയിൽ ആദ്യത്തേതായ ഹബിൾ,[1] നാസയുടേയും യൂറോപ്യൻ ശ്യൂന്യാകാശ ഏജൻസിയുടേയും ഒരു സംയുക്ത സംരംഭമാണ്.

ഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് ഹബിൾ. ഇതുവരെ നാല് നന്നാക്കൽ ദൗത്യങ്ങളാണ് ഹബിളിനായി നടന്നിട്ടുള്ളത്, അഞ്ചാമത്തേതും അവസാനത്തേതുമായ ദൗത്യം 2008 സെപ്റ്റംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും 2009-ലാണ് അത് സാധിച്ചത്. ആദ്യ നന്നാക്കൽ ദൗത്യം 1993 ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്. 1997 ഫെബ്രുവരി നടന്ന രണ്ടാമത്തെ ദൗത്യത്തിന്റെ ലക്ഷ്യം രണ്ട് പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. മൂന്നാം നന്നാക്കൽ രണ്ട് ഘട്ടമായാണ് നടത്തിയത്: എസ്.എം.3.എ.(Servicing Mission 3 A) എന്നറിയപ്പെട്ട ആദ്യ ഘട്ടം 1999 ഡിസംബറിൽ അത്യാവശ്യം വേണ്ട നന്നാക്കലുകൾക്കായുള്ളതായിരുന്നു, എസ്.എം.3.ബി മാർച്ച് 2002-ൽ നൂതന പര്യവേക്ഷണ ക്യാമറ (Advanced Camera for Survey - ACS) ഘടിപ്പിക്കാനായിരുന്നു.

അഞ്ചാമത്തെ നന്നാക്കൽ ദൗത്യം (SM 4) പദ്ധതിയിട്ടിരുന്നത് 2004-ൽ ആയിരുന്നെങ്കിലും കൊളംബിയ ദുരന്തത്തേ തുടർന്ന് സുരക്ഷയെ കരുതി റദ്ദാക്കപ്പെട്ടു. ഒരു മാനുഷിക ദൗത്യം വളരെ അപകടകരമാണെന്നാണ് നാസ കണ്ടെത്തിയത്. സഞ്ചാരികൾക്ക് ഒരു സുരക്ഷാകൂടാരമാകാവുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഒറ്റപ്പെട്ടിരിക്കാവുന്ന കാലമായിരുന്നു അത്. അവിടെനിന്ന് ഹബിളിലേക്കുള്ള യാത്രയും അന്ന് അസാധ്യമായിരുന്നു. 2006 ഒക്ടോബർ 31-ഓടു കൂടി നാസ അഡ്മിനിസ്ട്രേറ്റർ മൈക് ഗ്രിഫിൻ അറ്റ്ലാന്റിസ് ബഹിരാകാശ വാഹനം പോയി വരാനുള്ള പച്ചക്കൊടി കാട്ടുകയും, 2008 സെപ്റ്റംബറിൽ നടത്താവുന്ന വിധത്തിൽ പദ്ധതി തയ്യാറാക്കുകയും ചെയ്തു[2][3].

ഒരു സുരക്ഷാസംവിധാനം എന്ന രീതിയിൽ ഡിസ്കവറി വാഹനം തയ്യാറാക്കി നിർത്താനും അത്യാവശ്യമെങ്കിൽ പോയി വരാനും തീരുമാനമായിരിക്കുന്നു. ഈ പദ്ധതിപ്രകാരം ഹബിൾ 2013 വരെ, പിൻഗാമി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കുന്നതുവരെ നിലനിർത്താവുന്നതാണ്. ജയിംസ് വെബ് ദൂരദർശിനി ഹബിളിനെ അപേക്ഷിച്ച് വളരെ കഴിവ് ഉള്ളതാണെങ്കിലും ഇൻഫ്രാറെഡ് കിരണങ്ങൾ മാത്രം നിരീക്ഷിക്കാനുള്ളതാണ്. അതിനാൽ തന്നെ പ്രകാശത്തിന്റെ ദൃശ്യ - അതിനീലലോഹിത ആവൃത്തികൾ കാണാൻ കഴിവുള്ള ഹബിളിനു ഒരിക്കലും പകരമാവില്ല.

രൂപകല്പനയും ലക്ഷ്യവും

[തിരുത്തുക]

പദ്ധതികളും മുൻഗാമികളും

[തിരുത്തുക]

ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ ചരിത്രം 1946 മുതൽ ആരംഭിക്കുന്നു. അന്ന് ജ്യോതിശാസ്ത്രജ്ഞനായിരുന്ന ലൈമാൻ സ്പിറ്റ്സർ “ഭൗമേതര നിരീക്ഷണാലയത്തിന്റെ ജ്യോതിശാസ്ത്രപരമായ ഗുണഗണങ്ങൾ” എന്നൊരു പ്രബന്ധം എഴുതിയിരുന്നു[4]. അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്. ആദ്യത്തേത് കോണീയ വ്യതിരിക്തത (രണ്ട് വസ്തുക്കൾ തമ്മിലുള്ള തിരിച്ചറിയാവുന്ന ഏറ്റവും ചെറിയ അകലം അന്തരീക്ഷവായുവിലെഅപവർത്തനരഹിതമായി കാണാൻ കഴിയും, ഇതാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നാൻ കാരണം. ഭൂമിയിൽ നിന്നറിയാവുന്ന ഏറ്റവും ചെറിയ അകലം 0.5 മുതൽ 1.0 ആർൿസെക്കന്റുകൾ ആണ്. ശൂന്യാകാശത്ത് 2.5 മീ വ്യാസമുള്ള ദർപ്പണസഹായത്തോടെ ഇത് 0.1 ആർൿസെക്കന്റ് ആകാമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. രണ്ടാമതായി അന്തരീക്ഷം വലിച്ചെടുക്കുന്ന ഇൻഫ്രാറെഡ്, അതിനീലലോഹിത കിരണങ്ങൾ എന്നിവ നിരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്പിറ്റ്സർ തന്റെ ഉദ്യോഗം ഒരു ബഹിരാകാശ ദൂരദർശിനി നിർമ്മിക്കാനായി ഉഴിഞ്ഞു വെച്ചു. 1962 -ൽ യു.എസ്. നാഷണൽ അകാഡമി ഓഫ് സയൻസ് ഇതിനെ പിന്താങ്ങി. 1965-ൽ സ്പിറ്റ്സർ - ഇതിനായി രൂപവത്കരിക്കപ്പെട്ട ഒരു സമിതിയുടെ തലവനാവുകയും ഒരു ഭീമൻ ബഹിരാകാശ ദൂരദർശിനിയുടെ ലക്ഷ്യങ്ങളെന്തെല്ലാമാവണമെന്ന് പഠിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്തരം ഒരു ശാസ്ത്രശാഖ വളരുകയായിരുന്നു. ശാസ്ത്രജ്ഞർ റോക്കറ്റ് സാങ്കേതികവിദ്യ കണ്ടുപിടിച്ചു. സൂര്യന്റെ ആദ്യ അതിനീലലോഹിത വർണ്ണരാജി (UV Spectrum) 1946-ൽ ശേഖരിക്കാനായി. ഏരിയൽ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ഉപഗ്രഹ സൗരദൂരദർശിനി 1962ൽ യു.കെ. വിക്ഷേപിച്ചു. 1966ൽ നാസ അതിന്റെ ആദ്യ ഉപഗ്രഹ ജ്യോതിർനിരീക്ഷണ കേന്ദ്രം - ഒ.എ.ഒ (Orbiting Astronomical Observatory - OAO) പദ്ധതി തുടങ്ങി വച്ചു. ഒ.എ.ഒ -1ന്റെ ബാറ്ററി മൂന്നാംദിവസം തീർന്നതിനാൽ ആ പദ്ധതി അവസാനിപ്പിച്ച്, നക്ഷത്രങ്ങളുടെ അതിനീലലോഹിത രശ്മികളെ കുറിച്ച് പഠിക്കുന്ന ഒ.എ.ഒ -2 എന്ന പദ്ധതി തുടങ്ങി, 1968ൽ വിക്ഷേപിച്ച ഈ പദ്ധതി ഒരു കൊല്ലത്തേക്ക് ആണ് തുടങ്ങിയതെങ്കിലും 1972 വരെ അതിവിജയകരമായി നിലനിന്നു.

ഒ.എ.ഒ ദൗത്യങ്ങൾ, ബഹിരാകാശത്ത് വച്ച് നടത്തുന്ന നിരീക്ഷണങ്ങൾ സുപ്രധാനങ്ങളാണെന്ന് കാട്ടിത്തരുന്നവയായിരുന്നു. നാസയുടെ ബഹിരാകാശാധിഷ്ഠിതമായ ഉറച്ച പദ്ധതിയായിരുന്നു 1968ലെ 3 മീറ്റർ വ്യാസമുള്ള കണ്ണാടി ഉറപ്പിച്ച പ്രതിബിംബ ദൂരദർശിനി, താത്കാലികമായി ലാർജ് ഓർബിറ്റിങ് ടെലിസ്കോപ് എന്നും ലാർജ് സ്പേസ് റ്റെലിസ്കോപ് (എൽ.എസ്.റ്റി.) എന്നും അറിയപ്പെട്ട ഇതിന്റെ വിക്ഷേപണം 1979ലേക്ക് തീരുമാനിക്കപ്പെട്ടു. ഇത്തരം വൻചെലവുള്ള പദ്ധതികൾ മനുഷ്യനാൽ നന്നാക്കപ്പെടുന്ന വലിയ ഉപയോഗകാലം ഉള്ള പദ്ധതികളിലേക്ക് നയിച്ചു. ഇത് പുനരുപയോഗിക്കാവുന്ന ബഹിരാകാശ യാനങ്ങളുടെ നിർമ്മാണവും ആവശ്യപ്പെട്ടു[5].

ചെലവു കണ്ടെത്തൽ

[തിരുത്തുക]

ഒ.എ.ഒ. പദ്ധതിയുടെ തുടർച്ചയായ വിജയം ഒരു എൽ.എസ്.റ്റി ഒരു ലക്ഷ്യമായിരിക്കണമെന്ന കാര്യത്തിൽ ജ്യോതിശാസ്ത്ര സമൂഹത്തിൽ സമവായമുണ്ടാക്കി. 1970ൽ നാസ ബഹിരാകാശ ദൂരദർശിനി പദ്ധതിയുടെ സാങ്കേതികതയെ കുറിച്ച് പഠിക്കാനും, പദ്ധതിയുടെ ശാസ്ത്രലക്ഷ്യങ്ങൾ തീരുമാനിക്കാനും രണ്ട് സമിതികളെ നിയമിച്ചു. ഇതിനു ശേഷം ഭൂമിയിലെ ദൂരദർശിനിയെക്കാളും വളരെയേറെ ചെലവുള്ള ഈ ഉപകരണത്തിനു വേണ്ടിയുള്ള പണം കണ്ടെത്താനുള്ള ശ്രമമായി. യു.എസ്. കോൺഗ്രസ് പദ്ധതിയെ ചോദ്യം ചെയ്യുകയും, തുടക്കമാണെങ്കിൽ പോലും പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും ചെയ്തു. ദൂരദർശിനിയുടെ ഭാഗങ്ങളെ കുറിച്ച് വിശദമായ പഠനം നടക്കുന്ന സമയമായിരുന്നു അത്. 1974ൽ ചെലവു കുറക്കലിന്റെ ഭാഗമായിട്ട് കോൺഗ്രസ് പദ്ധതിക്കുള്ള മുഴുവൻ സഹായവും വെട്ടിക്കുറച്ചു.

ഇതേ സമയം തന്നെ ജ്യോതിശാസ്ത്രജ്ഞർ തങ്ങളുടെ ഭാഗത്തേക്കും ആളെ കൂട്ടുന്നുണ്ടായിരുന്നു. പലരും കോൺഗ്രസ് അംഗങ്ങളേയും സെനറ്റർമാരെയും വ്യക്തിപരമായി തന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്കാലത്ത് നാഷണൽ അകാഡമി ഓഫ് സയൻസ് ഒരു ബഹിരാകാശ ദൂരദർശിനിയുടെ ആവശ്യം വ്യക്തമാക്കി ഒരു പ്രബന്ധവും അവതരിപ്പിച്ചു. ഇതിന്റെയെല്ലാം ഫലമായി സെനറ്റ് പകുതി സാമ്പത്തിക സഹായം നൽകാമെന്ന് സമ്മതിച്ചു.

പണദൗർലഭ്യം പദ്ധതിയിൽ ചില വെട്ടിച്ചുരുക്കലുകൾ നടത്താൻ നിർബന്ധിതമാക്കി, ദൂരദർശിനിയിൽ ഘടിപ്പിക്കാനുള്ള 3 മീറ്റർ വ്യാസമുള്ള ദർപ്പണത്തിനു പകരം 2.4 മീറ്റർ വ്യാസമുള്ള ഒരെണ്ണം ഉപയോഗിക്കാൻ ധാരണയായി. 1.5 മീറ്റർ വ്യാസമുള്ള ഒരു ദർപ്പണം ഘടിപ്പിക്കാനുള്ള ഒരു പദ്ധതിയും ഒഴിവാക്കപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങൾ മുന്നിൽ വച്ചു തന്നെ യൂറോപ്യൻ സ്പേസ് ഏജൻസിയുമായി (ഇ.എസ്.എ) ഒത്തു ചേർന്ന് പദ്ധതി പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങളും വന്നു. ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ.എസ്.എ. നൽകാമെന്നേറ്റു. അതു പോലെ തന്നെ, പ്രവർത്തനത്തിനു വേണ്ട ഊർജ്ജം നൽകുന്ന സൌരസെല്ലുകളും ഇ.എസ്.എ ആണ് നൽകിയത്. പകരമായി അമേരിക്ക യൂറോപ്പിന് കുറഞ്ഞത് 15% സമയം നിരീക്ഷണങ്ങൾക്കായി നൽകാമെന്നേറ്റു. 1978ൽ യു.എസ്. കോൺഗ്രസ്സും പദ്ധതിക്കായി 3,60,00,000 (മൂന്നു കോടി അറുപത് ലക്ഷ) യു.എസ്. ഡോളർ അനുവദിച്ചു. 1983ൽ വിക്ഷേപിക്കണമെന്ന ലക്ഷ്യത്തിൽ ഈ എൽ.എസ്.റ്റിയുടെ രൂപകല്പന ആരംഭിക്കുകയും ചെയ്തു. 1980കളുടെ ആരംഭത്തിൽ പുതിയ ദൂരദർശിനിക്ക്, 20 നൂറ്റാണ്ടിലെ ഒരു വൻ ജ്യോതിശാസ്ത്ര കണ്ടുപിടിത്തമായ “പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെ“ന്ന് കണ്ടെത്തിയ എഡ്വിൻ ഹബിളിന്റെ പേരു നൽകണമെന്ന് തീരുമാനിക്കപ്പെട്ടു.

നിർമ്മാണവും സാങ്കേതികവിദ്യയും

[തിരുത്തുക]
ഡാൻബറിയിലെ പെർക്കിൻ-എൽമെർ കോർപറേഷൻ ഹബിളിന്റെ പ്രാഥമിക ദർപ്പണത്തിന്റെ മിനുക്കുപണി തുടങ്ങുന്നു, മെയ് 1979. പെർക്കിൻ-എൽമെർ കോർപറേഷനിൽ പദ്ധതിക്കായി പണിയെടുത്ത സാങ്കേതികവിദഗ്ദ്ധൻ ഡോ. മാർട്ടിൻ യെല്ലിൻ ആണ് ചിത്രത്തിൽ.

ബഹിരാകാശ ദൂരദർശിനി പദ്ധതി പ്രാവർത്തികമായപ്പോൾ, അതിനു വേണ്ട പണികൾ വിവിധ സ്ഥാപനങ്ങൾക്കായി വിഭജിച്ചു നല്കി. പദ്ധതിയുടെ രൂപകല്പനയും, പ്രവർത്തനപുരോഗതിയും, ദൂരദർശിനിയുടെ നിർമ്മാണവും കൈകാര്യം ചെയ്യാൻ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിനെ(എം.എസ്.എഫ്.സി) നിയോഗിച്ചു. ഗോദ്ദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിനായിരുന്നു പദ്ധതിയുടെ ശാസ്ത്രോപകരണങ്ങളുടെ നിയന്ത്രണങ്ങളുടേയും നിയന്ത്രണ കേന്ദ്രത്തിന്റേയും ചുമതലകൾ. ഒപ്റ്റിക്സ് കമ്പനിയായിരുന്ന പെർക്കിൻ-എൽമർ പദ്ധതിയുടെ ഒപ്റ്റിക്കൽ ദൂരദർശിനി വിഭാഗത്തിന്റേയും ഫൈൻ ഗൈഡൻസ് സെൻസറുകളുടേയും ഉത്തരവാദിത്തം. ലോൿഹീഡ് കോർപ്പറേഷനാകട്ടെ ദൂരദർശിനി കൊണ്ടുപോകാനുള്ള ശൂന്യാകാശ പേടകത്തിന്റെ നിർമ്മാണം ഏറ്റെടുത്തു.[6]

ഒപ്റ്റിക്കൽ ദൂരദർശിനി വിഭാഗം

[തിരുത്തുക]

ദർപ്പണവും മറ്റ് ഒപ്റ്റിക്കൽ ഭാഗങ്ങളുമാണ് ദൂരദർശിനിയുടെ ഏറ്റവും പ്രധാന ഭാഗങ്ങൾ എന്നുള്ളതുകൊണ്ട്, കൃത്യമായ നിർവ്വചനങ്ങൾ പ്രകാരമാണ് അവ നിർമ്മിച്ചത്. സാധാരണ ദർപ്പണ ദൂരദർശിനികളിലെ മിനുക്കുപണികളുടെ (പോളീഷിങ്) കൃത്യത ദൃശ്യപ്രകാശത്തിന്റെതരംഗദൈർഘ്യത്തിന്റെ പത്തിലൊന്ന് ആയിരിക്കണം. എന്നാൽ ഒരു ബഹിരാകാശ ദൂരദർശിനി, അതിനീലലോഹിത രശ്മികൾ മുതൽ ഇൻഫ്രാറെഡ് വരെയുള്ള രശ്മികൾ നിരീക്ഷിക്കുന്നതിനാൽ പത്തിരട്ടി കൂടുതൽ വ്യതിരിക്തത (Resolution) സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ദർപ്പണം ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ 1/20 കൃത്യതയിൽ അതായത് 30 നാനോമീറ്റർ ആയിട്ടാണ് മിനുക്കിയെടുത്തത്.

പെർകിൻ-എൽമർ എറ്റവും സങ്കീർണ്ണമായ കമ്പ്യൂട്ടർ നിയന്ത്രിത മിനുക്കു യന്ത്രങ്ങൾ ഉപയോഗിച്ച് ആവശ്യമായ രൂപത്തിൽ കണ്ണാടി നിർമ്മിക്കാൻ തീരുമാനിച്ചു. അവരുടെ കട്ടിങ്എഡ്ജ് സാങ്കേതികവിദ്യ പ്രശ്നസങ്കുലമായപ്പോൾ, കണ്ണാടി ഉരച്ച് രൂപപ്പെടുത്തുന്ന പരമ്പരാഗത രീതിയിൽ ഒരു കരുതൽ കണ്ണാടി നിർമ്മിക്കാൻ കൊഡാക്കിനെ ഏർപ്പാട് ചെയ്തു. കൊഡാക്കിന്റെ കണ്ണാടി ഇപ്പോൾ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട് [7]. പെർകിൻ-എൽമറിന്റെ ദർപ്പണത്തിന്റെ പണി 1979ൽ ആരംഭിച്ചു, താപവികാസത്തെ വളരെ ചെറുക്കുന്ന ചില്ലാണ് അതിനുപയോഗിച്ചത്. കണ്ണാടിയുടെ ഭാരം കുറക്കുന്നതിനായി ഒരിഞ്ച് വലിപ്പമുള്ള പാളികൾക്കിടയിൽ തേൻകൂട് പോലുള്ള നിർമ്മിതിക്കുള്ളിൽ ഒതുക്കി.

കണ്ണാടിയുടെ മിനുക്കുപണികൾ 1979ൽ തുടങ്ങി മേയ് 1981 വരെ നീണ്ടു നിന്നു. നാസ ആ സമയം പെർകിൻ - എൽമെറിന്റെ കാര്യനിർവ്വാഹക ശേഷിയെ ചോദ്യം ചെയ്തു. മിനുക്കുപണികൾ സമയബന്ധിതമല്ലാതെ ഇഴയാൻ തുടങ്ങി. ഇത് ചെലവ് കൂടാനും കാരണമായി. പണം ലാഭിക്കാൻ നാസ രണ്ടാംകണ്ണാടിയുടെ പണി താത്കാലികമായി നിർത്തി വക്കുകയും, ദൂരദർശിനിയുടെ വിക്ഷേപണം 1984 ഒക്ടോബറിലേക്ക് നീട്ടി വെക്കുകയും ചെയ്തു. 1981 അവസാനത്തോടെ കണ്ണാടിയുടെ പണി പൂർത്തിയായി. 75 നാനോമീറ്റർ കട്ടിയുള്ള അലൂമിനിയത്തിന്റെ പ്രതിഫലന പൂശും 25 നാനോമീറ്റർ കട്ടിയുള്ള മഗ്നീഷ്യം ഫ്ലൂറൈഡിന്റെ സംരക്ഷണ പൂശും കണ്ണാടിക്കുണ്ടായിരുന്നു.

എന്നിരുന്നാലും സമയബന്ധിതമായി, സാമ്പത്തിക അച്ചടക്കം പാലിച്ച് മറ്റു ഭാഗങ്ങൾ പൂർണ്ണമാക്കാനുള്ള പെർകിൻ-എൽമറിന്റെ കഴിവിനെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. “ഒരുറപ്പും ഇല്ലാത്തതും, ദിനംപ്രതി മാറുന്നതും“ ആയിരുന്നത്രേ അന്നത്തെ പ്രവർത്തനങ്ങൾ. നാസ വിക്ഷേപണം 1985 ഏപ്രിലിലേക്ക് മാറ്റിവച്ചു. പെർകിൻ-എൽമറിന്റെ പ്രവർത്തനങ്ങൾ മൂന്നുമാസം കൂടുമ്പോൾ ഒരുമാസം എന്നരീതിയിൽ ഇഴയാൻ തുടങ്ങി. ഒടുവിൽ അത് ഒരു ദിനത്തിന് മറ്റൊരു ദിനം എന്ന മട്ടിലെത്തി. നാസ വീണ്ടും വിക്ഷേപണം ആദ്യം 1986 മാർച്ചിലേക്കും പിന്നീട് സെപ്റ്റംബറിലേക്കും മാറ്റി വെക്കാൻ നിർബന്ധിതമായി. അപ്പോഴേക്കും മതിപ്പു ചെലവ് 11 കോടി 75 ലക്ഷം യു.എസ്. ഡോളർ എന്നനിലയിലേക്ക് ഉയർന്നിരുന്നു[6].

ബഹിരാകാശ പേടക ഭാഗങ്ങൾ

[തിരുത്തുക]
ഹബിളിന്റെ നിർമ്മാണത്തിന്റെ ആദ്യ ഘട്ടങ്ങൾ, 1980.

ദൂരദർശിനിയും മറ്റുപകരണങ്ങളും ഉറപ്പിക്കേണ്ട ബഹിരാകാശ പേടകത്തിന്റെ നിർമ്മാണമായിരുന്നു സാങ്കേതികമായി നേരിട്ട മറ്റൊരു വലിയ വെല്ലുവിളി. ഭൂമിയുടെ നിഴലിലേക്കും സൂര്യപ്രകാശത്തിലേക്കുമുള്ള അതിവേഗമാറ്റങ്ങളും അതുണ്ടാക്കുന്ന വലിയ താപനിലവ്യതിയാനങ്ങളും നേരിടാൻ പേടകം പ്രാപ്തമായിരുന്നെങ്കിൽ മാത്രമേ ദൂരദർശിനി വേണ്ടത്ര നന്നായി പ്രവർത്തിക്കുകയുണ്ടായിരുന്നുള്ളു. വിവിധതല താപരോധകങ്ങൾ ദൂരദർശിനിയും അനുബന്ധ ഉപകരണങ്ങളുമിരിക്കുന്ന അലൂമിനിയം കൂടിലെ താപനില സ്ഥിരമായി നിർത്തി. കൂട്ടിൽ കാർബൺ - ഫൈബറുകളാൽ ഉറപ്പിച്ച ചട്ടക്കൂടിലാണ് ഭാഗങ്ങൾ ഉറപ്പിച്ചു ഘടിപ്പിച്ചിരിക്കുന്നത്.

ഒപ്റ്റിക്കൽ ദൂരദർശിനി വിഭാഗത്തെ അപേക്ഷിച്ച് ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം സാമാന്യം നന്നായി തന്നെയാണ് നടന്നിരുന്നതെങ്കിലും ലോൿഹീഡും ചില സാമ്പത്തിക പ്രശ്നങ്ങളും മതിപ്പുസമയ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു. 1985 ആയപ്പോഴേക്കും ഇത് 30 ശതമാനം അധിക ചെലവും മൂന്നുമാസം അധികം സമയവും എടുത്തു.സ്വന്തം ക്രിയാത്മകതയേക്കാളും നിർമ്മാണത്തിനായി ലോൿഹീഡ് നാസയെ ആണ് ആശ്രയിക്കുന്നത് എന്നാണ് എം.എസ്.എഫ്.സി തങ്ങളുടെ റിപോർട്ടിൽ കുറ്റപ്പെടുത്തിയത് [6].

ഭൗമ കേന്ദ്രം

[തിരുത്തുക]

1983-ൽ ശാസ്ത്രസമൂഹവും നാസയുമായുള്ള ഒരു ബലാബലത്തിനൊടുവിൽ ബഹിരാകാശ ദൂരദർശിനി ശാസ്ത്ര വിദ്യാകേന്ദ്രം (Space Telescope Science Institute -എസ്.റ്റി.എസ്.സി.ഐ) സ്ഥാപിതമായി. മേരിലാന്റ് ബാൽട്ടിമോറിലെ ഹോംവുഡ് കാമ്പസിൽ സ്ഥിതിചെയ്യുന്ന എസ്.റ്റി.എസ്.സി.ഐ.യുടെ നിയന്ത്രണം കൈയ്യാളുന്നത്, ജ്യോതിശാസ്ത്രഗവേഷണം നടത്തുന്ന സർവ്വകലാശാലകളുടെ ഓറ എന്ന ഒരു സമിതിയാണ് (Association of Universities for Research in Astronomy - AURA). ഓറയിൽ 32 സർവ്വകലാശാലകളും ഏഴ് അന്താരാഷ്ട്ര അഫിലിയേറ്റുകളുമുണ്ട്.

എസ്.റ്റി.എസ്.സി.ഐ ആണ് ദൂരദർശിനിയുടെ പ്രവർത്തനങ്ങളും ജ്യോതിശാസ്ത്രജ്ഞർക്ക് വിവരങ്ങളുടെ വിതരണവും നിയന്ത്രിക്കുന്നത്, വിവരങ്ങളുടെ വിതരണം നാസ കൈയ്യടക്കാൻ ഉദ്ദേശിച്ച ഒരു അധികാരമായിരുന്നു, എന്നാൽ ശാസ്ത്രജ്ഞർ ഇതിനെ എതിർക്കുകയും ശാസ്ത്രാലയം പോലെ നിലനിർത്തുകയും ചെയ്തു. സാങ്കേതിക സഹായം നൽകുന്നത് ഇവിടെ നിന്നും 48 കിലോമീറ്റർ തെക്കായുള്ള നാസയുടെ ഗോദ്ദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്നുമാണ്. ഹബിളിന്റെ പ്രവർത്തനങ്ങൾ ദിനവും 24 മണിക്കൂറും നാലു സംഘങ്ങൾ വീതം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ബഹിരാകാശ ദൂരദർശിനിയുടെ യൂറോപ്യൻ വിഭാഗം മ്യൂണിച്ചിനു സമീപം ഗാർചെൻ ബെ മ്യൂണിച്ച് എന്ന സ്ഥലത്താണ്. 1984ൽ സ്ഥാപിക്കപ്പെട്ട ഇത് ആദ്യം യൂറോപ്യൻ ജ്യോതിശാസ്ത്രജ്ഞർക്ക് മാത്രമായിരുന്നു.

വിക്ഷേപണം

[തിരുത്തുക]
പുനരാഗമ പേടക ദൗത്യം - എസ്.റ്റി.എസ്-31, ഹബിളിനെ വഹിച്ചുകൊണ്ട് പേടകമുയരുന്നു.

1986 ഒക്ടോബറിൽ ഹബിളിന്റെ വിക്ഷേപണം എന്ന പദ്ധതി നടക്കും എന്ന് ആക്കൊല്ലം ആദ്യം വരെ തോന്നിച്ചതാണ്. എന്നാൽ ചലഞ്ചർ ദുരന്തംഅമേരിക്കയുടെ ബഹിരാകാശ പദ്ധതികളെല്ലാം മരവിപ്പിക്കാൻ കാരണമായി. ഹബിളിന്റെ വിക്ഷേപണം വർഷങ്ങൾ മാറ്റിവച്ചു. ദൂരദർശിനിയുടെ എല്ലാഭാഗങ്ങളും പ്രത്യേകം മുറികളിൽ വിക്ഷേപണം തീരുമാനിക്കപ്പെടുന്നതുവരെ സൂക്ഷിച്ചുവെക്കപ്പെട്ടു. ഇത് മൊത്തം പദ്ധതിചിലവിനെ വീണ്ടും കൂട്ടുന്ന സാഹചര്യം ആയിരുന്നു.

1988-ൽ ശൂന്യാകാശയാത്ര പുനരാരംഭിച്ചതോടെ ദൂരദർശിനിയുടെ വിക്ഷേപണം അവസാനമായി 1990-ലേക്ക് തീരുമാനിക്കപ്പെട്ടു. നിർമ്മിക്കപ്പെട്ട അന്നുമുതൽ കണ്ണാടിയിൽ അടിഞ്ഞുകൂടിയ പൊടി നൈട്രജൻ ജെറ്റുകൾ ഉപയോഗിച്ച് നീക്കി, എല്ലാ ഭാഗങ്ങളും കൂലങ്കഷമായി പരിശോധിക്കുകയും പൂർണ്ണമായും പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുകയും ചെയ്തു. ഒടുവിൽ 1990 ഏപ്രിൽ 24-നു പുനരാഗമ പേടക ദൗത്യം - എസ്.റ്റി.എസ്-31- ഡിസ്കവറി ഉപയോഗിച്ച് ദൂരദർശിനി ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും ചെയ്തു.

പ്രാഥമിക മൊത്തം മതിപ്പുചെലവ് നാലുകോടി യു.എസ്.ഡോളർ ആയിരുന്നെങ്കിലും ദൂരദർശിനി നിർമ്മാണത്തിനായി മാത്രം 25 കോടി ഡോളർ ചെലവായി. യു.എസിന്റെ മൊത്തം ചെലവ് ഇന്നു വരെ ഏകദേശം 45 മുതൽ 60 കോടി ഡോളർ ആയിരിക്കുമെന്നു കണക്കാക്കപ്പെടുന്നു, യൂറോപ്പിന്റെമൊത്തം സംഭാവന 59.3 കോടി യൂറോ ആണത്രേ (1999 -ലെ കണക്ക്)[8].

ഉപകരണങ്ങൾ

[തിരുത്തുക]

വിക്ഷേപണസമയത്ത് ഹബിൾ അഞ്ച് ശാസ്ത്രോപകരണങ്ങൾ വഹിച്ചിരുന്നു. വൈഡ് ഫീൽഡ് /ഗ്രഹനിരീക്ഷണ കാമറ, ഗോദ്ദാർദ് ഹൈ റെസലൂഷൻ സ്പെക്റ്റ്രോഗ്രാഫ്, ഹൈ സ്പീഡ് ഫോട്ടോമീറ്റർ, ഫെയിന്റ് ഒബ്ജക്റ്റ് കാമറ, ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവയായിരുന്നു അവ.

വൈഡ് ഫീൽഡ് /ഗ്രഹനിരീക്ഷണ കാമറ - പ്രാഥമിക ഉദ്ദേശം കാഴ്ചവഴിയുള്ള നിരീക്ഷണമായ - ഒരു ഉന്നത റെസലൂഷൻ ചിത്രീകരണോപാധിയാണ് . നാസയുടെ ജെറ്റ് പ്രൊപൽ‌ഷൻ പരീക്ഷണശാല നിർമ്മിച്ച ഈ ഉപകരണത്തിൽ പ്രത്യേകം ഉദ്ദേശ്യങ്ങൾ ലക്ഷ്യം വെച്ച് സ്പെക്ട്രൽ രേഖകളാൽ വേർതിരിച്ചിരുന്ന 48 ഒപ്റ്റിക്കൽ ഫിൽറ്ററുകൾ ഉണ്ടായിരുന്നു. രണ്ട് കാമറകൾക്കുമായി, ഓരോന്നിനും നന്നാലു വീതം എട്ട് സി.സി.ഡി. ചിപ്പുകളും ഈ ഉപകരണത്തിന്റെ ഭാഗമായിരുന്നു. വൈഡ് ഫീൽഡ് കാമറ വളരെ വലിയൊരു കോണിൽ വലിയൊരു മണ്ഡലത്തിന്റെ ചിത്രം എടുക്കുവാൻ പ്രാപ്തമായിരുന്നു. എന്നാൽ ഗ്രഹനിരീക്ഷണ കാമറ ദൂരത്തിലുള്ള ചിത്രങ്ങൾ വളരെ വലുതാക്കി എടുക്കാൻ സജ്ജമായിരുന്നു.

ഗോദ്ദാർദ് ഹൈ റെസലൂഷൻ സ്പെക്ട്രോഗ്രാഫ് അതിനീലലോഹിതരശ്മികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഗോദ്ദാർദ് സ്പേസ് ഫ്ലൈറ്റ് സെന്റർ നിർമ്മിച്ച ഈ ഉപകരണം സ്പെക്ട്രൽ റെസലൂഷൻ 90,000 വരെ എടുക്കാൻ കഴിവുള്ളതായിരുന്നു[9]. ഫെയിന്റ് ഒബ്ജക്റ്റ് കാമറ, ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾക്കനുസരിച്ചും ഈ ഉപകരണം പ്രവർത്തിക്കുമായിരുന്നു. ഫെയിന്റ് ഒബ്ജക്റ്റ് കാമറ, ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവയായിരുന്നു ഹബിളിലെ ഏറ്റവും കൂടുതൽ ദൃശ്യവ്യതിരിക്തത ഉള്ള ഉപകരണങ്ങൾ. ഈ മൂന്നുപകരണങ്ങളിലും സി.സി.ഡി.കൾക്കു പകരം തിരിച്ചറിയലുപാധിയായി ഫോട്ടോണുകൾ - എന്ന എണ്ണുന്ന ഡിജികോണുകളാണ് ഉപയോഗിച്ചിരുന്നത്. ഫെയിന്റ് ഒബ്ജക്റ്റ് കാമറ നിർമ്മിച്ചത് ഇ.എസ്.എ ആയിരുന്നുവെങ്കിൽ, മാർട്ടിൻ മരിയെറ്റ കോർപ്പറേഷനായിരുന്നു ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ നിർമ്മിച്ചത്.

വിസ്കോൺസിൻ - മാഡിസൺ യൂണിവേഴ്സിറ്റി രൂപകല്പന ചെയ്ത് നിർമ്മിച്ച ഹൈസ്പീഡ് ഫോട്ടോമീറ്റർ കാണാൻ കഴിയുന്ന നക്ഷത്രങ്ങളേയും തെളിച്ചം അനുസരിച്ച് മറ്റ് ജ്യോതിർഗോളങ്ങളേയും ദൃശ്യപ്രകാശവും അതിനീലലോഹിതരശ്മികളും ഉപയോഗിച്ച് നിരീക്ഷിക്കാനായി ഉണ്ടാക്കിയതാണ്. സെക്കന്റിൽ കുറഞ്ഞത് 2% ഫോട്ടോമെട്രിക് കൃത്യതയോടെ 1,00,000 അളവുകൾ പരിശോധിക്കാൻ അതിനു കഴിയുമായിരുന്നു[10].

ഹബിളിന്റെ ഗൈഡൻസ് സിസ്റ്റവും ഒരു ശാസ്ത്രോപകരണമായി ഉപയോഗിക്കാമായിരുന്നതാണ്. അതിലെ മൂന്നു ഫൈൻ ഗൈഡൻസ് സംവേദനോപകരണങ്ങൾ പ്രാഥമികമായി ദൂരദർശിനിയുടെ ലക്ഷ്യം നിരീക്ഷണസമയത്ത് മാറാതിരിക്കാനായി ഉപയോഗിച്ചവയാണ്. അതേസമയം തന്നെ വേണമെങ്കിൽ അവ വളരെ കൃത്യമായി ജ്യോതിർദൂരങ്ങൾ അളക്കാനും ഉപയോഗിക്കാമായിരുന്നു; അളവുകൾ 0.0003 ആർൿസെക്കന്റ് വരെ കൃത്യമായിരിക്കുകയും ചെയ്യും[11].

തകരാറുകൾ

[തിരുത്തുക]

ദർപ്പണ വൈകല്യം

[തിരുത്തുക]

വിക്ഷേപണം കഴിഞ്ഞ് ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഹബിളിൽ നിന്നുമുള്ള ചിത്രങ്ങൾ അതിന്റെ ദൃശ്യഗ്രാഹിയുടെ ഒരു ഭീകരമായ പ്രശ്നം ചൂണ്ടിക്കാട്ടി. ഭൂമിയിൽ നിന്നുള്ള ചിത്രങ്ങളേക്കാളും മെച്ചപ്പെട്ടവയായിരുന്നു ആദ്യചിത്രം എങ്കിൽ തന്നേയും, ദൂരദർശിനി ഫോകസ് ലക്ഷ്യം പ്രാപിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഏറ്റവും നല്ല ചിത്രം പോലും പ്രതീക്ഷിച്ചിരുന്നതിൽ നിന്നും നിരാശാജനകമാം വിധം താഴ്ന്ന നിലവാരം പുലർത്തുന്നതായിരുന്നു. പോയിന്റ് സോഴ്സിൽ നിന്നുള്ള ചിത്രങ്ങൾ ഒരു ആർൿസെക്കന്റിൽ അധികം ആരത്തിൽ പടർന്നു കിടന്നു. രൂപകല്പനയിൽ അത് കേവലം 0.1 ആർൿസെക്കന്റ് വ്യാസത്തിൽ മാത്രമേ കാണാൻ പാടുള്ളു എന്നായിരുന്നു സങ്കല്പ്പിക്കപ്പെട്ടിരുന്നത്[12] .

ചിത്രങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രാഥമിക ദർപ്പണം തെറ്റായ അളവിൽ നിർമ്മിച്ചതാണ് പ്രശ്നത്തിനു കാരണമായതെന്ന നിഗമനത്തിലേക്കാണ് എത്തിച്ചത്. ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും കൃത്യമായി ഉണ്ടാക്കിയ ദർപ്പണമായിരുന്നു അത്. അളവിലെ വ്യത്യാസങ്ങൾ പ്രകാശത്തിന്റെ 1/20 തരംഗദൈർഘ്യത്തിൽ കൂടരുതെന്ന നിബന്ധന ഇരിക്കെത്തന്നെ അത് അഗ്രഭാഗത്തേക്ക് വരും തോറും പരന്നായിരുന്നു. കണ്ണാടിയുടെ ആകൃതി വെറും 2.3 മൈക്രോമീറ്റർ മാത്രമേ വിഭാവനം ചെയ്തതിൽ നിന്നും വ്യത്യാസപ്പെട്ടിരുന്നുള്ളുവെങ്കിലും ഭീകരമായ ഗോളീയസംക്ഷേപണ വൈകല്യമാണ് സൃഷ്ടിച്ചത്. ദർപ്പണത്തിന്റെ അറ്റങ്ങളിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം പതിക്കുന്നിടത്തായിരുന്നില്ല, ദർപ്പണത്തിന്റെ മധ്യഭാഗങ്ങളിൽ നിന്നുമുള്ള പ്രകാശം പ്രതിഫലിച്ചു കിട്ടിയിരുന്നത്.

കണ്ണാടിയുടെ വൈകല്യം നിരീക്ഷണ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരുന്നത്. തെളിച്ചമുള്ള വസ്തുക്കളുടെ ചിത്രങ്ങളിൽ സ്പെക്ട്രോസ്കോപി നടത്താനും മാത്രം വ്യക്തമായിരുന്നു ചിത്രങ്ങളെങ്കിലും, തെളിച്ചമില്ലാത്ത ചിത്രങ്ങൾക്കു ചുറ്റും പ്രത്യക്ഷപ്പെട്ട പ്രകാശവലയം ദൂരദർശിനിയെ ഏതാണ്ട് ഉപയോഗശൂന്യമാക്കി. നാസയും ദൂരദർശിനിയും കടുത്ത വിമർശനങ്ങൾക്ക് വിധേയമായി, പദ്ധതിയെ വലിയൊരുവെള്ളാനയായി ഭൂരിഭാഗവും കരുതി. (അക്കാലത്തിറങ്ങിയ ദ് നേക്കഡ് ഗൺ ചലച്ചിത്രങ്ങൾ ഹബിളിനെ ടൈറ്റാനിക് ആയും, LZ 129 ഹിൻഡൻബർഗ് ആയും എഡ്‌സെൽ ആയും ചിത്രീകരിച്ചു.)

പ്രശ്നത്തിന്റെ കാരണം

[തിരുത്തുക]
വൈഡ് ഫീൽഡ്/ഗ്രഹനിരീക്ഷണ കാമറ എടുത്ത ചിത്രം, നക്ഷത്രത്തിനുചുറ്റും ഏതാനും ബിന്ദുക്കളിൽ ഒതുങ്ങിക്കിടക്കേണ്ട രശ്മികൾ വലിയൊരു തലത്തിൽ ചിതറിക്കിടക്കുന്നതു കാണാം. കടപ്പാട് നാസ/ഇ.എസ്.എ.

ചിത്രങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ജ്യോതിശാസ്ത്രജ്ഞർ ദർപ്പണത്തിന്റെ കോണീയ സ്ഥിരാങ്കം −1.01324 ആണെന്നു കണ്ടെത്തി, ശരിക്കും അത് −1.00230 ആയിരിക്കണമെന്നാണ് കണക്കുകൂട്ടിയിരുന്നത്. പെർകിൻ-എൽമർ വിക്ഷേപണത്തിനു മുമ്പ് ഭൂമിയിൽ നിന്നു നടത്തിയ പഠനങ്ങളിലും ഇതേ സംഖ്യയായിരുന്നു കിട്ടിയത്.

ജെറ്റ് പ്രൊപൽ‌ഷൻ ലബോറട്ടറി ഡിറക്റ്റർ ആയ ല്യൂ അലൻ തലവനായ ഒരു കമ്മീഷൻ, പ്രശ്നം എങ്ങനെ ഉണ്ടായി എന്നു പഠിക്കാൻ നിയോഗിക്കപ്പെട്ടു. പെർകിൻ-എൽമർ ഉപയോഗിച്ച നൾ കറക്റ്റർ തെറ്റായ രീതിയിൽ നിർമ്മിച്ചതായിരുന്നു എന്നാണ് അലൻ കമ്മീഷൻ കണ്ടെത്തിയത്[13]. ദർപ്പണം മിനുക്കിയ അവസരത്തിൽ പെർകിൻ-എൽമർ മറ്റ് രണ്ട് നൾ കറക്റ്ററുകൾ ഉപയോഗിച്ചും കണ്ണാടി പരിശോധിച്ചിരുന്നു. രണ്ടവസരത്തിലും ദർപ്പണം പ്രശ്നങ്ങളെ നേരിടുന്നുണ്ടെന്ന് സൂചന ലഭിച്ചായിരുന്നു. എന്നാൽ ഈ രണ്ടു നൾ കറക്റ്ററുകളും ശരിക്കും ഉപയോഗിച്ചിരുന്നതിന്റെയത്രയും കൃത്യമല്ലായിരിക്കും എന്ന കണക്കുകൂട്ടലിൽ മാർഗ്ഗരേഖകൾക്കെതിരായി കമ്പനി ഈ ഫലങ്ങളെ അവഗണിക്കുകയായിരുന്നു.

പെർകിൻ-എൽമറെ ഒന്നാംപ്രതിയാക്കിയുള്ള അന്വേഷണരേഖയാണ് കമ്മീഷൻ നൽകിയത്. നിശ്ചിത സമയത്തിന്റേയും പണച്ചിലവിന്റേയും പേരിൽ ഇതിനു മുമ്പേതന്നെ പെർകിൻ-എൽമറും നാസയും തമ്മിലുള്ള ബന്ധം പലവട്ടം വഷളായിരുന്നു. പെർകിൻ-എൽമർ ദർപ്പണത്തിനെ അവരുടെ ഒരു വൻ പദ്ധതിയായി കണ്ടില്ലെന്നും ഒരിക്കൽ തങ്ങൾക്കു ലഭിച്ചാൽ പിന്നെ നാസ അത് മറ്റാർക്കും കൊടുക്കാനിടയില്ലെന്നുമാണ് കരുതിയെന്നാണ് നാസ ആരോപിക്കുന്നത്. കാര്യനിർവാഹ പരാജയത്തിന്റെ പേരിൽ പെർകിൻ-എൽമറെ വലിയതോതിൽ കുറ്റപ്പെടുത്തിയ കമ്മീഷൻ കമ്പനി ഒരുപകരണം മാത്രം ഉപയോഗിച്ചു നൽകിയ പരിശോധനാ ഫലത്തെ വിശ്വസിച്ചതിന്റെ പേരിൽ നാസയേയും കുറ്റപ്പെടുത്തി[14] .

പ്രശ്നപരിഹാരത്തിനുള്ള രൂപകല്പന

[തിരുത്തുക]
ഈസ്റ്റ്മാൻ കോഡാക് നിർമ്മിച്ച രണ്ടാം ദർപ്പണം. ഇപ്പോൾ നാഷണൽ എയർ ആന്റ് സ്പേസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[15] ശരിയായ അളവിൽ നിർമ്മിച്ചതാണെങ്കിലും സംരക്ഷണ പൂശുകൾ നടത്തിയതല്ല.

നന്നാക്കൽ ദൗത്യങ്ങൾ ചെയ്യാൻ പാകത്തിലായിരുന്നു ദൂരദർശിനിയുടെ രൂപകല്പന നടത്തിയിരുന്നത്, അതുകൊണ്ട് ജ്യോതിശാസ്ത്രജ്ഞർ 1993ലേക്കു പദ്ധതിയിട്ടിരുന്ന ആദ്യ നന്നാക്കൽ ദൗത്യത്തിൽ തന്നെ ദൂരദർശിനി പൂർണ്ണമായും ഉപയോഗക്ഷമമാക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾക്കുള്ള ശ്രമം ആരംഭിച്ചു. കൊഡാക് കമ്പനി ഹബിളിനായി നിർമ്മിച്ച കണ്ണാടി ഉണ്ടായിരുന്നെങ്കിലും, അത് ഭ്രമണപഥത്തിലെത്തിച്ച് മാറ്റിസ്ഥാപിക്കുക എന്നത് അസാദ്ധ്യമായിരുന്നു, ദൂരദർശിനി ഭൂമിയിലെത്തിച്ച് വീണ്ടും ഘടിപ്പിച്ച് അയക്കുക എന്നത് പണച്ചെലവും സമയനഷ്ടമേറെയുള്ളതുമായ പ്രവർത്തനവും. കുറച്ചുകൂടി എളുപ്പം തെറ്റായ അളവിൽ നിർമ്മിക്കപ്പെട്ട ദർപ്പണത്തിനു കണ്ണട പോലെ പ്രവർത്തിക്കുന്ന തെറ്റുകളെ തിരുത്തിക്കാട്ടുന്ന അഥവാ ‘ഉള്ള ദർപ്പണ‘ത്തിനു പാകമായ ഉപകരണങ്ങൾ നന്നാക്കൽ ദൗത്യത്തിൽ സ്ഥാപിക്കുന്നതായിരുന്നു[16].

നേരത്തേയുള്ള ഉപകരണങ്ങളുടെ പ്രത്യേകതകൾ നിമിത്തം വ്യത്യസ്ത രണ്ട് ഗണം തിരുത്തലുപകരണങ്ങൾ ആവശ്യമായിരുന്നു. വൈഡ് ഫീൽഡ്/ഗ്രഹനിരീക്ഷണ കാമറയിൽ എട്ട് സി.സി.ഡി. ചിപ്പുകളിലേക്ക് പ്രകാശത്തെ വീണ്ടും പ്രതിഫലിക്കത്തക്കവിധത്തിൽ തിരിച്ചുവിടൽ ദർപ്പണങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടു, പ്രാഥമിക ദർപ്പണത്തിന്റെ തെറ്റിനെ തിരുത്താൻ പകത്തിലാണ് അവയുടെ ഉപരിതലം പാകപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും സാമ്പത്തിക സമ്മർദ്ദം കാരണം അത് നാല് സി.സി.ഡി. കളിലേക്കായി ചുരുക്കി. ഇതിനെ വൈഡ് ഫീൽഡ്/ഗ്രഹനിരീക്ഷണ കാമറ 2 എന്നു വിളിച്ചു. മറ്റുപകരണങ്ങളിൽ ഇത്തരം ഒരു സംവിധാനം രൂപകല്പന ചെയ്യാൻ സാധിക്കാതിരുന്നതുകൊണ്ട് അവക്ക് ഒരു ബാഹ്യതിരുത്തലുപകരണം ആവശ്യമായിരുന്നു.

കോസ്റ്റാർ

[തിരുത്തുക]

ഫെയിന്റ് ഒബ്ജക്റ്റ് കാമറ, ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ, ഗോദ്ദാർദ് ഹൈ റെസലൂഷൻ സ്പെക്ട്രോസ്കോപ് എന്നിവക്കായി കോസ്റ്റാർ (Corrective Optics Space Telescope Axial Replacement - COSTAR) എന്ന ഉപകരണം വിഭാവനം ചെയ്യപ്പെട്ടു. അത് സംക്ഷേപണത്തെ തിരുത്താൻ പാകത്തിലുള്ള ഒരു കണ്ണാടി ഉൾപ്പെട്ട ദർപ്പണദ്വയം പ്രകാശത്തിന്റെ പാതയിൽ സ്ഥാപിക്കുന്നത് ഉൾപ്പെട്ടതായിരുന്നു[17]. ദൂരദർശിനിയിൽ കോസ്റ്റാർ പിടിപ്പിക്കാനായി ഏതെങ്കിലും ഒരുപകരണം ഒഴിവാക്കേണ്ടതുണ്ടായിരുന്നു, ഒടുവിൽ ജ്യോതിശാസ്ത്രജ്ഞർ ഹൈ സ്പീഡ് ഫോട്ടോമീറ്ററിനെ അതിനായി ഒഴിവാക്കുവാൻ തീരുമാനിച്ചു.

ഹബിളിന്റെ ദൃഷ്ടിവൈകല്യം തിരുത്തുന്നതിനുമുമ്പുള്ള, ആദ്യ മൂന്നു കൊല്ലം, ദൂരദർശിനി ഒട്ടനവധി നിരീക്ഷണങ്ങൾ നടത്തി, സ്പെക്ട്രോസ്കോപ്പിവഴിയുള്ള നിരീക്ഷണങ്ങളെ ഗോളീയ സംക്ഷേപണം കാര്യമായി ബാധിച്ചിരുന്നില്ല, പക്ഷേ പല ചിത്രീകരണ ദൗത്യങ്ങളും റദ്ദാക്കപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തു. തെറ്റായ ചിത്രത്തെ ശരിയായി പഠിച്ച് ശാസ്ത്രജ്ഞർ നടത്തിയ പല മുന്നേറ്റങ്ങളും ആ അവസരത്തിലുണ്ടായി.

മറ്റു തകരാറുകൾ

[തിരുത്തുക]

എസ്.എം.3.ബി. ദൗത്യത്തിനു ശേഷം ഹബിളിനു അതിന്റെ രണ്ട് പ്രധാന ഉപകരണങ്ങൾ നഷ്ടമാകുകയും ദൃശ്യങ്ങൾക്ക് ജൈറോസ്കോപ്പിന്റെ തകരാറുമൂലം പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. പരാജയപ്പെട്ട രണ്ടുപകരണങ്ങൾ ബഹിരാകാശ വിദൂര ചിത്രീകരണ സ്പെക്ട്രോഗ്രാഫും( Space Telescope Imaging Spectrograph - അഥവാ സ്റ്റിസ്, 2004 ഓഗസ്റ്റിൽ പ്രവർത്തനം നിർത്തി), നൂതന പര്യവേക്ഷണ കാമറയും ആണ്. അവയും നന്നാക്കി സ്ഥാപിച്ചിട്ടുണ്ട്.

പഴയ നന്നാക്കൽ ദൗത്യങ്ങളിൽ പരാജയപ്പെട്ടവയും പുതിയതായി വികസിപ്പിച്ചെടുത്തതുമായ ഉപകരണങ്ങൾ നാലാം നന്നാക്കൽ ദൗത്യത്തിൽ ശരിയാക്കി. നന്നാക്കൽ ദൗത്യങ്ങളില്ലായിരുന്നെങ്കിൽ പദ്ധതി എന്നേ പരാജയമായിത്തീരുമായിരുന്നു. 2004 ഓഗസ്റ്റ് 3നു സ്റ്റിസിന്റെ വൈദ്യുതസംവിധാനം പരാജയപ്പെടുകയും ഉപകരണം പ്രവർത്തനയോഗ്യമല്ലാതായിത്തീരുകയും ചെയ്തു. ആദ്യ ഇലക്ട്രോണിക്സ് വിഭാഗം 2001 മെയിൽ പരാജയപ്പെട്ടതിന്റെ തുടർച്ചയായിരുന്നു ഇത്[18]. ഈ വൈദ്യുത വിതരണ സംവിധാനം 2009 മെയിൽ നടന്ന നാലാം നന്നാക്കൽ ദൌത്യത്തിലാണ് ശരിയാക്കിയത്. അതുപോലെ 2006 ജൂൺ 25ഓടു കൂടി നൂതന പര്യവേക്ഷണ കാമറ പ്രവർത്തനം നിർത്തി. 2002-ൽ ഘടിപ്പിച്ച മൂന്നാം തലമുറ ഉപകരണമായിരുന്നു ഇത്. ജൂലൈ നാലുമുതൽ ഇതിനെ വീണ്ടും പ്രവർത്തിപ്പിക്കാൻ സാധിച്ചു[19][20] . 2006 സെപ്റ്റംബർ 23 -നു ഈ ഉപകരണം വീണ്ടും പരാജയപ്പെട്ടുവെങ്കിലും 2006 ഒക്ടോബർ 9 -നു വീണ്ടും സജ്ജമാക്കി[21]. എന്നാൽ 2007 ജനുവരി 27-നു ഇത് ബാക്-അപ് പവർ വിതരണത്തിലുണ്ടായ ഷോർട്ട് സർക്കീട്ട് മൂലം പൂർണ്ണമായും പരാജയപ്പെട്ടു[22][23]. ഇതിലെ സോളാർ ബ്ലൈൻഡ് ചാനൽ ഫെബ്രുവരി 19 നു വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും ഹൈ റെസലൂഷൻ ചാനലും വൈഡ് ഫീൽഡ് ചാനലും ഉപയോഗശൂന്യമായിരുന്നു[24]. ദൗത്യം നാലിൽ പുതിയ ഒരു വൈദ്യുത വിതരണ സംവിധാനം വൈഡ് ആംഗിൾ ചാനലിനായി ചേർത്തെങ്കിലും ആദ്യപരീക്ഷണങ്ങൾ ഉയർന്ന റെസലൂഷൻ ചാനലിൻ ഇതു പോരാ എന്നു വെളിവാക്കി[25]. ഇവയിൽ ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്നു.

2007 മധ്യത്തിൽ ഹബിൾ അതിന്റെ വൈഡ് ഫീൽഡ് ഗ്രഹനിരീക്ഷണ കാമറ-2 ഉം നിയർ ‘ഇൻഫ്രാറെഡ് കാമറ - മൾടി ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ’ സംവിധാനവും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ജ്യോതിർചലനങ്ങൾ ഫൈൻ ഗൈഡൻസ് സംവേദനോപകരണങ്ങൾ പിടിച്ചെടുക്കുന്നു. ഹബിൾ ദൂരദർശിനി അതിന്റെ ഭ്രമണപഥത്തിൽ നിലനിൽക്കാനും നിരീക്ഷണലക്ഷ്യങ്ങളിൽ കൃത്യമായി ദൃഷ്ടിയൂന്നാനും അതിന്റെ ജൈറോസ്കോപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതിനായി മൂന്നു ജൈറോസ്കോപ്പുകളാണ് ഇതിനായി വേണ്ടതെങ്കിലും, രണ്ടെണ്ണം ഉപയോഗിച്ചും സാദ്ധ്യമാണ്. അപ്പോൾ നിരീക്ഷിക്കാവുന്ന ആകാശത്തിന്റെ വിസ്തൃതി കുറയുകയും, കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണം പ്രായേണ ബുദ്ധിമുട്ടാവുകയും ചെയ്യും[26]. പിന്നീട് ഒരു ജൈറോ ഉപയോഗിച്ചും നിരീക്ഷണങ്ങൾ നടത്താൻ പദ്ധതിയുണ്ട്. പക്ഷേ മൂന്നും പരാജയപ്പെട്ടു പോയാൽ നിരീക്ഷണം അസാദ്ധ്യമാകുന്നതാണ്[27]. ദൂരദർശിനിയുടെ ജീവിതകാലം വർദ്ധിപ്പിക്കാനായി 2005 മുതൽ രണ്ട് ജൈറോസ്കോപ്പുകൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി. അതോടെ ആകെയുള്ള ആറു ജൈറോകളിൽ രണ്ടെണ്ണം ഒരു സമയം പ്രവർത്തിക്കുന്നവയും, അതേ സമയം രണ്ടെണ്ണം സംരക്ഷിച്ചു നിർത്തിയവയും ആയിരുന്നു. ബാക്കിയുള്ള രണ്ടെണ്ണം പ്രവർത്തനരഹിതമായിരുന്നു[28]. 2007ൽ ഒരു ജൈറോ കൂടി പരാജയപ്പെട്ടു[29]. ഒടുവിലെ നന്നാക്കൽ ദൗത്യത്തോടെ ജൈറോകളെല്ലാം മാറ്റിവെച്ചു.

ജൈറോസ്കോപ്പിനു പുറമേ ദൂരദർശിനിയുടെ ബാറ്ററികളും മാറി വെക്കേണ്ടിയിരുന്നു. വളരെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഒരു യാന്ത്രികദൗത്യം ഇക്കാര്യത്തിൽ ഫലപ്രദമാകാനിടയില്ല, ഒരു ചെറിയ തെറ്റു പോലും ദൂരദർശിനിയെ പൂർണ്ണമായി നശിപ്പിക്കാൻ കാരണമാവുകയും ചെയ്യും എന്നു കരുതപ്പെട്ടു[30]. ഒടുവിൽ നാലാം നന്നാക്കൽ ദൌത്യത്തിൽ ഇതും ലളിതമായി ചെയ്തു.

നന്നാക്കൽ ദൗത്യങ്ങളും പുതിയ ഉപകരണങ്ങളും

[തിരുത്തുക]

നന്നാക്കൽ ദൗത്യം 1

[തിരുത്തുക]
ബഹിരാകാശസഞ്ചാരികൾ ആദ്യ നന്നാക്കൽ ദൗത്യത്തിൽ പണിയെടുക്കുന്നു.
ആദ്യ നന്നാക്കൽ ദൗത്യത്തിനു ശേഷം ചിത്രീകരണത്തിലുണ്ടായ മാറ്റം. കടപ്പാട്: നാസ/ഇ.എസ്.എ.

ദൂരദർശിനി കൃത്യമായി നന്നാക്കാൻ പാകത്തിലാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും, ദർപ്പണ വൈകല്യം വെളിപ്പെട്ടതോടെ ആദ്യ നന്നാക്കൽ ദൗത്യത്തിനു വളരെ പ്രാധാന്യം ഉണ്ടായി. തിരഞ്ഞെടുക്കപ്പെട്ട ഏഴു പേർക്ക് നൂറിലധികം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പണിയെടുക്കേണ്ടതുണ്ടായിരുന്നു. ഡിസംബർ 1993-ലെ എസ്.റ്റി.എസ് -61 എന്ന എൻഡവർ ദൗത്യം വിവിധ ഉപകരണങ്ങൾ ദൂരദർശിനിയിലെത്തിക്കുകയും പത്തുദിവസം അവിടെ തങ്ങി അവ ഉറപ്പിക്കുകയും ചെയ്തു.

ഹൈ സ്പീഡ് ഫോട്ടോമീറ്ററിനു പകരം കോസ്റ്റാർ ഉപയോഗിച്ചതും വൈഡ് ഫീൽഡ്/ ഗ്രഹനിരീക്ഷണ കാമറക്കു പകരം വൈഡ് ഫീൽഡ്/ ഗ്രഹനിരീക്ഷണ കാമറ 2 ഘടിപ്പിച്ചതുമായിരുന്നു പ്രധാന മാറ്റങ്ങൾ. കൂടാതെ ദൂരദർശിനിയുടെ സൌരോർജ്ജ സെൽ നിരയും ബന്ധപ്പെട്ട ഉപകരണങ്ങളും മാറ്റി സ്ഥാപിക്കപ്പെട്ടു. നാൽ ജൈറോസ്കോപ്പുകളും രണ്ട് ഇലക്ട്രിക്കൽ കണ്ട്രോൾ യൂണിറ്റുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും, രണ്ട് മാഗ്നെറ്റോമീറ്ററുകളുംമാറ്റിസ്ഥാപിക്കപ്പെട്ടവയിൽ പെടുന്നു. ദൂരദർശിനിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകൾ പുതുക്കി. മൂന്നുകൊല്ലത്തെ ഭ്രമണത്തിന്റെ ഫലമായി ഉപരിതല അന്തരീക്ഷത്തിലേക്കു സാവധാനം പതിച്ചുകൊണ്ടിരുന്ന ദൂരദർശിനിയുടെ ഭ്രമണപഥവും മാറ്റപ്പെട്ടു. 1994 ജനുവരി 13നു നാസ ദൗത്യം പരിപൂർണ്ണവിജയമെന്നറിയിച്ചു, കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളും പുറത്തിറക്കി[31]. അഞ്ച് നീണ്ട ബഹിർവാഹന ഘട്ടങ്ങളുണ്ടായിരുന്ന ദൗത്യം, എക്കാലത്തേയും വളരെ സങ്കീർണ്ണമായ ഒരു നടപടിയായിരുന്നു, നാസക്കും ജ്യോതിശാസ്ത്രജ്ഞർക്കും ഒരു പോലെ ഉത്തേജകമായ ഒരു വിജയമായിരുന്നു ഇത്.

മറ്റു ദൗത്യങ്ങൾ ഇത്രയേറെ നാടകീയമല്ലായിരുന്നെങ്കിലും ഓരോന്നും ഹബിളിനു പുതിയ പുതിയ കഴിവുകൾ പ്രദാനം ചെയ്യുന്നതായിരുന്നു.

നന്നാക്കൽ ദൗത്യം 2

[തിരുത്തുക]

1997 ഫെബ്രുവരിയിൽ ഡിസ്കവറി ഉപയോഗിച്ച് (എസ്.റ്റി.എസ് - 82) നടന്ന രണ്ടാം നന്നാക്കൽ ദൗത്യത്തിൽ ഗോദ്ദാർദ്ദ് ഹൈ റെസലൂഷൻ സ്പെക്ട്രോസ്കോപ്പും ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോസ്കോപ്പും മാറ്റി സ്പേസ് ടെലസ്കോപ് ഇമേജിങ് സ്പെക്ട്രോസ്കോപ് (സ്റ്റിസ്), നിയർ ഇൻഫ്രാറെഡ് കാമറ ആൻഡ് മൾട്ടി ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ (നിക്മോസ്) എന്നിവ ഘടിപ്പിച്ചു. ദൂരദർശിനിയിലുണ്ടായിരുന്ന ‘ടേപ്’ ശേഖരണി നീക്കി പുതിയ സോളിഡ് സ്റ്റേറ്റ് ശേഖരിണി സ്ഥാപിച്ചു. താപ കവചം പുതുക്കി, ഹബിളിന്റെ ഭ്രമണപഥം വീണ്ടുമുയർത്തി. നിക്മോസിൽ ഉണ്ടായിരുന്ന ഖര നൈട്രജൻ നിറച്ച താപരോധകം അധികം താമസിയാതെ തന്നെ പൊട്ടിത്തെറിച്ചു പോയത് ഉപകരണത്തിന്റെ ജീവിതകാലം 4.5 വർഷം എന്നതിൽ നിന്നും 2 വർഷമായി കുറയാൻ കാരണമായി.

നന്നാക്കൽ ദൗത്യം 3എ

[തിരുത്തുക]

1999 ഡിസംബറിൽ ഡിസ്കവറി തന്നെ ഉപയോഗിച്ചാണ് (എസ്.റ്റി.എസ്. 103) മൂന്നാം ദൗത്യത്തിന്റെ ആദ്യ ഘട്ടമായ 3എ നടന്നത്. ദൂരദർശിനിയിലെ മൂന്നു ജൈറോസ്കോപ്പുകൾ കേടായതിനെ തുടർന്നായിരുന്നു ഇത് (ദൗത്യത്തിനേതാനം ആഴ്ചകൾക്കു മുമ്പ് നാലാമതൊരെണ്ണം കൂടി കേടായി, ഇത് ദൂരദർശിനിയെ പൂർണ്ണമായും ഉപയോഗശൂന്യമാക്കി). ദൗത്യം ആറു ജൈറോസ്കോപ്പുകളും മാറ്റിവച്ചു, ഒരു ഫൈൻ ഗൈഡൻസ് സംവേദനോപകരണവും കമ്പ്യൂട്ടറും ഈ ദൗത്യത്തിൽ മാറ്റിവെക്കപ്പെട്ടു. പുതിയ വോൾട്ടേജ്/റ്റെമ്പറേച്ചർ ഇമ്പ്രൂവ്മെന്റ് കിറ്റും ഘടിപ്പിച്ചു. പേടകത്തിന്റെ താപരോധ പുതപ്പും വേറേ വെച്ചു. പുതിയ കമ്പ്യൂട്ടർ ഇന്റൽ 846 അടിസ്ഥാനമാക്കിയതായിരുന്ന അണുവികിരണത്തെ അതിജീവിക്കാൻ പ്രാപ്തമായതും മുമ്പ് ഭൂമിയിൽ നടത്തിയിരുന്ന ചില ഗണനങ്ങൾ ബഹിരാകാശപേടകത്തിൽ തന്നെ ചെയ്യാൻ കഴിവുള്ളതുമായിരുന്നു.

നന്നാക്കൽ ദൗത്യം 3ബി

[തിരുത്തുക]
നന്നാക്കൽ ദൗത്യം 3 ബി.യിൽ കൃത്രിമോപഗ്രഹത്തിൽ നിന്നും വിഘടിപ്പിക്കുന്നതിനു മുമ്പുള്ള ഹബിളിന്റെ ചിത്രം, ഭൂമിയാണ് പുറകിൽ കാണുന്നത്.

2002 മാർച്ചിൽ കൊളംബിയ (എസ്.റ്റി.എസ് -109) ഉപയോഗിച്ചു നടന്ന 3ബി എന്ന ദൗത്യത്തിൽ പ്രധാനമായും രണ്ടു മാറ്റമാണുണ്ടായിരുന്നത്. ഫെയിന്റ് ഒബ്ജക്റ്റ് കാമറ - നൂതന പര്യവേക്ഷണ കാമറയിൽ പകരംവെച്ചു. താപ നിയന്ത്രണ പരാജയത്താൽ ഉപയോഗശൂന്യമായ നിക്മോസ് പുതുക്കപ്പെട്ടു. പുതിയ തണുപ്പിക്കൽ സംവിധാനം ഉപകരണത്തിന്റെ താപനില രൂപകല്പനയിൽ വിഭാവനം ചെയ്തത്രയില്ലെങ്കിൽ തന്നെയും ഗണ്യമായി കുറയ്ക്കുകയും അത് വീണ്ടും പ്രവർത്തനയോഗ്യമാവുകയും ചെയ്തു[32].

ഈ ദൗത്യത്തിൽ സൌരോർജ്ജ സെല്ലുകൾ രണ്ടാം വട്ടം മാറ്റിവച്ചു. പുതിയവ ഇറിഡിയം ഉപഗ്രഹങ്ങൾക്കായി നിർമ്മിക്കപ്പെട്ടവയായിരുന്നു. പഴയവയുടെ മൂന്നിൽ രണ്ട് ഭാരം മാത്രമുണ്ടായിരുന്ന അവ, ദൂരദർശിനിയുടെ അന്തരീക്ഷത്തിലോട്ടുള്ള പതനത്തെ കുറക്കാനും മുപ്പതു ശതമാനം അധികം ഊർജ്ജം നൽകാനും കഴിയുന്നവയായിരുന്നു. കൂടുതലുള്ള വൈദ്യുതോർജ്ജം ഹബിളിലെ എല്ലാ ഉപകരണങ്ങളും ഒരേ സമയം പ്രവർത്തിപ്പിക്കാൻ ശക്തമായിരുന്നു. ഭാരം കുറഞ്ഞപ്പോൾ ദൂരദർശിനിക്കുണ്ടായിരുന്ന വിറയലും കുറഞ്ഞു. വിക്ഷേപണത്തിനു ശേഷം ആദ്യമായി മൊത്തം വൈദ്യുതിയും വിച്ഛേദിച്ച് വൈദ്യുത വിതരണ ഭാഗവും പുതുക്കി, ഇതിന്റെ ഫലമായി വിവരസംപ്രേഷണത്തിനുണ്ടായിരുന്ന താമസം ഇല്ലാതാക്കി.

ഈ ദൗത്യം പൂർണ്ണമായതോടെ ഹബിളിന്റെ കഴിവുകൾ ഗണ്യമായി കൂടി, നൂതന പര്യവേക്ഷണ കാമറയും നിക്മോസും ഒന്നിച്ചാണ് 2003 - 2004 കാലഘട്ടത്തിൽ ഹബിൾ ഡീപ് അൾട്രാ ഫീൽഡ് ചിത്രീകരിച്ചത്.

നന്നാക്കൽ ദൗത്യം 4

[തിരുത്തുക]
നന്നാക്കൽ ദൗത്യം 4-ൽ ബഹിരാകാശസഞ്ചാരികൾ ഹബിളിന്റെ കേടുപാടുകൾ മാറ്റുന്നു.

കൃത്യമായ പദ്ധതി പ്രകാരം അവസാനം നടത്തിയ ദൗത്യമാണ് മെയ് 2009ലെ നന്നാക്കൽ ദൗത്യം 4 (Servicing Mission 4 അഥവാ SM4)[33]. ഈ ദൗത്യം ആദ്യ പദ്ധതിപ്രകാരം 2008 ഒക്ടോബർ 14-നു നടക്കേണ്ടതായിരുന്നു[34]. എന്നാൽ 2008 സെപ്റ്റംബർ 27-നു ദൂരദർശിനിയിലെ സയൻസ് ഇൻസ്ട്രമെന്റ് കമാൻഡ് ആൻഡ് ഡേറ്റാ ഹാൻഡ്ലിങ് (Science Instrument Command and Data Handling - SI C&DH) ഘടകം കേടായി. എല്ലാ ശാസ്ത്രീയ വിവരങ്ങളും ഇതിലൂടെ കടന്നാണ് ഭൂമിയിലേക്ക് പ്രസരണം ചെയ്യപ്പെട്ടിരുന്നത്. പരാജയപ്പെട്ടാൽ ഉപയോഗിക്കാൻ അത്തരത്തിലൊന്നു കൂടി ഉണ്ടായിരുന്നു, അതും കൂടി പരാജയപ്പെട്ടാൽ ഹബിളിന്റെ ആയുസ് അതോടെ തീരുമായിരുന്നു[35]. അതുകൊണ്ട് 2008 സെപ്റ്റംബർ 29നു നാസ നാലാം നന്നാക്കൽ ദൗത്യം വൈകുമെന്നും കേടായ ഈ ഭാഗം മാറ്റിവെയ്ക്കുമെന്നും അറിയിച്ചു[36]. പകരം സയൻസ് ഇൻസ്ട്രമെന്റ് ആൻഡ് ഡേറ്റാ ഹാൻഡ്ലിങ് സംവിധാനവും കൊണ്ട് 2009 മെയ് പതിനൊന്നിന് ബഹിരാകാശ വാഹനം പറന്നുയർന്നു[37].

നന്നാക്കൽ ദൗത്യം4 പുതിയതായി കൂട്ടിച്ചേർത്ത വൈഡ് ഫീൽഡ് കാമറ 3 ഉപയോഗിച്ച് എടുത്ത ചിത്രം-ശലഭ നീഹാരിക

നന്നാക്കൽ ദൌത്യം നാലിലെ ബഹിരാകാശ സഞ്ചാരികൾ തങ്ങളുടെ അഞ്ചു ബഹിരാകാശ നടത്തത്തിനിടെ [38]ഹബിളിൽ പുതിയ രണ്ട് ഉപകരണങ്ങൾ ഘടിപ്പിച്ചു. വൈഡ് ഫീൽഡ് കാമറ 3 (Wide Field Camera 3 അഥവാ WFC3), കോസ്മിക് ഒറിജിൻസ് സ്പെക്ട്രോസ്കോപ്പ് (Cosmic Origins Spectrograph അഥവാ കോസ്) എന്നിവയാണവ. വൈഡ് ഫീൽഡ് കാമറ 3 അതിന്റെ ഉയർന്ന സംവേദനക്ഷമതയും കൂടുതൽ പരന്ന മണ്ഡലം ശ്രദ്ധിക്കാനുള്ള കഴിവും ഉപയോഗിച്ച്, ദൃശ്യ - അതിനീലലോഹിത വർണ്ണരാജികളിലെ ഹബിളിന്റെ നിരീക്ഷണ കഴിവ് 35 ഇരട്ടി വർദ്ധിപ്പിച്ചു. ടെലിഫോൺ ബൂത്തിന്റെ വലിപ്പമുള്ള കോസ്, ഹബിളിന്റെ ഗോളീയ സംക്ഷേപണ പ്രശ്നത്തിനു പരിഹാരമായി 1993ൽ ഘടിപ്പിച്ച കോസ്റ്റാർ (Corrective Optics Space Telescope Axial Replacement - COSTAR) എന്ന ഭാഗത്തിനു പകരമുള്ളതായിരുന്നു (ഒടുവിൽ ഘടിപ്പിച്ച രണ്ടുപകരണങ്ങളും കൂടി കോസ്റ്റാറിന്റെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ വിധം തയ്യാറാക്കിയവ ആയിരുന്നതിനാൽ കോസ്റ്റാർ ആവശ്യമില്ലാതായിരുന്നു). കോസ് ഘടകം, കേടുമാറ്റിയ സ്റ്റിസ്(STIS) നൽകുന്ന അളവുകളുടെ സഹായത്തോടെ വർണ്ണരാജിയിലെ അതിനീലലോഹിത ഭാഗത്തെ നിരീക്ഷിക്കാൻ സജ്ജമാണ്. നിരീക്ഷണങ്ങൾക്കുള്ള നൂതന കാമറ (Advanced Camera for Surveys - ACS), ബഹിരാകാശ ദൂരദർശിനി ചിത്രീകരണ സ്പെക്ട്രോസ്കോപ് (Space Telescope Imaging Spectrograph - STIS അഥവാ സ്റ്റിസ്) എന്നിവയുടെ കേടുപാടും ഈ നന്നാക്കൽ ദൌത്യത്തിൽ മാറ്റിയിരുന്നു. ആകെയുള്ള മൂന്ന് റേറ്റ് സെൻസർ യൂണിറ്റുകളും (ഓരോന്നിലും രണ്ട് വീതം വാതക ബിയറിങ് ജൈറോസ്കോപ്പുകൾ), പ്ലാറ്റ്ഫോം കൃത്യതയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്ന മൂന്നു ഫൈൻ ഗൈഡൻസ് സെൻസറുകളിൽ ഒന്നും, കേടായ സയൻസ് ഇൻസ്ട്രമെന്റ് കമാൻഡ് ആൻഡ് ഡേറ്റാ ഹാൻഡ്ലിങ് ഘടകവും, രാത്രിയിൽ ഹബിളിനാവശ്യമായ വൈദ്യുതി നൽകിയിരുന്ന 57 കിലോഗ്രാം വീതം ഭാരമുള്ള ആറു ബാറ്ററികളിൽ എല്ലാം തന്നെയും, താപ പ്രതിരോധത്തിനുള്ള പുതപ്പുകളായ ഔട്ടർ ബ്ലാങ്കറ്റ് ലെയറും ഈ നന്നാക്കൽ ദൗത്യത്തിൽ മാറ്റിവെച്ചിരുന്നു. നിർമ്മാണ കാലയളവിൽ കരുതിയ ആയുസ്സിൽ നിന്നും 13 കൊല്ലം കൂടി പ്രവർത്തിച്ച ബാറ്ററികൾ ആദ്യമായാണ് മാറ്റിവെച്ചത്[39]. പുതിയ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളുടെ പരിശോധനയ്ക്കും മറ്റും ശേഷം 2009 സെപ്റ്റംബറോടെ ഹബിൾ അതിന്റെ സ്വാഭാവിക പ്രവർത്തനത്തിലേയ്ക്ക് മടങ്ങിയെത്തും[40][41][42]. ഈ ശ്രമങ്ങൾ ഹബിളിനെ 2014 വരേയോ അതിലേറെയോ സുസജ്ജമായി നിലനിർത്തും എന്നു കരുതപ്പെടുന്നു[43]. ഈ നന്നാക്കൽ ദൗത്യത്തിനാകെ ബഹിരാകാശ സഞ്ചാരികൾ ഹബിളിൽ 36 മണിക്കൂർ 52 മിനിട്ടാണ് ചിലവഴിച്ചത്[38].

ഒരു ബഹിരാകാശ പുനരാഗമന പേടകത്തിൽ തിരിച്ചു കൊണ്ടുവരാൻ പാകത്തിലാണ് ഹബിൾ രൂപകല്പന ചെയ്തിട്ടുള്ളത്. എന്നാൽ ബഹിരാകാശ പേടകങ്ങളെല്ലാം പ്രവർത്തന മണ്ഡലത്തിൽ നിന്നും വിരമിച്ചതിനാൽ ഇത് സാധ്യമാകാനിടയില്ല. അതിനാൽ നാസയിലെ എഞ്ചിനീയർമാർ സോഫ്റ്റ് കാപ്ച്ചർ ആൻഡ് റോൻഡിവൂ സിസ്റ്റം (Soft Capture and Rendezvous System - SCRS) എന്നൊരു മാർഗ്ഗം വികസിപ്പിച്ചിട്ടുണ്ട്. വളയം പോലൊരു ഉപകരണം ഹബിളിന്റെ മുൻഭാഗത്ത് പിടിപ്പിച്ച ശേഷം ആളുകളെ ഉപയോഗിച്ചോ, റോബോട്ടുകളെ ഉപയോഗിച്ചോ തിരിച്ചിറക്കാനോ, സുരക്ഷിതമായി നശിപ്പിച്ചു കളയാനോ ഇതുപയോഗിച്ചു കഴിയുന്നതാണ്[44]. എല്ലാ നന്നാക്കലുകളും വിജയകരമായി കഴിഞ്ഞതിനു ശേഷം 2009 മെയ് പത്തൊൻപതിനാണ് അറ്റ്ലാന്റിസ് ബഹിരാകാശ പേടകം ഹബിളിനെ സ്വതന്ത്രമാക്കിയത്. അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും. 

ശാസ്ത്ര പരിണതി

[തിരുത്തുക]

പ്രധാന കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]
ഹബിളിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്ന്: സൃഷ്ടിയുടെ തൂണുകൾഈഗിൾ നെബുലയിൽ നക്ഷത്രങ്ങൾ ഉണ്ടാകുന്നു. കടപ്പാട്: നാസ/ഇ.എസ്.എ.

ഏറെക്കാലമായി ജ്യോതിശാസ്ത്രത്തിൽ നിലനിന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ഹബിൾ സഹായമായി, അതുപോലെ തന്നെ കണ്ടെത്തിയ ചില കാര്യങ്ങൾക്കായി പുതിയ സിദ്ധാന്തങ്ങളും വേണ്ടി വന്നു. ദൂരദർശിനിയുടെ ഒന്നാമത്തെ ലക്ഷ്യം സെഫിഡ് ചരനക്ഷത്രങ്ങളിലേക്കുള്ള ദൂരം കൃത്യമായി അളക്കുക എന്നതായിരുന്നു. അങ്ങനെ ഹബിൾ സ്ഥിരാങ്കം എന്ന വില കണ്ടെത്തുക. എന്നിട്ട് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് അളക്കുക, അത് അതിന്റെ പ്രായത്തിലേക്കും നയിക്കുന്നതാണ്. വിക്ഷേപണത്തിനു മുമ്പു തന്നെ ഹബിൾ സ്ഥിരാങ്കം 50% വരെ വ്യത്യാസപ്പെടാമെന്നു കണ്ടെത്തിരുന്നു, എന്നാൽ ഹബിളിന്റെ അളവുകൾ 10% കൃത്യതയിലാണ് ലഭിച്ചത്. ഇത് മുമ്പുണ്ടായിരുന്ന പല അളവുകളെക്കാളും കൂടുതൽ സ്വീകരണീയമായിരുന്നു.

ഹബിൾ പ്രപഞ്ചത്തിന്റെ പ്രായത്തെ കുറിച്ചു പഠിച്ചപ്പോൾ അത് ഭാവിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ ചോദ്യം ചെയ്തു. സിദ്ധാന്തപരമായി പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത ഗുരുത്വാകർഷണ ബലം മൂലം കുറഞ്ഞു വരികയാണു വേണ്ടത്. എന്നാൽ ഹൈ-സെഡ് സൂപ്പർനോവ സേർച്ച് റ്റീംകണ്ടെത്തിയത് ചില അകലെയുള്ള സൂപ്പർനോവകൾക്ക് ത്വരണം സംഭവിക്കുന്നുവെന്നാണ്. ത്വരണത്തിനുള്ള കാരണം ഇന്നും അത്ര വെളിവായിട്ടില്ല.

ഹബിൾ നൽകിയ ഉന്നത ഗുണമുള്ള വർണ്ണരാജികളും ചിത്രങ്ങളും ഗാലക്സികളുടെ മധ്യത്തിൽ തമോദ്വാരം കാണുമെന്നതിനു തെളിവു നൽകി. 1960-കളിൽ തന്നെ സിദ്ധാന്തവത്കരിക്കപ്പെട്ട ഈ കാര്യം 1980-കളിൽ ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഏതാനും ഗാലക്സികൾ കണ്ടെത്തിയതോടെ ഉറപ്പായി. മിക്ക ഗാലക്സികളുടേയും മധ്യത്തിൽ തമോദ്വാരം ഉണ്ട് എന്ന് ഹബിൾ തെളിയിച്ചു. ഈ ഗാലക്സികളുടെ സ്വഭാവ സവിശേഷതകളും തമോദ്വാരത്തിനനുസരിച്ച് മാറുന്നതായും ഹബിൾ കണ്ടെത്തി.

1994-ൽ വ്യാഴവുമായി ഷൂമാക്കർ ലെവി -9 ധൂമകേതു ഇടിച്ചത് ശാസ്ത്രജ്ഞർക്ക് വീണുകിട്ടിയ ഒരു ഭാഗ്യമായിരുന്നു, അതിന് ഏതാനും മാസങ്ങൾ മാത്രം മുമ്പാണ് ഹബിളിന്റെ ദൃഷ്ടി വൈകല്യം മാറ്റിയെടുത്തത്. ഹബിളെടുത്ത വ്യാഴത്തിന്റെ ചിത്രങ്ങൾ 1979-ൽ വോയേജർ 2എടുത്തതിലും വ്യക്തമായിരുന്നു. നൂറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം നടക്കുന്ന ഇത്തരം ആഘാതങ്ങൾ ജ്യോതിർഗോളങ്ങളുടെ ചലനബലശാസ്ത്ര പഠനത്തിലും നിർണ്ണായക പങ്കു വഹിച്ചു. സൗരയൂഥത്തിന്റെ പുറം അംഗങ്ങളും കുള്ളൻ ഗ്രഹങ്ങളുമായ പ്ലൂട്ടോ, ഈറിസ് എന്നിവയെ കുറിച്ചും പഠനങ്ങൾ നടത്താൻ ഹബിൾ ഉപകാരപ്പെട്ടു.

ഹബിളിന്റെ ഹബിൾ ഡീപ് ഫീൽഡ്, ഹബിൾ അൾട്രാ ഡീപ് ഫീൽഡ് ചിത്രങ്ങൾ, ദൃശ്യപ്രകാശത്തെ ഉപയോഗിക്കാനുള്ള ഹബിളിന്റെ കഴിവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ദൃശ്യപ്രകാശം ഉപയോഗിച്ചെടുത്ത ഏറ്റവും അകലെയുള്ള ആകാശക്കീറാണത്. നൂറ്റുകോടികണക്കിന് പ്രകാശവർഷംഅകലെയുള്ള ഗാലക്സികളുടെ ആ ചിത്രങ്ങൾ ആദ്യകാല പ്രപഞ്ചത്തെകുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഇഷ്ടവിഷയങ്ങളാണ്. 375 കോടി വർഷങ്ങൾക്കപ്പുറംസൗരയൂഥം നിലനിൽക്കുന്ന താരാപഥമായ ആകാശഗംഗ, തൊട്ടടുത്ത താരാപഥമായ ആൻഡ്രോമീഡയുമായി കൂട്ടിയിടിക്കുമെന്നും, 700 കോടി വർഷങ്ങൾക്കപ്പുറം ഇവ രണ്ടും ചേർന്ന് പുതിയൊരു താരാപഥം രൂപപ്പെടുമെന്നും ഹബിൾ നൽകിയ വിവരങ്ങളുടെ പഠനം വെളിവാക്കിയിട്ടുണ്ട്[45] .

ജ്യോതിശാസ്ത്രത്തിൽ ചെലുത്തിയ സ്വാധീനം

[തിരുത്തുക]
അത്യകലെയുള്ള ഗാലക്സികൾ ഹബിൾ അൾട്രാ ഡീപ് ഫീൽഡ് ചിത്രത്തിൽ . കടപ്പാട്: നാസ/ഇ.എസ്.എ.

ഹബിൾ വിവരങ്ങൾ ജ്യോതിശാസ്ത്രത്തിൽ ഗുണകരമായ സ്വാധീനമാണ് ചെലുത്തുന്നത്. ഹബിൾ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി 4000 പേപ്പറുകളാണ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്, എണ്ണമറ്റവ ചർച്ചകളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നുവരെ അവതരിപ്പിക്കപ്പെട്ട ജ്യോതിശാസ്ത്രപ്രബന്ധങ്ങളിൽ മൂന്നിലൊന്നിനും തെളിവുകളില്ല, എന്നാൽ ഹബിൾ നൽകിയ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയ പ്രബന്ധങ്ങളിൽ 2% എണ്ണത്തിനു മാത്രമേ തെളിവില്ലാതുള്ളു. ശരാശരിക്കണക്കിൽ ഹബിൾ നൽകുന്ന വിവരങ്ങൾക്കനുസൃതമായുള്ള പ്രബന്ധങ്ങൾക്ക് അല്ലാത്തവയേക്കാൾ രണ്ടിരട്ടി തെളിവുകളുണ്ടത്രേ. ജ്യോതിശാസ്ത്രത്തിൽ ഒരു വർഷം പുറത്തിറങ്ങുന്ന എറ്റവും തെളിവുകളുള്ള 200 പേപ്പറുകളിൽ 20% ഹബിൾ നൽകുന്ന വിവരങ്ങളെ ആശ്രയിക്കുന്നു[46]. ഭൂമിയിലെ ദൂരദർശിനികളേക്കാളും (4 മീ) 15% അധികം തെളിവ് നൽകാൻ ഹബിളിനാകുന്നുണ്ടത്രേ, എന്നാൽ അതിനുള്ള ചെലവ് 100% അധികമാണ്[47]. വലിയൊരു മണ്ഡലത്തിന്റെ ചിത്രം എടുക്കാൻ ഹബിളിനുള്ള കഴിവ് ഭൂമിയിലെ ഒരു ദൂരദർശിനിക്കുമില്ല. എന്നാൽ തെളിച്ചമുള്ള വസ്തുക്കളുടെ ചിത്രങ്ങൾ ഹബിളിനേക്കാളും നന്നായെടുക്കാൻ അതിന്റെ വിക്ഷേപണത്തിനു മുമ്പുതന്നെ സാധിച്ചിരുന്നു[48].

ദൂരദർശിനി ഉപയോഗിക്കൽ

[തിരുത്തുക]

ആർക്കും ദൂരദർശിനി ഉപയോഗിക്കാൻ സമയം ആവശ്യപ്പെടാവുന്നതാണ്, അതിന് ബിരുദങ്ങളോ, പ്രത്യേക രാജ്യത്തിന്റെ പൌരത്വമോ ഒന്നും ആവശ്യമില്ല. എന്നാൽ ദൂരദർശിനിക്കായുള്ള പിടിവലി നന്നേ കൂടുതലായതിനാൽ ചോദിക്കുന്ന സമയം കിട്ടണമെന്നില്ല[49]. കൂടുതൽ സമയത്തിനായി ഡിറക്ടോറോട് ചോദിക്കാവുന്നതുമാണ്.

നിരീക്ഷണ സമയാസൂത്രണം

[തിരുത്തുക]
ഹബിളിന്റെ താഴ്ന്ന ഭ്രമണപഥം മിക്ക വസ്തുക്കളും കൂടുതൽ നേരംഭൂമിക്കു മറഞ്ഞുപോകാനിടയാക്കുന്നു.

നിരീക്ഷണങ്ങൾക്കായുള്ള സമയാസൂത്രണം നിസ്സാരമായ കാര്യമല്ല, ദൂരദർശിനി, ബഹിരാകാശ വാഹനങ്ങൾക്ക് എളുപ്പം എത്താൻ കഴിയുന്ന വിധത്തിൽ താഴ്ന്ന ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരുവസ്തു ഭ്രമണപഥത്തിന്റെ പകുതിയോടടുത്ത പഥത്തിൽ മാത്രമേ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കുകയുള്ളു. സൂര്യപ്രകാശം ദൃശ്യഗ്രാഹിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സൂര്യൻ 50°യിലധികം മാറിയാണെങ്കിലേ വസ്തുക്കളെ നിരീക്ഷിക്കാനാവു. ഹബിൾ അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്നതു മൂലം കൃത്യമായി പ്രവചിക്കാൻ സാധിക്കാത്ത വിധം ഭ്രമണപഥം മാറിക്കൊണ്ടിരിക്കും. ആറാഴ്ചകൊണ്ട് ഹബിളിന്റെ പഥം 4000 കിലോമീറ്റർ വരെ മാറിപ്പോവാം അതുകൊണ്ട് വളരെ നീണ്ടകാലത്തേക്ക് സമയാസൂത്രണം നടത്തുക അസാധ്യമാണ്[50].

അമെച്ചെർ നിരീക്ഷണങ്ങൾ

[തിരുത്തുക]

സ്പേസ് ടെലസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ(എസ്.റ്റി.എസ്.സി.ഐ) ആദ്യ ഡിറക്റ്ററായിരുന്ന റിക്കാഡോ ഗിയക്കണി തനിക്ക് അനുവദിക്കാൻ കഴിയുന്ന സമയത്തിന്റെ ഒരു ഭാഗം അമെച്ചെർ ജ്യോതിശാസ്ത്രജ്ഞർക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. ചിലപ്പോൾ ഒരു ചക്രത്തിൽ മൊത്തം ഏതാനും മണിക്കൂറുകൾ മാത്രമേ ഇപ്രകാരം അനുവദിക്കാൻ സാധിച്ചിരുന്നുള്ളെങ്കിലും ഒട്ടനേകംപേർ അതിനായി കാത്തിരുന്നു.

ഒരു കൂട്ടം അമെച്ചെർ ജ്യോതിശാസ്ത്രജ്ഞരുടെ ഒരു സമിതി ഇക്കാര്യത്തെ കുറിച്ച് പലവട്ടം ആലോചിക്കുകയും ശരിയായ കഴിവുള്ളവർക്ക് മാത്രം ഇതിനവസരം നൽകണമെന്ന് തീരുമാനിക്കുകയും ചെയ്തു.1990 മുതൽ 1997 വരെ മൊത്തം 13 ജ്യോതിശാസ്ത്രജ്ഞർക്കിതിനവസരം ലഭിച്ചു. അതിനുശേഷം സാമ്പത്തികമായ ബുദ്ധിമുട്ടുമൂലം അമെച്ചെർ ജ്യോതിശാസ്ത്രജ്ഞർക്കുള്ള അവസരം പിൻവലിച്ചു, പിന്നീടൊരിക്കലും ഇത്തരമൊരു പദ്ധതി പ്രയോഗത്തിൽ വന്നിട്ടില്ല[51].

ഹബിൾ നൽകുന്ന വിവരങ്ങൾ

[തിരുത്തുക]

ഭൂമിയിലേക്കുള്ള പ്രേഷണം

[തിരുത്തുക]

വിവരങ്ങൾ ഹബിൾ ആദ്യം പേടകത്തിൽ തന്നെ സൂക്ഷിക്കുന്നു. പിന്നീട് ഇത്തരം വിവരങ്ങൾ റിലേ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിലേക്കയക്കുന്നു. വളരെ താഴ്ന്ന ഭ്രമണപഥം ഉപയോഗിക്കുന്ന ഇത്തരം ഉപഗ്രഹങ്ങൾക്ക് തങ്ങളുടെ ഭ്രമണപഥത്തിന്റെ 85% ഭാഗത്തു നിന്നും നിയന്ത്രണകേന്ദ്രവുമായി ബന്ധമുണ്ടായിരിക്കും. നിയന്ത്രണകേന്ദ്രങ്ങളിൽ നിന്ന് ഗോദ്ദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലേക്കും അവിടേനിന്ന് സ്പേസ് ടെലസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിവരങ്ങൾ സഞ്ചയമാക്കാനും പോകുന്നു. വിക്ഷേപണകാലങ്ങളിൽ വിവരങ്ങൾ പേടകത്തിൽ സൂക്ഷിക്കാൻ മാഗ്നെറ്റിക് ടേപ് ആയിരുന്നു ഉപയോഗിച്ചിരുന്നത്, പിന്നീട് 2, 3എ നന്നാക്കൽ ദൗത്യങ്ങളോടെ ഇത് പൂർണ്ണമായും സോളിഡ് ഡിസ്കുകളാക്കി.

വിവരസഞ്ചയം

[തിരുത്തുക]

എല്ലാ ഹബിൾ വിവരങ്ങളും ഒരു പൊതുസഞ്ചയമാക്കി സൂക്ഷിക്കപ്പെട്ടിരിക്കുന്നു, അവ http://archive.stsci.edu/hst യിൽ നിന്നും ലഭ്യമാണ്. കുത്തകപകർപ്പവകാശമുള്ള എല്ലാ ചിത്രങ്ങളും പ്രിൻസിപൽ ഇൻവെസ്റ്റിഗേറ്ററും (പി.ഐ) അദ്ദേഹം നിയമിക്കുന്ന ജ്യോതിശാസ്ത്രജ്ഞരും ആണ് കൈകാര്യം ചെയ്യുന്നത്. കുത്തക കൈവശാവകാശത്തിന്റെ ദൈർഘ്യം കൂട്ടാനും കുറക്കാനും എസ്.റ്റി.എസ്.സി.ഐ.യുടെ ഡിറക്റ്ററുടെ അടുത്ത് ശുപാർശ ചെയ്യുന്നത് പി.ഐ. ആണ്.

ഡിറക്റ്ററുടെ വിവേചനാധികാരം ഉപയോഗിച്ച് നൽകുന്ന സമയത്തെ നിരീക്ഷണങ്ങൾ കുത്തക കൈവശാവകാശത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ്. ജ്യോതിശാസ്ത്രഗവേഷണത്തിനനുയോജ്യവും എന്നാൽ പൊതുജനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ വിവരങ്ങൾ ഫിറ്റ്സ് (FITS) ഫോർമാറ്റിൽ ആണ് സൂക്ഷിച്ചു വെക്കുന്നത്. ഹബിൾ ഹെറിറ്റേജ് പദ്ധതി പ്രകാരം ഏറ്റവും ആകർഷണീയതയുള്ള കുറച്ചുചിത്രങ്ങൾ ജെപെഗ് ആയോ റ്റിഫ് ആയോ പുറത്തുവിടാറുണ്ട്.

പൈപ്പ്ലൈൻ റിഡക്ഷൻ

[തിരുത്തുക]

സി.സി.ഡി.കളിൽ നിന്നും ലഭിക്കുന്ന ജ്യോതിശാസ്ത്ര വിവരങ്ങൾ പലതരം പാകപ്പെടുത്തലുകളിൽ കൂടി കടന്നു പോയതിനു ശേഷം മാത്രമേ ജ്യോതിശാസ്ത്രപരമായ പഠനങ്ങൾക്കനുയോജ്യമാവുകയുള്ളൂ. എസ്.റ്റി.എസ്.സി.ഐ. ഇതിനായി സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട്, ഇത് സ്വയം വിവരങ്ങളെ ആവശ്യപ്പെടുന്നതനുസരിച്ച് വിവരങ്ങളെ സഞ്ചയത്തിൽ നിന്നുമെടുത്ത് നൽകുന്നു. വലിയതോതിൽ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഇതിന് ചിലപ്പോൾ ഒരു ദിവസമോ അതിൽ കൂടുതലോ സമയം എടുത്തേക്കും. വിവരങ്ങൾ സ്വയം എടുത്ത് പാകപ്പെടുത്തി നൽകുന്ന പ്രവർത്തനത്തിനു പറയുന്ന പേരാണ് ‘പൈപ്പ്ലൈൻ റിഡക്ഷൻ’, വലിയ തോതിലുള്ള നിരീക്ഷണങ്ങളിൽ ഇത് പതിവാണ്.

സ്വയം തിരഞ്ഞെടുക്കപ്പെടാത്ത ഫയലുകൾ ജ്യോതിശാസ്ത്രജ്ഞർ എടുക്കുകയും പൈപ്പ്ലൈൻ റിഡക്ഷൻ സോഫ്റ്റ്വെയറിനെ സ്വന്തം കമ്പ്യൂട്ടറിൽ ചെയ്യിപ്പിച്ച് വിവരങ്ങൾ പാകപ്പെടുത്തി എടുക്കുകയും ചെയ്യാവുന്നതാണ്.

വിവരങ്ങളുടെ പഠനം

[തിരുത്തുക]

ഹബിളിൽ നിന്നുള്ള വിവരങ്ങൾ വിവിധതരം പാക്കേജുകൾ ഉപയോഗിച്ച് വിശകലനം ചെയ്യാവുന്നതാണ്, എങ്കിലും എസ്.റ്റി.എസ്.സി.ഐ. അവരുടെ സ്വന്തം സോഫ്റ്റ്വെയറായ “എസ്.റ്റി.എസ്.ഡി.എ.എസ്” (Space Telescope Science Data Analysis System) ഇതിനായി ഉപയോഗിക്കുന്നു. ഈ സോഫ്റ്റ്‌വേർ അസംസ്കൃത വിവരങ്ങളിൽ പൈപ്പ്ലൈൻ റിഡക്ഷൻ നടത്താനും അതുപോലെ തന്നെ അവയിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാനുമെല്ലാം സജ്ജമാണ്. ഒരു ജനപ്രിയ ജ്യോതിശാസ്ത്രസോഫ്റ്റ്വെയറായ ഐ.ആർ.എ.എഫിന്റെ ഭാഗമായി പ്രവർത്തിക്കാനും ഇതിനു കഴിയും.

പൊതുജന സമ്പർക്ക പരിപാടികൾ

[തിരുത്തുക]
2001-ൽ ഹബിളിന്റെ പതിനൊന്നാം വാർഷികവുമായി ബന്ധപ്പെട്ട് നാസഇന്റർനെറ്റിൽ നടത്തിയ അന്വേഷണത്തിനു എറ്റവും അധികം ആൾക്കാർ ഹോഴ്സ്ഹെഡ് നെബൂലയാണ് കാണാൻ ഏറ്റവും ആഗ്രഹിക്കുന്നതെന്നു കണ്ടെത്തി [5]. കടപ്പാട്: നാസ/ഇ.എസ്.എ.

നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി പൊതുജനങ്ങളിൽ നിന്നുള്ള നികുതി ഉപയോഗിക്കുന്ന പദ്ധതി എന്ന നിലയിൽ ദൂരദർശിനി അവരുടെ ആഗ്രഹങ്ങൾക്കായി പ്രവർത്തിക്കുക എന്നത് വളരെ പ്രധാനമായിരുന്നു. ആദ്യ വർഷങ്ങളിൽ ദർപ്പണത്തിന്റെ വൈകല്യം മൂലം പൊതുജനങ്ങളിൽ ഉണ്ടായ വിശ്വാസക്കുറവ് ഒന്നാം നന്നാക്കൽ ദൗത്യത്തോടെ ദൂരദർശിനി ഒന്നാം തരം ചിത്രങ്ങൾ അയച്ചു തുടങ്ങിയതോടു കൂടി മാറിത്തുടങ്ങിയിരുന്നു.

പൊതുജനങ്ങളെ ഹബിളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പല പരിപാടികളുമുണ്ട്. ഹബിൾ ഹെറിട്ടേജ് പദ്ധതി എന്ന പദ്ധതിയിലൂടെ ഒന്നാംതരം കുറിക്കുകൊള്ളുന്ന ചിത്രങ്ങൾ പൊതുജനാവശ്യത്തിനായി നൽകുന്നു. ഹെറിട്ടേജ് സംഘത്തിൽ അമെച്ചെർ, പ്രൊഫഷണൽ ജ്യോതിശാസ്ത്രജ്ഞരും ജ്യോതിശാസ്തത്തിൽ പാണ്ഡിത്യം ഇല്ലാത്തവരുമുണ്ട്. ചിത്രങ്ങൾ അവയുടെ സൌന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്. ദൂരദർശിനിയിലൂടെ ചെറിയ തോതിൽ നിരീക്ഷണങ്ങൾക്കുള്ള അവസരങ്ങളും ഹെറിട്ടേജ് പദ്ധതി അനുവദിക്കുന്നു. കൂടാതെ എസ്.റ്റി.എസ്.സി.ഐ യും പൊതുജനാവബോധം സൃഷ്ടിക്കാൻ ഒട്ടനവധി വെബ്സൈറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. അതുവഴിയും ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്കു ലഭിക്കുന്നു.

1999 മുതൽ യൂറോപ്പിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഹബിൾ യൂറോപ്യൻ സ്പേസ് ഏജൻസി ഇൻഫർമേഷൻ സെന്റർ (എച്ച്.ഇ.ഐ.സി)ആണ്. ജർമ്മനിയിലെ മ്യൂണിച്ചിലാണ് കാര്യാലയം പ്രവർത്തിക്കുന്നത്. ചിത്രങ്ങളുടേയും വാർത്തകളുടേയും നിർമ്മാണവും വിതരണവും ഇവിടെ നടത്തുന്നു. സി.ഡി. റോമുകൾ, ഡി.വി.ഡികൾ, പോസ്റ്ററുകൾ എന്നിവയെല്ലാം ഇവിടെനിന്ന് വിതരണം ചെയ്യുന്നുണ്ട്.

റ്ററന്റുല നെബൂലയിലെ ഒരു ഭീമൻ കാന്തിക മേഘത്തിന്റെ ചിത്രം, വൈഡ് ഫീൽഡ്/ഗ്രഹനിരീക്ഷണ കാമറ 2 എടുത്ത ചിത്രം. കടപ്പാട്: നാസ/ഇ.എ.എ.

ഭ്രമണപഥ പതനം

[തിരുത്തുക]

ഭൂമിയുടെ അന്തരീക്ഷത്തിന്റെ സാന്ദ്രത കുറഞ്ഞ ഉപരിതലത്തിലൂടെയാണ് ഹബിൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു. ഒരു സ്പേസ് ഷട്ടിൽ കൊണ്ടോ മറ്റോ ഉയർത്തി സ്ഥാപിച്ചില്ലെങ്കിൽ അത് ഒരു പക്ഷേ 2010-നും 2032-നും ഇടക്ക് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കാനിടയുണ്ട്. സൂര്യൻ ഉന്നതാന്തരീക്ഷത്തിൽ ചെലുത്തുന്ന സ്വാധീനമനുസരിച്ചായിരിക്കും ഇത് നടക്കുക. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല. പ്രധാന ദർപ്പണഭാഗങ്ങളും മറ്റു ഘടനകളും ദോഷകരമാം വിധത്തിൽ താഴെയെത്തിയേക്കാം (നിയന്ത്രണരഹിതമായ തിരിച്ചുവരവ് മനുഷ്യർക്കപകടമുണ്ടാകാൻ എഴുനൂറിലൊന്ന് സാധ്യതയുണ്ട്)[52] എസ്.റ്റി.എസ്-125 ന്റെ വിജയത്തോടെ, ഭ്രമണപഥം ഉയർത്തിയില്ലെങ്കിൽ തന്നെയും പുതിയ ജൈറോസ്കോപ്പുകളുടെ സഹായത്തോടെ ദൂരദർശിനി കൂടുതൽ സ്ഥിരത കൈവരിച്ചതിനാൽ സ്വയം തിരിച്ചുവരവ് കൂടുതൽ നീളും. പിന്നീട് ഒരു ബാഹ്യ പ്രൊപൽഷൻ മോഡ്യൂൾ ഉപയോഗിച്ച് നിയന്ത്രിത പുനരാഗമനം നാസ പദ്ധതിയിടുന്നുണ്ട്. ഇത് ഹബിളിന്റെ ആയുസ്സെത്തിയതിനു ശേഷം മാത്രമായിരിക്കും നടപ്പിലാക്കുക[53].

നാസയുടെ ശരിക്കുമുള്ള പദ്ധതി, ഒരു സ്പേസ് ഷട്ടിൽ ഉപയോഗിച്ച് ഹബിളിനെ ഭ്രമണപഥത്തിൽ നിന്ന് വിടർത്തിയെടുത്ത് ഭൂമിയിൽ കൊണ്ടുവരിക എന്നതായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് മിക്കവാറും സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കപ്പെടും. വൻ ചെലവാണ് ഈ പദ്ധതിക്കുള്ള തടസ്സം. ചില കണക്കുകൾ പ്രകാരം ഇതിന് 50 കോടി ഡോളർ ചെലവു വരും. യാത്രക്കാരുടെ സുരക്ഷാകാരണങ്ങളാൽ ബഹിരാകാശ പുനരാഗമന പേടകങ്ങൾ നാസ 2010 ഓടെ പിൻവലിക്കുകയാണ്. അതുകൊണ്ട് ദൂരദർശിനിയിൽ ഘടിപ്പിച്ച പ്രൊപ്പൽഷൻ മോഡ്യൂൾ ഉപയോഗിച്ച് അത് നിയന്ത്രിച്ച് തിരിച്ചുകൊണ്ടുവരാൻ പദ്ധതിയാണ് കൂടുതൽ പ്രബലം[54]. ബഹിരാകാശ പേടകത്തിൽ ഘടിപ്പിച്ച് കൊണ്ടുവരുന്നതിലും ഒരു യാന്ത്രിക ദൌത്യമായിരിക്കും നല്ലത് എന്നാണ് അവസാനത്തെ തീരുമാനം[55]. ഓറിയോൺ ഉപയോഗിച്ചുള്ള ഒരു മാനുഷിക ദൌത്യത്തിൽ പ്രൊപ്പൽഷൻ മോഡ്യൂൾ ഘടിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

പിൻഗാമികൾ

[തിരുത്തുക]

പല ബഹിരാകാശ ദൂരദർശിനികളും ഹബിളിന്റെ പിൻഗാമികളാണെന്നവകാശപ്പെടാറുണ്ട്, അത് പോലെ തന്നെ ഭൂമിയിലെ പല നിരീക്ഷണ കേന്ദ്രങ്ങളും തങ്ങളുടെ വൻനിരീക്ഷണ വിജയങ്ങൾക്കു ശേഷം ഈ അവകാശവാദമുന്നയിക്കാറുണ്ട്


ഹബിളിന്റെ പിൻഗാമിയാക്കാൻ ഔദ്യോഗികമായി പദ്ധതിയിട്ടിരിക്കുന്നത് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എന്ന ഇൻഫ്രാറെഡ്ബഹിരാകാശ നിരീക്ഷണോപകരണത്തെയാണ്.[56] . ഇന്നുള്ള ഉപകരണങ്ങൾ കൊണ്ട് സാധിക്കാത്തയത്രയകലത്തിലുള്ള വസ്തുക്കളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യമാണ് ജയിംസ് വെബ് ദൂരദർശിനിയ്ക്കുള്ളത്. നാസയുടെ നേതൃത്വത്തിൽ നാസ,യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവരുടെ സംയുക്ത ശ്രമഫലമായാണ് ജയിംസ് വെബ് ദൂരദർശിനി നിർമ്മിക്കുന്നത്. ആദ്യമിതിന് അടുത്ത തലമുറ ബഹിരാകാശ ദൂരദർശിനി (Next Generation Space Telescope - NGST) എന്നായിരുന്നു പേരെങ്കിലും പിന്നീട് 2002-ൽ നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ജയിംസ്. ഇ. വെബ്ബിന്റെ പേര് നൽകുകയായിരുന്നു. 2013 ജൂണിനു ശേഷം ദൂരദർശിനിയുടെ വിക്ഷേപണം നടത്താനാണു പദ്ധതി. ഏരിയൻ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം[57].

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സമാനമായ സംരംഭമായ ഹെർഷൽ ബഹിരാകാശ നിരീക്ഷണകേന്ദ്രം, 2009 മെയ് 14 നു വിക്ഷേപിച്ചു. ജെയിംസ് വെബ് ദൂരദർശിനിയെ പോലെ, ഹബിളിന്റേതിനേക്കാളും വലിയ ദർപ്പണമുള്ള ഹെർഷലിനും ഇൻഫ്രാറെഡ് തരംഗദൈർഘ്യം മാത്രമേ നിരീക്ഷിക്കാൻ കഴിവുള്ളു.

അംഗീകാരം ലഭിക്കുകയും വിക്ഷേപിക്കപ്പെടുകയും ചെയ്താൽ അറ്റ്-ലാസ്റ്റ് (Advanced Technology Large-Aperture Space Telescope അഥവാ AT-LAST) [58] എന്ന 8 മുതൽ 16 മീറ്റർ നീളമുള്ള ബഹിരാകാശ ദൂരദർശിനിയായിരിക്കും ഹബിളിന്റെ ശരിക്കുമുള്ള പിൻഗാമി, എന്തെന്നാൽ ജ്യോതിർവസ്തുക്കളെ ദൃശ്യപ്രകാശവും, അൾട്രാവയലറ്റും, ഇൻഫ്രാറെഡും ഉപയോഗിച്ച് നിരീക്ഷിക്കാനും ചിത്രങ്ങൾ (ഹബിളിനേക്കാളും വ്യക്തതയോടെ) എടുക്കാനും ഇതിനു കഴിവുണ്ടാകും.

ഭൂമിയിൽ ഇന്നുള്ള പല ദൂരദർശിനികളും, പല പ്രസ്താവിത മഹാ സ്ഥൂല ദൂരദർശിനികളും (Extremely Large Telescopes), അവയുടെ വലിയ ദർപ്പണങ്ങൾ കൊണ്ട്, ദൃശ്യപ്രകാശത്തിലെ നിരീക്ഷണത്തിനുള്ള കഴിവിൽ ഹബിളിനെ പിന്നിലാക്കും. ചിലയവസരങ്ങളിൽ അഡാപ്റ്റീവ് ഒപ്റ്റിക്സ് അഥവാ എ.ഒ. ഉപയോഗിച്ച് ഹബിളിനൊപ്പമോ അതിനേക്കാളുമോ വ്യക്തതയുള്ള ദൃശ്യങ്ങൾ നൽകാൻ ഈ ഭൌമ ദൂരദർശിനികൾക്കു കഴിയും. എന്നിരുന്നാലും വൻ ദർപ്പണങ്ങളും അവയിൽ എ.ഒ.യുടെ പ്രയോഗവും ഹബിളിനേയോ, മറ്റു ബഹിരാകാശ ദൂരദർശിനികളേയോ അനാവശ്യമാക്കുന്നില്ല. ബഹുഭൂരിപക്ഷം എ.ഒ. പ്രവർത്തനങ്ങളിലും ഇടുങ്ങിയ, 10 ഇഞ്ചു മുതൽ 20 ഇഞ്ചു വരെ വീതിയിലുള്ള, ദൃശ്യം മാത്രമേ കൃത്യമായി എടുക്കാൻ കഴിയൂ. എന്നാൽ ഹബിളിന് അങ്ങേയറ്റം കൃത്യതയോടെ 2½ അടി വീതിയിലുള്ള ദൃശ്യം എടുക്കാൻ കഴിയുന്നതാണ്. കൂടുതലായി ഭൂമിയുടെ അന്തരീക്ഷം മൂലം തടയപ്പെടുന്ന വൈദ്യുത കാന്തിക വർണ്ണരാജിയിലെ ഭാഗങ്ങൾ ശൂന്യാകാശത്തുനിന്നു സുഗമമായി പഠിക്കാൻ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് സാധിക്കുന്നതാണ്. അന്തരീക്ഷം പകൽ സൂര്യപ്രകാശത്തിൽ നിന്നും ഊർജ്ജം സ്വീകരിക്കുന്നതുമൂലവും, രാത്രിയിൽ ഈ ഊർജ്ജം തിരിച്ചു സ്വതന്ത്രമാക്കുന്നതുമൂലവും ഭൂമിയിൽ നിന്നും നോക്കുമ്പോൾ ജ്യോതിർവസ്തുക്കൾക്കുണ്ടാകുന്ന മങ്ങൽ ബഹിരാകാശത്തുണ്ടാകില്ല, ഇതേ കാരണം കൊണ്ട് ബഹിരാകാശത്തുനിന്നും നിരീക്ഷിക്കുമ്പോൾ പശ്ചാത്തലത്തിലെ ആകാശം കൂടുതൽ കറുത്തതായിരിക്കും ചെയ്യും[59].

അവലംബം

[തിരുത്തുക]
  1. "NASA's Great Observatories". NASA. Archived from the original on 2015-06-20. Retrieved 2007-01-10.
  2. Boyle, Alan (2006-10-31). "NASA gives green light to Hubble rescue". MSNBC. Retrieved 2007-01-10.
  3. "NASA Consolidated Launch Manifest". NASA. Archived from the original on 2009-03-07. Retrieved 2007-04-24.
  4. Spitzer, L.,REPORT TO PROJECT RAND: Astronomical Advantages of an Extra-Terrestrial Observatory, reprinted in Astr. Quarterly, volume 7, p. 131, 1990.
  5. Spitzer, Lyman S (1979), "History of the Space Telescope", Quarterly Journal of the Royal Astronomical Society, v. 20, p. 29
  6. 6.0 6.1 6.2 Dunar A.J., Waring S.P. (1999), Power To Explore—History of Marshall Space Flight Center 1960–1990, U.S. Government Printing Office, ISBN 0-16-058992-4 (Chapter 12, Hubble Space telescope:[1]PDF (260 KiB))
  7. HUBBLE SPACE TELESCOPE STAND-IN GETS STARRING ROLE. September 21, 2001.http://www.gsfc.nasa.gov/news-release/releases/2001/h01-185.htm
  8. "The European Homepage for the NASA/ESA Hubble Space Telescope- Frequently Asked Questions". Archived from the original on 2011-08-13. Retrieved 2007-01-10.
  9. Brandt J.C. et al (1994), "The Goddard High Resolution Spectrograph: Instrument, goals, and science results", Publications of the Astronomical Society of the Pacific, v. 106, p. 890–908
  10. Bless R.C., Walter L.E., White R.L. (1992), High Speed Photometer Instrument Handbook, v 3.0, STSci
  11. Benedict, G. Fritz; McArthur, Barbara E. (2005), High-precision stellar parallaxes from Hubble Space Telescope fine guidance sensors, Transits of Venus: New Views of the Solar System and Galaxy, Proceedings of IAU Colloquium #196, Ed. D.W. Kurtz. Cambridge University Press, p.333–346
  12. Burrows C.J. et al (1991), The imaging performance of the Hubble Space Telescope, Astrophysical Journal, v.369, p.21, കൂടുതൽ വിവരങ്ങൾ:graphs showing the mis-figured PSFs, as compared to post-correction and ground based PSFs
  13. http://ntrs.nasa.gov/archive/nasa/casi.ntrs.nasa.gov/19910003124_1991003124.pdf
  14. Selected Documents in the History of the U.S. Civil Space Program Volume V: Exploring the Cosmos, (2001), John M. Logsdon, Editor
  15. "Mirror, Primary Backup, Hubble Space Telescope. From NASM web site".
  16. Chaisson, Eric (1994) The Hubble Wars; Astrophysics Meets Astropolitics in the Two-Billion-Dollar Struggle Over the Hubble Space Telescope. Harper Collins Publishers, ISBN 0-06-017114-6, p. 184.
  17. Jedrzejewski R.I., Hartig G., Jakobsen P., Crocker J.H., Ford H. C. (1994), "In-orbit performance of the COSTAR-corrected Faint Object Camera",Astrophysical Journal Letters, v. 435, p. L7–L10
  18. "Space Telescope Imaging Spectrograph". STScI. Retrieved April 26, 2008.
  19. "Advanced Camera for Surveys Update". STScI. 2006-06-30.
  20. STScI, Hubble's Advanced Camera for Surveys Resumes Exploring the Universe, 12 July 2006 [2]
  21. "Hubble ACS Status Report #3". Space Telescope Science Institute. Archived from the original on 2012-05-30. Retrieved 2007-01-10.
  22. Dominiquez, Alex (2007-01-29). "Hubble's primary camera shuts down". Associated Press/Yahoo! News. Retrieved 2007-01-29.
  23. "Engineers Investigate Issue on One of Hubble's Science Instruments". NASA. Retrieved 2007-05-08.
  24. "ACS Status: February 21, 2007". Space Telescope Science Institute. Archived from the original on 2012-05-30. Retrieved 2007-05-08.
  25. "Advanced Camera for Surveys". Space Telescope Science Institute. Retrieved May 21, 2009.
  26. Sembach, K. R., et al. 2004, HST Two-Gyro Handbook, Version 1.0, (Baltimore: STScI)
  27. "NASA Hubble Space Telescope Daily Report # 4537". Retrieved January 6, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  28. "NASA/ESA Hubble Space Telescope Begins Two-Gyro Science Operations". SpaceRef.com. Retrieved January 9, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  29. Jeff Hecht. "Hubble telescope loses another gyroscope". New Scientist. Retrieved January 6, 2009.
  30. Whitehouse, Dr. David (2004-04-23). "NASA optimistic about Hubble fate". BBC News. Retrieved 2007-01-10.
  31. Trauger J.T., Ballester G.E., Burrows C.J., Casertano S., Clarke J.T., Crisp D. (1994), The on-orbit performance of WFPC2, Astrophysical Journal Letters, v. 435, p. L3-L6
  32. http://www.stsci.edu/hst/nicmos/performance/temperature
  33. Hubble Space Telescope Servicing Mission 4 Archived 2008-09-07 at the Wayback Machine., NASA. Retrieved 29 September 2008.
  34. "MEDIA ADVISORY : M08-181: NASA Announces New Target Launch Dates, Status News Conference". NASA. Archived from the original on 2008-09-25. Retrieved 2008-09-25.
  35. "Hubble suddenly quiet", Science News, September 29, 2008.
  36. Dunn, Marcia."NASA delays repair mission to Hubble telescope" Archived 2008-10-05 at the Wayback Machine.. Yahoo news, September 29, 2008.
  37. Morris, Jefferson."Shuttle Blasts Off To Repair Hubble" Archived 2011-11-29 at the Wayback Machine.. Aviation Week, May 11, 2009.
  38. 38.0 38.1 ഹബിളിന് രണ്ടാംജന്മം, ജോസഫ് ആന്റണി,മാതൃഭൂമി വാരാന്തപ്പതിപ്പ്, മെയ് 24 2009,ഓൺലൈൻ കണ്ണി[പ്രവർത്തിക്കാത്ത കണ്ണി]
  39. Hubble Nickel Hydrogen Batteries[3] Archived 2017-05-22 at the Wayback Machine.. Accessed 20 May 2009
  40. Frank D. Roylance (May 19, 2009). "Hubble refitted for golden years". The Baltimore Sun. Archived from the original on 2013-01-02. Retrieved May 18, 2009.
  41. William Harwood (May 19, 2009). "Repaired Hubble relaunched from shuttle". CNET. Archived from the original on 2009-07-29. Retrieved May 24, 2009.
  42. Associated Press. "Spacewalkers give Hubble its last hug". MSNBC, May 18, 2009.
  43. "Servicing Mission 4". NASA. Retrieved 2008-09-21.
  44. Soft Capture and Rendezvous System[4] Archived 2008-09-11 at the Wayback Machine. Accessed 20 May 2009
  45. Amos, Jonathan (31 മെയ് 2012). "Hubble times Milky Way and Andromeda galaxy pile-up". ബി.ബി.സി. Retrieved 1 ജൂൺ 2012. {{cite news}}: Check date values in: |date= (help)
  46. STSCi newsletter, v. 20, issue 2, Spring 2003
  47. Benn C.R., Sánchez S.F. (2001), Scientific Impact of Large Telescopes, Publications of the Astronomical Society of the Pacific, v. 113, p.385
  48. Wilson, R. W., Baldwin, J. E., Buscher, D. F., Warner, P. J. (1992),High-resolution imaging of Betelgeuse and Mira Archived 2016-01-10 at the Wayback Machine.,Monthly Notices of the Royal Astronomical Society, vol. 257, no. 3, Aug 1, 1992, p. 369–376
  49. Hubble Space Telescope Call for Proposals for Cycle 14, (2004), eds. Neill Reid and Jim Younger
  50. HST Primer for Cycle 14, (2004), eds Diane Karakla, Editor and Susan Rose, Technical Editor
  51. O'Meara S. (1997), The Demise of the HST Amateur Program, Sky and Telescope, June 1997, p.97.
  52. Whitehouse, Dr. David (2004-01-17). "Why Hubble is being dropped". BBC News. Retrieved 2007-01-10.
  53. Cowing, Keith (2005-07-22). "NASA Considering Deletion of Hubble Deorbit Module". SpaceRef. Archived from the original on 2020-06-12. Retrieved 2007-01-10.
  54. Cowing, Keith (2005-07-22). "NASA Considering Deletion of Hubble Deorbit Module". SpaceRef. Archived from the original on 2020-06-12. Retrieved 2007-01-10.
  55. Leonard David (2005-09-14). "Health Checkup: Engineers Work to Stall Hubble's Death". space.com. Retrieved 2008-04-28.
  56. John Matson (May 8, 2009). "Last Dance with the Shuttle: What's in Store for the Final Hubble Servicing Mission". Scientific American. Retrieved May 18, 2009.
  57. "About JWST'S Launch". NASA. Retrieved 2006-11-04.
  58. "What Will Astronomy Be Like in 35 Years? Astronomy magazine, August, 2008
  59. Fienberg, Rick (2007-09-14). "Sharpening the 200-ഇഞ്ച് (5,100 മി.മീ)". News. Sky and Telescope magazine. Archived from the original on 2009-07-28. Retrieved 2008-07-01. {{cite web}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക കണ്ണികൾ

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

വാർത്തയിൽ

[തിരുത്തുക]