ഉള്ളടക്കത്തിലേക്ക് പോവുക

വസതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Home എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒന്നോ അതിലധികമോ മനുഷ്യർ, ചിലപ്പോൾ വിവിധ സഹജീവികൾക്കൊപ്പം, സ്ഥിരമായോ അല്ലാതെയോ താമസത്തിനായി ഉപയോഗിക്കുന്ന സ്ഥലമാണ് വസതി അഥവാ വാസസ്ഥലം എന്നത്. വാസ സ്ഥലങ്ങളുടെ ഭൗതിക രൂപങ്ങളിൽ വീട് അല്ലെങ്കിൽ അപ്പാർട്ട്മെന്റ് പോലുള്ള സ്ഥിരമായുള്ളവയും, ഹൗസ്ബോട്ട്, ട്രെയിലർ അല്ലെങ്കിൽ യാർട്ട് പോലുള്ള ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നവയും ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

മനുഷ്യർ വസിച്ചിരുന്ന ആദ്യകാല വാസസ്ഥലങ്ങൾ ഗുഹകൾ പോലുള്ള പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഇടങ്ങളായിരിക്കാം. ആദ്യകാല മനുഷ്യ വർഗ്ഗങ്ങൾ കുറഞ്ഞത് ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ ഗുഹകളിൽ വസിച്ചിരുന്നതായി സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ ഉണ്ട്, ഉദാഹരണങ്ങളിൽ ചൈനയിലെ ഷൗക്കൗഡിയനിൽ നിന്നുള്ള ഹോമോ ഇറക്റ്റസ് വാസ സ്ഥലങ്ങൾ, ദക്ഷിണാഫ്രിക്കയിലെ ഹേർത്ത്‌സ് ഗുഹയിൽ നിന്നുള്ള (മകപാൻസ്ഗാറ്റ്) ഹോമോ റോഡെസിയൻസിസ് തെളിവുകൾ, യൂറോപ്പിലെ അറ്റപ്യൂർക്കയിൽ നിന്നുള്ള ഹോമോ നിയാണ്ടർത്തലെൻസിസ്, ഹോമോ ഹൈഡൽബെർജെൻസിസ് വാസ തെളിവുകൾ, ഇന്തോനേഷ്യയിലെ ഹോമോ ഫ്ലോറേഷ്യൻസിസ് വാസ സ്ഥലങ്ങൾ, തെക്കൻ സൈബീരിയയിലെ ഡെനിസോവൻസ് വാസ സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തെക്കൻ ആഫ്രിക്കയിൽ, ഏകദേശം 180,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ആദ്യകാല ആധുനിക മനുഷ്യർ കടൽ ഗുഹകളെ അഭയകേന്ദ്രങ്ങളായി പതിവായി ഉപയോഗിച്ചിരുന്നു. [1] പിനാക്കിൾ പോയിന്റിലെ PP13B ആണ് ഏറ്റവും പഴക്കം ചെന്ന സ്ഥലം. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ, മനുഷ്യരും മറ്റ് ഹോമിനിഡുകളും സ്വന്തമായി വാസസ്ഥലങ്ങൾ നിർമ്മിക്കാൻ തുടങ്ങി. കുടിലുകൾ, നീണ്ട വീടുകൾ തുടങ്ങിയ കെട്ടിടങ്ങൾ നിയോലിത്തിക്ക് കാലഘട്ടത്തിന്റെ അവസാനം മുതൽ താമസിക്കാൻ ഉപയോഗിച്ചുവരുന്നു.[2]

വെങ്കലയുഗത്തോടെ (ഏകദേശം 3500–1200 ബി.സി.), മെസൊപ്പൊട്ടേമിയയിലെ സമൂഹങ്ങൾ ചെളി ഇഷ്ടിക കൊണ്ട് സ്ഥിരമായ വാസസ്ഥലങ്ങൾ നിർമ്മിക്കാൻ തുടങ്ങി; ഉറുക്കിലെയും ഉബൈദിലെയും ഖനനങ്ങൾ ചെറിയ മുറ്റങ്ങൾക്ക് ചുറ്റും ക്രമീകരിച്ചിരിക്കുന്ന ഒറ്റമുറിയും ഒന്നിലധികം മുറികളുള്ള വീടുകളും കണ്ടെത്തിയിട്ടുണ്ട്, അവ ഏകീകൃത ഇഷ്ടികകളും ബിറ്റുമെൻ മോർട്ടറും ഉപയോഗിച്ച് നിർമ്മിച്ചതാണ്.[3] ഈ ആദ്യകാല വീടുകൾ പലപ്പോഴും കൂട്ടമായി കാണപ്പെടുകയും പൊതു കിണറുകളും അടുപ്പുകളും പങ്കിടുകയും ചെയ്തിരുന്നു.[4]

മോഹൻജൊ-ദാരോ, ഹാരപ്പ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സിന്ധുനദീതട സംസ്കാര (ഏകദേശം 2600–1900 ബി.സി.) തെളിവുകൾ ഒരേ വലുപ്പത്തിൽ നിർമ്മിച്ച തീയിൽ ചുട്ട ഇഷ്ടികകളുടെ ഉപയോഗം, സങ്കീർണ്ണമായ നഗര ആസൂത്രണം, രണ്ട് നില വീടുകളിൽ സ്വകാര്യ കിണറുകൾ, ഡ്രെയിനേജ് സൗകര്യമുള്ള ഇൻഡോർ ബാത്ത്റൂമുകൾ, ചൂടുള്ള കാലാവസ്ഥയിൽ വായുസഞ്ചാരത്തിനായി രൂപകൽപ്പന ചെയ്ത തെക്ക് അഭിമുഖമായുള്ള മുറ്റങ്ങൾ എന്നിങ്ങനെയുള്ള സവിശേഷതകൾ കാണിക്കുന്നു.[5]

തരങ്ങൾ

[തിരുത്തുക]

ഒരു വീട് എന്നത് പൊതുവേ ഒരു കുടുംബം താമസിക്കാൻ ഉപയോഗിക്കുന്ന കെട്ടിടമാണ്. ഒറ്റ മുറി കുടിലുകൾ മുതൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന, ഇഷ്ടിക, കോൺക്രീറ്റ് അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ കൊണ്ടുള്ള സങ്കീർണ്ണമായ ഘടന വരെ ഇതിൽ ഉൾപ്പെടാം. [6][7]

പുരവഞ്ചി

[തിരുത്തുക]

പുരവഞ്ചി അഥവാ ഹൗസ്‌ബോട്ട് എന്നത് പ്രധാനമായും ഒരു വീടായി ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്തതോ പരിഷ്കരിച്ചതോ ആയ ഒരു ബോട്ടാണ്. ചില ഹൗസ്‌ബോട്ടുകൾ മോട്ടോർ ഉപയോഗിക്കുന്നില്ല, കാരണം അവ സാധാരണയായി നങ്കൂരമിട്ട്, ഒരു നിശ്ചിത സ്ഥലത്ത് നിശ്ചലമായി കരയിൽ ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, പലതും സ്വന്തം ശക്തിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാണ്. ഫ്ലോട്ട് ഹൗസ് എന്നത് ഫ്ലോട്ടിലുള്ള (റാഫ്റ്റ്) വീടിനെ സൂചിപ്പിക്കുന്ന കനേഡിയൻ, അമേരിക്കൻ പദമാണ്.[8] ഹൗസ്‌ബോട്ടുകൾ പലപ്പോഴും സ്വകാര്യ ഉടമസ്ഥതയിലുള്ളതും അവധിക്കാല യാത്രക്കാർക്ക് വാടകയ്ക്ക് നൽകുന്നതും ആണ്, യൂറോപ്പിലെ ചില കനാലുകളിൽ, വർഷം മുഴുവനും ആളുകൾ ഹൗസ്‌ബോട്ടുകളിൽ താമസിക്കുന്നു. ഇതിന് ഉദാഹരണങ്ങളാണ് ആംസ്റ്റർഡാം, ലണ്ടൻ, പാരീസ് എന്നിവ.[9]

യാർട്ട്

[തിരുത്തുക]

പരമ്പരാഗത യാർട്ട് അല്ലെങ്കിൽ ജെർ എന്നത് തൊലികളോ ഫെൽറ്റോ കൊണ്ട് പൊതിഞ്ഞ വൃത്താകൃതിയിലുള്ളതും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്നതുമായ ഒരു കൂടാരമാണ്ഇ. ത് മധ്യേഷ്യയിലെ നിരവധി വ്യത്യസ്ത നാടോടി ഗ്രൂപ്പുകൾ വാസസ്ഥലമായി ഉപയോഗിക്കുന്നു. ഈ ഘടനയിൽ മരം അല്ലെങ്കിൽ മുള കൊണ്ടുള്ള ചുവരുകൾ, ഒരു വാതിൽ ഫ്രെയിം, തൂണുകൾ, റാഫ്റ്ററുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആധുനിക യാർട്ടുകൾ ഒരു മര പ്ലാറ്റ്‌ഫോമിൽ സ്ഥിരമായി നിർമ്മിക്കാം; സ്റ്റീം-ബെന്റ് വുഡൻ ഫ്രെയിമിംഗ് അല്ലെങ്കിൽ മെറ്റൽ ഫ്രെയിമിംഗ്, ക്യാൻവാസ് അല്ലെങ്കിൽ ടാർപോളിൻ, പ്ലെക്സിഗ്ലാസ് ഡോം, വയർ റോപ്പ് അല്ലെങ്കിൽ റേഡിയന്റ് ഇൻസുലേഷൻ പോലുള്ള ആധുനിക വസ്തുക്കൾ അവ ഉപയോഗിച്ചേക്കാം.

നരവംശ പ്രാധാന്യം

[തിരുത്തുക]

മനുഷ്യരും വാസസ്ഥലവും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്, ഗാസ്റ്റൺ ബാച്ചിലാർഡ്, മാർട്ടിൻ ഹൈഡെഗർ എന്നിവരെപ്പോലുള്ളവർ ഇതിനെ മനുഷ്യകുലത്തിൻ്റെ "അത്യാവശ്യ സ്വഭാവം" ആയി കണക്കാക്കുന്നു.[10]

അവലംബം

[തിരുത്തുക]
  1. Marean, C.W.; Bar-Matthews, M.; Bernatchez, J.; Fisher, E.; Goldberg, P.; Herries, A.I.; Jacobs, Z.; Jerardino, A.; Karkanas, P.; Minichillo, T.; Nilssen, P.J.; Thompson, E.; Watts, I.; Williams, H.M. (2007). "Early human use of marine resources and pigment in South Africa during the Middle Pleistocene". Nature. 449 (7164): 905–908. Bibcode:2007Natur.449..905M. doi:10.1038/nature06204. PMID 17943129. S2CID 4387442. Archived from the original on 22 September 2018. Retrieved 22 September 2018.
  2. "Skara Brae". Orkneyjar. Archived from the original on 9 December 2012. Retrieved 8 December 2012.
  3. "Daily Life in Ancient Mesopotamia". The Metropolitan Museum of Art. Retrieved 2025-05-02.
  4. Algaze, Gilbert (1993). "Early Urbanization in Mesopotamia". Journal of Archaeological Research. 1 (1): 1–38. doi:10.1007/BF02292781.
  5. "Ancient Indus Valley Civilization". Harappa.com. Retrieved 2025-05-02.
  6. Schoenauer, Norbert (2000). 6,000 Years of Housing (rev. ed.) (New York: W.W. Norton & Company).
  7. "housing papers" (PDF). clerk.house.gov. Archived from the original (PDF) on 17 January 2013. Retrieved 18 December 2012.
  8. Parry, M. H. (2000). Aak to Zumbra: a dictionary of the world's watercraft. Newport News, VA: Mariners' Museum. pp. 215–216. ISBN 0917376463.
  9. Gabor, M. (1979). Houseboats from Floating Places to Humble Dwellings – a glowing tribute to a growing lifetsyle. Toronto: Ballantine Books.
  10. Dekkers, Wim (2011). "Dwelling, house and home: towards a home-led perspective on dementia care". Medicine, Health Care and Philosophy (in ഇംഗ്ലീഷ്). 14 (3): 291–300. doi:10.1007/s11019-011-9307-2. ISSN 1386-7423. PMC 3127020. PMID 21221813.
"https://ml.wikipedia.org/w/index.php?title=വസതി&oldid=4546159" എന്ന താളിൽനിന്ന് ശേഖരിച്ചത്