പൂർവേഷ്യാചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(History of East Asia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാല് സുന്ദരമായ ചാതുര്യങ്ങൾ ' (കിൻ കി ഷോ ഗാ ) ജാപ്പനീസ് കലാകാരൻ തമാരോയുടെ പെയിന്റിങ്ങ്. നാല് പരമ്പരാഗത പൂർവേഷ്യൻ കലകളെ കാണിക്കുന്നു. ഇടത്തുനിന്നും വലത്തോട്ട്, ഗോ എന്ന കളി, ചിത്രരചന, കാലിഗ്രാഫി, ഗുക്വിൻ തന്ത്രിവാദ്യം. 1788-ൽ വരച്ചത്.

ചരിത്രാതീതകാലം മുതൽ ഇന്നുവരെ പൂർവേഷ്യയിൽ ജീവിച്ച ജനപഥത്തിന്റെ ചരിത്രമാണ് പൂർവേഷ്യാചരിത്രം. ഇതിൽ ചൈന,ജപ്പാൻ,കൊറിയ,തായ്‌വാൻ എന്നീ രാജ്യങ്ങളിലെ ചരിത്രവും ഉൾപ്പെടുന്നു.[1][2][3]പാശ്ചാത്യ രാജ്യങ്ങളിൽ പൂർവേഷ്യൻ പഠനങ്ങൾ വ്യാപകമായപ്പോൾ അനുബന്ധമായി ഉയർന്നുവന്ന പഠനശാഖയാണ് പൂർവേഷ്യൻ ചരിത്രം.[4]

ചൈനയിലെയും ജപ്പാനിലെയും കൊറിയയിലെയും നാഗരികതകൾ വിവിധ സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഭരണത്തിൻകീഴിൽ ആയിരുന്നു. അതുകൊണ്ടുതന്നെ അവയുടെ അതിർത്തികളും ഭരണചക്രവും സാമ്രാജ്യത്തിനകത്തു തന്നെയുള്ള പോരുകളും മറ്റുരാജ്യങ്ങളുമായുള്ള യുദ്ധങ്ങളും കാരണം എപ്പോളും മാറ്റപ്പെട്ടുകൊണ്ടിരുന്നു. ചരിത്രാതീത കാലത്ത് ആധുനിക മനുഷ്യന്റെ പൂർവികനായ ഹോമോ ഇറക്റ്റസ് പണ്ട് 1.8 ദശലക്ഷം വര്ഷത്തിനും 40000 വര്ഷത്തിനും ഇടക്കായി പൂർവേഷ്യയിൽ ജീവിച്ചിരുന്നു.[5] ആദ്യമായി തീ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത് അവരായിരിക്കുമെന്ന് കരുതപ്പെടുന്നു.[6]

ഒരുപാട് മതദർശനങ്ങളും വിശ്വാസപ്രമാണങ്ങളും രൂപംകൊണ്ട ഭൂമികയാണ് പൂർവേഷ്യ. കൺഫ്യൂഷനിസം, ബുദ്ധമതം, താവോയിസം എന്നിവയാണ് അതിൽ പ്രധാനം. സിയാ, ഷാങ്, സൂ രാജവംശങ്ങൾ ചൈന ഭരിച്ചു. തുടർന്ന് പ്രസിദ്ധമായ ക്വിൻ, ഹാൻ രാജവംശങ്ങളും ഭരണം നടത്തി. ആധുനിക കാലത്തിനു വളരെ മുന്നേ തന്നെ ചരിത്രാതീതകാലത്തും അറിയപ്പെടുന്ന ചരിത്രത്തിലും ഈ ഭൂഭാഗങ്ങളിൽ തനിമയുള്ള രാഷ്ട്രീയവും, സംസ്കാരവയും, വ്യാപാരവും നിലനിന്നിരുന്നു

ചൈനയിലെ ഷാങ് രാജവംശത്തിൽ ബിസി 2000-ൽ തന്നെ മഞ്ഞനദിയുടെ താഴ്വാരങ്ങളിൽ ജനവാസം ഉണ്ടായിരുന്നു. പൂർവേഷ്യയിലെ മറ്റുപ്രദേശങ്ങളിലേക്ക് ജനവാസം പതുക്കെ വ്യാപിച്ചു. ബിസി 195-ൽ കൊറിയയിൽ ഗോജോസിയോൺ ആദ്യ രാഷ്ടം ആയി സംഘടിച്ചു. ജപ്പാൻ എഡി 604-ൽ ആദ്യ ഭരണഘടന ഉണ്ടാക്കി ഒരൊറ്റ രാജ്യം ആയിമാറി. ബുദ്ധമതത്തിന്റെ പ്രചാരവും പട്ടുപാതയുടെ നിർമ്മാണവുമാണ് പൂർവേഷ്യയുടെ സാംസ്‌കാരിക സാമ്പത്തിക അടിത്തറയുടെ ആണിക്കല്ലായത്.

ചൈനയിലെ സുയി, താങ്, സോങ് രാജവംശങ്ങൾ കൊറിയയിലെയും ജപ്പാനിലെയും ആദ്യകാല സംസ്കാരത്തിൽ പ്രഭാവം കാണിക്കുന്നു. പ്രഥമ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ ചൈനയായിരുന്നു യൂറേഷ്യയിലെ ഏറ്റവും പുരോഗമിച്ച നാഗരികത. അവരായിരുന്നു നാല് മഹത്തായ കണ്ടുപിടിത്തങ്ങൾക്ക് പുറകിൽ. ചൈനയുടെ ജി.ഡി.പി. ലോകത്തിലെ ഏറ്റവും വലുതായിരുന്നു. കൊറിയയും ജപ്പാനും യഥാക്രമം കോറിയോ രാജവംശത്തിന്റെയും ഹെയ്‌ൻ കാലഘട്ടത്തിന്റെയും കാലത്ത് കേന്ദ്രീകൃത രാഷ്ട്രങ്ങളായി മാറി.

നാടോടികളായിരുന്ന മംഗോൾ സാമ്ര്യാജ്യത്തിന്റെ പെട്ടെന്നുള്ള വളർച്ച പൂർവേഷ്യയെ കിടിലം കൊള്ളിച്ചു. ചെങ്കിസ് ഖാൻ, സുബുതായ്, കുബ്ലായ് ഖാൻ മുതലായ മംഗോൾ നേതാക്കൾ പൂർവേഷ്യയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഒറ്റ രാജ്യത്തിൻകീഴിൽ കൊണ്ടുവന്നു. ചൈന മുഴുവനായും കൊറിയയും മംഗോൾ യുവാൻ രാജവംശം പിടിച്ചടക്കി. മംഗോളുകൾ ജപ്പാൻ നാവിക ആക്രമണത്തിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു വിധി. എന്നാൽ പ്രകൃതിക്ഷോഭങ്ങളും മോശം ഭരണവും കൂട്ടിച്ചേർന്നപ്പോൾ പൂർവേഷ്യയിലെ മംഗോൾ ഭരണം അല്പായുസ്സായിത്തീർന്നു. മംഗോൾ യുവാൻ രാജവംശത്തിന്റെ തകർച്ചയിൽ ചൈനയിൽ ഉയർന്നു വന്ന മിങ് രാജവംശവും കൊറിയയിലെ ജോസൺ രാജവംശവറും നവകൺഫ്യൂഷനിസം ഭരണതന്ത്രമായി തെരഞ്ഞെടുത്തു. ഇതേ സമയം ജപ്പാൻ സെൻഗോക്കു ജിടായ് എന്നറിയപ്പെടുന്ന ഫ്യൂഡൽ ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു. ഒന്നരനൂറ്റാണ്ടാണ് ജപ്പാൻ ഈ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിൽ അമർന്നത്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തോടുകൂടി യൂറോപ്പിൽനിന്നും വ്യാപാരികളും മതപ്രചാരകരും ആദ്യമായി കടൽമാർഗ്ഗം പൂർവേഷ്യയിലെത്തി. ചൈനയിലെ മക്കാവു ദ്വീപിൽ പോർച്ചുഗീസുകാർ കോളനി സ്ഥാപിക്കുകയും ജപ്പാനെ ക്രിസ്തീയവത്കരിക്കുവാൻ ശ്രമിക്കുകയും ചെയ്തു. സെൻഗോക്‌ കാലഘട്ടത്തിന്റെ അവസാനകാലത്ത് 1598-ൽ ജാപ്പനീസ് യുദ്ധപ്രഭുക്കൾ കൊറിയയെ കീഴടക്കി ജാപ്പനീസ് സാമ്രാജ്യം വിപുലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചൈനയും കൊറിയയും സംയുക്തമായി ജപ്പാനെ നേരിട്ട് പരാജയപ്പെടുത്തി.

യൂറോപ്യൻ പ്രഭാവത്തിനെതിരെ പതിനേഴാം നൂറ്റാണ്ട് മുതൽ പൂർവേഷ്യൻ രാജ്യങ്ങൾ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ടോ ഒഴിഞ്ഞുമാറിയോ നിൽക്കുന്ന നയം സ്വീകരിക്കാൻ തുടങ്ങി. പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിൽ പൂർവേഷ്യ വലിയ സാമ്പത്തിക സാംസ്‌കാരിക വളർച്ച കൈവരിച്ചു. ചൈനയിലെ ക്വിങ് സാമ്രാജ്യമായിരുന്നു പൂർവേഷ്യയിലെ പ്രധാനശക്തി. എന്നാൽ എഡോ സാമ്രാജ്യത്തിനു കീഴിൽ ജപ്പാൻ ആർക്കും കീഴടങ്ങാതെ നിന്നു. വളരെ പരിമിതമായ ബന്ധങ്ങളായിരുന്നു അപ്പോൾ പൂർവേഷ്യക്ക് യൂറോപ്പുമായുണ്ടായിരുന്നത്. 1800കളോടെ യൂറോപ്യൻ സാമ്രാജ്യത്വം പൂർവേഷ്യയിൽ പിടിമുറുക്കിത്തുടങ്ങി. കറുപ്പ് യുദ്ധകാലത്തെ ബ്രിട്ടന്റെയും, ഫ്രാൻസിന്റെയും, റഷ്യയുടെയും കോളനിവത്കരണ ശ്രമങ്ങൾ ചെറുക്കാൻ ക്വിങ് സാമ്രാജ്യത്തിനു കഴിഞ്ഞില്ല. ഇതേ സമയം ജപ്പാൻ യൂറോപ്പിന്റെ വിജയത്തെ ആവർത്തിക്കാനുറച്ച് മെജി കാലഘട്ടത്തിൽ പാശ്ചാത്യവത്കരണം നടപ്പാക്കി. അങ്ങനെ ഉയർന്നുവന്ന ജാപ്പനീസ് സാമ്രാജ്യം 1910-ൽ കൊറിയ പിടിച്ചെടുത്ത് രാജ്യത്തോട് ചേർത്തു. 1912-ൽ വർഷങ്ങളായി നടന്നുവരുന്ന ആഭ്യന്തരയുദ്ധത്തിലും രാജ്യത്തിൻറെ ക്ഷയത്തിലും മനംമടുത്ത് ചൈനയുടെ അവസാന ചക്രവർത്തി പുയി സ്ഥാനമൊഴിഞ്ഞു.അങ്ങനെ രണ്ട് സഹസ്രാബ്ദമായി നിലനിന്ന ചൈനീസ് സാമ്രാജ്യം ചരിത്രമായി.

ചൈനീസ് റിപ്പബ്ലിക് സ്വയം ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കവേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജാപ്പനീസ് അധിനിവേശം ചൈനയിലേക്കെത്തി.തുടർന്നുണ്ടായ നൃശംസമായ രണ്ടാം സിനോ-ജാപ്പനീസ് യുദ്ധം ഇരുപത് ദശലക്ഷം ജീവനുകൾ കൊയ്തെടുത്തു. ജപ്പാന്റെ ഏഷ്യയിലെ യുദ്ധങ്ങൾ രണ്ടാംലോകമഹായുദ്ധത്തിന്റെ ഭാഗമായത് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതോടെയാണ്. സഖ്യകക്ഷികളോട് ജപ്പാൻ പരാജയപ്പെട്ടതോടെ യുദ്ധാന്തര ലോകത്ത് കൂടുതൽ സമാധാനം കൈവന്നു.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പൂർവേഷ്യ ശീതയുദ്ധത്തിന്റെ കരിനിഴലിലായിരുന്നു. ചൈന ആദ്യം സോവിയറ്റ് പാളയത്തിലും അമേരിക്കൻ കൈവശത്തിലായിരുന്ന ജപ്പാൻ പാശ്ചാത്യ കൂട്ടായ്മയിലുമായിരുന്നു. ജപ്പാന്റെ യുദ്ധശേഷമുള്ള തിരിച്ചുവരവ് ഒരു സാമ്പത്തിക അത്ഭുതമായി കണക്കാക്കപ്പെടുന്നു. സോവിയറ്റ് അമേരിക്കൻ ചേരിപ്പോര് കൊറിയൻ യുദ്ധത്തിലേക്കും അതിലൂടെ കൊറിയൻ വിഭജനത്തിലേക്കും ചെന്നെത്തി. ഇന്നുള്ള രണ്ട് കൊറിയകളുടെ ഉത്ഭവം അങ്ങനെയാണ്.

ശീതയുദ്ധം അവസാനിച്ചതും ആഗോളവത്കരണവും ദക്ഷിണകൊറിയയേയും ജനകീയ ചൈന റിപ്പബ്ലിക്കിനെയും ലോക സാമ്പത്തികരംഗത്തെത്തിച്ചു. 1980-മുതൽ ദക്ഷിണകൊറിയയിലേയും ചൈനയിലേയും സാമ്പത്തികരംഗവും ജീവിതനിലവാരവും പതിന്മടങ്ങ് വർധിച്ചു. ആധുനിക പൂർവേഷ്യ ലോകത്തെ പ്രഭാവം ചെലുത്താൻ കഴിയുന്ന ഒരു പ്രധാന ഭൂഭാഗമായി മാറി. 2010-ലെ കണക്കനുസരിച്ച് പൂർവേഷ്യയിൽ ലോകത്തെ ആകെ ജനസംഖ്യയുടെ 24.4% അധിവസിക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. "East Asian History | History | The University of Chicago". history.uchicago.edu. ശേഖരിച്ചത് 2018-08-15.
  2. "East Asian History". Department of History (ഭാഷ: ഇംഗ്ലീഷ്). 2015-09-09. ശേഖരിച്ചത് 2018-08-15.
  3. "About Us". as.nyu.edu (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-15.
  4. "A Brief History of East Asian Studies at Yale University | The Council on East Asian Studies at Yale University". ceas.yale.edu (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-15.
  5. Peking Man Archived 2014-04-19 at the Wayback Machine.. The History of Human Evolution. American Museum of Natural History. April 23, 2014.
  6. Homo erectus. London: Natural History Museum. Retrieved April 23, 2014.
  7. "Population of Eastern Asia (2018) - Worldometers". www.worldometers.info (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-16.
"https://ml.wikipedia.org/w/index.php?title=പൂർവേഷ്യാചരിത്രം&oldid=3089593" എന്ന താളിൽനിന്ന് ശേഖരിച്ചത്