ഹിജഡ ഫാർസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hijra Farsi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ലൈംഗികന്യൂനപക്ഷമായ ഹിജഡകൾക്കിടയിൽ നിലവിലുള്ളതായി പറയപ്പെടുന്ന രഹസ്യഭാഷയാണ് ഹിജഡ ഫാർസി. 'കോടി' എന്നു കൂടി പേരുള്ള ഈ ഭാഷയ്ക്ക് ബംഗാൾ ഒഴിച്ചുള്ള ഉത്തരേന്ത്യയിലേയും പാകിസ്താനിലേയും ഹിജഡ സമൂഹങ്ങളിൽ പ്രചാരമുണ്ട്. ഹിജഡ ഫാർസി എന്നാണു പേരെങ്കിലും ഈ ഭാഷയുടെ പിന്നിലുള്ളത് പേർഷ്യൻ (ഫാർസി) ഭാഷയല്ല, ഉർദുവാണ്. വാക്യഘടന ഉർദുവിന്റേതിനു സമാനമാണെങ്കിലും വ്യത്യാസങ്ങളുമുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയവിഭജനത്തിനു ശേഷം, പഞ്ചാബി, സെരായ്കി, സിന്ധി തുടങ്ങിയ ഭാഷകളും ഹിജഡ ഫാർസിയുടെ വികസനത്തെ സഹായിച്ചു.

ഈ ഭാഷയ്ക്ക് രണ്ടു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ളതായി കരുതപ്പെടുന്നു. ഹിജഡഫാർസി എന്നത് രഹസ്യവാക്കുകളുടെ കേവലമൊരു ശേഖരമല്ലെന്നും മറ്റേതു ഭാഷയേയും പോലെ ഒരു സമ്പൂർണ്ണ ഭാഷതന്നെയാണെന്നുമുള്ള വാദത്തെ അക്കാദമികഗവേഷണം പിന്തുണക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഹിജഡ സമൂഹം സ്വയരക്ഷക്കായി രൂപപ്പെടുത്തിയതാണിത്. സാമാന്യധാരയിൽ നിന്നു പാർശ്വവൽക്കരിക്കപ്പെട്ട ഹിജഡകളുടെ ഒറ്റപ്പെട്ട സമൂഹങ്ങൾ ഇന്ത്യയിലേയും പാകിസ്താനിലേയും പല പട്ടണങ്ങളിലുമുണ്ട്. പുരാതനഭാരത്തിൽ ഹിജഡകൾ സമൂഹത്തിൽ ഉന്നതമായ പദവികൾ വഹിച്ചിരുന്നതായി സാഹിത്യരചനകളിൽ സൂചനയുണ്ടെങ്കിലും ബ്രിട്ടീഷ് ഭരണകാലത്ത് കുറ്റവാളികളായി പരിഗണിക്കപ്പെട്ട അവർ തടവിലാക്കപ്പെടുക പതിവായിരുന്നു. ആ സാഹചര്യത്തിൽ ഈ വ്യതിരിക്തഭാഷ അവർക്ക് അതിജീവന സാമഗ്രിയായി.[1]

അവലംബം[തിരുത്തുക]

  1. Hijra Farsi: Secret language knits community, 2013 ഒക്ടോബർ 7-ലെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിൽ അനാഹിത മുഖർജിയുടെ റിപ്പോർട്ട്.
"https://ml.wikipedia.org/w/index.php?title=ഹിജഡ_ഫാർസി&oldid=3090795" എന്ന താളിൽനിന്ന് ശേഖരിച്ചത്