Jump to content

ജോർജ്ജ് മാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(George Mathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോർജ്ജ് മാത്തൻ
ജനനം(1819-09-25)സെപ്റ്റംബർ 25, 1819
മരണംമാർച്ച് 4, 1870(1870-03-04) (പ്രായം 50)
ദേശീയത ഭാരതീയൻ
ജീവിതപങ്കാളി(കൾ)മറിയാമ്മ
മാതാപിതാക്ക(ൾ)മാത്തൻ തരകൻ, അന്നാമ്മ

ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പ്രോദ്ഘാടകനും മലയാളിയായ ആദ്യ മലയാള ഭാഷാവ്യാകരണ കർത്താവും ആദ്യ മലയാളിപത്രാധിപരും സാമൂഹിക പരിഷ്കരണയത്നങ്ങളിൽ സജീവ പങ്കാളിയും ആംഗ്ലിക്കൻ സഭയിലെ (സി എം എസ് സഭ )ആദ്യ നാട്ടുപട്ടക്കാരനും(വൈദികൻ)ആയിരുന്നു ജോർജ്ജ് മാത്തൻ (25 സെപ്റ്റംബർ 1819 - 4 മാർച്ച് 1870).[1] . അദ്ദേഹത്തിന്റെ പത്രാധിപത്വത്തിൽ പുറത്തിറങ്ങിയ "ജ്ഞാനനിക്ഷേപം" ആണ് ലക്ഷണമൊത്ത ആദ്യ മലയാള പത്രം, [2]. ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മലയാഴ്മയുടെ വ്യാകരണം ഭാഷാ ശാസ്ത്ര ശാഖയ്ക്ക് മലയാളി നൽകിയ പ്രഥമ വ്യാകരണഗ്രന്ഥമെന്ന നിലയ്ക്ക് ഏറെ പ്രസക്തമാണ്[3]. ഗുണ്ടർട്ടിന്റെ വ്യാകരണം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് തന്നെ (1851-ൽ) മലയാണ്മയുടെ വ്യാകരണം തയ്യാറായിരുന്നെങ്കിലും[4] 1863-ൽ മാത്രമേ പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളു. പ്രബന്ധ രചനക്കും പ്രഭാഷണ കലയ്ക്കും വ്യാകരണ നിബന്ധത്തിനും വേദാന്ത തത്ത്വപ്രതിപാദനത്തിനും ആധുനിക ശാസ്ത്ര വിശദീകരണത്തിനും ഗ്രന്ഥനിരൂപണത്തിനും സാമൂഹിക വിമർശനത്തിനും വിവർത്തന പ്രക്രിയക്കും സന്മാർഗ്ഗ വിചിന്തനത്തിനും സമർത്ഥമായ മാധ്യമമാക്കി ഭാഷഗദ്യത്തെ ചിട്ടപ്പെടുത്താൻ യത്നിച്ചു.

ജീവിതരേഖ

[തിരുത്തുക]
  • 1819 ജനനം
  • 1837 ഉപരിപഠനത്തിനു ചെന്നൈയിൽ
  • 1844 വൈദികപ്പട്ടം സ്വീകരിച്ചു
  • 1845 വിവാഹം
  • 1860 തുകലശ്ശേരിയിൽ വൈദികൻ
  • 1861 'സത്യവാദഖേടം'
  • 1863 'മലയാണ്മയുടെ വ്യാകരണം', 'സത്യവാദഖേടം' എന്നിവ പ്രസിദ്ധീകരിച്ചു
  • 1867 'ബാലാഭ്യസനം'
  • 1870 മരണം

1819 സെപ്തംബർ 25-ന് ചെങ്ങന്നൂരിലെ പുത്തൻകാവിൽ കിഴക്കെതലയ്ക്കൽ മാത്തൻ തരകന്റെയും പുത്തൻകാവിൽ പുത്തൻവീട്ടീൽ അന്നാമ്മയുടെയും മകനായി ജനിച്ചു[3]. ജോർജ്ജ് മാത്തൻ ജനിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. അതിനാൽ പിതൃസഹോദരനായ കിഴക്കേവീട്ടിൽ കുര്യൻ കത്തനാർ ആണ് രക്ഷാകർത്താവായത്. കുര്യൻ കത്തനാർ അവിഭക്ത മലങ്കര സഭ സഭയിലെ വൈദികനായിരുന്നു . സഹോദരപുത്രനേയും പൌരോഹിത്യത്തിലേയ്ക്ക് ആനയിക്കുവാൻ ആഗ്രഹിച്ച കത്തനാർ കുട്ടിയെ സുറിയാനി പഠിപ്പിച്ചു. അധികം കഴിയുംമുൻപ് ചേപ്പാട്ട് മാർദിവാന്നാസ്യോസിൽ നിന്ന് കാറോയാ എന്ന പ്രാഥമിക വൈദികപട്ടം നേടി. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന് ഇംഗ്ളീഷ്, ഗ്രീക്ക്, സംസ്കൃതം എന്നിവ പഠിച്ചു. അക്കാലത്ത് ബെയ്ലി, ഫെൻ, ബേകാർ തുടങ്ങിയ വിദേശീയ മിഷണറിമാരുമായി പരിചയപ്പെട്ടു. 1837ൽ ഒരു സുഹൃത്തിനൊപ്പം മദിരാശിയിൽ ഉപരിപഠനത്തിന് പോയി. മദിരാശിയിൽ ബിഷപ്പ് കോറീസ് ഗ്രാമർ സ്ക്കൂളിൽ ചേർന്നു. അവിടെ ലാറ്റിൻ പഠിച്ചു. കൂടാതെ ഗണിതവും തത്ത്വശാസ്ത്രവും. മദിരാശി സർക്കാർ നടത്തിയ ഒരു ഗണിതപരീക്ഷയിൽ സ്തുത്യർഹമായി ജയിച്ചു. തൽഫലമായി ഗവൺമെൻറ് ട്രാൻസ്ളേറ്റർ എന്ന ഉദ്യോഗം ലഭിക്കുമായിരുന്നു. എന്നാൽ ജോലി സ്വീകരിച്ചില്ല. വൈദികവൃത്തിയിൽ ആകൃഷ്ടനായിരുന്ന ജോർജ്ജ് മാത്തൻ 1844 ജൂണിൽ പൂർണ്ണ വൈദികനായി. മാവേലിക്കരയിൽ ആണ് വൈദികവൃത്തി തുടങ്ങിയത്. 1845ൽ മല്ലപ്പള്ളി പന്നിക്കുഴി ഈപ്പൻ തരകന്റെ മകൾമറിയാമ്മയെ വിവാഹം ചെയ്തു. തുടർന്ന് പതിനാറുകൊല്ലം മല്ലപ്പള്ളിയിൽ ജോലി ചെയ്തു. അതിനാൽ ജോർജ്ജ് മാത്തൻ മല്ലപ്പള്ളീലച്ചൻ എന്നറിയപ്പെട്ടിരുന്നു. മാത്രമല്ല ഗീവർഗ്ഗീസ് പാതിരി, ചല്ലപ്പ ഇലയൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.[5] 1860ൽ തുകലശ്ശേരി ഇടവകയിലേയ്ക്ക് മാറി. 1869ൽ ഡൊമസ്റിക് ചാപ്ളെയിൻ ആയി. തുടർന്ന് തലവടിയിൽ ആംഗ്ളിക്കൻ ഇടവകയുടെ ഭരണച്ചുമതല വഹിച്ചു. 1862 മുതൽ രോഗബാധിതനായ ജോർജ്ജ് മാത്തൻ 1870 മാർച്ച് 4 ന് മരിച്ചു[3].

പ്രാധാന്യം

[തിരുത്തുക]

പ്രധാന കൃതികൾ

[തിരുത്തുക]

മലയാഴ്മയുടെ വ്യാകരണം

[തിരുത്തുക]

മലയാളി എഴുതുന്ന ആദ്യത്തെ മലയാളവ്യാകരണഗ്രന്ഥമാണിത്. അക്ഷരലകഷണം, പദലക്ഷണം എന്ന് രണ്ടു കാണ്ഡങ്ങളായി ഗ്രന്ഥം തിരിച്ചിരിക്കുന്നു. ആദ്യത്തെ കാണ്ഡത്തിൽ സംജ്ഞ, സന്ധി എന്നീ രണ്ടധ്യായങ്ങൾ, രണ്ടാം കാണ്ഡത്തിൽ നാമം, വചനം, അവ്യയം എന്ന് മൂന്ന് ഭാഗങ്ങൾ.

ബാലാഭ്യസനം

[തിരുത്തുക]

വിദ്യാഭ്യാസത്തെപ്പറ്റി 1867 ൽ കൊല്ലത്തു നടത്തിയ പ്രഭാഷണമാണ് ബാലാഭ്യസനം. ബാലാഭ്യസനത്തിന്റെ അത്യന്തസാരം,ഉത്തമമാതൃക, സത്തമഭാഷ എന്ന് മൂന്നു ഭാഗങ്ങൾ ഉണ്ട്.

ഇതു കൂടാതെ വിദ്യാസംഗ്രഹത്തിൽ ശാസ്ത്ര സാമൂഹിക - ശാസ്ത്രസംബന്ധിയായ കുറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഭൂമി ഉരുണ്ടതാകുന്നു, ആകാശത്തുള്ള ഗോളങ്ങൾ, അന്തരീക്ഷം, സന്മാർഗ്ഗോപദേശം, സാധാരണചികിൽസാശാല, കൊഴുമുതലായ്മ, മരുമക്കത്തായത്തിന്റെ ദോഷം, മറുജന്മം തുടങ്ങി അവ അധികവും സാഹിത്യേതര വിഷയങ്ങളാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ നടന്ന ഗ്രന്ഥരാചനാ മത്സരത്തിൽ 'സത്യവാദഖേടം' എന്ന ഗ്രന്ഥം സമ്മാനാർഹിതമായി.(സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണിത്. സർക്കാർ ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തുവാൻ ആലോചിച്ചു എങ്കിലും അന്യമതവിശ്വാസങ്ങൾക്ക് യോജിക്കാനാവാത്ത ചില ആശയങ്ങൾ പ്രബന്ധത്തിൽ ഉള്ളതിനാൽ പ്രസിദ്ധപ്പെടുത്തിയില്ല, പിന്നീട് സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചു)[7]

തലവടിയിൽ കുന്തരിക്കൽ പള്ളിയുടെ മുറ്റത്ത് കിഴക്കുഭാഗത്തായി അദ്ദേഹം അന്ത്യവിശ്രമം കൊള്ളൂന്നു.അദ്ദേഹം ഉപയോഗിച്ചിരുന്ന എഴുത്തുമേശ, പുസ്തകങ്ങൾ എന്നിവ ഇപ്പോൾ മാവേലിക്കര ബിഷപ്മൂർ കോളജിൽ റവ. ജോർജ്ജ് മാത്തൻ സ്മാരക ഗവേഷണ അക്കാദമി യിൽ സൂക്ഷിക്കുന്നു. അക്കാദമി അദ്ദേഹത്തിന്റെ ഓർമ്മക്കായി 1984 മുതൽ റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണംപരമ്പരയും സംഘടിപ്പിക്കുന്നുണ്ട്.

റവ. ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം

[തിരുത്തുക]

1984 മുതൽ ബിഷപ് മൂർ കോളജിൽ നടന്നുവരുന്ന പ്രഭാഷണപരമ്പരയാണ് റവ. ജോർജ്ജ് മാത്തൻ പ്രഭാഷണം ഇന്നേവരെ നടന്ന പ്രഭാഷണങ്ങളൂടെയും പ്രഭാഷകരുടെയും പട്ടിക

നമ്പർ. വർഷം ദിവസം 'പ്രഭാഷകൻ വിഷയം
1 1984 മാർച്ച് 8 ഡോ.കെ രാമചന്ദ്രൻ നായർ =അധ്യക്ഷൻ -പുത്തൻകാവ് മാത്തൻ തരകൻ,ഉദ്ഘാടനം- ഡി.സി. കിഴക്കേമുറി [[]]
2 1985 ഡോ. എൻ. വി. കൃഷ്ണവാരിയർ [[]]
3 1986 ഡോ സുകുമാർ അഴീക്കോട് [[]]
4 1987 ഡോ. എം. ലീലാവതി കലാസാഹിത്യാദികളുടെ രസനീയതയും ധർമ്മവും
5 1988 പ്രൊഫ. ഓ എൻ വി കുറുപ്പ് [[]]
6 1989 ഡോ. കെ എം ജോർജ്ജ് [[]]
7 1990 ഡിസംബർ 18 ചൊവ്വ ഡോ. കെ എം തരകൻ നോവലിന്റെ ആധുനിക മുഖം
8 1991 പുതുശ്ശേരി രാമചന്ദ്രൻ [[]]
9 1992 ഫിബ്രവരി 12 ബുധൻ പ്രൊഫ. ചെമ്മനം ചാക്കോ ഹാസം ഒരു തിരുത്തൽ ശക്തി
10 1993 ജനുവരി 7 വ്യാഴം പ്രൊഫ. എം കൃഷ്ണൻ നായർ വിഷയമില്ല
11 1994 പ്രൊഫ. എം കെ സാനു [[]]
12 1995 പി ഗോവിന്ദപ്പിള്ള [[]]
13 1996 ടി. പത്മനാഭൻ വിഷയമില്ല
14 1996 നവമ്പർ 9 ചൊവ്വ ഡോ സാമുവൽ ചന്ദനപ്പിള്ളി മലയാള ഗദ്യത്തിന്റെ വികാസപരിണാമങ്ങൾ
15 1997 നവമ്പർ 26 ബുധൻ പ്രൊഫ എസ് ഗുപ്തൻ നായർ ഗുണ്ടർട്ടും മലയാളഭാഷയും
16 1999 മാർച്ച് 12 വെള്ളി പ്രൊഫ സി വി വാസുദേവഭട്ടതിരി ഇന്നത്തെ മലയാളം
17 1999 ഡിസംബർ 8 ബുധൻ ഡോ ഡി ബഞ്ചമിൻ മലയാളവിമർശനത്തിലെ ത്രിമൂർത്തികൾ
18 2001ജാനുവരി 31 ബുധൻ ഡോ. ടി ജി രാമചന്ദ്രൻ പിള്ള മൗലികതയുടെ പ്രസക്തി
19 2001 ഡിസമ്പർ 13 വ്യാഴം ഡോ സ്ക്കറിയ സക്കറിയ മാധ്യമപഠനവും മലയാളവും
20 2002 ഡിസമ്പർ 17 ചൊവ്വ പ്രൊഫ.എം തോമസ് മാത്യു വിമർശനം- നവബോധങ്ങൾ
21 2003 ഒക്റ്റോബർ 30 ഡോ. രാജൻ ഗുരുക്കൾ കേരളീയ സംസ്കാരത്തിന്റെ രൂപവൽക്കരണ പ്രക്രിയ- ഒരു ചരിത്ര സമീക്ഷ
22 2004 ഡിസംബർ 13 തിങ്കൾ ഡോ സി ജെ റോയ് സാഹിത്യത്തിലെ ഭാഷ
23 2005 നവമ്പർ 9 ബുധൻ ഡോ ദേശമംഗലം രാമകൃഷ്ണൻ കവിതയുടെ വഴികൾ
24 2006 നവമ്പർ 14 ചൊവ്വ പ്രൊഫ കെ പി ശങ്കരൻ ചങ്ങമ്പുഴ കവിതയിലെ കാലപനികത
25 2007 നവമ്പർ 21 ബുധൻ പ്രൊഫ വിഷ്ണുനാരായണൻ നമ്പൂതിരി കവിതയുടെ സ്ഥലരാശികൾ
26 2009 ജനുവരി 9 വെള്ളി ഡോ. ജോർജ്ജ് ഓണക്കൂർ ഭൂമിയും മനുഷ്യനും മലയാളനോവലിൽ
27 2009ഡിസംബർ 8 ഡോ. കെ. ജി. പൗലോസ് ക്ലാസിക് ഭാവുകത്വം
28 2011 ജനുവരി 27 ബുധൻ ഡോ. ഏസ് രാജശേഖരൻ (പ്രൊ. വൈസ് ചാൻസിലർ, കാലടി സർവ്വകലാശാല കവിത പരിസ്ഥിതി സംസ്കാരം
29 2011 ഡിസംബർ 7 ബുധൻ പ്രൊഫ. വി മധുസൂദനൻ നായർ ഭാവിയിലെ മലയാളം
30 2013 ജനുവരി 4 വെള്ളി റവ. ഡോ കെ എം ജോർജ്ജ് ദർശനങ്ങളും സാഹിത്യവും
31 2014 ഫിബ്രവരി 19 ബുധൻ ഡോ കെ എസ് രവികുമാർ കഥയും കാലവും
32 2015 മാർച്ച് 12 വ്യാഴം ശ്രീ എം ജി രാധാകൃഷ്ണൻ മാധ്യമരംഗത്തെ പുതുമകൾ
33 2016 മാർച്ച് 2016 ഡോ എം ജി ശശിഭൂഷൺ ഒരു ചരിത്ര സമീക്ഷ
34 2017 ഫിബ്രവരി 17 ഡോ.എഴുമുറ്റൂർ രാജരാജവർമ്മ, ഭാഷയും ഭരണഭാഷയും
35 2017 നവംബർ 23 ഡോ.കുര്യാസ് കുമ്പളക്കുഴി, [[]]
36 2018 സെപ്റ്റംബർ 25 ചൊവ്വ എം.എൻ. കാരശ്ശേരി [[]]
37 2019 നവംബർ 11 തിങ്കൾ അടൂർ ഗോപാലകൃഷ്ണൻ [[]]
38 2021 ജനുവരി 28 വ്യാഴം സക്കറിയ, വായന യാത്ര

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/sp/Writers/ksa/Alphaindex/Alphaindex-G-J.htm
  2. പുതുപ്പള്ളീ രാഘവൻ, മലയാളപത്രപ്രവർത്തനചരിത്രം
  3. 3.0 3.1 3.2 മഹച്ചരിതമാല - ജോർജ് മാത്തൻ. ഡി.സി. ബുക്ക്സ്. 2005. pp. 219–220. ISBN 81-264-1066-3.
  4. മുഖവുരയിലെ പരാമർശം
  5. മലയാള സാഹിത്യ സർവ്വസ്വം, ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി
  6. Datta, Amaresh (1988). Encyclopaedia of Indian Literature: Devraj to Jyoti. Sahitya Akademi. p. 1382. ISBN 8126011947.
  7. ജി. പ്രിയദർശനൻ (സെപ്റ്റംബർ 2013). "റവ. ജോർജ് മാത്തൻ". ഭാഷാപോഷിണി. പഴമയിൽ നിന്ന്. 37 (9): 82.
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_മാത്തൻ&oldid=3524219" എന്ന താളിൽനിന്ന് ശേഖരിച്ചത്