Jump to content

ജോർജ് ഫെർണാണ്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(George Fernandes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോർജ്ജ് ഫെർണാണ്ടസ്
ജോർജ്ജ് ഫെർണാണ്ടസ് (2002)
കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി
ഓഫീസിൽ
21 October 2001 – 22 May 2004
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
മുൻഗാമിജസ്വന്ത് സിങ്
പിൻഗാമിപ്രണബ് മുഖർജി
ഓഫീസിൽ
19 March 1998 – 16 March 2001
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
മുൻഗാമിമുലായം സിംഗ് യാദവ്
പിൻഗാമിജസ്വന്ത് സിങ്
കേന്ദ്ര, റെയിൽവേ മന്ത്രി
ഓഫീസിൽ
2 December 1989 – 10 November 1990
പ്രധാനമന്ത്രിവി.പി. സിംഗ്
മുൻഗാമിമാധവ് റാവു സിന്ധ്യ
പിൻഗാമിജനേശ്വർ മിശ്ര
രാജ്യസഭാംഗം
ഓഫീസിൽ
4 August 2009 – 7 July 2010
മണ്ഡലംബീഹാർ
ലോക്സഭാംഗം
ഓഫീസിൽ
2004, 1999, 1998, 1996, 1991, 1989, 1980, 1977, 1967
മണ്ഡലം
  • മുസഫർപൂർ(2004, 1991, 1989, 1980, 1977)
  • നളന്ദ(1999, 1998, 1996)
  • മുംബൈ സൗത്ത്(1967)
എൻ.ഡി.എ, ആദ്യ കൺവീനർ
ഓഫീസിൽ
1999-2008
പിൻഗാമിശരദ് യാദവ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ജോർജ്ജ് മാത്യു ഫെർണാണ്ടസ്

(1930-06-03)3 ജൂൺ 1930
മംഗലാപുരം, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
(now in കർണാടക, ഇന്ത്യ)
മരണം29 ജനുവരി 2019(2019-01-29) (പ്രായം 88)
ന്യൂ ഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിജനതാദൾ (യുനൈറ്റഡ്)
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളിലൈല കബിർ
കുട്ടികൾഷോൺ ഫെർണാണ്ടസ്
വസതിsബാംഗ്ലൂർ, കർണാടക, ഇന്ത്യ
ഒപ്പ്
ഉറവിടം: പതിനാലാം ലോക്സഭ

മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി, അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവ സൂര്യൻ, എൻ.ഡി.എ മുന്നണിയുടെ അമരക്കാരൻ എന്നീ നിലകളിൽ പ്രശസ്തനായ മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു ജോർജ് മാത്യു ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ജോർജ് ഫെർണാണ്ടസ്.(1930-2019) [1] അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1975-1977-ലെ അടിയന്തരാവസ്ഥയുടെ നാളുകളിൽ പൗരബോധത്തിൻ്റെയും അടിച്ചമർത്തലുകൾക്കെതിരായ ശബ്ദത്തിൻ്റെയും രൂപത്തിൽ ഉയർന്ന് വന്ന തീപ്പൊരി നേതാവായ സോഷ്യലിസ്റ്റായിരുന്നു.

തെക്കെ ഇന്ത്യയിൽ ജനിച്ച് മുംബൈ നഗരത്തിൽ രാഷ്ട്രീയം പഠിച്ച് ഗംഗാനദി തടത്തിൽ പയറ്റി തെളിഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻമാരിലൊരാളായി വളർന്ന ജോർജ് ഫെർണാണ്ടസ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഉയർന്ന് വന്ന അപൂർവ്വം നേതാക്കളിലൊരാളായിരുന്നു. ഇന്ദിര ഗാന്ധിയെ വിറപ്പിച്ച തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ ട്രേഡ് യൂണിയൻ നേതാവ്, അടിയന്തരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങൾക്കെതിരെ നിർദ്ദയം പോരാടിയ തീവ്ര-സോഷ്യലിസ്റ്റ്, കേന്ദ്ര-മന്ത്രിയായിരിക്കെ കൊക്ക കോള ഉൾപ്പെടെയുള്ള കോർപ്പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാൻ കൽപ്പിച്ച സാമ്രാജ്യത്വ വിരോധി, ആർ.എസ്.എസിനോട് മൃദു സമീപനം പുലർത്തിയതിന് ജനതാ പാർട്ടിയിൽ കലാപമുയർത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഉയർന്ന് കേട്ട പേരായിരുന്നു സമതാ പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ഫെർണാണ്ടസിൻ്റേത്.[2][3][4][5]

ഒടുവിൽ ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം എൻ.ഡി.എ സഖ്യത്തിൻ്റെ മുഖ്യ-ശിൽപ്പിയും ആദ്യ കൺവീനറുമായി. കേന്ദ്രത്തിൽ രൂപീകരിക്കപ്പെട്ട വിവിധ മന്ത്രിസഭകളിൽ റെയിൽവേ, വ്യവസായം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മൊറാർജി ദേശായി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ കോർപ്പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാൻ നിർദ്ദേശിച്ചു. റെയിൽവേ മന്ത്രിയായിരിക്കെ കൊങ്കൺ റെയിൽവേ യാഥാർത്ഥ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. പിന്നീട് മൂന്നാം വാജ്പേയി മന്ത്രിസഭയിലെ പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് 1999-ലെ കാർഗിൽ യുദ്ധം. ശക്തമായ പോരാട്ടത്തിന് ഒടുവിൽ തുടർച്ചയായി മൂന്നാം വട്ടവും പാക്കിസ്ഥാനെ നിലംപരിശാക്കിയതോടെ അതും ചരിത്രത്തിൽ ഇടം നേടി.

2010-ൽ അൽഷിമേഴ്സ്-പാർക്കിസൺസ് രോഗത്തെ തുടർന്ന് പൊതുരംഗം വിട്ടു. ഭാര്യയും സുഹൃത്തുക്കളും തമ്മിലുള്ള അവകാശി തർക്കത്തിൻ്റെ പേരിലാണ് പിന്നീട് വാർത്തകളിൽ ഇടം നേടിയത്. 2020-ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

ജീവിതരേഖ

[തിരുത്തുക]

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂർ നഗരത്തിൽ ഒരു കത്തോലിക്ക കുടുംബത്തിൽ ജോൺ ജോസഫ് ഫെർണാണ്ടസിൻ്റെയും ആലീസ് മാർത്തയുടേയും മകനായി 1930 ജൂൺ 3ന് ജനനം. ലോറൻസ്, മൈക്കിൾ, പോൾ, അലോഷ്യസ്, റിച്ചാർഡ് എന്നിവർ ഇളയ സഹോദരങ്ങളാണ്. ജെറി എന്നതാണ് ഫെർണാണ്ടസിൻ്റെ മറ്റൊരു പേര്. മംഗളൂരുവിലെ ബോർഡ്, മുനിസിപ്പൽ, ചർച്ച് സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഫെർണാണ്ടസ് മംഗളൂരുവിലെ സെൻ്റ് അലോഷ്യസ് സ്കൂളിൽ നിന്ന് പത്താം തരം പാസായി. പത്താം ക്ലാസിന് ശേഷം വൈദികനാവാൻ സെമിനാരിയിൽ ചേർന്നു. 1946 മുതൽ 1948 വരെ മംഗളൂരുവിലെ സെൻ്റ്. പീറ്റേഴ്സ് സെമിനാരിയിൽ നിന്ന് ഫിലോസഫി പഠിച്ചെങ്കിലും 1949-ൽ പത്തൊമ്പതാം വയസിൽ സെമിനാരി പഠനം ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വഴിമാറി.

സോഷ്യലിസ്റ്റ് ആശയങ്ങളിൽ തൽപ്പരനായി പഴയ ബോംബെയിലേക്ക് വണ്ടി കയറി. അവിടെ പത്രത്തിൻ്റെ പ്രൂഫ് വായനക്കാരനായിട്ടായിരുന്നു തുടക്കം. അവിടെ നിന്ന് തുറമുഖ തൊഴിലാളികളുടേയും റെയിൽവേ ജീവനക്കാരുടെ ഇടയിലേക്കുമായിരുന്നു ചെന്നെത്തിയത്. റാം മനോഹർ ലോഹ്യയുമായിട്ടുള്ള പരിചയത്തിലൂടെ ഒന്നാം നിര ട്രേഡ് യൂണിയൻ നേതാവായി വളർന്നു. മുംബൈയിലെ പോർട്ടർമാരെയും മറ്റ് തൊഴിലാളി വിഭാഗങ്ങളെയും സംഘടിപ്പിച്ചു യൂണിയനുകൾക്ക് രൂപം നൽകി. ട്രേഡ് യൂണിയനുകളുടെ സ്ഥാപക പ്രസിഡൻറായും പ്രവർത്തിച്ചു.

തൊഴിലാളി-യൂണിയൻ രംഗത്ത് നിന്ന് പയറ്റിതെളിഞ്ഞ് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് നടന്നെത്തിയ ഫെർണാണ്ടസ് 1967-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മുംബൈ സൗത്തിൽ നിന്ന് മത്സരിച്ചാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം നടത്തിയത്. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ എസ്.കെ. പാട്ടീലിനെ തോൽപ്പിച്ചതോടെ ശ്രദ്ധേയനായി. അതോടെ ജയൻ്റ് കില്ലർ എന്ന പേര് കിട്ടി.

പൗര സ്വാതന്ത്രമുൾപ്പെടെ സകലതും അടിച്ചമർത്തപ്പെട്ട അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ തീപ്പൊരി നേതാവെന്ന നിലയിലായിരുന്നു ഫെർണാണ്ടസിൻ്റെ വളർച്ച. പൗരാവകാശം നിഷേധിക്കപ്പെട്ട കാഴ്ച അദ്ദേഹത്തിൻ്റെ ഉള്ളിലെ പോരാളിയെ ഉണർത്തി. പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മുഷ്ടി ചുരുട്ടി ഇന്ദിര ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ഫെർണാണ്ടസിൻ്റെ ചിത്രം ടൈം മാഗസിൻ ഉൾപ്പെടെയുള്ളവയിൽ അച്ചടിച്ചു. അടിച്ചമർത്തലുകളോട് പ്രതികരിക്കാൻ വെമ്പുന്ന സാധാരക്കാരൻ്റെ പ്രതിനിധിയായി മാറുകയായിരുന്നു ആ ഒരൊറ്റ ചിത്രത്തിലൂടെ അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബീഹാറിലെ മുസഫർപൂരിൽ നിന്ന് ജയിച്ചു. തുടർന്ന് മൊറാർജി ദേശായി മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായി. അന്ന് മൊറാർജി മന്ത്രിസഭയിലെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എ.ബി. വാജ്പേയി, എൽ.കെ. അദ്വാനി എന്നിവരുടെ ആർ.എസ്.എസ് ബന്ധം ഉയർത്തി ജനതാപാർട്ടിയിൽ കലാപമുണ്ടാക്കിയത് പാർട്ടിയുടേയും സർക്കാരിൻ്റെയും പതനത്തിൽ കലാശിച്ചു.

1980-ൽ മുസഫർപൂരിൽ നിന്ന് വീണ്ടും ജയിച്ചെങ്കിലും 1984-ലെ ഇന്ദിര ഗാന്ധി വധത്തെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ ബാംഗ്ലൂർ നോർത്തിൽ കോൺഗ്രസിലെ സി.കെ. ജാഫറിനോട് പരാജയപ്പെട്ടു. അതോടെ പ്രവർത്തന മണ്ഡലം ബീഹാറിലേയ്ക്ക് മാറ്റി. 1989, 1991, 1996 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുസഫർപൂർ, നളന്ദ മണ്ഡലങ്ങളിൽ നിന്ന് ലോക്സഭാംഗമായി. 1989-ലെ വി.പി. സിംഗ് മന്ത്രിസഭയിലെ റെയിൽവേ മന്ത്രിയായ ഫെർണാണ്ടസ് ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ കൊങ്കൺ പാത പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

ജനതാ പാർട്ടി പലതായി പിളർന്ന് ജനതാദളായി തുടങ്ങിയ 1990-കളുടെ മധ്യത്തിൽ ഫെർണാണ്ടസ് സ്വന്തം പാർട്ടിയായ സമതാ പാർട്ടി രൂപീകരിച്ചു. 1990-ലെ റാം - രഥ് യാത്ര[6] തടഞ്ഞ് യാത്രയുടെ നായകനായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ സമസ്തിപൂരിൽ വച്ച് 1990 ഒക്ടോബർ 23ന് അറസ്റ്റ് ചെയ്തതോട് കൂടി ജനതാദളിൽ പൂർണ്ണ മേധാവിത്തം നേടിയ അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെ നേരിടാനായി 1994-ൽ ജോർജ് ഫെർണാണ്ടസും നിതീഷ് കുമാറും ചേർന്നാണ് സമതാ പാർട്ടി രൂപീകരിക്കുന്നത്. അതിൽ പിന്നെയാണ് ഫെർണാണ്ടസിൻ്റെ ജീവിതത്തിലും ആശയത്തിലും സുപ്രധാന വഴിത്തിരിവുകൾ സംഭവിച്ചത്.

സംഘപരിവാറിനോട് കടുത്ത എതിർപ്പ് പ്രകടമാക്കിയിരുന്ന ഫെർണാണ്ടസ് പിന്നീട് 1996-ൽ സമതാ പാർട്ടിയുമായി ബി.ജെ.പി പാളയത്തിലെത്തി. സോഷ്യലിസ്റ്റ് നേതാവെന്ന നിലയിൽ സംഘപരിവാറിനോട് അകൽച്ച പാലിച്ചിട്ടും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് കൈത്താങ്ങ് നൽകാൻ തയ്യാറായത് അക്കാലത്തെ രാഷ്ട്രീയ അത്ഭുതങ്ങളിൽ ഒന്നായിരുന്നു. ബി.ജെ.പിയുമായി കൈകോർത്തതോടെ നിതീഷും ഫെർണാണ്ടസും കേന്ദ്രമന്ത്രിമാരുമായി. 1999 മുതൽ 2004 വരെ 24 പാർട്ടികളെ ചേർത്ത് എൻ.ഡി.എ സർക്കാർ അഞ്ച് വർഷം കാലാവധി തികച്ചതിൻ്റെ മുഴുവൻ ക്രെഡിറ്റും 1999 മുതൽ 2008 വരെ മുന്നണിയുടെ ആദ്യ കൺവീനറായിരുന്ന ഫെർണാണ്ടസിന് മാത്രം അവകാശപ്പെട്ടതാണ്.

മുന്നണി രാഷ്ട്രീയത്തിൻ്റെ യഥാർത്ഥ മർമ്മം തിരിച്ചറിഞ്ഞ നേതാവായിരുന്നു. അത് കൊണ്ടാണ് 24 പാർട്ടികൾ അംഗമായ ലോകത്തെ തന്നെ ഏറ്റവും കൂടുതൽ സഖ്യകക്ഷികളുള്ള ഒരു രാഷ്ട്രീയ മുന്നണിയുടെ പ്രധാനമന്ത്രിയായി എ.ബി. വാജ്പേയി കവിതയെഴുതി കാലം തികച്ചതെന്ന് വിമർശകർ പോലും അംഗീകരിക്കും.

1997-ൽ ജനതാദൾ പിളർത്തി ആർ.ജെ.ഡി(രാഷ്ട്രീയ ജനതാദൾ) ഉണ്ടാക്കിയ ലാലു പ്രസാദ് യാദവിനെ നേരിടാൻ ഫെർണാണ്ടസിൻ്റെ സമതാ പാർട്ടിയും ബി.ജെ.പിയുമായി ചേർന്ന് രൂപീകരിച്ച പ്രാദേശിക സഖ്യമാണ് 1998-ൽ കേന്ദ്രത്തിൽ എൻ.ഡി.എ (നാഷണൽ ഡെമൊക്രാറ്റിക് അലയൻസ്/ദേശീയ ജനാധിപത്യ സഖ്യം) രൂപീകരണത്തിലേക്ക് വളർന്നത്. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയോട് അകന്ന് നിന്നിരുന്ന മറ്റ് രാഷ്ട്രീയ കക്ഷികൾ ഫെർണാണ്ടസിൻ്റെ മതേതര-സോഷ്യലിസ്റ്റ് പ്രതിഛായയിൽ ആകൃഷ്ടരായി. 1999-ൽ എൻ.ഡി.എയുടെ ആദ്യ കൺവീനറായി ഫെർണാണ്ടസ് ചുമതലയേറ്റതോടെ മതേതര-കക്ഷികൾ സഹകരിക്കാൻ തയ്യാറായി. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എ.ബി.വാജ്പേയിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ചതിൽ അതുല്യമായ പങ്കായിരുന്നു ഫെർണാണ്ടസിൻ്റേത്.

എൻ.ഡി.എ സഖ്യത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അന്തർ-സംസ്ഥാന യാത്രകൾ നടത്തി പരിഹാരവുമായി മടങ്ങിയെത്തിയിരുന്ന ഫെർണാണ്ടസ് 1999-2004 കാലയളവിലെ നിത്യ കാഴ്ചയായിരുന്നു. എന്തായാലും 2014 വരെ കേന്ദ്രത്തിൽ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ മാത്രമായി വളരുന്നതിന് മുൻപ് എൻ.ഡി.എ എന്ന മുന്നണിക്ക് കെട്ടുറപ്പ് നൽകുന്നതിൽ മുന്നണി കൺവീനർ എന്ന നിലയിൽ ഫെർണാണ്ടസിൻ്റെ പങ്ക് തീരെ നിസാരമല്ല എന്ന് വേണം കാണാൻ.

1999-ൽ അദ്ദേഹം പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കെയാണ് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തിൽ ഇന്ത്യ തുടർച്ചയായി മൂന്നാം വട്ടവും പാക്കിസ്ഥാനെതിരെ വിജയം നേടിയതോടെ വാജ്പേയി സർക്കാരിൻ്റെയും ജോർജ് ഫെർണാണ്ടസിൻ്റെയും തിളക്കം വർധിച്ചു. എന്നാൽ ഇക്കാലയളവിൽ ചില അഴിമതി ആരോപണങ്ങൾ ഉയർന്നു.

സമതാ പാർട്ടി ക്ഷയിച്ച് തുടങ്ങിയതോടെ ശരത് യാദവിൻ്റെ ജനതാദൾ യുണൈറ്റഡിലേക്ക് 2003-ൽ ചേക്കേറിയ ഫെർണാണ്ടസിന് പിന്നീട് അസ്തമന കാലമായിരുന്നു. നിതീഷ് കുമാറിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സമതാ പാർട്ടിയെ ജെ.ഡി.യുവിൽ ലയിപ്പിക്കാൻ സമ്മതിച്ചത്. ഇക്കാര്യത്തിൽ ജയാ ജയ്റ്റ്ലിയുടെ എതിർപ്പുകൾക്ക് ഫെർണാണ്ടസ് ചെവി കൊടുത്തില്ല. എന്നാൽ ജെ.ഡി.യുവിൽ നിന്ന് മത്സരിക്കാൻ സീറ്റ് പോലും കിട്ടാതെ വന്നപ്പോൾ 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മുസഫർപൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വന്തം പാർട്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[7] പിന്നീട് 2009-ൽ തന്നെ നിതീഷ് കുമാറിൻ്റെയും ശരദ് യാദവിൻ്റെയും പിന്തുണയോടെ രാജ്യസഭയിലെത്തിയെങ്കിലും അനാരോഗ്യം വലച്ചു. 2010-ൽ അൽഷിമേഴ്സ് ബാധിച്ചതോടെ പൊതുരംഗം വിട്ടു.[8]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ലോകം മുഴുവൻ നേടിയാലും അത്മാവ് നഷ്ടമായാൽ എന്തുഫലം...?

ബാംഗ്ലൂരിലെ സെൻ്റ് പീറ്റേഴ്സ് സെമിനാരിയിൽ രണ്ട് വർഷത്തിനിടെ പല തവണ കേട്ട ആ വചനത്തിൻ്റെ കൈ പിടിച്ച് തിരിച്ചുനടന്നു. തനിച്ച് വെട്ടിയ വഴികളിലൂടെ മാത്രമാണ് അതുവരെ ജോർജ് നടന്നിരുന്നത്. മൂത്ത മകൻ അഭിഭാഷകനാകണമെന്ന് പിതാവ് ജോൺ ഫെർണാണ്ടസ് ആഗ്രഹിച്ചു. അമ്മ ആലീസ് പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് സെമിനാരിയിൽ ചേരുന്നത്. അവിടെ മറ്റുള്ളവരിൽ ക്രിസ്തുവിനെ തേടി നിരാശനായപ്പോൾ പടിയിറങ്ങി.

മുംബൈയിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ യൂണിയനുകളുണ്ടാക്കുന്ന ജോർജിനെയാണ് പിന്നെ ലോകം കാണുന്നത്. തൊഴിലാളി യൂണിയൻ നേതാവ് പ്ലാസിഡ് ഡിമല്ലോയെയും സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയും ജോർജിനെ ആശയങ്ങളിലൂടെ മുന്നോട്ട് നടത്തി. 1974-ലെ റെയിൽവേ സ്മരത്തിൻ്റെ മുൻനിരയിൽ നിന്ന് ബറോഡ ഡൈനാമിറ്റ് സംഭവത്തിലൂടെ ഒളിപ്പോരും കടന്നപ്പോൾ ജയിലിലേക്കും.

ബോംബേ മുനിസിപ്പൽ കോർപ്പറേഷനിൽ കൗൺസിൽ അംഗമായി 1961-ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന ജോർജ് 1967-ലെ ലോക്സഭയിലേക്കുള്ള ആദ്യ മത്സരത്തിൽ കോൺഗ്രസിലെ എസ്.കെ.പാട്ടീലിനെ മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് മുംബൈ സൗത്ത് മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുത്തുന്നത്. പിന്നെയും പല തവണ ലോക്സഭാംഗമായി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ തുടങ്ങിയ കക്ഷി രാഷ്ട്രീയം ജനതാ പാർട്ടിയും ജനതാദളും കടന്ന് 1994-ൽ സമതാ പാർട്ടി രൂപീകരിക്കുന്നത് വരെയെത്തി. അതിന് മുൻപും ശേഷവും കേന്ദ്ര മന്ത്രിസഭകളിൽ അംഗമായി. വ്യവസായം, റെയിൽവേ, പ്രതിരോധം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. ജോർജിൻ്റെ ചിന്താശേഷി സങ്കീർണവും അത് കൊണ്ട് തന്നെ അത് വൈരുധ്യ സമ്പന്നവുമായിരുന്നു.

ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ തുടങ്ങി തുടർന്നിങ്ങോട്ട് തുടർന്ന് പോന്ന കോൺഗ്രസ് വിരോധം അതാണ് ജോർജിൽ ഒരിക്കലും മാറ്റം വന്നിട്ടില്ലാത്ത നിലപാട്. 2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നാരോ പറഞ്ഞറിയിച്ചപ്പോൾ അൾഷിമേഴ്സ് രോഗം ബാധിച്ച് കിടപ്പിലായിരുന്ന ജോർജിൻ്റെ കണ്ണുകൾ തിളങ്ങിയെന്ന കഥയിലൂടെ കോൺഗ്രസ് വിരോധത്തിൻ്റെ തീവ്രത വർണിച്ചവരേറെ.

വാജ്പേയി മന്ത്രിസഭയിലെ പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കെ കൃഷ്ണമേനോൻ മാർഗിൽ മൂന്നാം നമ്പർ വീടിൻ്റെ ഗേറ്റ് എപ്പോഴും തുറന്ന് കിടന്നു. അവിടെ ടിബറ്റിലേയും ബർമ്മയിലേയും വിമതർ വരികയും താമസിക്കുകയും ചെയ്തു. ജോർജിൻ്റെ പ്രിയപ്പെട്ട വളർത്ത് നായ്ക്കൾക്ക് നാടൻ കൂട്ടുകാരെയും കിട്ടി. ആർക്കും ഏതുസമയവും കടന്നു ചെല്ലാമായിരുന്ന പ്രതിരോധ വകുപ്പ് മന്ത്രി മന്ദിരം സുരക്ഷാപരമായി നല്ലതല്ലെന്ന് വിമർശിക്കപ്പെട്ടു. ജോർജ് തികഞ്ഞ ജനാധിപത്യ വാദിയായിരുന്നു എന്ന വാദവും തർക്ക വിധേയമാവില്ല.

ഇന്ത്യൻ പാർലമെൻറിലെ ഏറ്റവും മികച്ച പ്രാസംഗികരുടെ പട്ടിക എത്ര ചുരുക്കിയാലും അതിൽ ജോർജുണ്ടാവും. മൊറാർജിയുടെ സർക്കാർ എന്തിന് തുടരണം എന്നത് മുതലുള്ള പല വിശ്വാസവോട്ടെടുപ്പ് പ്രസംഗങ്ങളും ജസ്റ്റീസ് ഡി.രാമസ്വാമിയെ കുറ്റവിചാരണ ചെയ്യണമെന്നുള്ള പ്രമേയത്തിൻ്റെ ചർച്ചയുൾപ്പെടെ പാർലമെൻറിലെ മികച്ച ഡിബേറ്റർ എന്ന വിശേഷണം ജോർജിന് നൽകാൻ തക്കതായ കാരണങ്ങളും നിരവധിയാണ്.

മൊറാർജി തുടരണം എന്ന് വാദിച്ചിട്ട് മന്ത്രിസഭ രാജിവച്ചതിന് തൊട്ടുപിന്നാലെ ജോർജ് കളം മാറ്റി ചരൺ സിംഗിൻ്റെ പക്ഷത്തേക്ക്. ജനസംഘുകാരുടെ ആർ.എസ്.എസ് ബന്ധത്തെ വിമർശിച്ചിട്ട് ഏറെക്കാലം കഴിഞ്ഞ് എൻ.ഡി.എ സംഖ്യത്തിൻ്റെ സൂത്രധാരനായി ജോർജ് രൂപാന്തരപ്പെട്ടു.

സിയാച്ചിൻ മഞ്ഞുമലകളിൽ സൈനികരുടെ പ്രശ്നങ്ങളിലുൾപ്പെടെ നാൽപ്പതോളം തവണ പറന്നിറങ്ങിയ പ്രതിരോധ വകുപ്പ് മന്ത്രിയെ സൈനികരുടെ മന്ത്രിയെന്ന് വിശേഷിപ്പിച്ച ഒരു കാലം ജോർജിന് ഉണ്ടായിരുന്നു.[9] നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന് ദുഷ്പേര് ഉള്ള സുഖോയ്, മിഗ് വിമാനങ്ങളിൽ യാത്ര ചെയ്ത ഫെർണാണ്ടസ് മരുഭൂമിയിൽ ടാങ്കുകൾ ഓടിക്കുന്ന സൈനികരുടെ പ്രശ്നങ്ങൾ അറിയാൻ രാജസ്ഥാനിലെത്തി.

ഉദ്യോഗസ്ഥർക്ക്, സൈനികർക്ക് അവരുടെ സ്ഥാനം. അവർക്കെല്ലാം മുകളിൽ ഭരണ-രാഷ്ട്രീയ നേതൃത്വം. ആ മൂപ്പിളമയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ജോർജ് തയ്യാറായില്ല. നാവികസേനാ മേധാവിയായിരുന്ന അഡ്മിറൽ വിഷ്ണു ഭാഗവത്ത് പുറത്താവുന്നത് ജോർജിൻ്റെ കാലത്താണ്. നാവിക-സേനാ മേധാവിയുടെ സ്റ്റാഫ് ഓഫീസർമാരെ നിയമിക്കുന്നതിൽ അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഭാഗവതിൻ്റെ പുറത്താക്കലിൽ കലാശിച്ചത്. 1998 ഡിസംബർ 30ന് നാവിക-സേനാ മേധാവി അഡ്മിറൽ വിഷ്ണു ഭാഗവത്തിനെ കേന്ദ്ര സർക്കാർ പുറത്താക്കിയ അതേ ദിവസം തന്നെ നാവിക-സേന ഉപമേധാവിയായിരുന്ന വൈസ് അഡ്മിറൽ സുശീൽ കുമാറിനെ പുതിയ നാവിക സേനാ മേധാവിയായി നിയമിച്ച് പ്രതിരോധ വകുപ്പ് മന്ത്രാലയത്തിൽ നിന്ന് ഉത്തരവിറങ്ങി. അരാജകത്വവാദി അച്ചടക്കം പ്രസംഗിക്കുന്നുവെന്ന് ചിലർ അടക്കം പറഞ്ഞപ്പോൾ മന്ത്രിക്ക് മന്ത്രിയുടേതായ ഉത്തരവാദിത്വം ഉണ്ടെന്ന് ജോർജ് പരസ്യമായി പറഞ്ഞു പരിചിതരോട്.

പൊഖ്റാനിൽ ആണവ പരീക്ഷണം എന്ന് നടക്കും എന്നത് ജോർജിന് അറിയില്ലായിരുന്നു. എന്നാൽ അതിന് മുൻപെ ചൈന ഒന്നാം നമ്പർ ശത്രുവെന്ന് പ്രസ്താവിച്ച് പരീക്ഷണത്തിന് കളമൊരുക്കി. കൊല്ലപ്പെട്ട സൈനികർക്കുള്ള ശവപേടകം വാങ്ങിയതിൽ അഴിമതി, ബറാക്ക് മിസൈലുകൾ വാങ്ങാനുള്ള തീരുമാനം, തെഹൽക്കാ വിവാദത്തിൽ മന്ത്രിയുടെ രാജി വിവാദങ്ങൾക്ക് അക്കാലത്തും ഒട്ടും പഞ്ഞമുണ്ടായില്ല. എന്നിട്ടും തീരുമാനങ്ങൾ വേഗത്തിലെടുക്കാൻ കഴിവുള്ള മന്ത്രിയെന്ന പേര് മങ്ങിയില്ല.

വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ കുത്തകകളോട് ഇന്ത്യ വിടാൻ കൽപ്പിച്ച അദ്ദേഹം എൻ.ഡി.എ കൺവീനറായിരുന്നപ്പോൾ അവർക്ക് പിന്തുണ നൽകിയെന്ന ആരോപണം പ്രതിപക്ഷം ഉയർത്തി. ഏക മകന് ന്യൂയോർക്കിലെ ആഗോള സാമ്പത്തിക ഭീമനായ ഗോൾഡ്മാൻ സാക്സിൽ ഉന്നത ജോലി സംഘടിപ്പിച്ച് നൽകിയെന്ന ആരോപണവും നേരിട്ടു.

പ്രതിരോധ വകുപ്പ് മന്ത്രിയായി ഏറെക്കഴിയും മുൻപെ ചൈനയാണ് ഒന്നാമത്തെ ശത്രു എന്ന് പറഞ്ഞ അദ്ദേഹത്തെ ചൈനീസ് സംഘം സന്ദർശിച്ചു. 2001-ൽ നടന്ന അമേരിക്ക-അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ അമേരിക്ക ഇടുന്ന ബോംബുകൾ മഞ്ഞുമലകളിലാണ് വീഴുന്നത് എന്നും മഞ്ഞുരുകാൻ അത് സഹായകരമാകും എന്ന് പരിഹസിച്ച ഫെർണാണ്ടസിനെ അന്വേഷിച്ച് ഏറെ വൈകാതെ അമേരിക്കയിൽ നിന്ന് ഒരു സന്ദർശകൻ എത്തി. അദ്ദേഹത്തിൻ്റെ പേരാണ് ഡൊണാൾഡ് റംസ്ഫെൽഡ്.

പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കെ ബർമ്മയിലെ വിമത പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്ക് അഭയം ഔദ്യോഗിക വസതിയിൽ നൽകിയതും 1991-ലെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കായി തമിഴ് തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ പ്രവർത്തകർക്ക് ഉള്ള ധനസമാഹരണ സമിതിയിൽ ഉൾപ്പെട്ടതും വിവാദങ്ങൾക്കിടയാക്കി.[10]

ജോർജിൻ്റെ ഓർമകൾ മങ്ങുന്ന കാലത്ത് ദീർഘകാലമായുള്ള പ്രിയ സുഹൃത്ത് ജയാ ജയ്റ്റ്ലിയും ഭാര്യ ലൈല കബീറും മകൻ ഷോണും അവകാശവാദമുന്നയിച്ചു. ലൈലയുടേയും മകൻ്റെയും സംരക്ഷത്തിൽ കഴിയവെ ജയയ്ക്ക് ഇടക്കിടക്കുള്ള സന്ദർശനവും കോടതി അനുവദിച്ചു. ഒടുവിൽ ആ ജീവിതം ലൈലയുടെ വസതിയിൽ അവസാനിച്ചു. 2009-ൽ ശരീരത്തിലും മനസിലും ഓർമകളുടെ ഭാരമില്ലാതായി പത്ത് വർഷം കൂടി കഴിഞ്ഞാണ് ജോർജിൻ്റെ ജീവിതയാത്ര പൂർണ്ണമാവുന്നത്.[11]

പ്രധാന പദവികളിൽ

  • 1967 : ലോക്സഭാംഗം, ബോംബെ സൗത്ത്
  • 1969-1973 : സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ജനറൽ സെക്രട്ടറി
  • 1971 : ബോംബെ സൗത്തിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 1973-1977 : സോഷ്യലിസ്റ്റ് പാർട്ടി, ചെയർമാൻ
  • 1977 : ലോക്സഭാംഗം, മുസഫർപൂർ(ജനതാ പാർട്ടി)
  • 1977-1979 : കേന്ദ്രമന്ത്രി, വാർത്താ-വിനിമയം, വ്യവസായം
  • 1980 : ലോക്സഭാംഗം, മുസഫർപൂർ(ജനതാപാർട്ടി) (സോഷ്യലിസ്റ്റ് വിഭാഗം)
  • 1984 : ബാംഗ്ലൂർ നോർത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 1989 : ലോക്സഭാംഗം, മുസഫർപൂർ (ജനതാദൾ)
  • 1989-1990 : കേന്ദ്രമന്ത്രി, റെയിൽവേ, കാശ്മീർ കാര്യം
  • 1991 : ലോക്സഭാംഗം, മുസഫർപൂർ (ജനതാദൾ)
  • 1994 : സമതാ പാർട്ടി, സ്ഥാപക പ്രസിഡൻറ്
  • 1996 : ലോക്സഭാംഗം, നളന്ദ
  • 1998 : ലോക്സഭാംഗം, നളന്ദ
  • 1998-1999 : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി
  • 1999 : ലോക്സഭാംഗം, നളന്ദ
  • 1999-2004 : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി
  • 2004 : ലോക്സഭാംഗം, മുസഫർപൂർ
  • 2009 : മുസഫർപൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 2009-2010 : രാജ്യസഭാംഗം, ബീഹാർ[12]

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ആദ്യ ഭാര്യ :
  • ലൈല കബീർ(1971-1984)
  • ഏക മകൻ :
  • ഷോൺ ഫെർണാണ്ടസ്(ഇൻവസ്റ്റ്മെൻ്റ് ബാങ്കർ, അമേരിക്ക)
  • രണ്ടാം ഭാര്യ :
  • ജയ ജെയ്റ്റ്ലി(1984-2019)

അൽഷിമേഴ്സ്-പാർക്കിസൺസ് രോഗം ബാധിച്ച് ഭാര്യ ലൈലാ കബീറിൻ്റെ ഡൽഹിയിലെ സ്വകാര്യ വസതിയിൽ ചികിത്സയിലിരിക്കെ 2019 ജനുവരി 29ന് 88-മത്തെ വയസിൽ അന്തരിച്ചു.[13][14]

അവലംബം

[തിരുത്തുക]
  1. "ജോർജ് ഫെർണാണ്ടസ് അന്തരിച്ചു, George Fernandes" https://archives.mathrubhumi.com/amp/news/india/george-fernandes-passes-away-1.3522568
  2. "സോഷ്യലിസ്റ്റ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ ജോർജ് ഫെർണാണ്ടസ് അന്തരിച്ചു" https://www.manoramaonline.com/news/latest-news/2019/01/29/former-defence-minister-george-fernandes-passes-away.amp.html
  3. "ജോർജ് ഫെർണാണ്ടസ് വിടവാങ്ങി" https://www.manoramaonline.com/news/india/2019/01/29/george-fernades-obit.amp.html
  4. "മുന്നണി രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ നേതാവ്; വാജ്‌പേയി സുഖമായി കവിതയെഴുതി | George Fernandes | Former Defence Minister | George Fernandes Political Life | Latest News | Malayalam News | Malayala Manorama | Manorama Online" https://www.manoramaonline.com/news/latest-news/2019/01/29/george-fernandes-political-life.html
  5. "ഇന്ദിരയെ ചെറുത്ത കരുത്ത്; മികച്ച സംഘാടകൻ | George Fernandes | Former Defence Minister | Latest News | Malayalam News | Malayala Manorama | Manorama Online" https://www.manoramaonline.com/news/latest-news/2019/01/29/george-fernandes-leader-with-power.html
  6. "When L K Advani was arrested in Bihar during Ram Rath Yatra | Deccan Herald -" https://www.deccanherald.com/amp/national/national-politics/when-l-k-advani-was-arrested-in-bihar-during-ram-rath-yatra-869747.html
  7. "അവസാന പോരാട്ടത്തിനിടെ ജോർജ് ഫെർണാണ്ടസിനെ കണ്ടുമുട്ടിയ കഥ" https://www.manoramaonline.com/news/latest-news/2019/01/29/george-fernandes-special-story.amp.html
  8. "അഴിമതി തീണ്ടാത്ത നേതാവ്; ശവപ്പെട്ടി വിവാദം വേദനിപ്പിച്ചു: ഒ. രാജഗോപാൽ" https://www.manoramaonline.com/news/latest-news/2019/01/29/o-rajagopal-remembers-george-fernandes.amp.html
  9. "Fernandes, the defence minister who knew the pulse of jawans" https://www.onmanorama.com/news/india/2019/01/29/fernandes-the-defence-minister-who-knew-the-pulse-of-jawans.amp.html
  10. "വിവാദങ്ങളുടെ സഹയാത്രികൻ; ഒളിക്കാമറ മുതൽ ശവപ്പെട്ടി കുംഭകോണം വരെ" https://www.manoramaonline.com/news/latest-news/2019/01/29/george-fernandes-life-with-controversy.amp.html
  11. "ചേരി മാറാത്ത ജ്യേഷ്ഠ വാത്സല്യം; ജോർജ് ഫെർണാണ്ടസ്, തമ്പാൻ തോമസിന്റെ ഓർമയിൽ" https://www.manoramaonline.com/news/india/2019/01/29/george-fernandes-profile.amp.html
  12. "George the giant-killer challenged the mighty from Mumbai to Delhi" https://www.onmanorama.com/news/india/2019/01/29/george-fernandes-profile-life-political-career.amp.html
  13. "Family, friends, admirers bid emotional farewell to George Fernandes | India News,The Indian Express" https://indianexpress.com/article/india/george-fernandes-death-funeral-manmohan-singh-narendra-modi-nitish-kumar-5563466/lite/
  14. "George Fernandes' wish fulfilled! Ashes buried in Bejai cemetery" https://www.deccanchronicle.com/amp/nation/in-other-news/030219/george-fernandes-wish-fulfilled-ashes-buried-in-bejai-cemetery.html

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോർജ്_ഫെർണാണ്ടസ്&oldid=3845095" എന്ന താളിൽനിന്ന് ശേഖരിച്ചത്