ഗെഗോങ്ങ്‌ അപാംഗ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gegong Apang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗെഗോങ്ങ്‌ അപാംഗ്‌
Personal details
Born (1949-07-08) 8 ജൂലൈ 1949  (72 വയസ്സ്)
അരുണാചൽ പ്രദേശ്
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്

അരുണാചൽ പ്രദേശ് സംസ്ഥാനത്ത് നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് ഗെഗോങ്ങ്‌ അപാംഗ്‌ (Gegong Apang) (ജനനം: 1949 ജൂലൈ 8). ആദി ഗോത്രവംശംജനായ അദ്ദേഹം 1980 ജനുവരി മുതൽ 1999 ജനുവരി വരെയും പിന്നീട് 2003 ഓഗസ്റ്റ് മുതൽ 2007 ഏപ്രിൽ വരെയും അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1980 മുതൽ തുടർച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ചു വന്ന അപാംഗ്‌ 1996-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവുവുമായുള്ള സ്വരചേർച്ചയില്ലായ്മയെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)-യിൽ നിന്ന് പുറത്തു വന്ന് 'അരുണാചൽ കോൺഗ്രസ് ' എന്ന പ്രാദേശിക പാർട്ടിക്ക് രൂപം കൊടുക്കുകയും 60 അംഗ നിയമസഭയിലെ 54 പേരെ തന്നോടൊപ്പം നിർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. 1998 -ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടു സീറ്റുകളും സ്വന്തമാക്കിയ അരുണാചൽ കോൺഗ്രസ് ബി.ജെ.പി-യുമായി സഖ്യത്തിലാവുകയും ദേശീയ ജനാധിപത്യ സഖ്യത്തിലെ സ്ഥാപക പാർട്ടികളിലൊന്നാവുകയും ചെയ്തു. എന്നാൽ പാർട്ടിക്കുള്ള കേന്ദ്ര മന്ത്രി സ്ഥാനം അപാങ്ങിന്റെ മകന് ലഭിച്ചത് പാർട്ടിക്കുള്ളിൽ അരുണാചൽ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. 1999 ജനുവരിയിൽ മുകുത് മിതിയുടെ നേതൃത്വത്തിൽ അസംതൃപ്ത വിഭാഗം പാർട്ടി പിളർത്തുകയും അരുണാചൽ കോൺഗ്രസ് (മിതി) എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു. തുടർന്ന് വന്ന അവിശ്വാസപ്രമേയത്തിനെതിരേ ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതിനാൽ അപാംഗ്‌ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും മുകുത് മിതിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വരികയും ചെയ്തു. പിന്നീട് അരുണാചൽ കോൺഗ്രസ് (മിതി) കോൺഗ്രസ് (ഐ) -യിൽ ലയിച്ചു.

എന്നാൽ 2003-ൽ അരുണാചൽ പ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ മാറ്റങ്ങളുണ്ടായി. കോൺഗ്രസ് (ഐ)-ൽ നിന്ന് പിളർന്ന് കോൺഗ്രസ് (ദോലോ) എന്ന പാർട്ടി പിറവിയെടുത്തു. അപാംഗ്‌ ഈയവസരത്തിൽ തന്റെ പാർട്ടിയായ അരുണാചൽ കോൺഗ്രസിനെയും കോൺഗ്രസ് (ദോലോ)യെയും മറ്റ് ചില സ്വതന്ത്ര എം.എൽ.എ-മാരെയും ചേർത്ത് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംസ്ഥാന തലത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് രൂപീകരിച്ചു. 41 നിയമസഭാംഗങ്ങളുടെ പിന്തുണ നേടിയെടുത്ത അപാംഗ്‌ മൂന്നര വർഷത്തിനു ശേഷം 2003 ആഗസ്റ്റ് 3-ന് വീണ്ടും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി.[1] ആഗസ്റ്റ് 30-ന് അപാങ്ങും അദ്ദേഹത്തെ പിന്തുണച്ചിരുന്ന സഖ്യത്തിലെ 41 എം.എൽ.എ-മാരും ബി.ജെ.പി-യിൽ ചേർന്നതോടെ അരുണാചൽ പ്രദേശ് വടക്കു-കിഴക്കൻ പ്രദേശത്തെ ആദ്യ ബി.ജെ.പി ഭരണസംസ്ഥാനമായി മാറി. എന്നാൽ 2004-ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് കേന്ദ്രത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് ഭരണം നഷ്ടമായ വേളയിൽ അപാംഗ്‌ കോൺഗ്രസ് (ഐ)-ലേക്ക് മടങ്ങി വന്നു.[2] 2004 ഒക്ടോബർ-ൽ നടന്ന സംസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ)-ക്ക് ഭൂരിപക്ഷം ലഭിച്ചതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരുവാനായെങ്കിലും 2007 ഏപ്രിൽ ആയപ്പോഴേക്കും അപാംഗിനെ നീക്കി ദോർജി ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കണമെന്ന 23 എം.എൽ.എ മാരുടെ ആവശ്യം കോൺഗ്രസ് (ഐ)-യുടെ കേന്ദ്ര നേതൃത്വത്തിന് അംഗീകരിക്കേണ്ടി വരികയും തുടർന്ന് 2007 ഏപ്രിൽ 9-ന് ദോർജി ഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

അഴിമതി ആരോപണം[തിരുത്തുക]

2010 ഓഗസ്റ്റ് 24-ന് പൊതുവിതരണ സമ്പ്രദായത്തിലെ 1000 കോടി രൂപയുടെ കുംഭകോണവുമായി ബന്ധപ്പെട്ട് ഗെഗോങ്ങ്‌ അപാംഗ് അറസ്ത് ചെയ്യപ്പെട്ടു. ഈ വിഷയത്തിൽ അപാംഗിനെ കുറ്റവാളിയാക്കുവാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകുവാൻ അദ്ദേഹത്തിനായില്ല എന്നുമാണ് പോലീസ് ഭാഷ്യം.[3]

അവലംബം[തിരുത്തുക]

  1. http://www.frontlineonnet.com/fl2017/stories/20030829004603100.htm
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2004-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-07.
  3. http://www.business-standard.com/india/news/gegong-apang-held-for-rs-1000cr-pds-scam/405734/
"https://ml.wikipedia.org/w/index.php?title=ഗെഗോങ്ങ്‌_അപാംഗ്‌&oldid=3653467" എന്ന താളിൽനിന്ന് ശേഖരിച്ചത്