ഗഗൻയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gaganyaan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗഗൻയാൻ
ഗഗൻയാൻ ആദ്യ ഡിസൈൻ രൂപം (ക്രൂ, സർവീസ് മൊഡ്യുളുകൾ) 2018 ബെംഗളൂരു സ്‌പേസ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്.
Manufacturerഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്‌ ഉം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഉം
Country of origin ഇന്ത്യ
Operatorഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
Applicationsബഹിരാകാശ സഞ്ചാര പേടകം
Specifications
Spacecraft typeCrewed
Design life7  ദിവസങ്ങൾ
Launch mass7,800 കിലോഗ്രാം (സർവീസ് മൊഡ്യൂൾ അടക്കം)[1]
Dry mass3,735 കിലോഗ്രാം[1]
Crew capacity3
DimensionsDiameter: 3.00 m[1]
Height: 2.70 m
Volume11.5 m3[1]
RegimeLow Earth orbit
Production
Statusപരീക്ഷണ ഘട്ടത്തിൽ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാത്ത പേടകമയച്ച്, തുടർന്ന് 2021 ഡിസംബറിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് ലക്ഷ്യമിട്ട ദൗത്യമായിരുന്നു, എന്നാൽ ഇത് 2024 വരെ നീളുമെന്നാണ് ഇപ്പോൾ (2022 പ്രകാരം) പറയുന്നത്.[2] ജിഎസ്എൽവി മാർക്ക് III റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഏഴ് ദിവസം ബഹിരാകാശത്ത് യാത്രികർ തങ്ങും.[3][4]. ദൗത്യം വിജയകരമായാൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും [5]. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മുൻപേ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർക്കാണ് ദൗത്യത്തിന്റെ മുഖ്യ ചുമതല. [6]

ചരിത്രം[തിരുത്തുക]

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയാണ് ഗഗൻയാൻ. 2014ലാണ് പദ്ധതിക്കു തുടക്കമിട്ടത്. [7]2018ൽ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകി. ജിഎസ്എൽവി മാർക്ക് -3 റോക്കറ്റ് ഉപയോഗിച്ച് 2021 ഡിസംബറിൽ വിക്ഷേപിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ഭാവിയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് തങ്ങാൻ ബഹിരാകാശ കേന്ദ്രം കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 10,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സംഘം പ്രധാനമായി നടത്തുക. ഗഗൻയാൻ പേടകത്തിന്റെ ഭാരം 3735 കിലോയായിരിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭ്രമണം ചെയ്യുക. പേടകം നിർമിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലാണ്. പേടകത്തിനുള്ളിലെ സാങ്കേതികസൗകര്യങ്ങളൊരുക്കുന്നത് ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ആണ്. [8]ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിക്ഷേപണത്തിന്റെ 16–ാം മിനിറ്റിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കും. 7 ദിവസത്തിനുശേഷം ബംഗാൾ ഉൾക്കടലിലാണ് പേടകം തിരിച്ചിറക്കുക. പേടകത്തിലെ സർവീസ് മൊഡ്യൂളും സോളാർ പാനലുകളും തിരിച്ചിറങ്ങുന്നതിനു മുൻപ് വേർപെടുത്തും. പാരച്യൂട്ട് ഉപയോഗിച്ച് വേഗം കുറച്ചാണ് പേടകം തിരിച്ചിറക്കുക. ഭാവിയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് തങ്ങാനായി ബഹിരാകാശ നിലയം കൂടി ലക്ഷ്യമിട്ടുള്ളതാണ് ഗഗൻയാൻ. ഇതു കൂടി മുന്നിൽ കണ്ട് ബെംഗളൂരുവിൽ യാത്രികരുടെ പരിശീലനത്തിനായി ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ നിർമിച്ചിട്ടുണ്ട്. ഗഗൻയാൻ യാത്രികർക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണങ്ങളിൽ ഇഡ്ഡലിയും സാമ്പാറും വരെ ഉൾപ്പെടുത്തും. ഡിആർഡിഒയുടെ കീഴിലുള്ള മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയാണ് മെനു തയാറാക്കുന്നത്. ഇഡ്ഡലി, സാമ്പാർ, ഉപ്പുമാവ്, പുലാവ്, എഗ്ഗ് റോൾ, ഹൽവ എന്നിവയൊക്കെയുണ്ടാകും. വെള്ളവും ജ്യൂസും കൊണ്ടുപോകാൻ പ്രത്യേകം പാക്കിങ്ങുകളുണ്ടാകും.[9]സഞ്ചാരികൾ വ്യോമനോട്ട് എന്നാണ് അറിയപ്പെടുക. വ്യോം എന്നത് സംസ്‌കൃത വാക്കാണ്. [10]

പരിശീലനം[തിരുത്തുക]

ഇതുവരെ 2 പരീക്ഷണങ്ങളാണ് ഗഗൻയാന്റെ ഭാഗമായി നടത്തിയത്. റീ എൻട്രി പരീക്ഷണം 2014 ഡിസംബർ 18നായിരുന്നു. പേടകത്തിന്റെ ആദ്യരൂപം വിജയകരമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കി. 2018 ജൂലൈ 5ന് ശ്രീഹരിക്കോട്ടയിൽ 4 മിനിറ്റ് നീളുന്ന പാഡ് അബോർട്ട് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കി. [11]ഗഗൻയാൻ ദൗത്യത്തിലേറി ബഹിരാകാശത്ത് പുതിയ ഇന്ത്യൻ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബി. നായർ, അജിത് കൃഷ്ണൻ, അംഗത്പ്രതാപ്, കമാൻഡർ ശുഭാംശു ശുക്ല എന്നിവർ. വ്യോമസേനയിൽ നിന്നു കഠിനമായ ഘട്ടങ്ങൾ പിന്നിട്ടു തിരഞ്ഞെടുക്കപ്പെട്ട 4 പേർ റഷ്യയിലാണ് പരിശീലനം നടത്തുന്നത്. ആദ്യഘട്ടപരിശീലനം പൂർത്തിയായെങ്കിലും അതിനിടെ കോവിഡ് ലോക് ഡൗണിനെത്തുടർന്ന് പരിശീലനം നിർത്തിവച്ചിരുന്നു. മോസ്കോയിൽ റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസിനു കീഴിൽ 2019 ഫെബ്രുവരി 10നാണു സംഘം ഒരു വർഷ പരിശീലനം ആരംഭിച്ചത്. കോവിഡ് മൂലം ഏപ്രിൽ, മേയ് മാസങ്ങളിൽ പരിശീലനം മുടങ്ങിയിരുന്നു. പരിശീലനം പൂർത്തിയാക്കുന്ന 4 പേരിൽ നിന്ന് 3 പേരാണ് ഗഗൻയാനിൽ ബഹിരാകാശത്തെത്തുക. 3 പേരെ കൊണ്ടുപോകാനുള്ള ശേഷിയുണ്ടെങ്കിലും ആദ്യ വിക്ഷേപണത്തിൽ ഒരാൾ മാത്രമേയുണ്ടാകൂ എന്നും സൂചനകളുണ്ട്. [12]

നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞർ[തിരുത്തുക]

കോട്ടയം കോതനല്ലൂർ സ്വദേശിയായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ആണ് ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഫൗണ്ടർ ഡയറക്ടർ. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണമുൾപ്പെടെ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ (വിഎസ്എസ്‍സി) അഡ്വാൻസ്ഡ് സ്പേസ് ട്രാൻസ്പോർട്ടേഷൻ പ്രോഗ്രാം ഡയറക്ടറായിരുന്നു ഡോ. ഉണ്ണിക്കൃഷ്ണൻ നായർ. [13]ബഹിരാകാശപേടകം അപകടത്തിൽ പെട്ടാൽ യാത്രികരെ രക്ഷിക്കുന്ന ‘ക്രൂ എസ്കേപ് സിസ്റ്റം’ (2018) വിജയകരമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. [14]ഗഗൻയാൻ പ്രൊജക്ട് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് മറ്റൊരു മലയാളിയായ ആർ.ഹട്ടൻ ആണ്. വിഎസ്എസ്‍സിയിൽ പിഎസ്എൽവി പ്രോജക്ട് ഡയറക്ടറായിരുന്ന ഹട്ടൻ നേരത്തെ ഡപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ്. [15]

ഷെഡ്യൂൾ[തിരുത്തുക]

യാത്രാ വിവരം[3][16]
വിഭാഗം മാസം & വർഷം യാത്രികർ
പരീക്ഷണയാത്ര 1 2020 - ഡിസംബർ ഇല്ല
പരീക്ഷണയാത്ര 2 2021 - ജൂലൈ ഇല്ല
യഥാർത്ഥ ദൗത്യം ഒക്ടോബർ 21 3

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Indian Manned Spacecraft. Astronautix. 2014.
  2. Times of India Staff (30 June 2022). "Gaganyaan mission can't happen this year or next year, focus fully on safety aspects: Isro chief". The Times of India. Archived from the original on 30 June 2022. Retrieved 2 July 2022.
  3. 3.0 3.1 "Rs 10,000 crore plan to send 3 Indians to space by 2022 - Times of India ►". The Times of India. Retrieved 2018-12-29.
  4. Gaganyaan mission to take Indian astronaut to space by 2022: PM Modi. The Hindu. 15 August 2018.
  5. "ഗഗൻയാൻ 2021-ൽ". മനോരമ. 2019-01-11. Retrieved 2019-01-11.
  6. https://www.deshabhimani.com/news/technology/gaganyaan-space-project/775428
  7. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  8. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  9. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  10. https://www.deshabhimani.com/news/technology/gaganyaan-space-project/775428
  11. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  12. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  13. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  14. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  15. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  16. ISRO set for April launch of Chandrayaan-2 after missed deadline. Vikram Gopal, Hindustan Times. 11 January 2019.
"https://ml.wikipedia.org/w/index.php?title=ഗഗൻയാൻ&oldid=4074697" എന്ന താളിൽനിന്ന് ശേഖരിച്ചത്