ഗബ്രിയേൽ ലാമേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gabriel Lamé എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗബ്രിയേൽ ലാമേ
ജനനം(1795-07-22)22 ജൂലൈ 1795
ടൂർ, ഫ്രാൻസ്
മരണം1 മേയ് 1870(1870-05-01) (പ്രായം 74)
പാരിസ്, ഫ്രാൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം

ഗബ്രിയേൽ ലാമേ (Gabriel Lamé) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായിരുന്നു (22 ജൂലൈ 1795 – 1 മേയ് 1870). കർവിലീനിയർ നിർദ്ദേശാങ്കങ്ങൾ ഉപയോഗിച്ച് ആംശിക അവകല സമവാക്യങ്ങളുടെ സിദ്ധാന്തം വികസിപ്പിച്ചതും, ഇലാസ്തികതയുടെ ഗണിതരൂപം വികസിപ്പിച്ചതുമാണ് ലാമേയുടെ പ്രധാന സംഭാവനകൾ.

ജീവചരിത്രം[തിരുത്തുക]

ഫ്രാൻസിലെ ടൂർ എന്ന സ്ഥലത്താണ് ലാമേ ജനിച്ചത്.

കർവിലീനിയർ നിർദ്ദേശാങ്കങ്ങളെക്കുറിച്ചും ദീർഘവൃത്തങ്ങൾക്ക് സമാനമായ വക്രങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണ് ലാമേയെ പ്രശസ്തനാക്കിയത്.

എന്ന സമവാക്യമനുസരിക്കുന്ന വക്രങ്ങൾ ലാമേ വക്രങ്ങൾ അഥവാ സൂപ്പർഎലിപ്സുകൾ എന്നറിയപ്പെടുന്നു. ഇവിടെ n ഏത് ധന വാസ്തവികസംഖ്യയുമാകാം.

യൂക്ലിഡിന്റെ അൽഗൊരിതത്തിന്റെ സമയസങ്കീർണ്ണത കണക്കാക്കിയ ലാമേ ആണ് ഗണനപരമായ സങ്കീർണ്ണതാസിദ്ധാന്തത്തിന് തുടക്കം കുറിച്ചത്. രണ്ട് പൂർണ്ണസംഖ്യകളുടെ ഉസാഘ കാണാൻ ചെറിയ സംഖ്യയുടെ ദശാംശസമ്പ്രദായത്തിലെ അക്കങ്ങളുടെ അഞ്ചിരട്ടി പടികളേ അൽഗൊരിതത്തിൽ ആവശ്യം വരൂ എന്ന് ഫിബനാച്ചി സംഖ്യകൾ ഉപയോഗിച്ച് അദ്ദേഹം തെളിയിച്ചു. ഫെർമയുടെ അവസാന സിദ്ധാന്തത്തിന്റെ ഒരു വിശേഷ രൂപവും ലാമേ തെളിയിച്ചു. സിദ്ധാന്തത്തിന്റെ സാമാന്യമായ തെളിവാണ് താൻ കണ്ടെത്തിയത് എന്നായിരുന്നു ലാമേ കരുതിയതെങ്കിലും തെളിവിൽ ഒരു തെറ്റുണ്ടായിരുന്നു.

ലാമേ ഫലനങ്ങൾ എലിപ്സോയ്ഡൽ ഹാർമോണിക്കുകളുടെ സിദ്ധാന്തത്തിന്റെ ഭാഗമാണ്.

ലാമേ വളരെ വ്യത്യസ്തമായ വിഷയങ്ങളിൽ ഗവേഷണം നടത്തി. എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പലപ്പോഴും അദ്ദേഹത്തെ ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങളിലേക്ക് നയിച്ചത്. നിലവറകളുടെ ഭദ്രതയെക്കുറിച്ചും തൂക്കുപാലങ്ങളുടെ രൂപകല്പനയെക്കുറിച്ചുമുള്ള വിചാരങ്ങൾ ഇലാസ്തികതയുടെ ഗണിതസിദ്ധാന്തത്തിലേക്ക് നയിച്ചു. ഇതുപോലെ കർവിലീനിയർ നിർദ്ദേശാങ്കങ്ങളെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത് താപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. കർവിലീനിയർ നിർദ്ദേശാങ്കങ്ങൾ ആംശിക അവകല സമവാക്യങ്ങളുടെ സിദ്ധാന്തം വികസിപ്പിക്കാനും ഉപയോഗിച്ചു. എലിപ്സോയ്ഡൽ നിർദ്ദേശാങ്കങ്ങളുപയോഗിച്ച് ലാപ്ലാസ് സമവാക്യത്തിലെ ചരങ്ങളെ വേർപിരിക്കുകയും അങ്ങനെ അവകലസമവാക്യത്തിന് നിർദ്ധാരണം കാണുകയും ചെയ്തു.

1854-ൽ അദ്ദേഹത്തെ റോയൽ സ്വീഡീഷ് അക്കാദമിയുടെ വിദേശ അംഗമായി തിരഞ്ഞെടുത്തു. ഈഫൽ ഗോപുരത്തിൽ പേരുള്ള എഴുപത്തിരണ്ട് വ്യക്തികളിലൊരാളാണ് ലാമേ. പാരിസിൽ 1870-ൽ മരിച്ചു.

"https://ml.wikipedia.org/w/index.php?title=ഗബ്രിയേൽ_ലാമേ&oldid=2928086" എന്ന താളിൽനിന്ന് ശേഖരിച്ചത്