ജിസാറ്റ് -7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GSAT-7 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


INSAT 4F/GSAT 7
സംഘടനഇസ്രോ
പ്രധാന ഉപയോക്താക്കൾISRO Satellite Centre, Space Applications Centre
ഉപയോഗലക്ഷ്യംCommunication
വിക്ഷേപണ തീയതിAug 30th, 2013
വിക്ഷേപണ വാഹനംAriane 5ECA
വിക്ഷേപണസ്ഥലംKourou ELA-3
പ്രവർത്തന കാലാവധി9 years (planned)
പിണ്ഡം2,330 kilograms (5,140 lb)
പവർ2 deployable solar panels, batteries with 2kW of power
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംGeosynchronous (planned)
Transponders
TranspondersUHF, S-band, C-band and Ku-band transponders

ഇന്ത്യൻ നാവികസേനയ്ക്കായി ഐ.എസ്.ആർ.ഒ. നിർമിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-7(ഭൂസ്ഥിര ഉപഗ്രഹം - ജിയോ സിങ്ക്രണസ് സാറ്റലൈറ്റ്). ഫ്രഞ്ച് ഗയാനയിലെ കുരു ദ്വീപിൽനിന്ന് ആരിയാൻ-5 റോക്കറ്റുപയോഗിച്ച് 2013 ആഗസ്റ്റ് 30ന് വിക്ഷേപിച്ചു. രാജ്യത്തിന്റെ ഒരു സേനാവിഭാഗത്തിന് സ്വന്തമായി വാർത്താവിനിമയ ഉപഗ്രഹം ലഭിക്കുന്നത് ആദ്യമാണ്. പൂർണമായും സൈനികാവശ്യത്തിനായി ഐ.എസ്.ആർ.ഒ. നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹമാണ് ജിസാറ്റ് -7.[1]ഐ.എസ്.ആർ.ഒ.യുടെ ജി.എസ്.എൽ.വി. റോക്കറ്റുപയോഗിച്ച് ജിസാറ്റ്-7 ബഹിരാകാശത്തെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാം തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് യൂറോപ്യൻ ഏജൻസിയുടെ ആരിയാനെ ആശ്രയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ലക്ഷ്യം[തിരുത്തുക]

'പ്രോജക്ട് രുക്മിണി' എന്നുപേരിട്ട് ഇന്ത്യൻ പ്രതിരോധവകുപ്പ് നാവികസേനയ്ക്കായി നടപ്പാക്കുന്ന നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധതന്ത്രത്തിന്റെ (നെറ്റ്‌വർക്ക് സെൻട്രിക് വാർഫെയർ) തുടക്കമായാണ് ജിസാറ്റ്-7 ന്റെ വിക്ഷേപണം. ഇന്ത്യൻ പ്രതിരോധസേനയുടെ ചരിത്രത്തിൽ ആധുനികീകരണത്തിന്റെ നാഴികക്കല്ലുകൂടിയാണിത്. അറബിക്കടലിലും ഇന്ത്യൻമഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഒക്കെയായി പ്രവർത്തിക്കുന്ന നാവികസേനാ വിഭാഗങ്ങൾക്ക് മേഖലയിലെ സുരക്ഷാഭീഷണി സംബന്ധിച്ച ആകെക്കൂടിയുള്ള കൃത്യമായ ചിത്രം ലഭ്യമാക്കുകയെന്നതാണ് പ്രാഥമികമായ ലക്ഷ്യം. നാവിക സേനയുടെ എല്ലാ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും വിമാനങ്ങളിലും താവളങ്ങളിലും ഇതിനുള്ള അനുബന്ധ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ഉപഗ്രഹാധിഷ്ഠിത നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധതന്ത്രം നടപ്പാക്കുന്നതിന്റെ ചുമതലക്കാരനായി റിയർ അഡ്മിറൽ കിഷൻ കെ. പാണ്ഡെയെ അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫായി നിയമിച്ചിട്ടുണ്ട്.

വിക്ഷേപണം[തിരുത്തുക]

2013 ആഗസ്റ്റ് 30ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും യൂറോപ്യൻ ഏജൻസിയുടെ ആരിയാനെ (Ariane 5 ECA) റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ചു [2].

സാങ്കേതിക വിശദാംശങ്ങൾ[തിരുത്തുക]

2330 കിലോഗ്രാം ഭാരവും രണ്ടായിരം വാട്ട്‌സ് പേലോഡ് ശക്തിയുമുള്ള ജിസാറ്റ് -7 ൽ യു.എച്ച്.എഫ്.(അൾട്രാ ഹൈ ഫ്രീക്വൻസി) , എസ്, സി, കെ.യു. ബാൻഡുകളിലുള്ള വാർത്താവിനിമയ സംവിധാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാവികസേനയുടെ വിമാനവാഹിനികൾ, യുദ്ധക്കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എന്നിവയ്ക്ക് ഈ ഉപഗ്രഹസംവിധാനത്തിലൂടെ പരസ്​പരം ബന്ധപ്പെടാനും വിവരങ്ങൾ (ഡാറ്റ, ശബ്ദം, ചിത്രം, വീഡിയോ തുടങ്ങിയവ) കൈമാറാനും സേനാതാവളങ്ങളുമായി ആശയവിനിമയം നടത്താനും കഴിയും. നിരീക്ഷണത്തിനുപയോഗിക്കുന്ന പൈലറ്റില്ലാ വിമാനങ്ങളെയും ഭാവിയിൽ ഈ ഉപഗ്രഹപ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. അതോടെ കടൽ നിരീക്ഷണത്തിനുള്ള കണ്ണായും ജിസാറ്റ് -7 മാറും.[3]

വിവരകൈമാറ്റ പരിധി[തിരുത്തുക]

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻപ്രദേശം മുതൽ ചൈനയ്ക്ക് കിഴക്കുള്ള പസഫിക് സമുദ്രഭാഗം വരെയാണ് ജിസാറ്റ് -7 ന്റെ പ്രഖ്യാപിത വിവരകൈമാറ്റ പരിധി (ഫുട്പ്രിന്റ്). ഇന്ത്യയുടെ തന്ത്രപ്രധാന സമുദ്രമേഖലയായ പടിഞ്ഞാറ് ഗൾഫിനടുത്തുള്ള ഹോർമൂസ് കടലിടുക്കു മുതൽ കിഴക്ക് മലാക്കാ കടലിടുക്കു വരെയുള്ള ഭാഗം ഇതിനുള്ളിലാണ്. ചൈനയ്ക്കും വിയറ്റ്‌നാമിനുമിടയിൽ പസഫിക്കിന്റെ ഭാഗമായ സൗത്ത് ചൈനാ കടലിലും ഇന്ത്യയ്ക്ക് സൈനിക സാമ്പത്തിക താത്പര്യങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-18. Retrieved 2012-06-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-09-15.
  3. http://www.thehindu.com/news/national/article3497882.ece

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിസാറ്റ്_-7&oldid=3804430" എന്ന താളിൽനിന്ന് ശേഖരിച്ചത്