ദന്തവേരുവൈദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Endodontic therapy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പല്ലിന്റെ ഉള്ളിലുള്ള മൃദുകോശമായ ദന്തമജ്ജ (Pulp) അസുഖങ്ങൾക്കുള്ള ചികിത്സയെയാണ്‌ ദന്തവേരുവൈദ്യം എന്ന് പറയുന്നത്. ഇംഗ്ലീഷ്:Root Canal Therapy; Pulp space therapy. ഇത് അന്തർദന്തവൈദ്യശാസ്ത്രത്തിൽ (Endodontics) പെടുന്നതരം ചികിത്സയാണ്‌.

ചരിത്രം[തിരുത്തുക]

മനുഷ്യൻ ഉണ്ടായകാലം മുതല്ക്കേ ദന്തരോഗങ്ങളും ഉണ്ട്. ചരിത്രം രേഖപ്പെടുത്തുന്നതിനുമുൻപേ തന്നെ ദന്തരോഗങ്ങൾ മനുഷ്യനെ അലട്ടിയിരുന്നു എന്നതിനു ഫോസിൽ തെളിവുകൾ ഉണ്ട്. പുരാതനമായ എല്ലാ സംസ്കാരങ്ങളുടേയും അവശിഷ്ടങ്ങളിൽ നിന്നും കിട്ടിയ തെളിവുകളിലും ദന്തരോഗങ്ങളുടേയും അവയുടെ അക്കാലത്തെ ചികിത്സയുടേയും ഏകദേശ രൂപങ്ങൾ ലഭ്യമാണ്‌. ക്രിസ്തുവിനു 1500 വർഷങ്ങൾ മുൻപ് എഴുതപ്പെട്ട എബേർസ് ചുരുളുകളിൽ (Ebers papyrus) [1] പല്ലിനുള്ളിൽ നിന്ന് രക്തം വരുന്നതിൻറേയും അതിനോടൊപ്പം ഉണ്ടാവുന്ന വേദനയുടേയും കാരണവും മരുന്നും രേഖപ്പെടുത്തിയിരിക്കുന്നു. മരുന്നിലുള്ള ചേരുവകളിൽ ഗെബു മരത്തിൻറെ പഴം, ഉള്ളി തുടങ്ങിയവയായിരുന്നു. [2]

പുരാതന സിറിയയിലെ പ്രശസ്തനായിരുന്ന ആർക്കിജീനസ് എന്ന ഭിഷഗ്വരൻ ക്രി.വ. ആദ്യത്തെ നൂറ്റാണ്ട്) ദന്തരോഗങ്ങൾക്കും പ്രത്യേകം ചികിത്സ നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരുന്നുകളിൽ വറുത്ത മണ്ണിരകളും ഉൾപ്പെട്ടിരുന്നു.

മദ്ധ്യകാലഘട്ടത്തിൽ കൂടുതൽ ആധുനികരിക്കപ്പെട്ട പണിയായുധങ്ങൾ ദന്തരോഗങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അക്കാലത്തെ വിശ്വാസം കൃമികളാണ്‌ പല്ലുവേദന ഉണ്ടാക്കുന്നത് എന്നായിരുന്നു. 15-)ം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഭിഷഗ്വരനും പുരോഹിതനുമായ ആൻഡ്രൂ ബൂഡെ ഈ "കൃമി" കളെ നീക്കം ചെയ്യുന്ന തനതായ ചികിത്സാരീതി ആവിഷ്കരിച്ചു. [3]

അബുൾ കാസിസ് (1050-1152) ചൂടുപയോഗിച്ച് പല്ലുവേദന ശമിപ്പിച്ചിരുന്നു. ചുട്ടുപഴുത്ത സൂചി പല്ലിനുള്ളിലേക്കിറക്കിയാണ്‌ അദ്ദേഹം ഇത് സാധിച്ചിരുന്നത്. ഗയ് ഡെ ഷോളിയാക് (1300-1368)[4] എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധൻ കർപ്പൂരം, ഗന്ധകം, കായം തുടങ്ങിയവ ചേർന്ന അരക്കുപയോഗിച്ച് പല്ലിലെ ദ്വാരങ്ങൾ അടച്ച് വേദനസംഹരിച്ചിരുന്നു. [5]

അവലംബം[തിരുത്തുക]

  1. http://www.whonamedit.com/synd.cfm/443.html
  2. http://www.aim25.ac.uk/cgi-bin/search2?coll_id=2910&inst_id=20
  3. Boorde A. The breviere of health. London: Thomas east. co. 1552
  4. http://www.faqs.org/health/bios/53/Guy-de-Chauliac.html
  5. Weinberger BW. An introduction to the history of dentistry.; St. Louis: The C V Mosby company; 1985
"https://ml.wikipedia.org/w/index.php?title=ദന്തവേരുവൈദ്യം&oldid=3089000" എന്ന താളിൽനിന്ന് ശേഖരിച്ചത്