Jump to content

അന്തഃസ്രാവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Endocrine gland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തഃസ്രാവികൾ
പ്രധാൻപ്പെട്ട അന്തഃസ്രാവികൾ

1 പൈനിയൽ ഗ്രന്ഥി (Pineal gland) 2 പിയൂഷ ഗ്രന്ഥി (Pituitary gland) 3 തൈറോയിഡ് ഗ്രന്ഥി (Thyroid gland) 4 തൈമസ് (Thymus) 5 അഡ്രിനൽ ഗ്രന്ഥി (Adrenal gland) 6 പാൻക്രിയാസ് (Pancreas) 7 ഓവറി (Ovary) (സ്ത്രീ) 8 വൃഷണം (Testes) (പുരുഷൻ)

ലാറ്റിൻ glandulae endocrinae

ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു. എൻഡോൺ, ക്രൈനീൻ എന്നീ ഗ്രീക് പദങ്ങളിൽ നിന്നാണ് എൻഡോക്രൈൻ-അന്തഃസ്രാവി-എന്ന വാക്കിന്റെ ഉദ്ഭവം. അകത്ത് (within) എന്നാണ് എൻഡോൺ (Endon) എന്ന വാക്കിന്റെ അർഥം; ക്രൈനീൻ (Krinein) എന്നതിന് വേർപെടുത്തുക (to seperate) എന്നും. ആന്തരികസ്രവണം നടത്തുന്നവ എന്നാണ് ഈ വാക്കുകൊണ്ട് അർഥമാക്കുന്നത്. നാളീരഹിത ഗ്രന്ഥികളായ ഇവയിൽനിന്നുണ്ടാകുന്ന സ്രവങ്ങൾ നേരിട്ട് രക്തത്തിൽ ലയിക്കുകയോ അല്ലെങ്കിൽ ആമാശയം പോലെ പൊള്ളയായ ഏതെങ്കിലും അവയവത്തിനുള്ളിൽ വീഴുകയോ ചെയ്യുന്നു. പരിണാമഗതിയിൽ പ്രത്യക്ഷമായവയാണ് അന്തഃസ്രാവികളും അവയുടെ സ്രവങ്ങളും. ഹോർമോൺ എന്നറിയപ്പെടുന്ന ഈ സ്രവങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കിടയിൽ സന്ദേശവാഹകരായി (chemical messngers)[1] വർത്തിക്കുന്നു. ഉത്തേജിപ്പിക്കുക എന്നർഥമുള്ള ഓർമാവോ (Ormao) എന്ന ഗ്രീക് പദത്തിൽനിന്നാണ് ഹോർമോണിന്റെ ഉദ്ഭവം. എന്നാൽ ഇപ്പോൾ ഈ വാക്ക് ഉത്തേജകാരികളും (excitatory)[2] നിരോധകാരികളുമായ (inhibitory)[3] എല്ലാ സ്രവങ്ങൾക്കും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന ഒരു പൊതുനാമമായി തീർന്നിട്ടുണ്ട്. യഥാർഥത്തിൽ ഹോർമോണുകൾ കൂടുതലും ഉത്തേജകാരികളെന്നതിനേക്കാൾ നിരോധകാരികളായാണ് പ്രവർത്തിക്കുക (ഉദാ. കുടലിലെ മൃദുപേശികളിൽ അഡ്രിനലിൻ പ്രവർത്തനം).

അന്തഃസ്രാവികളുടെ പൊതുസ്വഭാവങ്ങൾ

[തിരുത്തുക]

വളരെ ചെറിയ അവയവങ്ങളാണിവ. പൂർണവളർച്ചയെത്തിയ ഒരു മനുഷ്യനിൽ കാണപ്പെടുന്ന അന്തഃസ്രാവികളിൽ ഏറ്റവും വലുത് തൈറോയ്ഡ് ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണിന്റെ കൂടിയ തോതിലുള്ള സാന്നിധ്യമാണ് തൈറോയ്ഡിന്റെ അസാധാരണ വലിപ്പത്തിന് കാരണമായി പറയപ്പെടുന്നത്. എന്നാൽ വളർച്ചയുടെ പ്രാരംഭഘട്ടങ്ങളിൽ അഡ്രിനൽ കോർട്ടക്സ് ആണ് ഏറ്റവും വലുത്; ഏറ്റവും ചെറുത് പാരാതൈറോയ്ഡുകളും.

ഏത് കലയിൽനിന്ന് രൂപമെടുക്കുന്നു എന്നതിനെ ആധാരമാക്കി അന്തഃസ്രാവികളെ മൂന്നു തരത്തിൽ പെടുത്തിയിരിക്കുന്നു: #എപ്പിത്തീലിയത്തിൽനിന്നും ഉണ്ടാകുന്നവ (ഇവയ്ക്ക് ഉദ്ഭവസ്ഥാനവുമായി എപ്പോഴും ബന്ധമുണ്ടായിരിക്കും. ഉദാ. നാക്കിന്റെ ഉള്ളറ്റ (base) വുമായി ബന്ധമുള്ള തൈറോയ്ഡ് ഗ്രന്ഥി)

  1. ജനനാംഗ-കടകത്തിൽ (genital ridge)[4] നിന്നും ഉദ്ഭവിക്കുന്നവ
  2. നാഡീവ്യൂഹത്തിൽനിന്നും ജന്മമെടുക്കുന്നവ.

നാഡീവ്യൂഹത്തിൽ-നിന്നും ഉണ്ടാകുന്നവയൊഴിച്ചുള്ള എല്ലാ ഗ്രന്ഥികളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് രക്തത്തിൽ ലയിച്ചിട്ടുള്ള ഹോർമോണുകളോ പ്ലാസ്മയുടെ ഘടകങ്ങളോ ആണ്. മിക്കവാറും എല്ലാ ഹോർമോണുകളും പ്രോട്ടീനുകളോ പെപ്റ്റൈഡുകളോ അമിനോ അമ്ലങ്ങളോ ആണ്; അപൂർവമായി മാത്രം സ്റ്റീറോയ്ഡുകളും. ഇവയുടെ പ്രവർത്തനം എപ്പോഴും വളരെ വ്യാപകമായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ഒരു പ്രത്യേക കലയായിരിക്കും ഇതിന്റെ പ്രവർത്തനമണ്ഡലം എന്നതാണ് ഇതിനുള്ള കാരണം (ഉദാ. അസ്ഥികളിൽ പ്രവർത്തിക്കുന്ന പാരാതൈറോയ്ഡ് ഹോർമോണുകൾ). പല കലകളുടേയും അവയവങ്ങളുടേയും ഏകോപിച്ചുള്ള സമകാലികപ്രവർത്തനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും ഹോർമോണിന്റെ വ്യാപക പ്രവർത്തനക്ഷമത കൂടിയേ കഴിയൂ (ഉദാ. രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് വ്യത്യസ്തപ്പെടുത്തുന്നതിനാവശ്യമായ കരളിന്റേയും മറ്റവയവങ്ങളുടേയും ഏകോപിച്ചുള്ള പ്രവർത്തനം). പിയൂഷ, തൈറോയ്ഡ്, പാരാതൈറോയ്ഡ്, എപ്പിഫൈസിസ്, ഐലറ്റ്സ് ഒഫ് ലാങ്ങർഹാൻസ്, ജനനഗ്രന്ഥികൾ എന്നിവ പ്രധാന അന്തഃസ്രാവികളിൽ ചിലതു മാത്രമാണ്.

ഹൈപ്പോതലാമസ്

[തിരുത്തുക]

മസ്തിഷ്കത്തിൽ ഡയൻസെഫലോൺ എന്ന ഭാഗത്തുള്ള നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. ഇതിലുള്ള നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങൾ ചേർന്നുണ്ടാകുന്ന മർമ്മങ്ങൾ (ന്യൂക്ലിയസ്സുകൾ) ആണ് പെരുമാറ്റപരവും വൈകാരികപരവുമായ ശാരീരികപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ പങ്കെടുക്കുന്നത്. നാഡീവ്യവസ്ഥയെ പീയൂഷഗ്രന്ഥി വഴി അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന മുഖ്യധർമ്മമാണ് ഇവ നിർവ്വഹിക്കുന്നത്. ശരീരതാപനില, ജലസംതുലനം, രക്തസംവഹന പ്രക്രിയ, മുലപ്പാൽ സ്രവണം, ഗർഭാശയഭിത്തി സങ്കോചം എന്നിവയിലെല്ലാം നിയതധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹൈപ്പോതലാമസ് ശരീരത്തിൽ മറ്റെല്ലാ അന്തഃസ്രാവി ഗ്രന്ഥികളുടേയും പ്രവർത്തനത്തിൽ അതിശ്രദ്ധേയമായ നിയന്ത്രണം നിർവ്വഹിക്കുന്നു. പത്തുഗ്രാമോളം ഭാരമുള്ള [4] ഹൈപ്പോതലാമസ്സിന് 1-1.5 സെന്റീമീറ്റർ വ്യാസമുണ്ട്.[5] ഹൈപ്പോതലാമസ് ഇതിനുതാഴെയുള്ള പീയൂഷഗ്രന്ഥിയുമായി ഇൻഫൻഡിബുലം അഥവാ പിറ്റ്യൂട്ടറി സ്റ്റാക്ക് (Pituitary stalk) വഴി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മസ്തിഷ്കത്തിലെ ലിംബിക് സിസ്റ്റം എന്ന ഭാഗത്തിന്റെ വിവിധതലങ്ങളെ ഇരുദിശകളിലും പരസ്പരം ബന്ധപ്പെടുത്തുന്ന നാഡീയപാതയുണ്ട്. ഇതിനായി താഴെപ്പറയുന്ന മൂന്നുദിശകളിൽ നാഡീയആവേഗങ്ങളെ ഇവ അയയ്ക്കുന്നുണ്ട്.[6]

  1. ബ്രെയിൻ സ്റ്റെം(മസ്തിഷ്ക ദണ്ഡ്) എന്ന ഭാഗത്തേയ്ക്ക് ഹൈപ്പോതലാമസ്സിൽ നിന്നും താഴേക്കും പിന്നിലേയ്ക്കുമായി മീസൻസെഫലോണിന്റെ റെട്ടിക്കുലാർ ഭാഗത്തേയ്ക്കും പോൺസിലേയ്ക്കും മെഡുല്ലയിലേയ്ക്കും അവിടെനിന്നും സ്വതന്ത്രനാഡീവ്യവസ്ഥയിലെ പെരിഫെറൽ നാഡികളിലേയ്ക്കും.
  2. ഹൈപ്പോതലാമസ്സിൽ നിന്നും മുകളിലേയക്ക് ഡയൻസെഫലോണിന്റേയും സെറിബ്രത്തിന്റേയും ഉയർന്ന ഏരിയകളിലേയ്ക്ക്- പ്രധാനമായും ആന്റീരിയർ തലാമസ്സിലേയ്ക്കും സെറിബ്രൽ കോർട്ടക്സിന്റെ ലിംബിക് ഭാഗത്തേയ്ക്കും.
  3. പീയൂഷഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നതിന് അതിന്റെ പിൻ- മുൻദളങ്ങളിലേയ്ക്ക് ഹൈപ്പോതലാമിക് ഇൻഫൻഡിബുലം വഴി.

പിയൂഷ ഗ്രന്ഥി

[തിരുത്തുക]
പിറ്റ്യൂറ്ററി
തലയോട്ടിയിലുള്ള സ്ഫീനോയ്ഡ്

ഉയർന്ന കശേരുകികളിൽ ഇത് തലയോട്ടിയിലുള്ള സ്ഫീനോയ്ഡ് (sphenoid)[5] എല്ലിലെ സെല്ലടൂസിക്കായിൽ സ്ഥിതി ചെയ്യുന്നു. ഭ്രൂണത്തിന്റെ വളർച്ചയിൽ ഇത് രണ്ടു സ്ഥാനങ്ങളിൽ നിന്ന് പ്രത്യക്ഷപ്പെടുന്നതായി കാണാം. ന്യൂറോഹൈപ്പോഫൈസിസ് (Neurohypophysis)[6] ആയി രൂപപ്പെടുന്ന ഭാഗം തലച്ചോറിന്റെ ഒരു ഭാഗമായ ഇൻഫണ്ടിബുലത്തിന്റെ (Infundibulam)[7] കീഴ്ത്തട്ടിൽനിന്നും, അഡിനോഹൈപ്പോഫൈസിസ് ആയിത്തീരുന്ന ഭാഗം (റാത്ത്കീസ് പൌച്ച്) വായിലെ ചർമത്തിൽ നിന്നും ഉദ്ഭവിക്കുന്നു. തുടർന്നുള്ള വളർച്ചയിൽ സസ്തനികളിൽ അഡിനൊഹൈപ്പോഫൈസിസ് മൂന്നു വ്യത്യസ്തഭാഗങ്ങളുള്ള ഒരു ഗ്രന്ഥിയായി രൂപാന്തരപ്പെടുന്നു. ഈ ഭാഗങ്ങൾ പാഴ്സ് ഇന്റർമീഡിയ (pars intermedia),[8] പാഴ്സ് ട്യൂബറാലിസ് (P.tuberalis),[9] പാഴ്സ് ഡിസ്റ്റാലിസ് (P.distalis)[10] എന്നിവയാണ്. ന്യൂറോഹൈപ്പോഫൈസിസിൽ മാത്രം മീഡിയം എമിനൻസ്, പാഴ്സ് നെർവോസാ (P.nervosa)[11] എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്.

ഉയർന്ന കശേരുകികളിൽ റാത്ത്കീസ്പൌച്ച് അതിന്റെ ആരംഭം മുതല്ക്കുതന്നെ ഇൻഫണ്ടിബുലത്തോട് മുട്ടി നില്ക്കുന്നു. മത്സ്യങ്ങളിലും ആംഫിബിയകളിലും ഈ പൌച്ച് ഒരു കട്ടിവളർച്ച മാത്രമാണ്. മധ്യഭാഗം ഇടുങ്ങി രണ്ടുപാളികൾ ഉണ്ടാകുന്നു. വായുടെ സമീപത്തായുള്ള മുഖപാളി(oral lobe)യും വായിൽനിന്നു മാറി സ്ഥിതിചെയ്യുന്ന ഒരു അപമുഖപാളി(aboral lobe)യും ആണിവ. തുടർന്ന് ഇടുങ്ങിയ ഭാഗത്തിനു സമീപത്തായി രണ്ടുവശത്തും ഓരോ പാർശ്വപാളികൾ പുറത്തേക്കു വളരുന്നു. അപമുഖപാളിയാണ് ഇൻഫണ്ടിബുലത്തെ ആദ്യമായി സ്പർശിക്കുന്നത്. ഈ ഭാഗം പിന്നീട് പാഴ്സ് ഇന്റർമീഡിയയായി രൂപാന്തരപ്പെടുന്നു. അപമുഖപാളിയുടെ ബാക്കിയും മുഖപാളിയും ചേർന്ന് പാഴ്സ് ഡിസ്റ്റാലിസും രൂപം പ്രാപിക്കുന്നു. റാത്ത്കീസ് പൌച്ചിനെ വായുമായി ബന്ധിക്കുന്ന ചർമം കൊണ്ടുള്ള ഞെട്ടും ചില ജീവികളിൽ പാഴ്സ് ഡിസ്റ്റാലിസിന്റെ ഒരു ഭാഗമായിത്തീരാറുണ്ട്.

ന്യൂറോഹൈപ്പോഫൈസിസിന്റെ ഒരു ഭാഗമായ മീഡിയൻ എമിനൻസും അഡിനോഹൈപ്പോഫൈസിസും ഒന്നിച്ച് ഒരേ രക്തവാഹിനികളിൽനിന്നും രക്തം പങ്കിടുന്നു. ന്യൂറോഹൈപ്പോഫൈസിസിന്റെ ബാക്കി ഭാഗം പാഴ്സ് നെർവോസയായിത്തീരുന്നു.

പല ശാഖകളായി പിരിഞ്ഞ് ചങ്ങലരൂപത്തിൽ കോർത്തിണക്കിയ കോശങ്ങൾ ചേർന്നതാണ് അഡിനോഹൈപ്പോഫൈസിസ്.[12] ഇവയുടെ ഇടയ്ക്ക് സൈനുസോയിഡുകളും കാണാം. എല്ലാ കശേരുകികളിലും അഡിനോഹൈപ്പോഫൈസിസിൽ അകിഡോഫിൽ, സെയ്ഡോഫിൽ, ക്രോമോഫോസ് എന്നീ മൂന്നുതരം കോശങ്ങൾ കണ്ടുവരുന്നു. കോശങ്ങൾക്കു കൊടുത്തിരിക്കുന്ന ഈ പേരുകൾ അവ ഏതു നിറത്തോട് കൂടുതൽ ചേർച്ച കാണിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്. പൊതുവേ സെയ്ഡോഫിലുകളെ തൈറോട്രോപ്പിക് ഹോർമോണിന്റെ സ്രവണവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അഡിനോഹൈപ്പോഫൈസിസിൽ നിന്നു മാത്രം ഏഴു ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു: പാഴ്സ് ഇന്റർമീഡിയയിൽനിന്നുള്ള ഇന്റർമെഡിൻ, പാഴ്സ്ഡിസ്റ്റാലിസിൽനിന്നുള്ള വളർച്ച ഹോർമോൺ, അഡ്രിനോകോർട്ടിക്കോട്രോപ്പിക് ഹോർമോൺ (ACTH) തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH), ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ (FSH), ലൂട്ടിനൈസിങ് ഹോർമോൺ (LH), ലൂട്ടിയോ ട്രോപ്പിക് ഹോർമോൺ (LTH). എന്നാൽ ഓരോ പ്രത്യേക ഹോർമോണും സ്രവിക്കുന്ന കോശങ്ങൾ ഏതൊക്കെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.

നാഡീതന്തുക്കളുടെ ടെർമിനലുകളും ഗ്ളൈയാ കോശങ്ങളും രക്തവാഹിനികളും ഉൾക്കൊണ്ട ഒരു ഭാഗമാണ് ന്യൂറോ ഹൈപ്പോഫൈസിസ്. ഹൈപ്പോതലാമസിലെ നാഡീസ്രവകോശങ്ങൾ ഉത്പാദിപ്പിക്കുന്ന സ്രവത്തരികൾ ഹൈപ്പോത്തലാമോ - ഹൈപ്പോഫൈസിയൽ പാതവഴി ന്യൂറോഹൈപ്പോഫൈസിസിലെ നാഡീതന്തുക്കളുടെ ടെർമിനലുകളിൽ എത്തുകയും അവിടെനിന്ന് രക്തത്തിൽ കലരുകയും ചെയ്യുന്നു. നാല് പ്രധാന ഹോർമോണുകളെ ഇതിൽനിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്: ലൈസിൻ വാസോപ്രസിൻ, ആർജിനിൻ വാസോപ്രസിൻ, ഓക്സിടോസിൻ, ആർജിനിൻ വാസോടോസിൻ എന്നിവ.

തൈറോയ്ഡ്

[തിരുത്തുക]
തൈറോയ്ഡ് സിസ്റ്റം
തൈറോയ്ഡ്, പാരാതൈറോയ്ഡ് ഗ്രന്ഥി

അയഡൈഡിനെ ശേഖരിക്കുകയും അതിനെ തൈറോക്സിനാക്കി മാറ്റുകയും ചെയ്യുന്ന ഒരു അവയവമാണ് തൈറോയ്ഡ്. സൈക്ളോസ്റ്റോമുകളിലും (cyclostomes)[13] ടീലിയോസ്റ്റുകളിലും (teleosts)[14] ഇത് ഒരു ഗ്രന്ഥിയായി രൂപം പ്രാപിച്ചിട്ടില്ല. തരുണാസ്ഥി മത്സ്യങ്ങളിൽ ഇത് ഗ്രസനിക്ക് അഭിമുഖമായി ഒരു ഡിസ്കിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്നു. ആംഫിബീയകളിൽ തൈറോയ്ഡ് ഗ്രന്ഥി ഹയോയ്ഡ് കാർട്ടിലേജിനോട് ചേർന്ന് ഇരട്ടയായി കാണുന്നു. ഇഴജന്തുക്കളിലും സസ്തനികളിലും ശ്വാസനാളത്തിൽ കുറുകെയായോ ഇരുവശങ്ങളിൽ സ്ഥിതിചെയ്യുന്ന ഓരോ പാളികളും അവയെ തമ്മിൽ ഘടിപ്പിക്കുന്ന നടുവിലുള്ള ഒരു ചെറിയ ഇസ്ത്മസും (isthmus) കൂടിചേർന്നോ കാണപ്പെടുന്നു. എന്നാൽ പക്ഷികളിൽ വട്ടത്തിലുള്ള രണ്ടു പാളികളുടെ രൂപത്തിൽ ശ്വാസനാളത്തിന്റെ ഇരുവശങ്ങളിലായാണ് ഇതു സ്ഥിതി ചെയ്യുന്നത്.

തൈറോയ്ഡ് ഗ്രന്ഥി ഗ്രസനിയുടെ കീഴ്ത്തട്ടിൽനിന്ന് വളരുന്നു. ആദ്യമായി ഇത് ഒരു പോക്കറ്റിന്റെ രൂപത്തിലോ അഥവാ കട്ടിയുള്ള കലയായോ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അടിയിൽ നടുവിലായി ഒന്നാമത്തെയോ രണ്ടാമത്തെയോ വിസറൽ പൌച്ചുകളോടനുബന്ധിച്ച് വളരുന്നു.

കശേരുകികളിൽ കാണുന്ന ഓരോ തൈറോയ്ഡ് ഗ്രന്ഥിയും അനേകം ചെറിയ ഫോളിക്കിളുകൾ ചേർന്നതാണ്. ഓരോ ഫോളിക്കിളും അകം പൊള്ളയായതും ഗോളാകൃതിയിലുള്ളതുമായ ഒരടുക്ക് എപ്പിത്തീലിയ കോശങ്ങൾകൊണ്ട് രൂപീകൃതമാണ്. ഓരോ ഫോളിക്കിളിനുള്ളിലും കൊളോയ്ഡ് നിറഞ്ഞ ഒരു ഭാഗമുണ്ട്. ഫോളിക്കിളിനെ ചുറ്റി ധാരാളം രക്തക്കുഴലുകളും കാണപ്പെടുന്നു. ഫോളിക്കിളുകളിലുള്ള എപ്പിത്തീലിയ കോശങ്ങൾ ഗ്രന്ഥിയുടെ പ്രവർത്തനമനുസരിച്ച് മാറ്റങ്ങൾ കാണിക്കുന്നു. നീളംകുറഞ്ഞ സ്ക്വാമസ് എപ്പിത്തീലിയം (squamous epithelium) പ്രവർത്തനംകുറഞ്ഞ ഗ്രന്ഥിയുടെയും, ഉയരം കൂടിയ കോളമ്നാർ എപ്പിത്തീലിയം അതിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥിയുടെയും ലക്ഷണങ്ങളായി കരുതപ്പെടുന്നു. ഫോളിക്കിളുകളുടെ ഉള്ളിലുള്ള കൊളോയ്ഡിലും ഗ്രന്ഥിയുടെ മാറ്റങ്ങൾ കാണാവുന്നതാണ്

പാരാതൈറോയ്ഡ്

[തിരുത്തുക]

പാരാത്തോർമോൺ[15] സ്രവിക്കുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ്. സസ്തനികളിൽ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പുറത്ത് ഒട്ടിച്ചേർന്നു കാണുന്നു. മത്സ്യങ്ങളിലും പരിണാമപരമായി താഴ്ന്ന ജന്തുക്കളിലും പാരാതൈറോയ്ഡ് ഗ്രന്ഥികൾ കാണാറില്ല. മനുഷ്യരിലും മറ്റു മിക്ക സസ്തനികളിലും ആംഫീബിയകളിലും നാലെണ്ണം കാണാറുണ്ടെങ്കിലും എലികളിൽ ഇവ രണ്ടെണ്ണമായി ചുരുങ്ങിയിരിക്കുന്നു. ഫാരിൻജിയൽ (pharyngeal)[16] പൌച്ചുകളുടെ അറ്റത്തുനിന്നുമാണ് ഇവ പ്രത്യക്ഷപ്പെടുന്നത്.പക്ഷികളിലും സസ്തനികളിലും പല ശാഖകളായി പിരിഞ്ഞ് ചരടിന്റെ രൂപത്തിൽ ഒന്നിനോടൊന്നു ചേർന്ന കോശങ്ങളും അവയ്ക്കിടയിൽ കൂടി വലപോലുള്ള ക്യാപ്പിലറികളും ചേർന്ന ഘടനയാണുള്ളത്.

പൈനിയൽ അപ്പാരറ്റസ്

[തിരുത്തുക]
പൈനിയൽ ഗ്രന്ഥി

പൈനിയൽ അഥവാ എപ്പിഫൈസിസ് തലച്ചോറിലെ മൂന്നാമത്തെ വെൻട്രിക്കിളിന്റെ ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇതിൽ എപ്പെൻസൈമാ, ഗ്ലൈയാ, നാഡീകോശങ്ങൾ തുടങ്ങി പലതരം കോശങ്ങൾ ഒരു സമ്മിശ്രരൂപത്തിൽ കാണുന്നു. ഘടനയിൽ ഇതിന് ഇഴജന്തുക്കളുടെ മൂന്നാം കണ്ണിനോട് സാദൃശ്യമുണ്ട്. ഇത് ഒരു തെർമോസ്റ്റാറ്റായി (thermostat) പ്രവർത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ആൽഡോസ്റ്റിറോൺ എന്ന ഹോർമോണിനെ സ്രവിപ്പിക്കാൻ അഡ്രിനൽ മെഡുലയെ പ്രചോദിപ്പിക്കുന്ന ഒരു വസ്തുവും ഇതിൽ സംഭരിച്ചിരിക്കുന്നെന്ന് കരുതപ്പെടുന്നു. ഒരു ക്രൊമാറ്റോഫോറോട്രോപ്പിനും ഇതിൽനിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്.[17]

പാൻക്രിയാസ്

[തിരുത്തുക]
പാൻക്രിയാസ്
ഐലറ്റ്സ് ഒഫ് ലാങ്ങർഹാൻസ്

ഇൻസുലിൻ‍, ഗ്ലൂക്കഗോൺ എന്നീ ഹോർമോണുകൾ സ്രവിക്കുന്ന ഗ്രന്ഥിയാണ് പൻക്രിയാസ്. പാൻക്രിയാസിന്റെ ബഹുഭൂരിഭാഗവും അഡിനൈ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള കോശസമൂഹങ്ങൾ നിറഞ്ഞതാണ്. ഓരോ അഡിനൈയും ഓരോ കുഴലിൽക്കൂടി സ്രവിക്കുന്നു. ഇവയ്ക്കിടയിലായി അതിസൂക്ഷ്മവും കുഴലുകളാൽ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു പ്രത്യേക ടിഷ്യു കാണാം. ഇതിനെ ഐലറ്റ്സ് ഒഫ് ലാങ്ങർഹാൻസ് (islets of langerhans)[18] എന്ന് വിളിക്കുന്നു. ഇതിൽ ശാഖോപശാഖകളായി പിരിഞ്ഞ ചരടുകളുടെ രൂപത്തിൽ കോശങ്ങളെ അടുക്കിയിരിക്കുന്നു. ഇവയ്ക്കിടയിലായി ധാരാളം രക്തക്കുഴലുകളും സൈനുസോയ്ഡുകളും കാണാം. ഐലറ്റ്സിൽ രണ്ടുതരം കോശങ്ങളുണ്ട്: ഗ്ലൂക്കഗോൺ സ്രവിക്കുന്ന ആൽഫാകോശങ്ങളും ഇൻസുലിൻ സ്രവിക്കുന്ന ബീറ്റാ കോശങ്ങളും.

ജനനഗ്രന്ഥി

[തിരുത്തുക]

(Gonad)

കുടലിന്റെ താഴെയും മുകളിലുമുള്ള ഭിത്തികളിൽനിന്ന് രണ്ട് വ്യത്യസ്ത (rudiments) ആദ്യാവശേഷങ്ങളായി പാൻക്രിയാസ് ആദ്യം പ്രത്യക്ഷപ്പെടുന്നു. ഈ ആദ്യാവശേഷങ്ങൾ പല ശാഖകളായി വളർന്ന് കുഴലുകളുടെ ഒരു വ്യൂഹം സൃഷ്ടിച്ച് പൂർണവളർച്ച പ്രാപിക്കുന്നു. കുടലിന്റെ മുകൾഭിത്തിയിൽനിന്ന് വളർന്ന ശാഖയുടെ കുഴൽ അപ്രത്യക്ഷമാകും. ഇങ്ങനെയുണ്ടായ കോശങ്ങളുടെ കൂട്ടങ്ങളിൽ ചിലത് അവയുടെ ചെറുകുഴലുകൾവഴി സംഘടിക്കപ്പെട്ട് എക്സോക്രൈൻ അഡിനൈ ആയി രൂപാന്തരപ്പെടുന്നു. എന്നാൽ മറ്റുചിലത് കുഴലുകൊണ്ടുള്ള അവയുടെ ബന്ധം നഷ്ടപ്പെടുത്തുകയും ഐലറ്റ്സ് ഒഫ് ലാങ്ങർഹാൻസ് ആയിത്തീരുകയും ചെയ്യുന്നു.[19] ജനനേന്ദ്രിയങ്ങളുടെ പ്രസവാനന്തരവളർച്ചയെ നിയന്ത്രിക്കുന്ന സ്റ്റീറോയ്ഡ് (steroid)[20] ഹോർമോണുകൾ സ്രവിക്കുന്ന ഒരു ഗ്രന്ഥി. അണ്ഡാശയം സാധാരണയായി ഇരട്ടയാണ്. സസ്തനികളിൽ ഇതിന് അഞ്ചു വ്യത്യസ്ത ഭാഗങ്ങളുണ്ട്: ജെർമിനൽ എപ്പിത്തീലിയം, ഫോളിക്കിളുകൾ, കോർപ്പസ് ലൂട്ടിയം, ഇന്റർസ്റ്റീഷ്യൽ സെല്ലുകൾ, ഓവേറിയൻ സ്ട്രോമാ. ജെർമിനൽ എപ്പിത്തീലിയത്തിൽ നിന്ന് പ്രൈമോർഡിയൽ (primordial)[21] ഫോളിക്കിളുകൾ ഉദ്ഭവിക്കുന്നു. ഓരോ ഫോളിക്കിളിലും ഗ്രാനുലോസാ കോശങ്ങളാൽ ചുറ്റപ്പെട്ട ഒരു ഊഗോണിയം (oogonium)[22] ഉണ്ടായിരിക്കും. ഫോളിക്കിളിനെ മൂടിയിരിക്കുന്ന സംയോജകകല രണ്ട് അട്ടികളുള്ളതായി തീരുന്നു. ഇവയെ തീക്കാ ഇന്റേണാ എന്നും തീക്കാ എക്സ്റ്റേണാ എന്നും വിളിക്കുന്നു. ഗ്രാനുലോസാ കോശങ്ങളുടെ മധ്യത്തിൽ ദ്രവം കൊണ്ടുനിറഞ്ഞ ആന്ത്രം എന്ന ഒരു ഗഹ്വരം പ്രത്യക്ഷപ്പെടുന്നു. ഫോളിക്കിൾ പൂർണവളർച്ച പ്രാപിക്കുമ്പോൾ അണ്ഡോത്സർഗം നടക്കും. ഇങ്ങനെ പൊട്ടിപ്പോയ ഫോളിക്കിൾ കോർപ്പസ് ലൂട്ടിയമായി രൂപാന്തരപ്പെടുന്നു. ഇത് വിവിധ കാലയളവുകളിൽ നിലനില്ക്കുന്നു. അണ്ഡാശയഫോളിക്കിൾ ഈസ്ട്രജനും, കോർപ്പസ് ലൂട്ടിയം പ്രോ ജസ്റ്ററോണും ഈസ്ട്രജനും ഉത്പാദിപ്പിക്കുന്നു. തീക്കാ ഇന്റേണാകോശങ്ങൾ പ്രോ-ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നതായി കരുതപ്പെടുന്നു. ഇതിനെ ഗ്രാനുലോസാ കോശങ്ങൾ ഈസ്ട്രജനായി രൂപപ്പെടുത്തുന്നു. ഇതു കൂടാതെ ഹൈപ്പർ എപ്പിത്തീലോയ്ഡ് കോശങ്ങളുടെ ഒരു കൂട്ടം അണ്ഡാശയ ആൻഡ്രജൻ ഉത്പാദിപ്പിക്കുന്നു. മറ്റൊരു അണ്ഡാശയ ഹോർമോണാണ് റിലാക്സിൻ. ഇത് ഗർഭഹോർമോണായി കണക്കാക്കപ്പെടുന്നു.

അന്തരാളീകോശങ്ങൾ വൃഷണങ്ങളിലെ പുംബീജോത്പാദനക്കുഴലുകളുടെ ഇടയിൽ കാണപ്പെടുന്ന സംയോജകകലയാണ്. ഇവ ഒരു സ്റ്റീറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ പുംബീജോത്പാദനത്തോടനുബന്ധിച്ച കോശങ്ങളും ഹോർമോൺ തന്നെ സ്രവിക്കുന്നതായി അറിവുണ്ട്. ലൈംഗികശേഷിയുള്ള സസ്തനികളിൽ വൃഷണങ്ങൾ ഉദരത്തിനുതാഴെ ഉറയുടെ രൂപത്തിലുള്ള വൃഷണകോശങ്ങളിലാണ് കാണുന്നത്. എന്നാൽ പക്ഷികളിലും ഇഴജന്തുക്കളിലും ലൈംഗിക വ്യാപാരങ്ങളിലേർപ്പെടാത്ത സസ്തനികളിലും വൃഷണങ്ങൾ ഉദരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. ഇവ പല ആൻഡ്രജനുകളും സ്രവിക്കുന്നു. ഇവയിൽ പ്രധാനം ടെസ്റ്റോസ്റ്റിറോൺ[23] ആണ്.

വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ കശേരുകികളുടെ ജനനഗ്രന്ഥികളിൽ രൂപവ്യത്യാസങ്ങളില്ല. വൃഷണത്തിന്റെ ആദ്യഭാഗം ജനനഗ്രന്ഥിയിലെ മെഡുലയുടെ ഉൾഭാഗത്തു നിന്നും അണ്ഡാശയം പുറത്തെ കോർട്ടക്സിൽനിന്നും വളരുന്നു.

പുരുഷബീജവാഹികളായ വുൾഫിയൻ കുഴലുകൾ മീസോനെഫ്രിക് കുഴലുകളിൽനിന്നും, അണ്ഡാശയനാളികളായ മുള്ളേറിയൻ കുഴലുകൾ അതിനു സമാന്തരമായും വളരുന്നു. സ്ത്രീകളിൽ വൃഷണങ്ങളുടെയും അതിനോടനുബന്ധിച്ച കുഴലുകളുടെയും വളർച്ചയെ തടഞ്ഞുകൊണ്ടാണ് അണ്ഡാശയത്തിന്റെയും അണ്ഡാശയനാളികളുടെയും വളർച്ച നടക്കുന്നത്. അതുപോലെതന്നെ പുരുഷനിൽ അണ്ഡാശയത്തിന്റെയും മുള്ളേറിയൻ കുഴലുകളുടെയും വളർച്ച നശിക്കുകയും വൃഷണങ്ങളുടെയും വുൾഫിയൻ കുഴലുകളുടെയും വളർച്ച പുരോഗമിക്കുകയും ചെയ്യുന്നു.

പ്ലാസന്റ

[തിരുത്തുക]

(Placenta)

പ്ലാസന്റ

മാതാവിനെയും ഭ്രൂണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത് ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഒരു അന്തഃസ്രാവിയായും പ്രവർത്തിക്കുന്നുണ്ട്.

കോറിയോണും ഗർഭപാത്രത്തിന്റെ ഭിത്തിയും കൂടിച്ചേർന്നാണ് പ്ലാസന്റ ആദ്യമായി രൂപപ്പെടുന്നത്. പിന്നീട് ഇതിനോടൊപ്പം അലന്റോയ് കൂടി ഒന്നിച്ചു ചേർന്ന് കൊറിയോ - അലന്റോയ്ക് പ്ലാസന്റായായിത്തീരുന്നു. പല സസ്തനികളിലും പ്ലാസന്റയുടെ വിവിധ അട്ടികൾ ഒന്നൊന്നായി അപ്രത്യക്ഷമാകുകയും അവസാനം ഭ്രൂണകോശങ്ങൾ മാതാവിന്റെ രക്തത്തിൽ സ്വതന്ത്രമായി മുങ്ങിക്കിടക്കുകയും ചെയ്യുന്നു.

പ്ലാസന്റയിൽനിന്ന് ഉത്ഭവിക്കുന്ന ഗൊണാഡോട്രോപ്പിനുകളാണ്[24] ഹ്യൂമൻ കോറിയോൺ ഗൊണാഡോട്രോപ്പിൻ, പ്രെഗ്നന്റ് മെയർ സിറം ഗൊണാഡോട്രോപ്പിൻ, ഹ്യൂമൻ പ്ലാസന്റ ലാക്ടൊജൻ എന്നിവ. ഇവ വിവിധ സസ്തനികളിൽ കണ്ടുവരുന്നു.

അഡ്രിനൽ

[തിരുത്തുക]
അഡ്രിനൽ ഗ്രന്ഥി

സസ്തനികളിലും പക്ഷികളിലും വൃക്കകളുടെ മുൻഭാഗത്തോടു ചേർന്ന് ഇത് കാണപ്പെടുന്നു. ഇതിന് രണ്ടുഭാഗങ്ങളുണ്ട്: കോർട്ടക്സ് അഥവാ ഇന്റർറീനൽ, മെഡുല അഥവാ ക്രോമാഫിൻ കോശങ്ങൾ. ഇന്റർറീനൽ കോശങ്ങൾ പൊതുവേ കൊഴുപ്പു നിറഞ്ഞവയാണ്. എന്നാൽ ചില സമയങ്ങളിൽ കൊഴുപ്പ് തീരെ ഇല്ലാതെയും കണ്ടിട്ടുണ്ട്. ഇതിലും കോശങ്ങൾ ചരടിന്റെ രൂപത്തിൽ അടുക്കിയിരിക്കുന്നു. ഉയർന്ന സസ്തനികളിൽ, ഇവിടെ മൂന്നു മണ്ഡലങ്ങൾ കാണാം:

  1. സോണാ റെറ്റിക്കുലാരിസ് (zona reticularis),[25]
  2. സോണാ ഫാസിക്കുലേറ്റ (z.fasciculata),[26]
  3. സോണാ ഗ്ളോമറുലോസാ (z.glomerulosa)[27]

രക്തസമൃദ്ധമായ സൈനസോയ്ഡുകൾ മെഡുലയെയും കോർട്ടക്സിനെയും വലയം ചെയ്തിരിക്കുന്നു. ജനിച്ച ഉടനെയുള്ള കുട്ടികളുടെ കോർട്ടക്സിന്റെ ഉൾഭാഗത്ത് വളരെ വിസ്തൃതമായ ഒരു ഭാഗമുണ്ട്. ഇതിനെ ജുവനൈൽ കോർട്ടക്സ് എന്നു വിളിക്കുന്നു. കുട്ടി വളരുന്നതോടൊപ്പം ഇത് അപ്രത്യക്ഷമാകുന്നത് കാണാം. ചില സ്പീഷീസിൽ സോണാ ഗ്ലോമറുലോസായുടെയും സോണാ ഫാസിക്കുലേറ്റയുടെയും ഇടയ്ക്ക് സോണാ ഇന്റർമീഡിയാ എന്നൊരു ഭാഗമുണ്ട്. ഇതിൽനിന്ന് കോശങ്ങൾ വർധിച്ച് സോണാ ഗ്ലോമറുലോസായിലേക്കും കോർട്ടക്സിന്റെ ഉൾഭാഗത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. മിനറലോ കോർട്ടിക്കോയ്ഡ് ഹോർമോണുകൾ സോണാ ഗ്ലോമറുലോസായിൽനിന്നും ഗ്ലൂക്കോകോർട്ടിക്കോയ്ഡുകൾ സോണാ ഫാസിക്കുലേറ്റയിൽനിന്നും ആൻഡ്രോജനിക് കോർട്ടിക്കോയ്ഡുകൾ കോർട്ടിക്കൽ സോണിന്റെ ഉൾഭാഗത്തുനിന്നും ഉദ്ഭവിക്കുന്നതായി കരുതുന്നു. ഇന്റർറീനൽ ടിഷ്യു പ്രോനെഫ്രിക്കിലുള്ള സീലോമിക് എപ്പിത്തീലിയത്തിൽനിന്ന് ആവിർഭവിക്കുന്നു.

ക്രോമാഫിൻ ബോഡി

[തിരുത്തുക]

മിക്ക സസ്തനികളിലും ഇന്റർറീനൽ കല ക്രോമാഫിൻ കലയെ ആവരണം ചെയ്തിരിക്കുന്നതായി കാണാം. ക്രോമാഫിൻ കല അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നീ രണ്ട് ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇതിലെ കോശങ്ങൾ ന്യൂറൽ ക്രെസ്റ്റിലെ (neural crest) എക്റ്റോഡേമിൽനിന്ന് ഉദ്ഭവിക്കുന്നു.

കോർപ്പസ് അലാറ്റം

[തിരുത്തുക]

ഷഡ്പദങ്ങളിൽ കാണുന്ന ഒരു അന്തഃസ്രാവിയാണ് കോർപ്പസ് അലറ്റം.[28] സാധാരണയായി ഇത് ഒറ്റയായോ ഇരട്ടയായോ, ഗോളാകൃതിയിൽ അയോർട്ടയുടെ അടിഭാഗത്തോ ഇരുവശങ്ങളിലോ ആയി കാണപ്പെടുന്നു. ഡിപ്റ്റിറയിൽ (diptera) ഇത് മോതിരഗ്രന്ഥിയോട് ചേർന്നുകാണുന്നു. മോതിരഗ്രന്ഥിയിൽ കോർപ്പസ് അലാറ്റം മുകളിലും ഹൈപ്പോസെറിബ്രൽനാഡീകന്ദത്തോടു ചേർന്ന് കോർപ്പസ് കാർഡിയാക്കം താഴെയും, എക്ഡൈഷ്യൽ ഗ്രന്ഥികൾ (ecdysial glands[29]) ഇരുവശത്തുമായി അയോർട്ടയെ വലയം ചെയ്തും സ്ഥിതിചെയ്യുന്നു. പ്രവർത്തനരഹിതമായ കോർപ്പസ് അലാറ്റത്തിൽ ന്യൂക്ലിയസുകൾ കൂട്ടംകൂട്ടമായി ചേർന്നുകാണാം. ഓരോ ന്യൂക്ലിയസിനെയും ചുറ്റി നന്നേ കുറച്ച് സൈറ്റോപ്ലാസമേ ഉണ്ടാകൂ. മാത്രമല്ല സെൽമെംബ്ലെയ്നുകൾ വളരെയധികം മടക്കുകളും ചുളിവുകളും കലർന്നതാണ്. അവ അടുത്ത കോശങ്ങളുടെ ചർമങ്ങളുമായി വിരൽകോർത്ത രീതിയിൽ വിന്യസിക്കപ്പെട്ടിരിക്കും. ഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുമ്പോൾ കോശചർമങ്ങൾ നിവരുകയും മൈറ്റോകോൺഡ്രിയകളുടെയും സ്രവത്തരികളുടെയും എണ്ണത്തിൽ വർധനവ് ഉണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല നാഡീസ്രവത്തരികളും കോർപ്പസ് അലാറ്റത്തിനുള്ളിൽ കണ്ടിട്ടുണ്ട്. അവസാനത്തേത് ഒരുപക്ഷേ കോർപ്പസ് അലാറ്റത്തിനകത്തുകൂടി കടന്നുപോകുന്ന നാഡികൾക്കുള്ളിൽ കാണുന്നവയാകാൻ ഇടയുണ്ട്. പാറ്റകളിൽ അണ്ഡാശയ ചക്രത്തിനോടൊപ്പം കോർപ്പസ് അലാറ്റത്തിന്റെ പ്രവർത്തനത്തിലും മാറ്റങ്ങൾ കാണുന്നു.

ഈ ഗ്രന്ഥി മാൻഡിബുലാർ ഖണ്ഡത്തിന്റെയും മാക്സിലറി ഖണ്ഡത്തിന്റെയും ഇടയ്ക്ക് ചർമത്തിലുള്ള ഒരു മടക്കിൽനിന്നാണ് ഉദ്ഭവിക്കുന്നത്. ഇത് ജുവനൈൽ ഹോർമോൺ എന്ന ഒരു ഹോർമോൺ സ്രവിക്കുന്നു.

എക്ഡൈഷ്യൽ ഗ്രന്ഥി

[തിരുത്തുക]

ഷഡ്പദങ്ങളിലെ മോൾട്ട് ഹോർമോണായ എക്ഡൈസോൺ (ecdysone)[30] സ്രവിക്കുന്നത് ഈ ഗ്രന്ഥിയാണ്. ഇത് സ്ഥിതിചെയ്യുന്ന ശരീരഭാഗത്തിന്റെ വ്യത്യാസമനുസരിച്ച് പ്രോതൊറാസിക് ഗ്രന്ഥി, തൊറാസിക് ഗ്രന്ഥി, പെരിട്രക്കിയൽ ഗ്രന്ഥി, വെൻട്രൽ ഗ്രന്ഥി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഏടെറിഗോട്ടാ വിഭാഗത്തിൽ ഉൾപ്പെട്ട ഷഡ്പദങ്ങളിൽ ഉറയുരിക്കൽ കഴിഞ്ഞയുടനെ ഈ ഗ്രന്ഥി ചെറുതായും കോശങ്ങളിലെ സൈറ്റോപ്ലാസം ഒരേ തരമായും കാണുന്നു. ഉറയുരിക്കലിനു പ്രാരംഭമായി കോശങ്ങൾ വലുതാകുകയും സൈറ്റോപ്ലാസത്തിൽ രിക്തികകൾ ഉണ്ടാകുകയും ചെയ്യുന്നു. ഓഡോണേറ്റയിലും എഫിമെറോപ്റ്റെറയിലും ഈ ഗ്രന്ഥിയെ തലയുടെ പിൻഭാഗത്ത് അടിവശത്തെ ചർമവുമായി ബന്ധിച്ചിരിക്കുന്നു. ചെറിയ നിംഫുകളിൽ ഇത് ചെറുതും കൃത്യമായ ആകൃതിയോടുകൂടിയതുമാണ്. പക്ഷേ, നിംഫുദശയുടെ അവസാനകാലങ്ങളിൽ ഇവയെ വലുതായും കൃത്യമായ ആകൃതിയില്ലാതെയും കാണുന്നു. പാറ്റകളിൽ ഇതിന് 'X' ആകൃതിയാണുള്ളത്. പരന്ന ചരടിന്റെ രൂപത്തിൽ പ്രധാന നാഡിയുടെ ഉപരിഭാഗത്ത് പറ്റിച്ചേർന്നു കാണപ്പെടുന്നു. ഈ ഓരോ പരന്ന ചരടും, സ്ട്രയേറ്റഡ് മാംസപേശികളും പ്രോതൊറാസിക് നാഡീകന്ദത്തിൽനിന്നുള്ള നാഡിയും ശ്വാസക്കുഴലുകളും ഗ്രന്ഥികോശങ്ങളും കൂടി ചേർന്നതാണ്. നിംഫുകളിൽ ഇന്റർ മോൾട്ടിന്റെ മധ്യത്തിൽ പെട്ടെന്ന് ക്രമഭംഗം മുഖേന കോശങ്ങളുടെ എണ്ണം പെരുകുന്നു ഗ്രില്ലോറ്റാൽപ്പായിൽ തണ്ടോടുകൂടിയ സഞ്ചിയുടെ രൂപത്തിൽ ഈ ഗ്രന്ഥി പ്രത്യക്ഷപ്പെടുന്നു. പൊതുവേ മിക്ക ഷഡ്പദങ്ങളിലും കൃത്യമായ രൂപത്തോടുകൂടിയോ അല്ലാതെയോ ഇത് ചരടുരൂപത്തിലാണ് കാണുന്നത്. ഡിപ്റ്റിറയിൽ ഇത് മോതിരഗ്രന്ഥി അഥവാ വൈസ്മാനിയൻ റിങ്ങിനോടു ചേർന്നു കാണപ്പെടുന്നു. മിക്കവാറും എല്ലാ ഷഡ്പദങ്ങളിലും പ്രായപൂർത്തിയാകുന്നതോടൊപ്പം ഈ ഗ്രന്ഥിയും അപ്രത്യക്ഷമാകുന്നു. ഇലക്ട്രോൺ സൂക്ഷ്മദർശിനി ഉപയോഗിച്ചുള്ള പഠനങ്ങളിൽനിന്നും ഗ്രന്ഥിക്കുള്ളിലായി ധാരാളം ചെറിയ ശാഖകളായി തിരിഞ്ഞ ചാലുകൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ഈ ചാലുകൾ ഒരുപക്ഷേ പുറമെയുള്ള ചർമങ്ങളുടെ ഉള്ളിലേക്കുള്ള ഒടിവുകളും ചുളിവുകളുമാകാം. എന്തായാലും ഇവ കോശങ്ങളുടെ ഇടയ്ക്കായിട്ടാണ് കണ്ടുവരാറുള്ളത്. കൂടാതെ അന്തഃസ്രവത്തരികൾ വഹിക്കുന്ന നാഡികളുടെ ടെർമിനലുകളും കണ്ടിട്ടുണ്ട്. കോശങ്ങളുടെ ന്യൂക്ലിയസിനകത്ത് ന്യൂക്ലിയോലസുകൾ തെളിഞ്ഞു കാണാം. തലയുടെ പിൻഭാഗത്തിന്റെ അടിവശത്തായി കാണുന്ന ചർമത്തിൽ നിന്നാണ് ഈ ഗ്രന്ഥി ഉദ്ഭവിക്കുന്നത്.

Y-അവയവം

[തിരുത്തുക]

(Y-Organ)

ക്രസ്റ്റേഷ്യകളുടെ മോൾട്ട് ഗ്രന്ഥിയാണിത്. ഷഡ്പദങ്ങളിലെ എക്ഡൈഷ്യൽ ഗ്രന്ഥിക്കു സമമായി കരുതപ്പെടുന്നു. ഇത് ചർമത്തിൽനിന്നുദ്ഭവിക്കുകയും ആന്റനൽ ഖണ്ഡത്തിന്റെയോ മാക്സിലറി ഖണ്ഡത്തിൻയോ ഇരുവശങ്ങളിലായി കാണപ്പെടുകയും ചെയ്യുന്നു. ഇത് മോൾട്ട് ഹോർമോണായ ക്രസ്റ്റെക്ഡൈസോൺ ഉത്പാദിപ്പിക്കുന്നു. ക്രസ്റ്റേഷ്യകൾ ഭൂരിഭാഗവും Y-അവയവം[31] ജീവാവസാനം വരെ നിലനിർത്തുന്നു. പ്രവർത്തനരഹിതമായ ഗ്രന്ഥിയുടെ കോശങ്ങൾ വൃത്താകൃതിയിലും ക്രമമായും കാണുന്നു. ഇവയിൽ ന്യൂക്ലിയസ് വളരെ ചെറുതും സൈറ്റോപ്ലാസം ഏകതാനവുമാണ്. ഉറയുരിക്കലിന്റെ ആരംഭത്തിൽ ന്യൂക്ലിയസിനും സൈറ്റോപ്ലാസത്തിനും ഉണ്ടാകുന്ന മാറ്റങ്ങളിൽനിന്ന് സ്രവണക്രമം അതിയായി വർധിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. ചെറിയ നാഡികളും ഗ്രന്ഥിയുടെ ഉള്ളിൽ കണ്ടിട്ടുണ്ട്. Y-അവയവം പറിച്ചുമാറ്റിയാൽ ഉറയുരിക്കൽ നിന്നു പോകുകയും അത് വീണ്ടും ശരീരത്തിനുള്ളിൽ ചെലുത്തിയാൽ ഉറയുരിക്കാനുള്ള കഴിവ് വീണ്ടുകിട്ടുകയും ചെയ്യുന്നു. സ്രവത്തരികൾ ഇന്നുവരെ ഗ്രന്ഥിയുടെ കോശങ്ങൾക്കുള്ളിൽ കണ്ടിട്ടില്ല. എന്നാൽ അവയിൽ അതിസൂക്ഷ്മങ്ങളായ ചില അന്തർഭൂതവസ്തുക്കൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആൻഡ്രോജനിക് ഗ്രന്ഥി

[തിരുത്തുക]

ക്രസ്റ്റേഷ്യകളിൽ പ്രാഥമികവും ദ്വിതീയവും സ്വഭാവികവുമായ എല്ലാ പുരുഷലിംഗസ്വഭാവങ്ങൾക്കും കാരണമായ പുരുഷഹോർമോൺ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥി. ആംഫീപോഡുകളിൽ ഈ ഗ്രന്ഥി ചുരുണ്ടുകൂടിയ ചരടുകൾ പോലെ പിരമിഡിന്റെ ആകൃതിയിൽ ക്രമീകരിച്ചും പുംബീജവാഹിനികളോട് പറ്റിച്ചേർന്നും കാണുന്നു. പക്ഷേ പല ക്രസ്റ്റേഷ്യകളിലും ഈ ഗ്രന്ഥി പുരുഷ ജനനേന്ദ്രിയത്തിന്റെ പല സ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ചിലതിൽ വൃഷണങ്ങളോട് ചേർന്നും മറ്റു ചിലതിൽ സെമിനൽ വെസിക്കിളിനോടു പറ്റിച്ചേർന്നും വേറെ ചിലതിൽ മേല്പറഞ്ഞപോലെ വാസ് ഡെഫറൻസിനോട് പറ്റിയും കാണപ്പെടുന്നു. കോശങ്ങളുടെ ക്രമീകരണത്തിലുള്ള വ്യത്യാസമനുസരിച്ച് ഈ ഗ്രന്ഥിയെ നാലായി തരം തിരിച്ചിരിക്കുന്നു: സാധാരണ ചരടുകൾ പോലെ കോർത്തിണക്കിയവ, പല ശാഖകളായി പിരിഞ്ഞ ചരടുകൾ പോലെ കോശങ്ങൾ സംവിധാനം ചെയ്തവ, പത്തിയുടെ ആകൃതിയിൽ കോശങ്ങൾ ചേർത്തവ, ഗോളാകൃതിയിൽ സംയുക്ത കോശപാളിയുടെ സ്വഭാവമുള്ളവ. മുതിർന്ന ഞണ്ടുകളിൽ ഒന്നിനോട് ഒന്നുചേർന്ന് ചരടുകൾ പോലെ ഒരു സെ.മീ. ഓളം നീളത്തിൽ വാസ്ഡെഫറൻസിന്റെ പുറത്ത് ഏറ്റവും പിന്നിലായി ഈ ഗ്രന്ഥി കാണപ്പെടുന്നു. വയൽ ഞണ്ടിൽ (പാരാടെൽ ഫ്യൂസാ) ഒഴികെ മറ്റൊന്നിലും ഇന്നുവരെ സ്രവത്തരികൾ ഈ ഗ്രന്ഥിയുടെ കോശങ്ങളിൽ കണ്ടിട്ടില്ല. മേല്പറഞ്ഞ ഞണ്ടിൽ സ്രവത്തരികൾ ബേസോഫിലിക് രൂപത്തിൽ ആദ്യം പ്രത്യക്ഷപ്പെടുകയും ഗ്രന്ഥി കാലികമാറ്റങ്ങൾ കാണിക്കുകയും ചെയ്യുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

ഇതുംകൂടിക്കാണുക

[തിരുത്തുക]

അന്തഃസ്രവവിജ്ഞാനീയം

അവലംബം

[തിരുത്തുക]
  1. http://web.mst.edu/~rhall/neuroscience/02_structure_and_pharmacology/messengers.pdf
  2. http://www.acnp.org/g4/GN401000007/Default.htm
  3. http://medical-dictionary.thefreedictionary.com/inhibitory
  4. http://www.facebook.com/pages/Genital-ridge/119528411426254
  5. http://prosites-otohouston.homestead.com/transsphenoidanatomy.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-09. Retrieved 2011-08-08.
  7. http://www.britannica.com/EBchecked/topic/288015/infundibulum
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-12. Retrieved 2011-08-08.
  9. http://www.facebook.com/pages/Pars-tuberalis/124034394308541
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-29. Retrieved 2011-08-08.
  11. http://www.ncbi.nlm.nih.gov/pubmed/163733
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-09. Retrieved 2011-08-08.
  13. http://www.gma.org/fogm/agnatha.htm
  14. http://www.nhc.ed.ac.uk/index.php?page=493.470.483.482
  15. http://www.encyclo.co.uk/define/parathormone
  16. http://www.nature.com/gimo/contents/pt1/full/gimo46.html
  17. http://www.wayfinding.net/pineal.htm
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2011-08-08.
  19. http://www.ncbi.nlm.nih.gov/books/NBK29/
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-11. Retrieved 2011-08-08.
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-21. Retrieved 2011-08-08.
  22. http://botanydictionary.org/oogonium.html
  23. http://www.nlm.nih.gov/medlineplus/ency/article/003707.htm
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-11. Retrieved 2011-08-08.
  25. http://www.ncbi.nlm.nih.gov/pubmed/8855801
  26. http://www.ncbi.nlm.nih.gov/pubmed/11277938
  27. http://medcell.med.yale.edu/histology/endocrine/zona_glomerulosa.php[പ്രവർത്തിക്കാത്ത കണ്ണി]
  28. http://www.plosone.org/article/info:doi%2F10.1371%2Fjournal.pone.0000187
  29. http://www.ncbi.nlm.nih.gov/pubmed/7210799
  30. http://ecdybase.org/
  31. http://www.britannica.com/EBchecked/topic/651048/Y-organ

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃസ്രാവികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തഃസ്രാവികൾ&oldid=4088894" എന്ന താളിൽനിന്ന് ശേഖരിച്ചത്