ഡ്രാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Draco (lawgiver) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രാക്കോ
ജനനംബി.സി.650
അറിയപ്പെടുന്നത്'ഡ്രാക്കോണിയൻ നിയമം'

ആദ്യ ഗ്രീക്ക് നിയമജ്ഞൻ ആണ് ഡ്രാക്കോ (ഗ്രീക്ക് : Δράκων, Drakōn). ബി.സി. 7-നൂറ്റാണ്ടിൽ ഗ്രീസിലെ ആഥൻസിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ആ കാലം വരെ ഗ്രീസിൽ നിലവിൽ ഉണ്ടായിരുന്ന വാമൊഴി നിയമം മാറ്റി ഒരു ലിഖിത നിയമം തയ്യാറാക്കിയത് ഇദേഹമാണ്.[1]

ഡ്രാക്കോനിയൻ നിയമം[തിരുത്തുക]

ബി.സി. ഏഴാം ശതകത്തിലെ ആഥൻസിൽ ഡ്രാക്കോൺ ആവിഷ്കരിച്ച നിയമം, വളരെ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്തിരുന്നു. നിസാര കുറ്റത്തിന് പോലും വധശിക്ഷ ആയിരുന്നു ഈ നിയമത്തിൽ.[2]ഇന്നും ഇത്തരം കടുത്ത നിയമങ്ങളെ ഡ്രാക്കോനിയൻ നിയമം എന്നാണ് വിളിക്കുന്നത്. ചെറിയ കുറ്റങ്ങൾക്കു പോലും അതികഠിനമായ ശിക്ഷ വിധിക്കുന്ന കരിനിയമത്തിന്റെ പര്യായമായിട്ടാണ് ഇപ്പോൾ ഡ്രാക്കോണിയൻ നിയമം എന്ന സംജ്ഞ വിവക്ഷിക്കപ്പെടുന്നത്. ജനാധിപത്യ സമ്പ്രദായം നിലവിലുള്ള സമൂഹത്തിൽ അത്തരം നിയമങ്ങൾ സ്വേഛാധിപത്യമെന്നും അപലപിക്കപ്പെടും. ബി.സി. 610-ൽ സൈലോൺ എന്ന പ്രഭുകുമാരന്റെ നേതൃത്വത്തിൽ ആഥൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അന്നത്തെ ഭരണാധികാരികൾക്ക് കലാപം അടിച്ചമർത്താൻ കഴിഞ്ഞുവെങ്കിലും ജനങ്ങൾക്കിടയിലെ അസംതൃപ്തി പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല, ഈ അസംതൃപ്തി പുതിയ കലാപങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഭരണാധികാരികൾ ഭയപ്പെടുകയും ചെയ്തു. അതിനാൽ, കൂടുതൽ കർക്കശമായ നിയമങ്ങൾക്കു രൂപം കൊടുക്കാനും അത് ലളിതമായി ക്രോഡീകരിക്കാനും ആഥൻസിലെ ഭരണാധികാരികൾ തീരുമാനിച്ചു. ഡ്രാക്കോണിനെയാണ് ഈ ചുമതല ഏല്പിച്ചത്. ഡ്രാക്കോൺ ആവിഷ്കരിച്ച നിയമസംഹിത അതികഠിനവും ക്രൂരവുമായിരുന്നു. നിസ്സാര കുറ്റകൃത്യങ്ങൾക്കുപോലും വധശിക്ഷ വിധിക്കുന്ന നിയമങ്ങളാണ് ഡ്രാക്കോൺ ആവിഷ്കരിച്ചത്. തോട്ടത്തിൽ നിന്ന് ആപ്പിൾ മോഷ്ടിക്കുന്ന കുറ്റത്തിനുപോലും വധശിക്ഷ നല്കണമെന്നാണ് ഡ്രാക്കോൺ അനുശാസിച്ചത്. ചെറിയ കുറ്റങ്ങൾ ചെയ്താൽ പോലും വധിക്കപ്പെടുമെന്ന സ്ഥിതി വന്നാൽ, ജനങ്ങൾ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിയുമെന്ന് ഡ്രാക്കോൺ വിശ്വസിച്ചു. ഡ്രാക്കോണിന്റെ നിയമസംഹിത 'രക്തത്തിൽ രചിച്ച നിയമങ്ങൾ'എന്നാണ് അക്കാലത്തുതന്നെ അറിയപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്തതും കർക്കശവുമായ നിയമ ങ്ങൾ പില്ക്കാലത്ത് 'ഡ്രാക്കോണിയൻ നിയമം' എന്നു കുപ്രസിദ്ധി നേടി.

ക്രൂരമായ ഡ്രാക്കോണിയൻ നിയമങ്ങൾക്കുപോലും ആഥൻസിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല. സൈലോണിന്റെ സുഹൃത്തു ക്കൾ ഭരണാധികാരികൾക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മാത്രവുമല്ല, പ്രകൃതിദുരന്തങ്ങളും മെഗാര നഗരവുമായുള്ള യുദ്ധത്തിലെ പരാജയവും ആഥൻസിന്റെ പ്രതാപം തകർത്തെറിഞ്ഞു. ഈ സാഹചര്യത്തിലാണ് ജനസാമാന്യത്തിന്റെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിൽ നിയമങ്ങൾ പരിഷ്കരിക്കാൻ സൊളോൺ എന്ന നിയമവിദഗ്ദ്ധൻ നിയോഗിക്കപ്പെട്ടത്.

ഡ്രാക്കോണിയൻ നിയമങ്ങളിൽ നിന്ന് സോളോൺ ഉൾപ്പെടെയുള്ള പില്ക്കാല നിയമ പരിഷ്കർത്താക്കൾ സ്വീകരിച്ച ഏക നിയമം കൊലപാതകത്തെ സംബന്ധിച്ചള്ളതു മാത്രമാണ്. നാടു കടത്തൽ, പൗരത്വം എടുത്തുകളയൽ എന്നിവയൊക്കെ ഡ്രാക്കോണിയൻ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷാവിധികളാണ്. കൂടുതൽ മാനുഷികവും ഉദാരവുമായ നിയമവ്യവസ്ഥ കൾക്കു രൂപം നല്കുകയെന്ന ഉത്തരവാദിത്തമാണ് സൊളോണിൽ നിക്ഷിപ്തമായത്. കൂടുതൽ ഉദാരമനസ്കതയും മാനുഷികതയും പുലർത്തുന്ന ഒരു നീതിന്യായസംവിധാനത്തെയാണ് സൊളോണിന്റെ നിയമവ്യവസ്ഥ വിഭാവന ചെയ്തത്.

അവലംബം[തിരുത്തുക]

  1. Carawan, Edwin. Rhetoric and the Law of Draco. New York: Oxford University Press, 1998.
  2. The Athenian Constitution.

പുറം കണ്ണികൾ[തിരുത്തുക]

  • Carawan, Edwin (1998). Rhetoric and the Law of Draco. Oxford: Clarendon Press; New York City: Oxford University Press. ISBN 978-0-19-815086-2.
  • Gagarin, Michael (1981). Drakon and Early Athenian Homicide Law. New Haven: Yale University Press. ISBN 978-0-300-02627-6.
  • Gagarin, Michael; Cohen, David (editors) (2005). The Cambridge Companion to Ancient Greek Law. Cambridge: Cambridge University Press. ISBN 978-0-521-81840-7. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)
  • Maine, Sir Henry Sumner (1963). Ancient Law – Its Connection with the Early History of Society and Its Relation to Modern Ideas. Boston: Beacon Press. OCLC 1310967.
  • Phillips, David (2008). Avengers of Blood: Homicide in Athenian Law and Custom from Draco to Demosthenes. Stuttgart: Steiner. ISBN 978-3-515-09123-7.
  • Stroud, Ronald S. (1968). Drakon's Law on Homicide. Berkeley: University of California Press. OCLC 463502977.
Wiktionary
Wiktionary
draconian എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഡ്രാക്കോ&oldid=3780136" എന്ന താളിൽനിന്ന് ശേഖരിച്ചത്