ഡോംബിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dombika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രാചീനഭാരതത്തിലെ നൃത്യ ശൈലിയിലുള്ള ഉപരൂപകങ്ങളിലൊന്നാണ് ഡോംബിക. ഡോംബി എന്നും ഡോംബിക എന്നും ഇതിന് പേരുണ്ട്. നൃത്തപ്രധാനമായതിനാൽ നടിക്കാണ് പ്രാധാന്യം. താണ്ഡവമാണ് നൃത്തപ്രധാനമായ പല ഉപരൂപകങ്ങളുടെയും ശൈലിയെന്ന് അഭിനവഗുപ്തൻ നാട്യശാസ്ത്രത്തിന്റെ വ്യാഖ്യാനഗ്രന്ഥമായ അഭിനവഭാരതിയിൽ പ്രസ്താവിക്കുന്നു. ഡോംബികയിൽ ശൃംഗാരപ്രധാനമായ നൃത്തഭേദത്തിനാണ് പ്രസക്തി. മറച്ചുവയ്ക്കുന്നത്, അനുകരിക്കുന്നത് തുടങ്ങിയ അർഥങ്ങൾ കല്പിക്കാവുന്ന 'വിഡംബി'യിൽ നിന്നാണ് ഡോംബിക എന്ന പദത്തിന്റെ നിഷ്പത്തിയെന്നു കരുതാം. നിഗൂഢമായ ഒരു സ്നേഹബന്ധം രാമൻ, സീത തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ ഭാവം പ്രതിഫലിക്കുന്ന കഥാഗാനമാണ് ഭാവാഭിനയ പ്രധാനമായ നൃത്തത്തിനടിസ്ഥാനം.

ഒരു അങ്കം മാത്രമുള്ള ഈ നൃത്ത സംഗീത നാടകത്തിന് നാല് രംഗങ്ങൾവരെയാകാം. രാജാക്കന്മാരുടേയും രാജകുമാരന്മാരുടേയും രഹസ്യസ്നേഹബന്ധങ്ങളെക്കുറിച്ചുള്ള സൂചനയും അവയെ ഉദാത്തീകരിക്കുന്ന അവതരണവും രാജപ്രശംസാപരമായ ഉപരൂപകമെന്ന സ്ഥാനം ഇതിനു നല്കി. പിന്നണിയിലെ ഗാനത്തിനനുസൃതമായി മുദ്രകളിലൂടേയും ഭാവാഭിനയത്തിലൂടേയുമാണ് കഥ അവതരിപ്പിക്കേണ്ടത്.

സാഹിത്യദർപ്പണത്തിൽ പതിനെട്ട് ഉപരൂപകങ്ങളുടെ പേരും വിവരണവും നല്കുന്നതിൽ ഡോംബിക ഉൾപ്പെടുത്തിയിട്ടില്ല. ഗാനരൂപത്തിലുള്ള സാഹിത്യത്തിനൊപ്പം ഭാവാഭിനയവും നൃത്തവും ചേർന്നുവരുന്ന പതിനാല് ഉപരൂപകങ്ങളെക്കൂടി ഇൻഡ്യൻ കാവ്യലിറ്ററേച്ചർ എന്ന കൃതിയിൽ എ.കെ. വാർഡർ വിശദീകരിച്ചിട്ടുണ്ട്. ഇതിൽ ഡോംബികയും ഉൾപ്പെടുന്നു. ചൂഡാമണി, രാണകൻ രചിച്ച ഗുണമാല എന്നിവ ഡോംബികയ്ക്കുദാഹരണങ്ങളായി അഭിനവഗുപ്തൻ രേഖപ്പെടുത്തിയിട്ടുണ്ട്

ഡോംബികയിലെ ഗാനത്തിന് സൈന്ധവ അപഭ്രംശ ഭാഷയാണ് ഉപയുക്തമായിട്ടുള്ളത് എന്ന പ്രസ്താവം ഇത് ഭാരതത്തി ന്റെ വടക്ക്പടിഞ്ഞാറൻ ഭാഗത്ത് പ്രചാരം നേടിയിരുന്ന കലാരൂപമായിരുന്നെന്നു കരുതാൻ ഉപകരിക്കുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോംബിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡോംബിക&oldid=1764042" എന്ന താളിൽനിന്ന് ശേഖരിച്ചത്