ഡയോമിഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diomedes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയോമിഡസിന്റെ പ്രതിമ 430 ബി. സി.

ഗ്രീക്ക് പുരാണമനുസരിച്ച് ആർഗോസിലെ രാജാവായിരുന്നു ഡയോമിഡസ്. തീബ്സിലെ എറ്റിയോക്ളസിനെ ആക്രമിച്ച ഏഴു പ്രമുഖരിൽ ഒരാളായിരുന്ന ടൈഡിയസിന്റെ മകനായിരുന്നു ഡയോമിഡസ്. ഗ്രീക്കുകാർ നടത്തിയ ട്രോയ് ആക്രമണത്തിൽ (ട്രോജൻ യുദ്ധം) ഇദ്ദേഹവും പങ്കെടുത്തിരുന്നു.

ട്രോജൻ യുദ്ധം[തിരുത്തുക]

ട്രോജൻ യുദ്ധത്തിലേക്ക് ആർഗോസിൽ നിന്നുമുള്ള 80 കപ്പലുകളെ ഇദ്ദേഹമാണ് നയിച്ചിരുന്നത്. യുദ്ധത്തിലെ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന നേതാക്കളിൽ ഒരാളായിരുന്നു ഡയോമിഡസ്. ഇതിലെ പ്രധാന ഗ്രീക്ക് പടനായകന്മാരിൽ ഒരാളായിരുന്ന അക്കിലസ് കഴിഞ്ഞാൽ ഏറ്റവും ധൈര്യശാലിയും ബലിഷ്ഠനുമായി ഇദ്ദേഹം പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അഥീന ദേവതയുടെ ഇഷ്ട ഭക്തനായിരുന്ന ഡയോമിഡസിന് എതിർപക്ഷത്തുണ്ടായിരുന്ന ഏനിയാസിനേയും അഫ്രൊഡൈറ്റിനേയും എറിസിനേയും മുറിവേല്പിക്കാൻ കഴിഞ്ഞിരുന്നുവെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു സംഗതിയായിരുന്നു. അക്കിലസിന്റെ മകനായ നിയോടോളിമസിനെ (Neoptolemus) ട്രോയിക്കാർക്കെതിരായി യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതിൽ ഡയോമിഡസിനുകൂടി പ്രധാന പങ്കുണ്ടായിരുന്നു. നിയോടോളിമസ് യുദ്ധരംഗത്തേക്കിറങ്ങേത് ട്രോയിക്കാരെ തോല്പിക്കുന്നതിന് ഒരാവശ്യമായിരുന്നുവെന്നുള്ളതിനാലാണ് ഇപ്രകാരം ചെയ്യേണ്ടിവന്നത്. ട്രോയിയുടെ രക്ഷാദേവതയായിരുന്ന അഥീനയുടെ പ്രതിമ ട്രോയ് കോട്ടയ്ക്കുള്ളിൽ നിന്നും കൈക്കലാക്കുവാൻ ഒഡിസ്സിയൂസിനെ ഇദ്ദേഹം സഹായിച്ചിരുന്നതായും കഥയുണ്ട്. ട്രോജന്മാരെ കബളിപ്പിച്ചു പരാജയപ്പെടുത്താൻ വേണ്ടി അവർക്കുള്ള സമ്മാനമെന്ന വ്യാജേന ഗ്രീക്കുകാർ തടിയിൽ നിർമിച്ച് അവർക്കു നൽകിയ ട്രോജൻ കുതിരയുടെ ഉള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് പടയാളികളുടെ കൂട്ടത്തിൽ ഡയോമിഡസും ഉൾപ്പെട്ടിരുന്നു.

യുദ്ധാനന്തരം[തിരുത്തുക]

യുദ്ധാനന്തരം ആർഗോസിൽ തിരിച്ചെത്തിയ ഡയോമിഡസിന് തന്നോടു വിശ്വാസവഞ്ചന കാട്ടിയ ഭാര്യയേയും തന്റെ ഭരണാവകാശത്തെ ചോദ്യംചെയ്യുന്ന അവസ്ഥയേയുമാണ് നേരിടേണ്ടിവന്നത്. ഇതോടെ ഇദ്ദേഹം അയറ്റോളിയയിലേക്കും അവിടെ നിന്നും അപുലിയയിലേക്കും പോയി. അപുലിയയിലെ ഡാനസ് രാജാവിന്റെ മകൾ ഇയുപ്പിയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഇറ്റലിയിൽ പല നഗരങ്ങളും ഇദ്ദേഹം സ്ഥാപിക്കുകയുണ്ടായി. പിന്നീട് എഡ്രിയാറ്റിക്കിലെ ഒരു ദ്വീപിൽ വച്ച് ഇദ്ദേഹം നിഗൂഢമാം വിധം അപ്രത്യക്ഷനായി എന്നും ഡാനസ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതായിരുന്നെന്നും ഒരു കഥയുണ്ട്. ഇദ്ദേഹത്തെ അനുസ്മരിക്കാനെന്നോണം ഈ ദ്വീപിന് ഡയോമിഡിയ (Diomedeae Insulae) എന്നു നാമകരണം ചെയ്തു. ഇദ്ദഹത്തിന്റെ അനുയായികൾ പക്ഷികളായി മാറിയെന്നാണ് മറ്റൊരു കഥയുള്ളത്. ഗ്രീസിലും എഡ്രിയാറ്റിക്കിലും ഡയോമിഡസിനെ ഒരു വീരപുരുഷനായി ആരാധിച്ചിരുന്നു.

ഡയോമിഡസ് എന്ന പേരിൽ ഒരു ത്രേസ്യൻ രാജാവും ഉണ്ടായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയോമിഡസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയോമിഡസ്&oldid=3797457" എന്ന താളിൽനിന്ന് ശേഖരിച്ചത്