ഢോലാ മാരു രാ ദൂഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dhola Maru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജസ്ഥാനി ഭാഷയിലെ പ്രശസ്തമായ ഒരു നാടോടി കാല്പനിക കാവ്യമാണ് ഢോലാ മാരു രാ ദൂഹാ. രചനാകാലം 15-ാം ശതകം. ജീവിതത്തിലെ പല അവസ്ഥകളിലൂടെ കടന്നു പോകുന്ന ഢോലാ-മാരു ദമ്പതികളുടെ പ്രേമകഥയാണ് ഈ കാവ്യം. ഇതൊരു ശൃംഗാര കാവ്യം കൂടിയാണ്. വിരഹികളായി കഴിയേണ്ടിവരുന്ന ദമ്പതികളുടെ വ്യഥകളും കാല്പനിക മോഹങ്ങളും പ്രകൃതിയുടെ അവസ്ഥകളുമായി താരതമ്യം ചെയ്യുന്ന ഒരു കൃതി എന്ന നിലയിലും ഢോലാ മാരു രാ ദൂഹായ്ക്ക് സമകാലിക പ്രസക്തിയുണ്ട്.ഢോലാ മാരു രാ ദൂഹാ ഗദ്യത്തിലും പദ്യത്തിലും ലഭ്യമാണ്. ഗദ്യവും പദ്യവും ഇടകലർന്ന പാഠവും ഉണ്ട്.

ചരിത്രം[തിരുത്തുക]

കുശാൽ ലാഭ് എന്ന ജൈനകവി 1617-ലാണ് ഇതു രചിച്ചതെന്ന് ഒരു അഭിപ്രായം പ്രാബല്യത്തിലുണ്ട്. പക്ഷേ, ഈ കൃതിയുടെ പേര് ഢോലാ മാൾവനി ചൗപ്പായി എന്നാണ്. കല്ലോൽ, ലൂൺകരൺ, ഹേമചന്ദ്ര് തുടങ്ങിയ കവികളും ഢോലാ മാരു രാ ദൂഹായിലെ ചില ദോഹകൾ രചിച്ചവരാണ്. ചുരുക്കത്തിൽ, പല ഭാഷകളിലും പല രൂപത്തിലും പല ഗ്രന്ഥകർത്താക്കളുടേതായി പ്രചരിച്ച കാവ്യമാണിത്. 1473-ൽ നിലവിലുണ്ടായിരുന്ന പാഠമാണ് കാശിനാഗരി പ്രചാരിണിസഭ പില്ക്കാലത്ത് പുറത്തിറക്കിയത്. അതാകാം യഥാർഥ ഢോലാ മാരു രാ ദൂഹാ.

ഇതിവൃത്തം[തിരുത്തുക]

ഢോലാ നർവറിലെ രാജാവായ നളന്റെ പുത്രനാണ്. പൂഗൽ രാജ്യത്ത് ക്ഷാമമുണ്ടായപ്പോൾ അവിടത്തെ രാജാവ് പിംഗൽ നർവറിലേക്ക് താത്കാലികമായി താമസം മാറ്റി. അങ്ങനെയിരിക്കെ പിംഗലിന്റെ മകൾ മാർവനി(മാരു)യെ ഢോലായെക്കൊണ്ട് അന്നത്തെ ആചാരമനുസരിച്ച് വിവാഹം ചെയ്യിച്ചു. അപ്പോൾ ഢോലായ്ക്ക് മൂന്നും മാരുവിന് ഒന്നരയും വയസ്സായിരുന്നു പ്രായം. ക്ഷാമം തീർന്നപ്പോൾ രാജാവും പുത്രിയും പൂഗിലേക്ക് മടങ്ങി.

മാരു യൗവനയുക്തയായപ്പോൾ ഢോലായുടെ സാന്നിധ്യം കൊതിച്ചു. രാജാവ് നർവറിലേക്ക് പലരേയും അയച്ചെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. ഇതിനിടയ്ക്ക് ഢോലായുടെ വിവാഹം മാൾവയിലെ മാൾവനി രാജകുമാരിയുമായി നടന്നിരുന്നു. തന്റെ ശൈശവവിവാഹത്തെക്കുറിച്ച് ഢോലായ്ക്ക് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇക്കാര്യം മാൾവനി അറിഞ്ഞു. ഒടുവിൽ പിംഗൽ രാജാവിന്റെ സന്ദേശവാഹകർ അലഞ്ഞുതിരിയുന്ന ഗായക കവികളായി അഭിനയിച്ച് നർവറിൽ വന്നുചേർന്നു. അവർ രാജകൊട്ടാരത്തിന്റെ കവാടത്തിനടുത്ത് രാത്രി മുഴുവൻ മാരുവിന്റെ സന്ദേശം ഗാനരൂപത്തിൽ ആലപിച്ചു. ഢോലാ അവരെ വിളിപ്പിച്ച് ഉപഹാരങ്ങൾ നല്കി ബഹുമാനിച്ചു. ഢോലായ്ക്ക് മാരുവിനെ കാണാൻ തിടുക്കമായി. മാൾവനിയാകട്ടെ പല അടവുകളും പ്രയോഗിച്ച് ഢോലായെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മാൾവനി ഉറക്കമായപ്പോൾ ഢോലാ കുതിരപ്പുറത്തു കയറി പൂഗിലേക്ക് പോകുകതന്നെ ചെയ്തു. വിരഹാർത്തയായ മാൾവനി തത്തയെ സന്ദേശവാഹകയായി അയച്ചെങ്കിലും ഫലിച്ചില്ല. ആരവല്ലി കടന്നപ്പോൾതന്നെ ഢോലാ മാരുവിന്റെ വിവരങ്ങൾ അറിഞ്ഞിരുന്നു. അവരുടെ സമാഗമം ഇരുവർക്കും സംതൃപ്തി നല്കി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവർ നർവറിലേക്കു മടങ്ങി. മടക്കയാത്രയിൽ മരുഭൂമിയിൽ രാത്രി തങ്ങിയപ്പോൾ വിഷപ്പാമ്പിന്റെ ദംശനമേറ്റ് മാരു മരിച്ചു. അത്യധികം ദുഃഖിതനായ ഢോലാ തീയിൽച്ചാടി മരിക്കാൻ ഒരുമ്പെടുമ്പോൾ സന്ന്യാസി ദമ്പതികൾ അവിടെ പ്രത്യക്ഷപ്പെട്ടു. സന്ന്യാസിനിയുടെ അഭ്യർഥന പ്രകാരം സന്ന്യാസി മാരുവിനെ ജീവിപ്പിച്ചു. സന്തുഷ്ടരായി ഇരുവരും നർവറിലേക്കു മടങ്ങി. പിന്നെയും ഒരു ആപത്തുണ്ടായി. ഉമർ സുമ്ര എന്നൊരാൾ ഢോലായെ ചതിച്ചുകൊന്ന് മാരുവിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഢോലായ്ക്ക് മദ്യം കൊടുത്ത് മയക്കാനായിരുന്നു ഉദ്ദേശ്യം. സൂചനകൾ മനസ്സിലാക്കി അവിടെ നിന്ന് രക്ഷപ്പെട്ട് ഢോലായും മാരുവും നർവറിലെത്തി. മാൾവനി സ്ത്രീസഹജമായ അസൂയമൂലം ചിലപ്പോഴൊക്കെ ഇടഞ്ഞെങ്കിലും രാജാവിന്റേയും രാജ്ഞിമാരുടേയും ജീവിതം സന്തോഷപ്രദമായിരുന്നു. ഈ കഥ ഋജുവും ലളിതവുമാണ്.

"https://ml.wikipedia.org/w/index.php?title=ഢോലാ_മാരു_രാ_ദൂഹാ&oldid=2850506" എന്ന താളിൽനിന്ന് ശേഖരിച്ചത്