Jump to content

ദേശാഭിമാനി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deshabhimani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദേശാഭിമാനി
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന കമ്മറ്റി
എഡിറ്റർ-ഇൻ-ചീഫ്പുത്തലത്ത് ദിനേശൻ
ജനറൽ മാനേജർകെ.ജെ. തോമസ്
സ്ഥാപിതം1942
രാഷ്ട്രീയച്ചായ്‌വ്കമ്മ്യൂണിസ്റ്റ്
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം, കേരളം
ഔദ്യോഗിക വെബ്സൈറ്റ്deshabhimani.com

സി.പി.ഐ.(എം)-ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. ഈ ദിനപത്രം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ പത്ത് കേന്ദ്രങ്ങളിലാണ് അച്ചടിക്കപ്പെടുന്നത്. ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം പബ്ലിഷ് ചെയ്യപ്പെടുന്ന ഒരു ഇന്റർനെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്.

ചരിത്രം

[തിരുത്തുക]

1942 സെപ്തംബർ 6 -ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. 1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ "ആത്മനാദം" എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിനെ പ്രകോപിപ്പിച്ചു[അവലംബം ആവശ്യമാണ്]. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942 ൽ എ. കെ. ഗോപാലന്റേയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു.[അവലംബം ആവശ്യമാണ്]

പത്രം നല്ല രീതിയിൽ കെട്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി, എ. കെ. ഗോപാലൻ ബോംബേ, സിലോൺ, ബർമ്മ എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവാസി മലയാളികളിൽ നിന്ന് പണം സ്വരൂപിക്കാൻ തുടങ്ങി. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിനവകാശപ്പെട്ട കുടുംബസ്വത്ത് മുഴുവൻ (ഏതാണ്ട്‌ അന്നത്തെ അൻപതിനായിരം രൂപ) ദേശാഭിമാനി കെട്ടിപ്പെടുത്തുന്നതിനായി സംഭാവന ചെയ്തു. ആസമയത്ത് രണ്ടാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ സർക്കാർ പത്രത്തിന്റെ ലൈസൻസ് റദ്ദാക്കി[അവലംബം ആവശ്യമാണ്]. 1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ മുന്നോട്ടുവന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദേശാഭിമാനിയുടെ പ്രവർത്തനവും ശക്തിപ്പെട്ടു. തുടർന്ന് ഈ പ്രസിദ്ധീകരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ ജിഹ്വയായി മാറി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി ടി ഇന്ദുചൂഡൻ, വി. എസ്. അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രവും, കേരളത്തിൽ മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ദിനപത്രവുമാണ്‌. കോഴിക്കോട് നിന്നും 1942 സെപ്തംബർ ആറാം തീയതി മുതൽ വാരിക രൂപത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ദേശാഭിമാനി 1946ൽ ഒരു ദിനപത്രമായി മാറുകയായിരുന്നു. അവിടന്നുള്ള ദേശാഭിമാനിയുടെ വളർച്ച അസൂയാവഹമാണ്‌. ഇന്ന് ദേശാഭിമാനിക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലായി ഏഴ് എഡിഷനുകളുണ്ട്. 2018 ലെ കണക്ക് അനുസരിച്ച് 6 ലക്ഷത്തോളം കോപ്പികളുമായി ദേശാഭിമാനി കേരളത്തിൽ മൂന്നാം സ്ഥാനത്താണ്‌[അവലംബം ആവശ്യമാണ്]. ഇപ്പോൾ പി. രാജീവ് (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) മുഖ്യ പത്രാധിപരും കെ.ജെ. തോമസ് (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) ജനറൽ മാനേജരും, പി.എം. മനോജ് റസിഡന്റ് എഡിറ്ററുമാണ്‌. അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ദേശാഭിമാനി ദിനപത്രത്തിനുണ്ട്. പി. ഗോവിന്ദപിള്ള, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, ഗോവിന്ദൻകുട്ടി, പി. എം. മനോജ്, എ. വി. അനിൽകുമാർ എന്നിവർ അവരിൽ ചിലർ മാത്രമാണ്‌.

1948ൽ General Security Act പ്രകാരം ദേശാഭിമാനി പത്രം രണ്ടാമതും നിരോധിച്ചു. മലബാർ കലാപത്തെക്കുറിച്ച് ശ്രീ ഇ.എം.എസ് എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തെ നിരോധനത്തിന്റെ മൂലകാരണം.[അവലംബം ആവശ്യമാണ്] തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നിരോധിച്ചു. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1951 വരെ കാണാൻ കഴിഞ്ഞത് പാർട്ടിക്കും പൊതു സമരങ്ങൾക്കും എതിരേയുള്ള നടന്ന ക്രൂരമായ അടിച്ചമർത്തലുകളാണ്‌. ഇത്തരം അടിച്ചമർത്തലുകളെ പൊതുജനമധ്യേ തുറന്നു കാട്ടിയിരുന്ന ദേശാഭിമാനി പത്രം നിരോധിച്ചിരുന്നതിനാൽ ഇതൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ആരുമുണ്ടായില്ല. ഈ സ്ഥിതി ഒഴിവാക്കാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പാർട്ടി മറ്റ് വഴികൾ ആലോചിച്ചു. പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വരാൻ തുടങ്ങി. 'ദി റിപ്പബ്ലിക്' 'കേരള ന്യൂസ്' 'വിശ്വകേരളം' 'നവലോകം' എന്നിങ്ങനെ ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ പ്രസിദ്ധീകരണങ്ങൾ. ഒന്നു നിരോധിക്കുമ്പോൾ മറ്റൊന്ന് എന്ന കണക്കിന്‌ ഈ പ്രസിദ്ധീകരണങ്ങൾ ജനമനസ്സുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു.

1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനു്‌ തോട്ടുമുൻപ്, 1951 ഡിസംബർ 16ന്‌ ദേശാഭിമാനി പത്രം പുനപ്രസിദ്ധീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ കോൺഗ്രസ് ദുർഭരണം തുറന്നു കാണിക്കുന്നതിൽ ദേശാഭിമാനി കാലോചിതമായി പ്രവർ‍ത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ ദേശാഭിമാനി പത്രം കെ.പി.ആർ ഗോപാലന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ മുഖപത്രമായി നിന്നു. 1969ൽ കൊച്ചി എഡിഷൻ നിലവിൽ വന്നു. 1973ൽ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് പുതിയ കെട്ടിടം പണിതു. അടിയന്തരാവസ്ഥക്കാലത്ത് പത്രവും പാർട്ടിയും പിന്നേയും കടുത്ത വെല്ലുവിളി നേരിടാൻ തുടങ്ങി. എഡിറ്റോറിയലുകൾ കൃത്യമായി എഴുതാൻ പറ്റാത്തവിധത്തിൽ പ്രീ-സെൻസർഷിപ്പ് നിലവിൽ വന്നു.പത്രം ഇക്കാലത്ത് എഡിറ്റോറിയൽ കോളം ശൂന്യമായിട്ട് പ്രതിക്ഷേധിക്കുകയും, അവകാശപ്പെട്ട ഗവണ്മെന്റ് പരസ്യങ്ങൾ വേണ്ടന്നുവയ്ക്കുകയും ചെയ്തു. ഇതൊക്കെ പല പ്രതിസന്ധികളിലേക്കും പത്രത്തെ നയിച്ചു. ഈ കടമ്പകളൊക്കെ അതിജീവിച്ച് പത്രം മുന്നോട്ട് കുതിച്ചു. തുർക്ക്‌മാൻ കേസിലേയും, രാജൻ കേസിലേയും അകം കാഴ്ചകൾ പത്രം പുറത്തുകൊണ്ടുവരുന്നതിൽ ദേശാഭിമാനി മുന്നിലായിരുന്നു. [അവലംബം ആവശ്യമാണ്]

1989 ജനുവരി 4ന് തിരുവനന്തപുരം എഡിഷൻ നിലവിൽ വന്നു. 25 ലക്ഷം രൂപ ഒറ്റദിവസത്തെ ബക്കറ്റ് പിരിവിലൂടെ ലക്ഷ്യം വച്ചിറങ്ങിയ പാർട്ടിക്ക് ജനങ്ങൾ നൽകിയത് 45 ലക്ഷം രൂപയായിരുന്നു. അത്പത്രത്തിലും പാർട്ടിയിലുമുള്ള ജനങ്ങളുടെ വിശ്വാസം കാണിക്കുന്നു. 1994 ജനുവരി 30നു്‌ പത്രത്തിന്റെ നാലമത് എഡിഷൻ കണ്ണൂരിൽ നിലവിൽ വന്നു. അന്നു പിരിഞ്ഞുകിട്ടിയത് 42 ലക്ഷം രൂപയായിരുന്നു. 1997ൽ കോട്ടയം എഡിഷൻ നിലവിൽ വന്നു. അതിനായി നടത്തിയ രണ്ടുദിവസ ബക്കറ്റ് പിരിവിലൂടെ 75 ലക്ഷം രൂപ സ്വരൂപിച്ചു. പുറമേ ഒരു കോടിയോളം രൂപ വാർഷിക വരിസംഖ്യാ ഇനത്തിൽ ജില്ലയിൽ നിന്നുമാത്രമായി ശേഖരിച്ചിരുന്നു. ആറാമത് എഡിഷൻ തൃശൂരിൽ 2000ൽ നിലവിൽ വന്നു. എല്ലാ പ്രിന്റിങ്ങ് ആന്റ് പബ്ലീഷിങ്ങ് കമ്പനികൾക്കും പാർട്ടിയിലെ മൺ‍മറഞ്ഞ മാഹാരഥന്മാരുടെ (പി കൃഷ്ണപിള്ള, എ.കെ.ജി, സി. എച്ച് കണാരൻ, ഇ. എം. എസ്‌ എന്നിവരുടെ) പേരാണ്‌ നൽ‍കിയിരുന്നത്.

പാലോറ മാത

[തിരുത്തുക]

ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും ഒഴിവാക്കാനാത്ത പേരാണ്‌ പാലോറ മാതയുടേത്‌. ആ കർഷകസ്‌ത്രീ തന്റെ സമ്പാദ്യമായ പശുക്കുട്ടിയെ സംഭാവന നൽകിയാണ്‌ പാർട്ടിയോടും പത്രത്തോടുമുള്ള അചഞ്ചലമായ കൂറ്‌ പ്രഖ്യാപിച്ചത്‌. ദേശാഭിമാനി ദിനപത്രമായി കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഘട്ടത്തിൽ എ.കെ.ജിയുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ സ്വരൂപിച്ചത്‌. ദേശാഭിമാനി മേളകൾ വഴി പത്രം നടത്താനുള്ള പണം കണ്ടെത്താൻ എ.കെ.ജിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ആവേശകരമായ സ്വീകരണമാണ്‌ എല്ലാ പ്രദേശങ്ങളിൽനിന്നും ലഭിച്ചത്‌. കെട്ടുതാലിവരെ ഊരിക്കൊടുക്കാൻ പലരും തയ്യാറായി. ഫണ്ട്‌ ആവേശകരമായി മുന്നേറുമ്പോഴാണ്‌ പേരാവൂർ മുരിങ്ങോടിയിലെ പാലോറ മാത പശുക്കുട്ടിയെ എ.കെ.ജിയെ ഏൽപ്പിക്കുന്നത്‌. അക്കാലത്തെ സ്‌ത്രീകൾക്ക്‌ ആരാധ്യയായിരുന്നു പാലോറ മാത. മാത ദേശാഭിമാനിക്ക്‌ പശുക്കുട്ടിയെ സംഭാവന നൽകിയതിനെ പ്രകീർത്തിക്കുന്ന നാടോടിപ്പാട്ടുകൾ പോലുമുണ്ടായി[അവലംബം ആവശ്യമാണ്].

സമരങ്ങളും പത്രവും

[തിരുത്തുക]

കയ്യൂർ രക്തസാക്ഷികളെക്കുറിച്ച് എഴുതിയ പത്രാധിപക്കുറിപ്പിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ പത്രത്തിന് പിഴയിട്ടു. പ്രതികൂല സാഹചര്യങ്ങളെല്ലാം പിന്നിട്ട് 1946 ജനുവരി 18-ന് 4 പുറങ്ങളുള്ള പ്രഭാത ദിനപത്രമായി മാറി. തൊഴിലാളി, കർഷക സമരങ്ങളെയും പിന്തുണച്ചതിന്റെ പേരിൽ, 1942-1946 കാലഘട്ടത്തിൽ കൊച്ചി ഗവണ്മെന്റ് ഒരു തവണയും തിരുവിതാംകൂർ ദിവാൻ രണ്ടു തവണയും ദേശാഭിമാനി നിരോധിക്കുകയുണ്ടായി. അന്തിക്കാട് (തൃശ്ശൂർ) കള്ളു ചെത്തുകാരുടെ സമരം, കൊച്ചിൻ തുറമുഖ സമരം, സീതാറാം മിൽ സമരം(കൊച്ചി), ആറോൺ മിൽ സമരം (കണ്ണൂർ) തുടങ്ങിയ സമരങ്ങളിലൊക്കെ തൊഴിലാളികളോടൊപ്പം ദേശാഭിമാനി നില കൊണ്ടു. ജന്മിത്തത്തിന് എതിരെ കമ്യൂണിസ്റ്റ് പാർട്ടി നിലപാടിൽ നടന്ന കാവുമ്പായി, കരിവെള്ളൂർ, മുനയങ്കുന്ന്, ഒഞ്ചിയം സമരങ്ങളിലും ദേശാഭിമാനി തൊഴിലാളികളോടും കുടിയാന്മാരോടും ഒപ്പം നിന്നു.

സ്വാതന്ത്ര്യാനന്തരം

[തിരുത്തുക]

സ്വാതന്ത്ര്യത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയനിലപാട് കാരണം ‍ ദേശാഭിമാനിക്ക് പരീക്ഷണങ്ങൾ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. രണദിവെ തീസിസും അതിന്റെ ഫലമായി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രവർത്തനങ്ങളും പത്രത്തെയും ബാധിച്ചു.1947-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം വീണ്ടും പിഴയടിക്കപ്പെട്ടു. ഇ.എം.എസ്. എഴുതിയ “1921-ന്റെ പാഠവും മുന്നറിയിപ്പും“ എന്ന ലേഖനം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയും, 1948-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം പത്രം നിരോധിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ദി റിപ്പബ്ലിക്, കേരള ന്യൂസ്, വിശ്വകേരളം, നവകേരളം തുടങ്ങി പല പേരുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 1951-ൽ ജയിൽ മുക്തനായ എ.കെ.ജി. പത്രം പുനരാരംഭിക്കാൻ പ്രവർത്തിക്കുകയും, 1951 ഡിസംബർ 16-ന് വീണ്ടും പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. സി.പി.ഐ.യുടെ പിളർപ്പിനു വഴി തെളിച്ച 1964-ലെ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കിടയിൽ, കെ.പി.ആർ. ഗോപാലനേപ്പോലുള്ളവരുടെ പ്രവർത്തനഫലമായി ദേശാഭിമാനി സി.പി.ഐ(എം)-ന്റെ സ്വാധീനത്തിൻ കീഴിലായി.

നാഴികക്കല്ലുകൾ

[തിരുത്തുക]
ദേശാഭിമാനിയുടെ തിരുവനന്തപുരം ഓഫീസ്

സപ്ലിമെന്റുകൾ

[തിരുത്തുക]
  1. ദേശാഭിമാനി വാരാന്ത്യപ്പതിപ്പ്
  2. അക്ഷരമുറ്റം
  3. സ്ത്രീ
  4. കിളിവാതിൽ
  5. തൊഴിൽ

അനുബന്ധ പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

വിവാദങ്ങൾ

[തിരുത്തുക]
  • ലിസ് എന്ന സാമ്പത്തികസ്ഥാപനത്തിൽ നിന്നും പത്രത്തിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ ഒരു കോടിരൂപ സംഭാവന വാങ്ങി എന്ന വിവാദം ഉയർന്നു. പത്രത്തിലെ പാർട്ടി ഘടകത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഇതിന്റെ പേരിൽ ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറൽ മാനേജറായിരുന്ന വേണുഗോപാൽ പുറത്താക്കപ്പെട്ടു.
  • ദേശാഭിമാനി - ലോട്ടറി വിവാദം: ലോട്ടറി തട്ടിപ്പ് കേസിൽപ്പെട്ട സാന്റിയാഗോ മാർട്ടിൻ എന്നയാളിൽ നിന്ന് ഇ പി ജയരാജൻ രണ്ട് കോടിരൂപ നിക്ഷേപം വാങ്ങിയത് വിവാദമായി. പാർട്ടി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ഈ പണം തിരിച്ചു നല്കി
  • സൂര്യ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാനും മലബാർ സിമെൻറ്റ്സ് വധകേസിൽ കുറ്റാരോപിതനുംമായ വി.എം.രാധാകൃഷ്ണൻ (ചാക്ക് രാധാകൃഷ്ണൻ) സി.പി.ഐ.എം.ന്റെ നാലാം സംസ്ഥാന പ്ലീനത്തിനു അഭിവാദ്യം അർപിച്ചുകൊണ്ട്‌ കൊടുത്ത പരസ്യവും ദേശാഭിമാനിയുടെ ഭൂമി വി.എം.രാധാകൃഷ്ണൻ കൈമാറിയതും വിവാദത്തിനു വഴിതെളിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "Sections of media work for corporate interests" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-01-17. Retrieved 22 April 2010.
  2. "Malappuram edition of Deshabhimani launched" (in ഇംഗ്ലീഷ്). Expressbuzz. Retrieved 22 April 2010.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ദേശാഭിമാനി യൂടൂബ് ചാനൽ

ദേശാഭിമാനി ഓൺലൈൻ പതിപ്പ്

മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]


"https://ml.wikipedia.org/w/index.php?title=ദേശാഭിമാനി_ദിനപ്പത്രം&oldid=4074734" എന്ന താളിൽനിന്ന് ശേഖരിച്ചത്