Jump to content

ദേവേന്ദ്രനാഥ് ടാഗൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Debendranath Tagore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവേന്ദ്രനാഥ് ടാഗൂർ
দেবেন্দ্রনাথ ঠাকুর
Portrait of Devendranath Tagore
ജനനം(1817-05-15)15 മേയ് 1817
മരണം19 ജനുവരി 1905(1905-01-19) (പ്രായം 87)
ദേശീയതIndian
തൊഴിൽReligious reformer
പ്രസ്ഥാനംBengal Renaissance
ജീവിതപങ്കാളി(കൾ)Sarada Devi
കുട്ടികൾDwijendranath Tagore, Satyendranath_Tagore, Hemendranath Tagore, Jyotirindranath Tagore, Rabindranath Tagore, Birendranath Tagore, Somendranath Tagore, Soudamini Tagore, Sukumari Tagore, Saratkumari Tagore, Swarnakumari Tagore and Barnakumari Tagore.

പ്രമുഖനായ ഒരു ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടാഗൂർ(15 മേയ് 1817 – 19 ജനുവരി 1905) ഇദ്ദേഹത്തിന്റെ പതിനാലാമത്തെ പുത്രനാണ് രബീന്ദ്രനാഥ ടാഗൂർ.

ജീവിതരേഖ

[തിരുത്തുക]

ദേവേന്ദ്രനാഥ് ടാഗൂർ 1817 മെയ് 15-ന് കൊൽക്കൊത്തയിൽ ജനിച്ചു. അച്ഛൻ 'രാജകുമാരൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ദ്വാരകാനാഥ് ടാഗൂർ. പല മഹത്സ്ഥാപനങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ബംഗാളി സമൂഹത്തിൽ വലിയ പ്രഭാവം ചെലുത്തിയ ദേഹമാണ് ദ്വാരകാനാഥ് ടാഗൂർ. പ്രസിദ്ധമായ ജൊറാഷെങ്കൊ തറവാട്ടിൽ ജനിച്ച ദേവേന്ദ്രനാഥ് റാം മോഹൻ റായിയുടെ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് ഹിന്ദു കോളജിൽ ചേർന്നു ബിരുദമെടുത്തു. പഠിത്തം കഴിഞ്ഞയുടനെ പിതാവിന്റെ 'കാർ ടാഗോർ ആൻഡ് കമ്പനി'യിൽ ജോലിക്ക് ചേർന്നു. അക്കാലത്ത് ദേവേന്ദ്രനാഥ് ഈശോപനിഷത്തിലെ ഒരു ശ്ലോകം വായിക്കാനിടയായി. സമ്പത്തിനോടുള്ള ആർത്തി ഉപേക്ഷിച്ച് ദൈവത്തെ തേടാൻ ഉപദേശിക്കുന്ന ആ ശ്ലോകം ദേവേന്ദ്രനാഥിനെ ചിന്തിപ്പിച്ചു. അച്ഛന്റെ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം മതവും തത്ത്വശാസ്ത്രവും പഠിക്കാൻ തുടങ്ങി. ബ്രഹ്മസമാജത്തിലെ അധ്യാപകനായിരുന്ന രാമചന്ദ്ര വിദ്യാവാഗീശനുമായും രാജാ റാം മോഹൻ റായിയുമായുമുള്ള അടുപ്പം ദേവേന്ദ്രനെ ബ്രഹ്മസമാജത്തിന്റെ പ്രവർത്തകനാക്കി മാറ്റി. 1839-ൽ ഇദ്ദേഹം 'തത്ത്വബോധിനിസഭ' എന്ന പേരിൽ ഒരു പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. തത്ത്വ ബോധിനി പത്രിക എന്ന ഒരു പത്രവും തുടങ്ങി. 1843-ലാണ് ദേവേന്ദ്രനാഥ് ബ്രഹ്മസമാജത്തിൽ ഔദ്യോഗികമായി അംഗമായത്. ഹിന്ദുമതശാസ്ത്രത്തിൽ കത്തോലിക്കാസഭയുടെ പ്രമാണങ്ങൾ അവതരിപ്പിക്കുന്ന 'ബ്രാഹ്മിക് കവനന്റ്' ആ വർഷം തന്നെ അദ്ദേഹം അവതരിപ്പിച്ചു. നാലു ബ്രാഹ്മണയുവാക്കളെ കാശിയിൽ അയച്ച് നാലു വേദങ്ങളും പഠിക്കാൻ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. വേദങ്ങളോ ഉപനിഷത്തുകളോ വീഴ്ചകൾക്ക് അതീതമല്ലെന്ന വിപ്ലവകരമായ പ്രമേയം ദേവേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സമാജം അവതരിപ്പിച്ചതോടെ ബ്രഹ്മസമാജത്തിന്റെ ചരിത്രത്തിൽ ഒരു വലിയ വഴിത്തിരിവുണ്ടായി.
ദേവേന്ദ്രനാഥിന്റെ വാഗ്മിത്വവും സന്ന്യാസതുല്യമായ ജീവിതവും ബംഗാളിന് ആകെയൊരു വിസ്മയമായിരുന്നു. പതിനഞ്ചു മക്കൾ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പല മക്കളും ലോകപ്രശസ്തരുമായി. മൂത്തമകൻ ദ്വിജേന്ദ്രനാഥ് കവിയും സംഗീതജ്ഞനും തത്ത്വചിന്തകനും ഗണിതജ്ഞനുമായിരുന്നു. ഇദ്ദേഹത്തിന്റെ കാവ്യപരീക്ഷണങ്ങൾ രബീന്ദ്രനാഥ ടാഗൂറിനെയും സ്വാധീനിച്ചു. രണ്ടാമത്തെ മകൻ സത്യേന്ദ്രനാഥ ടാഗൂർ ഇന്ത്യൻ സിവിൽ സർവീസിലെ ആദ്യത്തെ ഇന്ത്യാക്കാരനായി. സംസ്കൃതത്തിലും ബംഗാളിയിലും ഇംഗ്ലീഷിലും ഇദ്ദേഹം മികവു കാട്ടി. ഗീതയുടെയും മേഘദൂതിന്റെയും ബംഗാളി പരിഭാഷ നിർവഹിച്ച സത്യേന്ദ്രനാണ് അച്ഛന്റെ ആത്മകഥ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്. അഞ്ചാമത്തെ മകൻ ജ്യോതീന്ദ്രനാഥാകട്ടെ സംഗീതജ്ഞനും സംവിധായകനും കവിയും നാടകകൃത്തും ദേശീയവാദിയുമായിരുന്നു. മൂത്തമകൾ സൗദാമിനിയും അഞ്ചാമത്തെ മകൾ സ്വർണകുമാരിയും രബീന്ദ്രനാഥ ടാഗൂറും ബംഗാളിയിൽ പ്രതിഭാവിലാസം പ്രകടമാക്കി.[2]

1905 ജനുവരി 19-നു ദേവേന്ദ്രനാഥ് ടാഗൂർ അന്തരിച്ചു.

കൃതികൾ

[തിരുത്തുക]

1850-ൽ ഇദ്ദേഹം തന്റെ പ്രസിദ്ധമായ 'ബ്രഹ്മോധർമ' എന്ന സംഹിത പ്രസിദ്ധീകരിച്ചു. ഏകദൈവ വിശ്വാസത്തിനും വിഗ്രഹങ്ങളെ തിരസ്കരിച്ചുള്ള ആരാധനയ്ക്കും ഉപോദ്ബലകമായ ഹിന്ദുമത പഠനങ്ങളും ദർശനങ്ങളും അടങ്ങുന്നതാണിത്. ബ്രഹ്മോധർമ (1850), ആത്മതത്ത്വ വിദ്യ (1852), ബ്രഹ്മോ ധർമേർ മത് ഒ ബിസ്വാസ് (1890), ബ്രഹ്മ ധർമോ വ്യാഖ്യാൻ (1866), ബ്രഹ്മ് ധർമേർ അനുഷ്ഠാൻ പദ്ധതി (1895), ജ്ഞാൻ ഒ ധർമേർ ഉന്നതി (1893) പരലോക് ഒ മുക്തി (1895) എന്നിവയാണ് ദേവേന്ദ്രനാഥിന്റെ പ്രശസ്ത കൃതികൾ. ആത്മജീവിനി എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ ആ രംഗത്തെ പ്രകൃഷ്ട കൃതിയാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Chaudhuri, Narayan (2010) [1973]. Maharshi Devendranath Tagore. Makers of Indian Literature (2nd ed.). New Delhi: Sahitya Akademi. p. 11. ISBN 978-81-260-3010-1. {{cite book}}: Cite has empty unknown parameter: |trans_chapter= (help)
  2. Chaudhuri, Narayan (2010) [1973]. Maharshi Devendranath Tagore. Makers of Indian Literature (2nd ed.). New Delhi: Sahitya Akademi. p. 11. ISBN 978-81-260-3010-1.

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവേന്ദ്രനാഥ് ടാഗൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേവേന്ദ്രനാഥ്_ടാഗൂർ&oldid=3964332" എന്ന താളിൽനിന്ന് ശേഖരിച്ചത്