Jump to content

അന്ധകാരയുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dark Ages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യകാലയൂറോപ്യൻ ചരിത്രത്തിൽ 5-ാം ശതകം മുതൽ 11-ാം ശതകം വരെയുള്ള കാലഘട്ടത്തിന് നവോത്ഥാനകാലത്തെ മനുഷ്യവർഗ്ഗശാസ്ത്രജ്ഞർ നല്കിയിരുന്ന പേരാണ് അന്ധകാരയുഗം. 5-ാം ശതകം മുതൽ 15-ാം ശതകം വരെയുള്ള മധ്യകാലഘട്ടത്തെയും ചില ചരിത്രകാരന്മാർ അന്ധകാരയുഗം എന്നു വിശേഷിപ്പിച്ചിരുന്നു. റോമൻ സാമ്രാജ്യത്തെ പ്രാകൃതന്മാർ (Barbarians) ആക്രമിച്ച് ആധിപത്യം സ്ഥാപിച്ച് സാംസ്കാരിക വളർച്ചയെ തളച്ചിട്ട കാലമായിരുന്നു അത്.


എ.ഡി. 4-ാം ശതകത്തിൽ റോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായി പൌരസ്ത്യ റോമാസാമ്രാജ്യം, ബൈസാന്തിയൻ അഥവാ റോം തലസ്ഥാനമായി പശ്ചിമ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു: . രണ്ടായിത്തീർന്ന റോമാസാമ്രാജ്യങ്ങൾക്ക് വിദേശീയാക്രമണങ്ങളെ ചെറുത്തു നില്ക്കുവാനുള്ള ആഭ്യന്തരശക്തി നഷ്ടപ്പെട്ടു. ഡാന്യൂബ്-റൈൻ നദികളായിരുന്നു ഇവയുടെ വടക്കേ അതിർത്തി. ഈ അതിർത്തിക്കു വടക്കുനിന്നും വിവിധ പ്രാകൃത വർഗക്കാർ റോമാസാമ്രാജ്യത്തെ ആക്രമിച്ചിരുന്നു. അവിഭക്തറോമാസാമ്രാജ്യം ഈ ആക്രമണങ്ങളെ അതിജീവിച്ചു.


നാലാം ശതകാന്ത്യത്തോടുകൂടി വടക്കുപടിഞ്ഞാറൻ അതിർത്തികൾ ഭേദിച്ച് പ്രാകൃതന്മാർ ആക്രമണവും കൊള്ളയും കവർച്ചയും ആരംഭിച്ചു. പടിഞ്ഞാറൻ പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളെ ചെറുക്കുവാൻ റോമാചക്രവർത്തിമാർക്കു കഴിഞ്ഞില്ല. കൊള്ളയും കവർച്ചയും നടത്തി കടന്നുവന്ന പ്രാകൃതന്മാർ പശ്ചിമയൂറോപ്പിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ എ. ഡി. 476 -ൽ പശ്ചിമറോമാ സാമ്രാജ്യം നിലംപതിച്ചു . അതോടൊപ്പം റോമാ സംസ്കാരത്തിന്റെയും ദീർഘകാല ശ്രമഫലമായി പടുത്തുയർത്തിയിരുന്ന സ്ഥാപനങ്ങളുടെയും അപചയം ഇതോടുകൂടി ആരംഭിച്ചു. ഇവർ കൃഷിയും വ്യവസായവും സ്തംഭിപ്പിക്കുകയും വാണിജ്യത്തിന്റെ അപചയത്തിന് കാരണക്കാരാകുകയും ചെയ്തു. അഗ്നിക്കിരയാക്കിയ പട്ടണങ്ങൾ വിജനമായി. റോമൻ വിദ്യാലയങ്ങളും കലാകേന്ദ്രങ്ങളും അപ്രത്യക്ഷമായി. ഭാഷയും, കലയും ശാസ്ത്രവും പരിലാളനം ലഭിക്കാതെ ക്ഷയിച്ചു തുടങ്ങി. ഒരു സാംസ്കാരികാന്ധകാരം യുറോപ്പിനെ ഗ്രസിച്ചു. നിയമവാഴ്ചയ്ക്കും സുരക്ഷിതത്വത്തിനും പകരം കിരാതത്വവും അരക്ഷിതാവസ്ഥയും സ്ഥാനം പിടിച്ചു. ഈ കാലഘട്ടമാണ് അന്ധകാരയുഗം എന്നറിയപ്പെടുന്നത്. പ്രാകൃതന്മാർ പ്രധാനമായും ജർമൻവർഗക്കാരും മംഗോളിയൻ വർഗക്കാരും എന്നിങ്ങനെ രണ്ടു വിഭാഗക്കാരായിരുന്നു. ജർമൻവർഗക്കാർ റൈൻ നദീതട പ്രദേശങ്ങളിലും മംഗോളിയൻമാർ മധ്യ ഏഷ്യയിലുമാണ് വസിച്ചിരുന്നത്. ഗോത്തുകൾ, വാൻഡലുകൾ, ഫ്രാങ്കുകൾ, ലൊംബാർഡുകൾ തുടങ്ങിയവർ ജർമൻകാരും, ഹൂണന്മാർ മംഗോളിയരുമായിരുന്നു.

ഗോത്തുകൾ

[തിരുത്തുക]
ഗോത്തുകൾ, ചിത്രകാരന്റെ ഭാവനയിൽ

റോമിനെ ഭീഷണിപ്പെടുത്തിയ ആദ്യത്തെ പ്രാകൃതന്മാരായിരുന്നു ഗോത്തുകൾ. ഇവർക്കിടയിൽ വിസിഗോത്തുകൾ അഥവാ പശ്ചിമഗോത്തുകൾ, ഓസ്റ്റ്രോ ഗോത്തുകൾ അഥവാ പൂർവഗോത്തുകൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. യൂറോപ്പിന്റെ വടക്കുനിന്നും തെക്കു ഭാഗത്തേക്കു തള്ളിക്കയറിയ വിസിഗോത്തുകൾ മൂന്നാം ശതകം മുതൽ റോമിന് ഒരു ഭീഷണിയായി. ഇവർ കരിങ്കടലിന്റെ ഉത്തരഭാഗത്ത് ഒരു രാജ്യം സ്ഥാപിച്ചിരുന്നു. ഇവരെ എ.ഡി. 376-ൽ ഹൂണന്മാർ പരാജയപ്പെടുത്തിയപ്പോൾ റോമാസാമ്രാജ്യത്തിനുള്ളിൽ ഇവർ തള്ളിക്കയറി. എഡ്രിയാനോപ്പോളിൽ വച്ച് എ.ഡി. 378-ൽ നടന്ന യുദ്ധത്തിൽ ഇവർ വാലൻസ് ഫ്ളേവിയസ് ചക്രവർത്തിയെ (എ.ഡി. 328 - 378) വധിച്ചു. അടുത്ത റോമൻ ചക്രവർത്തി തിയഡോഷ്യസ് (എ.ഡി. 346 - 395) അവരുമായി നയപരമായി പെരുമാറി. അദ്ദേഹത്തിന്റെ മരണശേഷം അലാറിക്കിന്റെ (എ.ഡി. 370 - 410) നേതൃത്വത്തിൽ റോമാസാമ്രാജ്യത്തിനെതിരായി വിസിഗോത്തുകൾ ആക്രമണം അഴിച്ചുവിട്ടു. റോമാപ്പട്ടണം പിടിച്ചടക്കാൻ കഴിയാതെ കൊള്ളയും കവർച്ചയുമായി ഗ്രീസിലേക്കു കടന്ന് ആഥൻസ്, കോറിന്ത്, സ്പാർട്ട തുടങ്ങിയ പുരാതനഗ്രീക്കു പട്ടണങ്ങളെ ആക്രമിച്ച് ആധിപത്യം സ്ഥാപിച്ചു. ഗ്രീസിൽനിന്നും അലാറിക് ഇറ്റലിയിൽ മൂന്നു പ്രധാന ആക്രമണങ്ങൾ നടത്തി. എ.ഡി. 410-ൽ അലാറിക് റോമാപ്പട്ടണം ആക്രമിച്ച് കൊള്ളയടിക്കുകയും പൊതുസ്ഥാപനങ്ങളും ക്രൈസ്തവദേവാലയങ്ങളുമൊഴികെ മറ്റെല്ലാം അഗ്നിക്കിരയാക്കി നശിപ്പിക്കുകയും ചെയ്തു. അലാറിക്കിന്റെ മരണശേഷം വിസിഗോത്തുകൾ റോമിൽനിന്നും പിൻവാങ്ങി. ആൽപ്സ് പർവതനിര കടന്ന് ദക്ഷിണ ഗാൾ (Gaul) കൈവശപ്പെടുത്തി. അവിടെ ടുലൂസ് (Toulouse) ആസ്ഥാനമാക്കി ഒരു രാജ്യം സ്ഥാപിച്ചു. റോമൻ ചക്രവർത്തിക്ക് ഈ രാജ്യത്തെ അംഗീകരിക്കേണ്ടിവന്നു.

വാൻഡലുകൾ

[തിരുത്തുക]
വാൻഡലുകളുടെ കാലത്തെ ഒരു ആചാരം

റോമാസാമ്രാജ്യത്തിനെ ശിഥിലമാക്കിയ മറ്റൊരു ജർമൻ പ്രാകൃതവർഗക്കാരായിരുന്നു വാൻഡലുകൾ. സ്പെയിനിൽ ആധിപത്യം സ്ഥാപിച്ച ഇവർ ജൻസറിക്കിന്റെ നേതൃത്വത്തിൽ ഉത്തര ആഫ്രിക്കയിൽ കടന്നു. ജൻസറിക് കഴിവുറ്റ ഒരു സൈന്യാധിപനായിരുന്നു. കാർത്തേജ് തലസ്ഥാനമാക്കി എ. ഡി. 429 -ൽ ഒരു സാമ്രാജ്യം സ്ഥാപിച്ചശേഷം നാവികശക്തി സംഭരിച്ച് പശ്ചിമ മെഡിറ്ററേനിയനിൽ ആധിപത്യം നിലനിർത്തി. റോമിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇറ്റലിയിലും സിസിലിയിലും കടന്നുകയറി ആക്രമണങ്ങൾ നടത്തി. വാൻഡലുകൾ റോമാപ്പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. റോമിൽ ആധിപത്യം സ്ഥാപിച്ച ഇവരെ ജസ്റ്റീനിയൻ (എ.ഡി. 483 - 565) ചക്രവർത്തി തോല്പിച്ചോടിച്ചു.

ഹൂണന്മാർ

[തിരുത്തുക]
പ്രമാണം:AttilaTheHun.jpg
ആറ്റില

മധ്യ-ഏഷ്യ അധിവസിച്ചിരുന്ന മംഗോൾ വർഗക്കാരായിരുന്നു ഹൂണന്മാർ. ഇവർ അശ്വാരൂഢരായി മിന്നലാക്രമണംകൊണ്ട് ശത്രുക്കളെ കിടിലംകൊള്ളിച്ചു വന്നു. യൂറോപ്യൻമാർക്ക് ഇവർ ഒരു ഭീഷണിയായിത്തീർന്നു. ഹൂണന്മാർ തോല്പിച്ചോടിച്ച ജർമൻ വർഗങ്ങളായിരുന്നു റോമൻ സാമ്രാജ്യത്തെ മൂന്നാം ശതകം മുതൽ ആക്രമിച്ചുകൊണ്ടിരുന്നത്. നാലാം ശതകാന്ത്യത്തിൽ മധ്യേഷ്യയിൽനിന്ന് ജീവിതസൌകര്യങ്ങൾ തേടി ഇവർ കരിങ്കടൽ പ്രദേശത്തു കടന്നു. അവിടെ കുടിയേറിപ്പാർത്തിരുന്ന പ്രാകൃതരെ തുരത്തിയോടിച്ചു. അഞ്ചാം ശതകത്തിൽ ആറ്റില (406 - 53) ഇവരെ റോമൻ സാമ്രാജ്യത്തിലേക്കു നയിച്ചു. ഭീതനായ റോമാചക്രവർത്തി കപ്പം നല്കി തൽക്കാലം രക്ഷപ്രാപിച്ചു. പക്ഷേ, എ.ഡി. 451-ൽ പശ്ചിമ റോമാചക്രവർത്തി കപ്പം മുടക്കിയപ്പോൾ ഹൂണന്മാർ ഗാളിൽ കടന്ന് ആക്രമണം നടത്തി. റോമൻ ചക്രവർത്തി വിസിഗോത്തുകളുടെ സഹായത്തോടുകൂടി ഹൂണന്മാരെ തോല്പിച്ചോടിച്ചെങ്കിലും അവർ അടുത്തവർഷം ഇറ്റലി ആക്രമിച്ചു. റോമാനഗരം അഗ്നിക്കിരയാകുമെന്നു ഭയന്ന് മാർപാപ്പയായ ലിയോ I (എ.ഡി. 390 - 461) ആറ്റിലയെ നേരിൽ കണ്ട് റോമാനഗരം നശിപ്പിക്കരുതെന്ന് അപേക്ഷിച്ചു. റോമിനെ നശിപ്പിക്കാതെ ആറ്റില പിൻവാങ്ങി. ആറ്റിലയുടെ മരണശേഷം ഹൂണന്മാർ പിന്നീട് റോം ആക്രമിക്കുകയുണ്ടായില്ല.

ഒസ്റ്റ്രോഗോത്തുകൾ

[തിരുത്തുക]
ഒസ്റ്റ്രോഗോത്തുകളുടെ കാലത്തെ കർണ്ണാഭരണം

ജർമൻ പ്രാകൃതവർഗത്തിൽപെട്ട സൈന്യാധിപനായ ഒടോവാക്കർ (എ.ഡി. 434 - 493) ഇറ്റലിയിൽ ഭരണം സ്ഥാപിച്ചതോടെ പശ്ചിമറോമാസാമ്രാജ്യം തിരോഭവിച്ചു (എ.ഡി. 476). തിയോഡോറിക് (എ.ഡി. 454 - 526) ഒസ്റ്റ്രോഗോത്തുകളുടെ സേനാനിയായിരുന്നു, ഒസ്റ്റ്രോഗോത്തുകൾ ഡാന്യൂബ് നദി കടന്ന് റോമൻ പ്രദേശങ്ങളിലേക്ക് തള്ളിക്കയറി. പൌരസ്ത്യ റോമാചക്രവർത്തിയുടെ സഹായത്തോടെ തിയോഡോറിക് ഒടോവാക്കറെ പരാജയപ്പെടുത്തി. തിയോഡോറിക് 526-ൽ അന്തരിച്ചു. ഇറ്റലിയെ വീണ്ടും നിരവധി പ്രാകൃതന്മാർ ആക്രമിച്ചുകൊണ്ടിരുന്നു. അവരിൽ നിന്നും ഇറ്റലിയെ മോചിപ്പിച്ചത് ഫ്രാങ്കുകളായിരുന്നു.

ഫ്രാങ്കുകൾ

[തിരുത്തുക]

ജർമൻ വർഗത്തിൽപ്പെട്ട ഇവർ റൈൻ നദീതടപ്രദേശങ്ങളിലായിരുന്നു വസിച്ചിരുന്നത്. റോമാക്കാരുമായി വാണിജ്യബന്ധം പുലർത്തിയിരുന്നതുകൊണ്ട് റോമൻ സംസ്കാരം അവരിൽ സ്വാധീനത ചെലുത്തിയിരുന്നു. അവർ ഗാളിൽ കുടിയേറിപ്പാർത്തു. പശ്ചിമ റോമാസാമ്രാജ്യത്തിന്റെ പതനത്തോടെ ക്ളോവിസ് (എ.ഡി. 465 - 511) എ.ഡി. 481 -ൽ ഒരു ഫ്രാങ്കുരാജ്യം സ്ഥാപിച്ചു. ക്ളോവിസ് സ്ഥാപിച്ച ഈ രാജ്യം ഏഴാം ശതകത്തിൽ പലതായി വിഭജിക്കപ്പെട്ടു. അറബികൾ സ്പെയിൻ പിടിച്ചടക്കി, ഗാളിൽ പ്രവേശിച്ചപ്പോൾ ചാൾസ് മാർട്ടൽ (എ.ഡി. 688 - 741) അവരെ തോല്പിച്ചോടിച്ചതോടുകൂടി അദ്ദേഹം ഗാളിൽ പരമാധികാരിയായെങ്കിലും കിരീടധാരണം നടത്തിയില്ല. അദ്ദേഹത്തിന്റെ പുത്രൻ പൈപ്പിൻ III ഗാളിലെ രാജാവായതോടുകൂടി എ.ഡി. 741-ൽ വീണ്ടും ഫ്രാങ്കുരാജ്യം രൂപംകൊണ്ടു. ഷാർലമെയിൻ രാജാവായിരുന്ന കാലവും (എ.ഡി. 768 - 814) അനന്തരം വിശുദ്ധറോമാ ചക്രവർത്തിയാകുന്ന കാലവും ആണ് ഫ്രാങ്കുകളുടെ പ്രതാപകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. പ്രാകൃതന്മാർ സ്ഥാപിച്ച രാജ്യങ്ങളെല്ലാം താമസം വിനാ തകർന്നുപോയെങ്കിലും ഫ്രാങ്കുകൾ ഗാളിൽ സ്ഥാപിച്ച രാജ്യം ഒന്നര ശതാബ്ദക്കാലത്തോളം നിലനിന്നു. ഷാർലമെയിൻ പശ്ചിമ യൂറോപ്പിനെ ഗ്രസിച്ചിരുന്ന അന്ധകാരത്തിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒമ്പതും പത്തും ശതകങ്ങങ്ങളിലുണ്ടായ പ്രാകൃതന്മാരുടെ ആക്രമണങ്ങൾ ആ യത്നത്തെ വിഫലമാക്കി. ഫ്രാങ്കു രാജ്യവും അധഃപതിച്ചു. ഷാർലമെയിനിന്റെ നിര്യാണത്തോടെ യൂറോപ്പ് വീണ്ടും അന്ധകാരത്തിൽ പതിച്ചു.


ഈ അന്ധകാരത്തിൽ നിന്നും പശ്ചിമയൂറോപ്പിനെ മോചിപ്പിക്കുന്നത് ക്രിസ്തുമതമാണ്. റോമൻ പ്രദേശങ്ങളെയാകെ തകർത്ത പ്രാകൃതന്മാർ വിവിധ പ്രദേശങ്ങളിൽ ക്രമേണ താമസം ഉറപ്പിച്ചപ്പോൾ അവരിലുൾക്കൊണ്ടിരുന്ന കാടത്തം മെല്ലെ വിട്ടകന്നു. ക്രൈസ്തവസംസ്കാരം അവരെ സ്വാധീനിച്ചപ്പോൾ പ്രാകൃതന്മാരും റോമാസംസ്കാരത്തിന്റെ അതിപ്രസരത്തിൽ അമർന്നു. ക്രിസ്തുമതത്തിൽ അഭയം തേടിയ അവർ മതപുരോഹിതന്മാരുടെ സ്വാധീനവലയത്തിലായി. പ്രാകൃതന്മാരുടെ രാജ്യങ്ങൾ അധഃപതിച്ചപ്പോൾ രാജ്യഭരണവും പുരോഹിതഹസ്തങ്ങളിൽ വന്നമർന്നു. ക്രൈസ്തവദേവാലയങ്ങൾ പെരുകി ഏകീകൃത ഭരണത്തിൻകീഴിൽ വന്നതോടൊപ്പം പശ്ചിമയൂറോപ്പും അന്ധകാരത്തിൽ നിന്നും മോചനം നേടി. മാടമ്പി വാഴ്ചയും (Feudalism) രാജവാഴ്ചയും കൂടി പുനഃസ്ഥാപിതമായതോടെ യൂറോപ്പിൽ നിന്നു രാഷ്ട്രീയ അരാജകത്വം വിട്ടകന്നു; അതോടെ അന്ധകാരകാലഘട്ടവും.


ലോകചരിത്രത്തിലോ യൂറോപ്യൻ ചരിത്രത്തിലോ ഒരു കാലത്തും പൂർണമായ അന്ധകാരം വ്യാപിച്ചിട്ടില്ലാതിരുന്നതിനാൽ, 5-ാം ശതകം മുതൽ 11-ാം ശതകം വരെയുള്ള ഈ കാലഘട്ടത്തെ അന്ധകാരയുഗമെന്നു വിശേഷിപ്പിക്കുന്നതിനെ ആധുനികചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. തന്മൂലം അന്ധകാരയുഗമെന്ന പ്രയോഗം ആധുനികചരിത്രത്തിൽ ലുപ്തപ്രചാരമായിത്തീർന്നിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ധകാരയുഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ധകാരയുഗം&oldid=1736415" എന്ന താളിൽനിന്ന് ശേഖരിച്ചത്