ക്രിസ് ഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chris Hani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രിസ് ഹാനി

ക്രിസ് ഹാനി
ജനനം മാർട്ടിൻ തെംബിസ്ലേ ഹാനി
1942 ജൂൺ 28(1942-06-28)
ട്രാൻസ്കി, ദക്ഷിണാഫ്രിക്ക
മരണം 1993 ഏപ്രിൽ 10
ദേശീയത ദക്ഷിണ ആഫ്രിക്ക
രാഷ്ട്രീയപ്പാർട്ടി
ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്
ജീവിത പങ്കാളി(കൾ) ലിംഫോ ഹാനി

ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു ക്രിസ് ഹാനി എന്ന മാർട്ടിൻ തെംബിസ്ലേ ഹാനി(28 ജൂൺ 1942 – 10 ഏപ്രിൽ 1993).[1] ആഫ്രിക്കൻ നാഷണഷൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിന്റെ തലവൻ കൂടിയായിരുന്നു ക്രിസ്. അപ്പാർത്തീഡ് നിയമവ്യവസ്ഥക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു ഹാനി. 1993 ഏപ്രിൽ 10 ന് ക്രിസ് ഹാനി വധിക്കപ്പെട്ടു.

1954 ൽ സ്കൂൾ വിദ്യാഭ്യാസ കാലത്താണ് വംശീയവിവേചനത്തിന്റെ ദുരവസ്ഥകൾ ഹാനി മനസ്സിലാക്കിതുടങ്ങിയത്. വിദേശികളായ വെള്ളക്കാരൻ നടപ്പാക്കുന്ന നിയമങ്ങൾ സ്വദേശികൾ അനുസരിക്കേണ്ടി വരുന്ന വ്യവസ്ഥിതിയിൽ ഹാനി കുപിതനായിരുന്നു. 1956 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1957 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗിൽ അംഗമായി. ഫോർട്ട് ഹാരെ സർവ്വകലാശാലയിൽവെച്ചാണ് മാർക്സിസത്തെ അടുത്തറിയാൻ തുടങ്ങിയത്. മാർക്സിസം പഠിച്ചതിലൂടെ വംശവിവേചനത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഹാനിക്കു കഴിഞ്ഞു.

ആദ്യകാല ജീവിതം[തിരുത്തുക]

1942 ജൂൺ 28ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കി എന്ന ചെറു ഗ്രാമത്തിലാണ് ഹാനി ജനിച്ചത്. ട്രാൻസ്വാളിലെ ഒരു ഖനിതൊഴിലാളിയായിരുന്നു ഹാനിയുടെ പിതാവ് ഗിൽബർട്ട്. ആറുമക്കളിൽ അഞ്ചാമനായിരുന്നു ക്രിസ് ഹാനി. നിരക്ഷരയായിരുന്ന ഒരു കുടുംബിനിയായിരുന്നു മാതാവ് മേരി ഹാനി. മൂന്നു സഹോദരങ്ങൾ കടുത്ത ദാരിദ്ര്യത്താൽ മരണമടഞ്ഞിരുന്നു.[2] ലവ്ഡേൽ സ്കൂളിലും, മോഡേൺ സ്കൂളിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ഹാനി ഫോർട്ട് ഹയർ സർവ്വകലാശാലയിൽ ചേർന്നു. പുറത്തുള്ള വർണ്ണവെറിയൊന്നും കടന്നിട്ടില്ലാത്ത ഒരു കോളേജായിരുന്നു ഫോർട്ട് ഹയർ. മാർക്സിസ്റ്റ് ആശയങ്ങൾ ഹാനി അടുത്തറിയുന്നത് ഈ സർവ്വകലാശാലാ ജീവിതത്തിൽവെച്ചാണ്.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

തന്റെ പതിനഞ്ചാം വയസ്സിലാണ് ഹാനി അഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിൽ അംഗമായി ചേരുന്നത്. കുപ്രസിദ്ധമായ ബന്ദു എഡ്യുക്കേഷൻ നിയമത്തിനെതിരേ സമരം നയിച്ചുകൊണ്ടാണ് ഹാനിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിരുദ പഠനത്തിനുശേഷം, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിൽ ഹാനി അംഗമായി. 1963 ൽ കമ്മ്യൂണിസ്റ്റ് നിരോധനത്തെത്തുടർന്ന് അറസ്റ്റിലാവുകയും, ലെസിതോയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.

റഷ്യയിൽ നിന്നും ഹാനി സൈനികപരിശീലനം നേടി. റൊഡേഷ്യൻ ബുഷ് യുദ്ധത്തിൽ ഹാനി പങ്കെടുത്തിരുന്നു. എം.കെയുടേയും സിംബാബ്വേ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടേയും നേതൃത്വത്തിൽ നടന്ന സായുധമുന്നേറ്റങ്ങൾ എല്ലാം പരാജയങ്ങളായിരുന്നുവെങ്കിലും, ഹാനിയുടെ ധീരത ഏറെ ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നടത്തേണ്ട ഗറില്ലാ മുന്നേറ്റങ്ങൾ ലെസോതോ ദ്വീപിൽ നിന്നും ഏകോപിപ്പിച്ചത് ഹാനിയായിരുന്നു. എതിരാളികളുടെ മുഖ്യലക്ഷ്യം ഹാനിയായി മാറി. അതോടെ, ഹാനി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സാംബിയ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. ഈ സായുധവിഭാഗത്തിന്റെ തലവനെന്ന നിലയിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ അടിച്ചമർത്തേണ്ടി വന്നിരുന്നുവെന്നാലും, എതിരാളികൾക്ക് നൽകുന്ന കടുത്ത പീഡനങ്ങളേയും മരണശിക്ഷയേയും ഹാനി അനുകൂലിച്ചിരുന്നില്ല.

1990 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനേർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതിനെതുടർന്ന് ഹാനി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുവന്നു. 1991ൽ ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി ചുമതലയേറ്റു.

മരണം[തിരുത്തുക]

1993 ഏപ്രിൽ 10 നാണ് ഹാനി വധിക്കപ്പെട്ടത്. ജാൻസുസ് വാലസ് എന്ന വെള്ളക്കാരനായിരുന്നു ഹാനിയെ വെടിവെച്ചു വീഴ്ത്തിയത്. ഡൗൺ പാർക്കിലെ തന്റെ വസതിക്കടുത്ത് കാറിൽ നിന്നിറങ്ങുമ്പോഴായിരുന്നു വാലസ്, ഹാനിയുമായി വാഗ്വാദത്തിലേർപ്പെടുകയും ഉടനടി വെടിയുതിർക്കുകയും ചെയ്തത്. സംഭവശേഷം,വാലസ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുമുള്ള എം.പി.യും, സാമ്പത്തിക കാര്യ മന്ത്രിയുമായ ക്ലൈവ് ഡെർബി ലൂയിസിനേയും ഹാനിയുടെ വധവുമായി പോലീസ് അറസ്റ്റ്ചെയ്തു.[4] കൊലയാളിയായ വാലസിന് തോക്ക് നൽകിയത് ഡെർബി ലൂയിസായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. "ക്രിസ് ഹാനി - ലഘു ജീവചരിത്രം". സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി. ശേഖരിച്ചത് 06-ഡിസംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. ക്രിസ് വാൻ, വിക് (2000). ക്രിസ് ഹാനി, ദെ ഫോട്ട് ഫോർ ഫ്രീഡം. മാസ്കോ മില്ലർ. p. 5. ഐ.എസ്.ബി.എൻ. 978-0636019850. 
  3. "ക്രിസ് ഹാനി". എബൗട്ട്.കോം. ശേഖരിച്ചത് 06-ഡിസംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  4. രഞ്ജിനി, മുനിസ്വാമി (10-ഏപ്രിൽ-2013). "ദ ബ്ലഡ് ഓഫ് ക്രിസ് ഹാനി ആന്റ് ദ എറ്റേണൽ ഡാമ്നേഷൻ ഓഫ് ക്ലൈവ് ഡെർബി ലൂയിസ്". ഡെയിലി മാവെറിക്ക്. ശേഖരിച്ചത് 07-ഡിസംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  5. "ഹാനി ട്രൂത്ത് ഹിയറിംഗ് റെസ്യൂംസ്". ബി.ബി.സി. 16-മാർച്ച്-1998. ശേഖരിച്ചത് 07-ഡിസംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ക്രിസ്_ഹാനി&oldid=2282111" എന്ന താളിൽനിന്നു ശേഖരിച്ചത്