ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chengalathu Kunhirama Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു 'ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ' (1857-1935). മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നു പോലും അദ്ദേഹത്തെ വിളിക്കാം [1], [2], [3]. യഥാർത്ഥത്തിലുള്ള ഒരു വാർത്താപത്രം മലബാറിൽനിന്നു ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നതും കുഞ്ഞിരാമ മേനോനാണ്. 1884-ൽ കേരളപത്രിക എന്ന പത്രം സ്ഥാപിച്ച ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 48 വർഷം പത്രാധിപത്യം വഹിച്ചിട്ടുണ്ട്[4], [5]. ഇത്രയും നീണ്ടകാലം പത്രാധിപത്യം വഹിക്കുന്നതു പിൽക്കാലത്തും അപൂർവമാണ്.

ജീവിതരേഖ[തിരുത്തുക]

1857ൽ കോഴിക്കോട്ടാണ് ജനനം. കോട്ടക്കൽ മുല്ലശ്ശേരി കരുണാകര മേനോന്റെയും ചെങ്കളത്ത് നാരായണിയമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമനായിരുന്നു. നാട്ടെഴുത്തച്ഛന്റെ കീഴിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ഗവ.കോളേജിൽനിന്ന് എഫ്.എ പരീക്ഷ പാസ്സായി. മദ്രാസ് പ്രസിഡൻസി കോളേജിൽനിന്നാണ് ബി.എ. പാസ്സായത്. മലബാറിലെ ആദ്യത്തെ ബി.എ.ബിരുദധാരിയാണ് എന്നു കരുതപ്പെടുന്നു. തുടർന്ന് കോഴിക്കോട്ടെ ബാസൽ മിഷൻ വിദ്യാലയത്തിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സർവ്വീസിൽ നല്ല പദവികൾ ലഭിക്കുമായിരുന്നു എങ്കിലും പത്രപ്രവർത്തനമാണ് അദ്ദേഹം ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തത്. 1885-ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ സ്ഥാപനസമ്മേളനത്തിൽ കുഞ്ഞിരാമമേനോൻ പങ്കെടുത്തു. 1895ൽ ലണ്ടനിൽ നടന്ന ലോകപത്രാധിപ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട മൂന്നു ഇന്ത്യൻ പത്രാധിപന്മാരിൽ ഒരാളായിരുന്നു കുഞ്ഞിരാമ മേനോൻ. ദ ഹിന്ദു, അമൃത്ബസാർ പത്രിക എന്നിവയുടെ പത്രാധിപന്മാരാണ് ക്ഷണിക്കപ്പെട്ട മറ്റു രണ്ട് പത്രാധിപന്മാർ. ഒരു വർഷം അദ്ദേഹം ഇംഗ്ലണ്ടിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പര്യടനം നടത്തി.

പത്രപ്രവർത്തനം[തിരുത്തുക]

1884-ൽ കേരളപത്രിക പത്രം സ്ഥാപിക്കുന്നത് ടി.എം.അപ്പുനെടുങ്ങാടി, കെ.ടി.വർഗ്ഗീസ്, കണ്ണമ്പ്ര വലിയ ഉണ്ണിനായർ എന്നിവരുടെ സഹായത്തോടെയാണ്. കൽക്കത്തയിലെ ആനന്ദബസാർ പത്രികയുടെ മാതൃകയിൽ ഒരു പത്രസ്ഥാപനം ആണ് അദ്ദേഹം ലക്ഷ്യമിട്ടത്. 'എന്റെ കേരളപത്രിക എന്ന പത്രം മലയാളജില്ലയിൽ മലയാളഭാഷയിലെ ഒന്നാമത്തെ പത്രമാണ്' എന്ന് കുഞ്ഞിരാമമേനോൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം എന്ന കൃതിക്ക് എഴുതിക്കൊടുത്ത പ്രസ്താവനയിൽ അവകാശപ്പെടുന്നുണ്ട്.[6] മലയാളജില്ല എന്ന പ്രയോഗം മലബാറിനെക്കുറിച്ചാണ് എന്നുവേണം കരുതാൻ. കാരണം, 1881 ജനുവരി ഒന്നിന് കൊച്ചിയിൽ ദേവ്ജി ഭീമ്ജി എന്നഗുജറാത്തുകാരൻ കേരളമിത്രം വാരിക തുടങ്ങിയിരുന്നു. കണ്ടത്തിൽ വറുഗീസ് മാപ്പിള ആയിരുന്നു ആദ്യപത്രാധിപർ.

അക്കാലത്തെ പത്രങ്ങൾ, വിദേശപത്രങ്ങൾപോലും, നടന്ന സംഭവങ്ങൾ വായനക്കാരെ അറിയിക്കുക മാത്രമാണ് ചെയ്തിരുന്നത്. സംഭവങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുക പതിവില്ല. പൊതുജനങ്ങൾക്ക് അഭിപ്രായം ഇല്ലാത്ത, ഉദ്യോഗസ്ഥന്മാർക്കും പ്രമാണിമാർക്കും മാത്രം അഭിപ്രായം ഉണ്ടായിരുന്ന കാലമായിരുന്നു അത്.[6] വാർത്തയോടൊപ്പം അഭിപ്രായങ്ങളും വിമർശനങ്ങളും ആവശ്യങ്ങളും ചേർക്കുക എന്ന രീതിക്കു തുടക്കം കുറിക്കുന്നത് കുഞ്ഞിരാമ മേനോൻ ആണ്. കേരളപത്രിക പ്രസിദ്ധീകരണം തുടങ്ങിയ ശേഷമുള്ള കാൽനൂറ്റാണ്ടിനകം പൊതുജനങ്ങളും ലോകകാര്യങ്ങളെക്കുറിച്ച് അറിവു സമ്പാദിക്കുകയും അവയെക്കുറിച്ച് അഭിപ്രായങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

പത്രാധിപന്മാരുടെ ലണ്ടൻ സമ്മേളനത്തിൽ അദ്ദേഹത്തിനു പുറമെ ദ് ഹിന്ദുവിന്റെയും അമൃതബസാർപത്രിക പത്രത്തിന്റെയും പത്രാധിപന്മാരാണ് പങ്കെടുത്തിരുന്നത്.[അവലംബം ആവശ്യമാണ്] ദേശീയതലത്തിൽത്തന്നെ അദ്ദേഹം നേടിയ അംഗീകാരത്തിന്റെ സൂചനയായി ഇതു കണക്കാക്കെപ്പടുന്നു. ഭരണാധികാരികൾ കേരളപത്രികയ്ക്കും കുഞ്ഞിരാമ മേനോനും വലിയ ബഹുമാനവും അംഗീകാരവും നൽകിയിരുന്നുവെങ്കിലും കുഞ്ഞിരാമ മേനോൻ അധികൃതരുടെ നയങ്ങളെ വിമർശിക്കുന്നതിൽ ഒട്ടും മടികാണിച്ചിട്ടില്ലെന്നു കെ.പി.കേശവമേനോൻ എഴുതിയിട്ടുണ്ട്.[7] ഗവണ്മെന്റിനെതിരെ എഴുതിയതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ വഴങ്ങാതിരുന്ന പത്രാധിപർക്ക് 51 പിഴ ശിക്ഷ ലഭിച്ച കാര്യവും കേശവമേനോൻ അനുസ്മരിക്കുന്നുണ്ട്.

തുടക്കത്തിൽ ഏതാണ്ട് ഏകനായാണ് കുഞ്ഞിരാമമേനോൻ കേരളപത്രിക നടത്തിപ്പോന്നതെങ്കിലും പ്രമുഖരായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, അപ്പു നെടുങ്ങാടി, ഒ. ചന്തുമേനോൻ, സി.പി. അച്യുതമേനോൻ, മൂർക്കോത്തു കുമാരൻ തുടങ്ങിയ പ്രമുഖർ കേരളപത്രികയിൽ പിന്നീട് എഴുതിപ്പോന്നു. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യഗ്രന്ഥം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1912-ൽഎഴുതിയപ്പോൾ അതിൽ പ്രസ്താവന എഴുതാൻ അഭ്യർത്ഥിച്ചത് ചെങ്കളത്ത് കുഞ്ഞിരാമമേനോനോടായിരുന്നു. കേരളപത്രിക ഇഷ്ടപ്പെട്ട തിരുവിതാംകൂർ രാജാവ് പ്രസിദ്ധീകരണത്തിന്റെ കോപ്പികൾ വാങ്ങിപ്പിച്ച് ഉദ്യോഗസ്ഥന്മാർക്കു വിതരണം ചെയ്തുപോന്നതും എടുത്തുപറയേണ്ട സംഗതിതന്നെ. മാധ്യമസദാചാരവും മര്യാദയും ഉയർത്തിപ്പിടിച്ചുകൊണ്ട്, ശരിക്കും അന്തസ്സുള്ള പത്രപ്രവർത്തനമാണ് കുഞ്ഞിരാമ മേനോൻ നടത്തിയിരുന്നത് എന്നു അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തിവേളയിൽ മലയാള മനോരമ അദ്ദേഹത്തെക്കുറിച്ച് ഒരു മുഖപ്രസംഗംതന്നെ എഴുതി.[8] 1933-ൽ അദ്ദേഹം ആരോഗ്യകാരണങ്ങളാൽ പത്രച്ചുമതല ഉപേക്ഷിച്ചു. 1935 സെപ്തംബർ 16-ന് 78-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പിന്നീട് മൂന്നാമത്തെ മകൻ പത്മനാഭമേനോന്റെ പത്രാധിപത്യത്തിൽ കേരളപത്രിക കുറച്ചുകാലം കൂടി നടന്നുപോന്നു. ഒടുവിൽ സാമ്പത്തികപ്രതിസന്ധി കാരണം പ്രസിദ്ധീകരണം നിർത്തി.

പൊതുപ്രവർത്തനം[തിരുത്തുക]

1885ൽ കോൺഗ്രസ്സിന്റെ രൂപവൽക്കരണയോഗത്തിൽ പങ്കെടുത്ത കുഞ്ഞിരാമ മേനോൻ എട്ടുവർഷത്തോളം കോൺഗ്രസ്സിന്റെ പ്രധാന പ്രവർത്തകനായിരുന്നു. പക്ഷേ, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് അദ്ദേഹം പ്രസ്ഥാനത്തിന്റെ ഒരു വിമർശകനായും മാറി. നിസ്സഹകരണസമരത്തിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. 1923-ൽ കോഴിക്കോട്ട് മാതൃഭൂമി പത്രം തുടങ്ങാൻതന്നെ ഒരു കാരണം ദേശീയപ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന മറ്റൊരു പത്രവും ഇല്ല എന്നതാണ്. കുഞ്ഞിരാമ മേനോൻ പക്ഷേ, ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സ്ഥിരം അനുകൂലിയുമായിരുന്നില്ല. വിമർശിക്കേണ്ടപ്പോൾ വിമർശിക്കാറുമുണ്ട്. കുഞ്ഞിരാമ മേനോൻ അക്കാലത്തു പൊതുരംഗത്തും സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. മുൻസിപ്പൽ കൗൺസിൽ, താലൂക്ക് ബോർഡ്, ഡിസ്ട്രിക്റ്റ് ബോർഡ് എന്നിവയിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും എസ്.എൻ.ഡി.പി.യോഗത്തിന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം എപ്പോഴും പിന്തുണച്ചിട്ടുണ്ട്. 1921 ലെ കലാപത്തിനു ശേഷം രൂപവൽക്കരിച്ച പുനരുദ്ധാരണക്കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 1886-ൽ കോഴിക്കോട്ടെ ചാലപ്പുറം ഗണപത് ഹൈസ്‌കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

കുടുംബം[തിരുത്തുക]

കുഞ്ഞിരാമ മേനോൻ 26ാം വയസ്സിൽ വിവാഹിതനായി. കുമരനെല്ലൂർ വള്ളിക്കാട്ട് വേളത്തെ കല്ല്യാണി അമ്മയാണ് ഭാര്യ. ആറു മക്കളുണ്ട്. ആദ്യകാലത്തു താമസിച്ചിരുന്നത് ചാലപ്പുറത്ത് ചെങ്കളത്ത് തറവാട്ടിലായിരുന്നു. പിന്നീട് 1919-ൽ സ്വന്തം വീട്ടിലേക്കു മാറി. ഭാര്യ 1941-ൽ അന്തരിച്ചു. ആറു പുത്രന്മാരാണുണ്ടായിരുന്നത്. മൂത്ത മകൻ അച്യുത മേനോൻ ദ് ഹിന്ദു പത്രത്തിൽ സബ് എഡിറ്ററായിരുന്നു. എം.ആർ.കെ.സി എന്ന പേരിലും ചെങ്കളത്ത് ചെറിയ കുഞ്ഞിരാമ മേനോൻ എന്ന പേരിലും അറിയപ്പെട്ടിരുന്ന സാഹിത്യകാരനായ സഹോദരൻ ചെറിയ കുഞ്ഞിരാമ മേനോൻ കുറെക്കാലം കേരളപത്രികയിൽ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. [http://jimlysaju.blogspot.in/2013/09/blog-post_1311.html%7Chttp://jimlysaju.blogspot.in[പ്രവർത്തിക്കാത്ത കണ്ണി]
  2. [1]|keralasahityaakademi.org
  3. [2]|ജോർജ്ജ് പട്ടാഭിഷേകം
  4. [3]|nprajendran.com
  5. [4] Archived 2017-03-31 at the Wayback Machine.|mediamagazine.in
  6. 6.0 6.1 വൃത്താന്തപത്രപ്രവർത്തനം-രാമകൃഷ്ണപിള്ള. പ്രസ്താവന സി.കുഞ്ഞുരാമമേനോൻ
  7. സമകാലീനരായ ചില മലയാളികൾ - കെ.പി.കേശവമേനോൻ (പേജ് 21)
  8. കേരള പത്രപ്രവർത്തനം സുവർണാധ്യായങ്ങൾ -ജി.പ്രിയദർശനൻ (പേജ് 28)