രാസഷണ്ഡീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chemical castration എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈംഗികചോദനയും ലൈംഗികോത്തേജനവും കുറയ്ക്കാനുദ്ദേശിച്ചുള്ള ഔഷധപ്രയോഗത്തെയാണ് രാസഷണ്ഡീകരണം (Chemical castration) എന്നു പറയുന്നത്. ശസ്ത്രക്രീയയിലൂടെയുള്ള ഷണ്ഡീകരണത്തിൽ വൃഷണങ്ങൾ കീറിമാറ്റുകയാണ് ചെയ്യുന്നതെങ്കിൽ[1] രാസപ്രയോഗം യഥാർത്ഥത്തിൽ ഒരു മനുഷ്യന്റെ വൃഷണങ്ങൾക്ക് സ്ഥിരമായ നാശമൊന്നും വരുത്തുകയില്ല. ഇത് കുട്ടികളുണ്ടാകാതിരിക്കാനുള്ള തരം ശസ്ത്രക്രീയയുമല്ല[2]

മരുന്നുകളുടെ ഉപയോഗം നിലയ്ക്കുമ്പോൾ ഷണ്ഡീകരണം നിലയ്ക്കുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. ചിലപ്പോൾ ശരീരത്തിലെ രാസപ്രവർത്തനങ്ങളിൽ സ്ഥിരമായ മാറ്റം മരുന്നുപയോഗത്തിലൂടെ സംഭവിക്കുന്നതായി കാണപ്പെടുന്നുണ്ട്. അസ്ഥികളിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നതുപോലു‌ള്ള മാറ്റങ്ങളാണ് കാണപ്പെട്ടിട്ടുള്ളത്.[3] പാർശ്വഫലങ്ങളുണ്ടാകാനുള്ള സാദ്ധ്യത, മനുഷ്യാവകാശദ്ധ്വംശനമാണ് എന്ന ആരോപണം എന്നിവയുണ്ടെങ്കിലും പല ലോകരാജ്യങ്ങളിലും ഒരു ശിക്ഷാരീതിയായി രാസപ്രയോഗത്തിലൂടെയുള്ള ഷണ്ഡീകരണം നടക്കുന്നുണ്ട്.[4][5]

രാസപ്രയോഗം[തിരുത്തുക]

പുരുഷ ലൈംഗികഹോർമോണുകളായ ആൻഡ്രൊജനുകൾക്ക് എതിരായി പ്രവർത്തിക്കുന്ന ആന്റി ആൻഡ്രൊജൻ മരുന്നുകളാണ് നൽകുന്നത്. സൈപ്രോട്ടറോൺ അസറ്റേറ്റ്, ഡിപോ-പ്രൊവേറ എന്നിവ കൃത്യമായ ഇടവേളകളിൽ നൽകപ്പെടും. ഡിപോ പ്രൊവേറ മൂന്നുമാസത്തിലൊരിക്കൽ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. സൈക്കോസിസ് എന്ന മാനസികരോഗചികിത്സയുക്കുപയോഗിക്കുന്ന ബെൻപെരിഡോൾ പോലെയുള്ള മരുന്നുകളും ഈ ആവശ്യത്തിനുപയോഗിക്കാവുന്നതാണ്. ഇത് വളരെനാൾ ഫലം നീണ്ടുനിൽക്കുന്ന തരം കുത്തിവയ്പ്പിലൂടെ നൽകാവുന്നതാണ്.

ഫലങ്ങൾ[തിരുത്തുക]

പുരുഷന്മാരിൽ ഉപയോഗിക്കുമ്പോൾ ഈ മരുന്നുകൾ ലൈംഗികാസക്തിയും ലൈംഗിക വിചാരങ്ങളും ഉദ്ധാരണശേഷിയും കുറയ്ക്കും. ജീവന് അപകടമുണ്ടാക്കുന്ന തരം പാർശ്വഫലങ്ങൾ വിരളമാണ്. ശരീരത്തിൽ കൊഴുപ്പിന്റ അംശം കൂടുക, അസ്ഥികളുടെ സാന്ദ്രത കുറയുക, ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. സ്തനവളർച്ച (gynecomastia), [6][7] രോമവളർച്ച കുറയുക, [8] പേശികളുടെ അളവു കുറയുക [9]മുതലായ പാർശ്വഫലങ്ങളുമുണ്ടാകാറുണ്ട്.

എതിർപ്പുകൾ[തിരുത്തുക]

ശസ്ത്രക്രീയയിലൂടെ ഷണ്ഡരാക്കുകയോ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കുകയോ ചെയ്യുന്നതിലും കൂടുതൽ മനുഷ്യത്വമുള്ള ശിക്ഷയാണ് ഇതെന്ന് ഒരുപക്ഷം വാദിക്കുമ്പോൾ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പോലുള്ള സംഘടനകൾ ഇതിനുപയോഗിക്കുന്ന മരുന്നുൾപ്പെടെ ഒരു മരുന്നും നിർബന്ധത്തിലൂടെയോ പ്രേരണയിലൂടെയോ ഏതൊരു മനുഷ്യനും നൽകുന്നതിനെ എതിർക്കുന്നു. ഇത് ക്രൂരവും അസാധാരണവുമായ ശിക്ഷാരീതിയാണെന്നാണ് അവരുടെ അഭിപ്രായം. അമേരിക്കൻ ഭരണഘടനയുടെ എട്ടാം ഭേദഗതി പ്രകാരം ഇത്തരം ശിക്ഷാരീതി നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഈ ശിക്ഷ നിർത്തലാക്കണമെന്നും അവർ വാദിക്കുന്നു. സന്താനോൽപ്പാദനം എന്ന അവകാശത്തെ ഈ ശിക്ഷ തടയുന്നു എന്നും പലതരം ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നുണ്ട് എന്നുമാണ് അവരുടെ വാദം. [4] [10]

അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരമുള്ള തുല്യസംരക്ഷണം എന്ന തത്ത്വവും ഈ ശിക്ഷാരീതി ലംഘിക്കുന്നുണ്ട് എന്ന വാദമുണ്ട്. ഈ ശിക്ഷയ്ക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ ഫലം സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെയാണ് ബാധിക്കുന്നത് എന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. [5] സന്നദ്ധരായ ആൾക്കാരിലേ ഈ മരുന്നുകൾ പ്രയോഗിക്കാവൂ എന്ന് ചട്ടമുണ്ടെങ്കിലും വിശദാംശങ്ങൾ മനസ്സിലാക്കി സമ്മതം നൽകാനുള്ള പ്രതികളുടെ കഴിവ് ഒരു പ്രശ്നമാണ്. തടവു ശിക്ഷയിൽ ഇളവു കിട്ടാൻ രാസ ഷണ്ഡീകരണത്തിനു തയ്യാറാകണം എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് 1984-ൽ മിച്ചിഗണിലെ അപ്പീൽ കോടതി വിധിക്കുകയുണ്ടായി. മെഡ്രോക്സി പ്രൊജസ്റ്ററോൺ അസറ്റേറ്റ് എന്ന മരുന്ന് സുരക്ഷിതമാണെന്ന രീതിയിൽ പൊതു സ്വീകാര്യത ലഭിച്ചിട്ടില്ലാത്തതാണെന്നതും വിവരങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള സമ്മതം ലഭിക്കാനുള്ള തടസ്സവുമാണ് വിധിക്കുള്ള കാരണങ്ങൾ. [5]

പഠനങ്ങൾ[തിരുത്തുക]

1981-ൽ പി. ഗാഗ്നെ നടത്തിയ പരീക്ഷണത്തിൽ ലൈംഗികക്കുറ്റങ്ങൾ നടത്തിയ ദീർഘകാല ചരിത്രമുള്ള 48 പുരുഷന്മാർക്ക് 12 മാസത്തോളം മെഡ്രോക്സി പ്രൊജസ്റ്ററോൺ അസറ്റേറ്റ് നൽകപ്പെട്ടു. ഇവർക്ക് ലൈംഗിക ചോദനയിലുള്ള നിയന്ത്രണവും ലൈംഗിക കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകളും കുറഞ്ഞതായാണ് കാണപ്പെട്ടത്. മരുന്നുകൾ കൊടുക്കുന്നത് നിർത്തിയശേഷവും ഈ സ്വഭാവവ്യത്യാസങ്ങൾ തുടരുന്നതായാണ് പഠനത്തിൽ കാണപ്പെട്ടത്. പാർശ്വഫലങ്ങളൊന്നും പരീക്ഷണത്തിൽ വെളിവായില്ല. ലൈംഗികക്കുറ്റവാളികൾക്ക് മെഡ്രോക്സിപ്രൊജസ്റ്ററോൺ അസറ്റേറ്റും കൗൺസലിംഗും ചികിത്സാമാർഗ്ഗമായി നൽകാമെന്നായിരുന്നു ഈ പഠനത്തിനു ശേഷം നൽകിയ ശുപാർശ. [11]

ചരിത്രവും ഓരോ പ്രദേശത്തുമുള്ള ഉപയോഗവും[തിരുത്തുക]

1944 ലാണ് ആദ്യ രാസഷണ്ഡീകരണം നടന്നത്. ഡൈ ഈതൈൽ സ്റ്റിൽബസ്റ്ററോൾ ആയിരുന്നു ടെസ്റ്റോസ്റ്റെറോണിന്റെ അളവുകുറയ്ക്കാനായി ഉപയോഗിച്ചത്. [5] വധശിക്ഷ, ജീവപര്യന്തം തടവ് എന്നിവയ്ക്കു പകരം വയ്ക്കാവുന്ന ശിക്ഷാരീതി എന്നാണ് പൊതുവിൽ രാസഷണ്ഡീകരണത്തെപ്പറ്റിയുള്ള അഭിപ്രായം. കുറ്റവാളികളെ ജയിൽ മുക്തരാക്കുമ്പോൾ തന്നെ അവർ വീണ്ടും കുറ്റം ചെയ്യാനുള്ള സാദ്ധ്യത ഈ ശിക്ഷാരീതി മൂലം ഇല്ലാതാവുന്നുണ്ടത്രേ. [12]

ഇന്ത്യ[തിരുത്തുക]

2012-ൽ ഡൽഹിയിൽ നടന്ന കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന് സർക്കാർ ബലാത്സംഗം ചെയ്യുന്നവർക്ക് രാസപ്രയോഗത്തിലൂടെയുള്ള ഷണ്ഡീകരണവും 30 വർഷം വരെ തടവുശിക്ഷയും നടപ്പാക്കാനുദ്ദേശിച്ചുള്ള ഒരു നിയമത്തിന്റെ കരട് കൊണ്ടുവരുകയുണ്ടായി.[13][14] ജുവനൈൽ ജസ്റ്റിസ് നിയമം പരിഷ്കരിക്കാനും പ്രായം കുറയ്ക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. പ്രതികളിലൊരാൾക്ക് 18 വയസ്സിൽ താഴെ മാത്രം പ്രായമേ ഉള്ളൂ എന്നതാണ് ഇതിനു കാരണം. [15].

അമേരിക്കൻ ഐക്യനാടുകൾ[തിരുത്തുക]

1966-ൽ കുട്ടികളെ ലൈംഗികചൂഷണം ചെയ്യാനുള്ള വാഞ്ചന കാണിച്ചിരുന്ന ഒരു രോഗിയുടെ ചികിത്സ എന്ന നിലയ്ക്ക് മെഡ്രോക്സി പ്രൊജസ്റ്ററോൺ അസറ്റേറ്റ് ഉപയോഗിക്കാൻ ജോൺ മൊണി എന്ന ഡോക്ടർ തീരുമാനിച്ചതാണ് ഇത്തരത്തിൽ അമേരിക്കയിൽ ആദ്യ സംഭവം. [5] ഇതിനു ശേഷം ഈ മരുന്ന് രാസഷണ്ഡീകരണത്തിന് അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. [5] പരക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും എഫ്.ഡി.എ. ഈ മരുന്നിന്റെ ഉപയോഗം ഇത്തരത്തിൽ ലൈംഗികക്കുറ്റവാളികൾക്ക് ചികിത്സയായി നൽകുന്നത് അംഗീകരിച്ചിട്ടില്ല. [5]

കുട്ടികൾക്കെതിരായ ലൈംഗികക്കുറ്റങ്ങൾക്ക് രാസഷണ്ഡീകരണം നൽകാമെന്ന് ആദ്യം വ്യവസ്ഥ ചെയ്ത അമേരിക്കൻ സംസ്ഥാനമാണ് കാലിഫോർണിയ. 1996-ലാണ് ഇപ്രകാരം കാലിഫോർണിയയിലെ പീനൽ കോഡ് പരിഷ്കരിച്ചത്. [16][17] 13 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഠിപ്പിക്കുന്നവരെ പരോളിൽ പോകുന്ന സമയത്തോ രണ്ടാമത് കുറ്റം ചെയ്യുമ്പോഴോ ഡിപോ പ്രൊവേറ (മെഡ്രോക്സി പ്രൊജസ്റ്ററോൺ അസറ്റേറ്റ്) എന്ന മരുന്നുപയോഗിച്ച് ചികിത്സിക്കാനും കുറ്റവാളികൾക്ക് ഈ ചികിത്സ തള്ളിക്കളയാൻ അധികാരമില്ല എന്നുമായിരുന്നു വ്യവസ്ഥകൾ. [16][17][18][19]

ഈ നിയമം പാസായതോടെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങൾ വന്നുതുടങ്ങി. ഫ്ലോറിഡയിൽ ഈ നിയമം 1997-ൽ നിലവിൽ വന്നു.[20] രണ്ടാമത്തെ കുറ്റകൃത്യത്തിനു ശേഷം ഈ ചികിത്സ നിർബന്ധപൂർവം ചെയ്യുന്നതാണ്.

കാലിഫോർണിയയും ഫ്ലോറിഡയും കൂടാതെ മറ്റ് ഏഴു സംസ്ഥാനങ്ങളിലെങ്കിലും (ജോർജ്ജിയ, അയോവ, ലൂസിയാന, മൊണ്ടാന, ഓറിഗൺ, ടെക്സാസ്, വിസ്കോൺസിൻ എന്നിവ ഉദാഹരണം) ഈ ചികിത്സാരീതി പരീക്ഷിച്ചിട്ടുണ്ട്. [5] ഗുരുതരമായ ലൈംഗികക്കുറ്റങ്ങൾ ചെയ്യുന്നവരെ അയോവയിലും നിർബന്ധപൂർവം ഈ ചികിത്സയ്ക്ക് വിധേയരാക്കും. 2008 ജൂൺ 25-ന് കെന്നഡി വേഴ്സസ് ലൂസിയാന എന്ന കേസിലെ സുപ്രീം കോടതി വിധിയിൽ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ഇതിനോടൊപ്പം കൊലപാതകം ചെയ്തില്ലെങ്കിൽ വധശിക്ഷ നൽകാൻ പാടില്ല എന്ന തീർപ്പുണ്ടായി. [21] ഇതെത്തുടർന്ന് ലൂസിയാനയിലെ ഗവർണർ ബോബി ജിൺഡാൽ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികളെ രാസഷണ്ഡീകരണം ചെയ്യാനുള്ള നിയമം കൊണ്ടുവന്നു. [4][22][23]

യൂറോപ്പ്[തിരുത്തുക]

സൈപ്രോടെറോൺ അസറ്റേറ്റ് എന്ന മരുന്ന് രാസഷണ്ഡീകരണത്തിനായി യൂറോപ്പിൽ പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന് അമേരിക്കയിൽ ഉപയോഗിക്കുന്ന മരുന്നിനോട് സാമ്യമുണ്ട്. [5]

ബ്രിട്ടനിൽ, അലൻ ട്യൂറിംഗ് എന്ന സ്വവർഗ്ഗസ്നേഹിയായിരുന്ന കമ്പ്യൂട്ടർ വിദഗ്ദ്ധനെ ജയിൽ ശിക്ഷ ഒഴിവാക്കാൻ രാസഷണ്ഡീകരണത്തിന് 1952-ൽ നിർബന്ധിക്കുകയുണ്ടായി. [24] ആ സമയത്ത് സ്വവർഗ്ഗസംഭോഗം നിയമവിരുദ്ധമായിരുന്നു. ഇതൊരു മാനസിക രോഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്. രാസഷണ്ഡീകരണം ഇതിനൊരു ചികിത്സായായും കരുതപ്പെട്ടിരുന്നു.[24] ട്യൂറിംഗിന് സ്തനവളർച്ച, [25] ശരീരവണ്ണം കൂടുക തുടങ്ങിയ [24] പോലെയുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടു. ഇദ്ദേഹം രണ്ടുവർഷങ്ങൾക്കു ശേഷം മരിച്ചുപോയി. ആത്മഹത്യയാണെന്നായിരുന്നു പ്രേതവിചാരണയിൽ (ഇൻക്വസ്റ്റ്) തെളിഞ്ഞത്. [26] എങ്കിലും അടുത്തകാലത്തെ ഗവേഷണങ്ങൾ ഈ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നുണ്ട്. [27] 2009-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഗോർഡൻ ബ്രൗൺ ഭരണകൂടത്തിന്റെ ഗർഹണീയമായ നീക്കത്തിന് മാപ്പു പറയുകയുണ്ടായി. [28]

1960 കളിൽ ജർമനിയിലെ ഡോക്ടർമാർ ആന്റി ആൻഡ്രോജൻ മരുന്നുകൾ ലൈംഗിക വ്യതിയാനങ്ങൾക്ക് (പാരാഫീലിയ) ചികിത്സയായി ഉപയോഗിച്ചിരുന്നു.[5]

2008-ൽ പോർച്ചുഗലിൽ ജയിൽപ്പുള്ളികളിൽ ഒരു പരീക്ഷണം ആരംഭിക്കുകയുണ്ടായി. പരീക്ഷണത്തിനു സ്വമനസാലെ സന്നദ്ധത പ്രകടിപ്പിച്ചവരെയായിരുന്നു ഇതിന് തിരഞ്ഞെടുത്തത്. പുനരധിവാസപദ്ധതിയും ചികിത്സയ്ക്കൊപ്പം ആവിഷ്കരിക്കുകയുണ്ടായി. [29]

2009 സെപ്റ്റംബർ 25-ന് പോളണ്ട് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ രാസഷണ്ഡീകരണം നടത്താനുള്ള നിയമം പാസാക്കുകയുണ്ടായി. [30] പതിനഞ്ചുവയസ്സിൽ താഴെ പ്രായമുള്ളവരെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ ജയിൽ ശിക്ഷയ്ക്കു ശേഷം മരുന്നുപയോഗിച്ചുള്ളതും മാനസികവുമായ ചികിത്സയ്ക്ക് വിധേയരാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് നിർബന്ധമാണ്. [31]

2010 ഏപ്രിൽ 30-ന് ബ്രിട്ടനിൽ 60 വയസ്സുള്ള ഒരു സ്ത്രീയെ വധിക്കാൻ ശ്രമിച്ചതിനും അവരുടെ രണ്ട് പേരക്കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനും ശിക്ഷയായി പ്രതി രാസഷണ്ഡീകരണത്തിന് വിധേയനാകാൻ സമ്മതിച്ചു.[32]

2011 ഒക്റ്റോബറിൽ റഷ്യൻ പാർലമെന്റ് 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നവരെ രാസഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള നിയമം പാസാക്കി. കോടതി നിയമിക്കുന്ന ഫോറൻസിക് സൈക്കിയാട്രിസ്റ്റാവണം ഈ തീരുമാനമെടുക്കാൻ. [33]

2012 മാർച്ച് 6-ന്, മോൾഡോവ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്ക് ബലമായി രാസഷണ്ഡീകരണം നൽകാനുള്ള നിയമം പാസ്സാക്കി. [34] 2012 ജൂൺ 5-ന്, എസ്തോണിയ ലൈംഗികക്കുറ്റവാളികൾക്ക് നിർബന്ധിത രാസഷണ്ഡീകരണം നൽകാനുള്ള നിയമം പാസാക്കി. [35]

ഇസ്രായേൽ[തിരുത്തുക]

2009 മേയ് മാസത്തിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ഹൈഫയിലെ രണ്ട് സഹോദരന്മാർ ഭാവിയിൽ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയപ്പെടുന്നതിനായി രാസ ഷണ്ഡീകരണത്തിന് വിധേയരാവാൻ സമ്മതിച്ചു. [36]

ഓസ്ട്രേലിയ[തിരുത്തുക]

2010-ൽ രാസഷണ്ഡീകരണത്തിന് വിധേയനാക്കപ്പെട്ടിരുന്ന ഒരു ലൈംഗികക്കുറ്റവാളി ഒരു പെൺ കുട്ടിയെ അനുവദനീയമല്ലാത്ത രീതിയിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുകയുണ്ടായി. ജൂറി ഇയാൾ കുറ്റക്കാരനല്ല എന്നാണ് വിധിച്ചത്. ജൂറിയെ ഇയാളുടെ മുൻ കുറ്റകൃത്യങ്ങളെപ്പറ്റി അറിയിച്ചിരുന്നില്ല. [37]

അർജന്റീന[തിരുത്തുക]

2010 മാർച്ചിൽ അർജന്റീനയിലെ ഒരു പ്രവിശ്യയായ മെൻഡോസ ബലാത്സംഗം ചെയ്തു എന്നു തെളിഞ്ഞ കുറ്റവാളികൾക്ക് ശിക്ഷയിളവു ലഭിക്കണമെങ്കിൽ സ്വമേധയാ രാസഷണ്ഡീകരണത്തിന് തയ്യാറായാൽ മതിയെന്ന നിയമം കൊണ്ടുവന്നു. [38]

ന്യൂസിലാന്റ്[തിരുത്തുക]

2000 നവംബറിൽ റോബർട്ട് ജേസൺ ഡിറ്റ്മർ എന്നയാൾ സപ്രോടെറോൺ അസറ്റേറ്റ് എന്ന മരുന്നുപയോഗിച്ചുള്ള ചികിത്സയിലിരിക്കവെ ഒരു ലൈംഗികാക്രമണം നടത്തി. ഈ മരുന്നിന്റെ ഉപയുക്തതയെപ്പറ്റി ന്യൂസിലാന്റിൽ ഇതുവരെ പരീക്ഷണമൊന്നും നടന്നിട്ടില്ല എന്നും ഇത്തരം പരീക്ഷണം നടത്താൻ പ്രായോഗികമായും നൈതികമായും ബുദ്ധിമുട്ടാണെന്നും ഡോക്ടർ ഡേവിഡ് വെയിൽസ് റിപ്പോർട്ട് നൽകുകയുണ്ടായി. [39]

ദക്ഷിണ കൊറിയ[തിരുത്തുക]

2011 ജൂലൈ മാസത്തിൽ ദക്ഷിണ കൊറിയ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നവരെ രാസഷണ്ഡികരണം നടത്താനുള്ള നിയമം പാസാക്കി. [40] 2012 മേയ് 23-ന് ആവർത്തിച്ച് ഇത്തരം കുറ്റങ്ങൾ ചെയ്ത പാർക്ക് എന്നയാളെ ഈ ശിക്ഷാരീതിക്ക് വിധേയനാക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Can Castration Be a Solution for Sex Offenders? Man Who Mutilated Himself in Jail Thinks So, but Debate on Its Effectiveness Continues in Va., Elsewhere" by Candace Rondeaux for the Washington Post, July 5, 2006
  2. "Chemical castration - breaking the cycle of paraphiliac recidivism" Archived 2015-09-04 at the Wayback Machine. Social Justice, Spring, 1999 by Christopher Meisenkothen.
  3. "Patient Labeling" (PDF). Pharmacia and Upjohn Company, Division of Pfifer.
  4. 4.0 4.1 4.2 Chemical Castration: A Return to the Dark Ages Archived 2008-12-03 at the Wayback Machine. Florida, August 1997, PDF Archived 2008-09-11 at the Wayback Machine.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 "Castration of Sex Offenders: Prisoners’ Rights Versus Public Safety" Archived 2011-09-28 at the Wayback Machine. Charles L. Scott, MD, and Trent Holmberg, MD
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-01-01.
  7. http://www.livestrong.com/article/39561-antiandrogen-side-effects/
  8. http://medical-dictionary.thefreedictionary.com/Antiandrogen+Drugs
  9. Can drugs help sex offenders? by Clare Murphy for the BBC, 13 June 2007
  10. http://papers.ssrn.com/sol3/papers.cfm?abstract_id=918271
  11. American Psychiatric Association
  12. "Bill would impose castration for convicted rapists". Ocala Star-Banner. 21 February 1997. p. 4B.
  13. http://www.business-standard.com/generalnews/news/cong-draft-anti-rape-law-proposes-chemical-castration/102114/
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-31. Retrieved 2013-01-01.
  15. http://timesofindia.indiatimes.com/india/Congress-anti-rape-draft-bill-proposes-30-years-jail-chemical-castration/articleshow/17820109.cms
  16. 16.0 16.1 "XII. SEX OFFENDERS: Children and minors". California State Senate. Archived from the original on 2002-09-20. Retrieved 2006-11-23. The web page notes the Chemical Castration clause as a repeal and an addition to Section 645.
  17. 17.0 17.1 "California child molesters could face chemical castration". CNN. 1996-08-29. Archived from the original on 2006-10-20. Retrieved 2006-11-23.
  18. California code[പ്രവർത്തിക്കാത്ത കണ്ണി]
  19. "Chemical castration for paedophiles approved" in California 21 September 1996
  20. LARRY HELM SPALDING (1998). "FLORIDA'S 1997 CHEMICAL CASTRATION LAW: A RETURN TO THE DARK AGES". Florida State University Law Review.
  21. http://www.salon.com/news/politics/war_room/2008/06/26/jindal_castration
  22. Iowa Code 2007 Quick Retrieval
  23. The 2007 Florida Statutes: 794.0235 Administration of medroxyprogesterone acetate (MPA) to persons convicted of sexual battery.
  24. 24.0 24.1 24.2 The Turing enigma: Campaigners demand pardon for mathematics genius by Jonathan Brown for the Independent, August 18, 2009
  25. http://andrewsullivan.theatlantic.com/the_daily_dish/2009/09/an-apology-to-alan-turing.html
  26. Thousands call for Turing apology, BBC, 31 August 2009
  27. bbc.co.uk - Alan Turing: Inquest's suicide verdict 'not supportable', 23 June 2012
  28. Treatment of Alan Turing was “appalling” - PM
  29. "Mais condenações por abuso sexual de menor". Diário de Notícias. 5 October 2011. Archived from the original on 2013-09-28. Retrieved 2021-08-17.
  30. Poland okays forcible castration for pedophiles
  31. Poland approves chemical castration for paedophiles
  32. 'Menace' jailed over child rape and abduction attempt
  33. "Russia introduces chemical castration for pedophiles". RT. 4 October 2011.
  34. "Moldova will punish pedophiles with chemical castration". Archived from the original on 2012-03-15. Retrieved 2013-01-01.
  35. "Estonia passes chemical castration law". Archived from the original on 2012-06-08. Retrieved 2013-01-01.
  36. Tali Libman (25 May 2009). "Losing a battle to win the war". Haaretz.
  37. Roanne Johnson (30 October 2010). "Convicted paedophile allowed to look after kids". Townsville Bulletin.
  38. "Argentina province OKs chemical castration for rapists". CNN. March 20, 2010.
  39. Francis, Clio (11 July 2011). "Chemicals don't always stop sex offenders". The Dominion Post. Retrieved 23 September 2011.
  40. "S. Korea enacts 'chemical castration' law to punish paedophiles". Reuters. 24 July 2011. Archived from the original on 2012-10-05. Retrieved 2013-01-01.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാസഷണ്ഡീകരണം&oldid=3995007" എന്ന താളിൽനിന്ന് ശേഖരിച്ചത്