ചാൾസ് ഗവാൻ ഡഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Gavan Duffy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചാൾസ് ഗവാൻ ഡഫി
ചാൾസ് ഗവാൻ ഡഫി


In office
19 June 1871 – 10 June 1872
Preceded by Sir James McCulloch
Succeeded by James Francis

Born 12 April 1816
Monaghan, Ireland
Died 9 ഫെബ്രുവരി 1903(1903-02-09) (പ്രായം 86)
Nice, France
Nationality Irish, Australian
Spouse Emily McLaughlin, Susan Hughes, Louise Hall.
Profession Politician.

അയർലണ്ടിലേയും ആസ്ട്രേലിയയിലേയും മുൻ രാഷ്ട്രീയ നേതാവായിരുന്നു ചാൾസ് ഗവാൻ ഡഫി. ഇദ്ദേഹം 1816 ഏപ്രിൽ 12-ന് അയർലണ്ടിലെ മൊനഗനിൽ ജനിച്ചു. അയർലണ്ടും ഇംഗ്ലണ്ടുമായി 1801-ൽ നടന്ന സംയോജനം ഇല്ലാതാക്കി അയർലണ്ടിനെ വീണ്ടും ഒരു പ്രത്യേക രാജ്യമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഇദ്ദേഹം ഏർപ്പെട്ടിരുന്നു. ഈ രംഗത്ത് നേതൃത്വം വഹിച്ചിരുന്ന ഡാനിയൽ ഓ കോണലിന്റെ (1775-1847) സഹപ്രവർത്തകനുമായിരുന്നു ഇദ്ദേഹം.

പരിവർത്തന വാദി[തിരുത്തുക]

1842-ൽ ഡബ്ലിനിൽ നിന്നും നേഷൻ എന്ന രാഷ്ട്രീയ വാരിക ഇദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങി. അയർലണ്ടിൽ സമൂല പരിവർത്തനത്തിനുവേണ്ടി വാദിച്ചിരുന്ന യങ് അയർലണ്ട് എന്ന സംഘടനയിൽ ചേർന്ന് തീവ്രപ്രവർത്തനം നടത്തി. തന്മൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് സോപാധികം വിട്ടയച്ചു. 1852-ൽ ഡഫി പാർലമെന്റംഗമായി തെരഞ്ഞടുക്കപ്പെട്ടു. ഇൻഡിപ്പെൻഡന്റ് ഐറിഷ് പാർട്ടി സ്ഥാപിക്കുന്നതിന് ഒരു മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു. ഭൂപരിഷ്കരണത്തിനു വേണ്ടിയും പ്രയത്നിച്ചു. ഭൂപരിഷ്കരണരംഗത്ത് കത്തോലിക്കരേയും പ്രൊട്ടസ്റ്റന്റുകാരേയും ഒരുമിപ്പിക്കുവാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിൽ ദു:ഖിതനായി ഇദ്ദേഹം 1855-ൽ അയർലണ്ട് വിട്ടു ആസ്ട്രേലിയയിലേക്കു പോയി.

വിക്റ്റോറിയയിലെ പ്രധാനമന്ത്രി[തിരുത്തുക]

അവിടെ വിക്ടോറിയ കോളനിയുടെ അസംബ്ലിയിലേക്ക് 1856-ൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂസ്വത്ത്, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ മന്ത്രിയായി 1857 മുതൽ 59 വരെയും, 1862 മുതൽ 65 വരെയും ഡഫി സേവനമനുഷ്ഠിച്ചു. ഈ പദവിയിലിരുന്നുകൊണ്ട് കുടിയേറ്റകർഷകരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പുതിയ ഭൂനിയമം കൊണ്ടുവന്നു. 1871-72-ൽ വിക്ടോറിയയിലെ പ്രധാനമന്ത്രിയായി ഉയർന്നു. 1873-ൽ നൈറ്റ് പദവി ലഭിച്ചു. 1877-ൽ നിയമസഭാസ്പീക്കർ ആയും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1880-ൽ യൂറോപ്പിലെത്തിയ ഡഫി ഫ്രാൻസിന്റെ തെക്കുഭാഗത്ത് താമസിച്ചുകൊണ്ട് ഗ്രന്ഥരചനയിൽ വ്യാപൃതനായി.

മുഖ്യ കൃതികൾ[തിരുത്തുക]

  • ബാലഡ് ഒഫ് അയർലണ്ട് (1843)
  • യങ് അയർലണ്ട് (1880 പുതിയ പതിപ്പ് 1896)
  • കോൺവർസേഷൻസ് വിത്ത് കാർലൈൽ (1892)
  • മൈ ലൈഫ് ഇൻ ടൂ ഹെമിസ്ഫിയേഴ്സ് (1898)

എന്നിവയാണ് മുഖ്യ കൃതികൾ. 1891-ൽ ഐറിഷ് ലിറ്റററി സൊസൈറ്റിയുടെ ആദ്യപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും ഡഫിയുടെ മറ്റൊരു വിജയ ചരിത്രമാണ്. 1903 ഫെബ്രുവരി 9-ന് നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഫി, ചാൾസ് ഗവാൻ (1816 - 1903) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഗവാൻ_ഡഫി&oldid=2323018" എന്ന താളിൽനിന്ന് ശേഖരിച്ചത്