ചപ്പകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chappakettu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഉത്തര കേരളത്തിലെ ശാലിയ സമുദായത്തിൽപ്പെട്ടവർ വിഷുദിവസം വൈകിട്ട് നടത്തുന്ന അനുഷ്ഠാനപരമായ ഒരു ആഘോഷമാണ് ചപ്പകെട്ട്[1]. ശിവൻ, പാർവതി, സഹായി എന്നിവരുടെ വേഷങ്ങളാണ് ചപ്പക്കെട്ടിൽ അവതരിപ്പിക്കുന്നത്. ഭവനങ്ങളിൽ ക്ഷേമം അന്വേഷിക്കാനായി ശിവപാർവതിമാർ വേഷപ്രച്ഛന്നരായി എത്തുന്നെന്നാണ് ഈ അനുഷ്ഠാനത്തിലെ സങ്കല്പം.

ഉണങ്ങിയ വാഴയിലകൾ (വാഴച്ചപ്പ്) ദേഹത്തു വെച്ചുകെട്ടിയാണ് ശിവനും പാർവതിയും എത്തുക. ഈ വാഴയിലകൊണ്ടുതന്നെ കിരീടമുണ്ടാക്കി തലയിൽ അണിയുകയും മുഖത്ത് ചകിരികൊണ്ടുള്ള മീശ പതിക്കുകയും ചെയ്യുന്നു. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിൽ ആഭരണമായി അണിയുന്നു.

പടക്കങ്ങൾ പൊട്ടിച്ചും ആർപ്പ് വിളിച്ചും നിരവധി ആളുകൾ ഇവരെ അനുഗമിക്കും. വീട്ടിലെത്തുന്ന സംഘത്തെ നിലവിളക്ക് കത്തിച്ചുവെച്ചും കണിവെള്ളരിക്ക, നാളികേരം എന്നിവ താലത്തിൽവെച്ചും സ്വീകരിക്കുന്നു. വീടുകളിൽ നിന്നും സ്വീകരിക്കുന്ന വസ്തുക്കൾ ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം അവർക്കുതന്നെ തിരികെ നൽകും [2]

കോഴിക്കോട്ടെ പത്മശാലിയ സമുദായത്തിൻറെ തനതായ അനുഷ്ടാന ചടങ്ങുകളിലൊന്നാണ് ചപ്പുകെട്ട്. പണ്ടാട്ടി വരവ്, യോഗി പുറപ്പാട് എന്നിങ്ങനെയും ഈ ആചാരത്തിനു പേരുകളുണ്ട്. വാഴയുടെ ഉണക്കയില ശരീരം മുഴുവൻ പൊതിഞ്ഞുകെട്ടുന്ന വേഷമായതുകൊണ്ടാണ് ഇതിനെ ചപ്പുകെട്ട് എന്ൻ വിളിയ്ക്കുന്നത്. ശിവനും പാർവതിയും വേഷംമാറി ജനങ്ങളുടെ ഇടയിൽ ക്ഷേമാന്വേഷണത്തിന് എത്തുന്നു എന്നതാണ് ഇതിനു പിറകിലുള്ള ഐതിഹ്യം. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നുപേർ വേഷം കെട്ടും. ഒരാൾ യോഗിയാണ് എന്നാണ് സങ്കൽപം. ഈ യോഗി ജനങ്ങൾക്ക് അസുഖങ്ങൾക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായ രീതിയിൽ പച്ചമരുന്നുകൾ വിതരണംചെയ്യുകയും ചെയ്യാറുണ്ട്. സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നാണ് പണ്ടാട്ടി വരവ് യാത്രതിരിയ്ക്കുക. പിന്നീട് തെരുവുകളിലെ വീടുകൾ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികൾ വഴിയിൽ കാണുന്നവരെയും അനുഗ്രഹിയ്ക്കും. പണ്ടാട്ടി വീടുകളിൽ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധി വരുത്തും. കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം എന്നിവ വെച്ചാണ്‌ ഇവരെ സ്വീകരിയ്ക്കുക. പണ്ടാട്ടി തൻറെ വടി കൊണ്ട് വീടുകളുടെ ജനൽ, വാതിൽ, ചുവർ എന്നിവയിൽ അടിച്ച് ശബ്ദമുണ്ടാക്കും. ഈ സമയത്ത് പണ്ടാട്ടിയെ അനുഗമിയ്ക്കുന്നവർ 'ചക്കക്കായ് കൊണ്ടുവാ മാങ്ങാക്കായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ട്വാ' എന്നിങ്ങനെ ആർപ്പ് വിളിച്ച് പടക്കങ്ങൾ പൊട്ടിച്ച് കൊഴുപ്പ് കൂട്ടും. വട്ടത്തിൽ മുറിച്ച വെള്ളരി കൊണ്ട് കാതിൽ ഒരു ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് ചപ്പകെട്ടുകാരുടെ കോലത്തിൻറെ രൂപ സവിശേഷത.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി തെരുവ്, പൂക്കാട്‌ കാണിക്കുളങ്ങര തെരുവ്, കൊയിലാണ്ടി കൊരയങ്ങാട് തെരുവ്, മാരാമുറ്റം തെരുവ് എന്നിവിടങ്ങളിൽ എല്ലാവർഷവും വിഷു ദിനത്തിൽ മുടങ്ങാതെ ചപ്പകെട്ട് നടന്നുവരുന്നു.

അവലംബം[തിരുത്തുക]

  1. അനുഷ്ഠാനങ്ങളിൽ മാറ്റമില്ലാതെ 'ചപ്പകെട്ട്' ആഘോഷം
  2. ദേശാഭിമാനി 2013 ഏപ്രിൽ 14, ഞായർ, കോഴിക്കോട്, പേജ് 3, ഇന്നു വിഷു;ചപ്പകെട്ടുമായി തെരുവുകളിൽ പണ്ടാടിമാരെത്തും.


"https://ml.wikipedia.org/w/index.php?title=ചപ്പകെട്ട്&oldid=2654259" എന്ന താളിൽനിന്ന് ശേഖരിച്ചത്