Jump to content

സിറിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cereal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Oats, barley, and some food products made from cereal grains.

ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്ന നെല്ല്, ഗോതമ്പ്, മക്കച്ചോളം, ജോവർ, ഓട്ട്സ്, യവം (ബാർലി), റൈ എന്നിവയെയാണ് സിറിയലുകൾ (cereals) എന്ന് വിളിക്കുന്നത്. ധാന്യവിളകളിൽ സിറിയലുകളും (cereals) മില്ലെറ്റുകളും (millets) ഉൾപ്പെടുന്നു. പണ്ടുമുതൽ റോമാക്കാരും ഗ്രീക്കുകാരും സിറിസ് ദേവതയെ ധാന്യങ്ങളുടെ ദാതാവായിക്കരുതി കൊയ്ത്തുസമയത്ത് ഉത്സവങ്ങളും മറ്റും നടത്തി ഗോതമ്പ്, യവം തുടങ്ങിയ ധാന്യങ്ങൾ കാഴ്ചയർപ്പിച്ചിരുന്നു. ഈ ദേവതയുടെ പ്രീതിക്കുവേണ്ടിയായിരിക്കാം സിറിയൽസ് എന്ന് ധാന്യങ്ങൾക്ക് പേരിട്ടത്. ഓട്സും റൈയുമാണ് ശീതമേഖലകളിലെ ധാന്യവിളകൾ; സമശീതോഷ്ണ മേഖലയിലേത് ഗോതമ്പും യവവും. നെല്ല്, മക്കച്ചോളം, മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്.

ധാന്യമണികൾ ഉൾക്കൊള്ളുന്ന ഫലം (കായ്) കാരിയോപ്സിസ് (Caryopsis) എന്നറിയപ്പെടുന്നു. ധാന്യങ്ങളിൽ സ്റ്റാർച്ച്, പ്രോട്ടീൻ, കൊഴുപ്പ്, ജീവകങ്ങൾ, ലവണങ്ങൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ ഉത്പാദിപ്പിക്കാനും കൈകാര്യം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും കയറ്റി അയയ്ക്കാനും മറ്റു വിളകളെക്കാൾ എളുപ്പമാണ്. വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം. എല്ലാ ധാന്യവിളകളിലും രോഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും ചെറുത്തു നില്ക്കാൻ കഴിയുന്ന മൂപ്പു കുറഞ്ഞ, ഉത്പാദനശേഷി കൂടിയ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.


നെല്ല്

[തിരുത്തുക]
നെൽകൃഷി

ശാസ്ത്രനാമം: ഒറൈസ സറ്റൈവ (Oryza sativa). ലോകത്തിലെ പകുതിയിലധികം വരുന്ന ജനങ്ങളുടെ മുഖ്യാഹാരം നെല്ലരിയാണ്. ജപ്പാൻ, ചൈന, ഫിലിപ്പീൻസ്, മലയ, തായ്ലൻഡ്, ശ്രീലങ്ക, പാകിസ്താൻ, മ്യാൻമർ, ഇന്ത്യ എന്നിവിടങ്ങളിൽ മുഖ്യ ധാന്യവിളയായ നെല്ല് വൻതോതിൽ കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെൽക്കൃഷിയുണ്ട്. ഘടനാപരമായ വ്യതിയാനങ്ങളുള്ള മൂവായിരത്തോളം നെല്ലിനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളർച്ചാകാലം; മൂപ്പെത്താൻ വേണ്ട സമയം; വിവിധയിനം മണ്ണുകളോടുള്ള പൊരുത്തം; മഴ, കാലാവസ്ഥ, കൃഷി സ്ഥലത്തിന്റെ ഉയരം, വെള്ളപ്പൊക്കം, അമ്ലത-ക്ഷാരീയത, ലവണത്വം മുതലായവയുമായുള്ള പൊരുത്തപ്പെടൽ എന്നിവയിൽ ഓരോ ഇനവും വ്യത്യസ്തത പുലർത്തുന്നു. ഇതോടൊപ്പംതന്നെ കൃഷിസമ്പ്രദായങ്ങളിലും വൻ മാറ്റങ്ങളുണ്ട്.

ഗോതമ്പ്

[തിരുത്തുക]

ശാസ്ത്രനാമം: ട്രിറ്റിക്കം വൾഗേർ (Triticum vulgare). ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ധാന്യമാണിത്. അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന, കാനഡ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിൽ ധാരാളമായി കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് മുഖ്യമായും ഇത് കൃഷി ചെയ്യപ്പെടുന്നത്.

ഗോതമ്പ്

മക്കച്ചോളം

[തിരുത്തുക]

സിയാ മെയ്സ് (Zea mays) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്നു. മധ്യ അമേരിക്കയാണ് ഈ വിളയുടെ ജന്മദേശം. വടക്കേ അമേരിക്കയിലെ അമേരിന്ത്യക്കാർ കൃഷിചെയ്തുവന്നിരുന്ന വിളയായതുകൊണ്ട് ഇത് ഇന്ത്യൻ കോൺ (Indian Corn) എന്നും അറിയപ്പെടുന്നു.

ആഹാരപദാർഥമായി ഉപയോഗിക്കുന്നതിനുപുറമേ സ്റ്റാർച്ച്, ഗ്ലൂക്കോസ് മുതലായവ ഉണ്ടാക്കുന്നതിനും മക്കച്ചോളത്തിന്റെ ധാന്യപ്പൊടി വൻതോതിൽ ഉപയോഗിക്കുന്നു. ഇതിന്റെ വയ്ക്കോൽ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്.

1-4 മീ. വരെ ഉയരത്തിൽ വളരുന്ന പലതരം മക്കച്ചോളയിനങ്ങൾ കൃഷിചെയ്യപ്പെടുന്നുണ്ട്. സസ്യത്തിന്റെ ഉയരം, മൂപ്പെത്താനാവശ്യമായ സമയം, ധാന്യത്തിന്റെ നിറവും വലിപ്പവും, അവയിലെ പോഷകാംശങ്ങളുടെ അളവ് എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ പല ഇനങ്ങളായി തരം തരിച്ചിരിക്കുന്നു.

മണിച്ചോളം (ജോവാർ)

[തിരുത്തുക]
മണിച്ചോളം

ശാസ്ത്രനാമം: സോർഗം വൾഗേർ (Sorghum vulgare). മണിച്ചോളം എന്ന പേരിലും ഇത് അറിയപ്പെടുന്നു. നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. തെക്കേ ഇന്ത്യയിലെയും മധ്യഇന്ത്യയിലെയും വരണ്ട പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യധാന്യമാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങൾ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകൾ മുറിച്ച് കന്നുകാലികൾക്ക് ഭക്ഷണമായി നല്കുന്നു.

മിതമായി മഴ ലഭിക്കുന്നയിടങ്ങളിലാണ് ജോവാർ നന്നായി വളരുന്നത്. വിതച്ചു കഴിഞ്ഞ് കൊയ്യുന്ന കാലം വരെ ഏതാണ്ട് 20-40 സെ.മീ. മഴ ഇതിന്റെ കൃഷിക്ക് അനിവാര്യമാണ്. തുടർച്ചയായുള്ള മഴയും വരൾച്ചയും വിളയ്ക്ക് ദോഷകരമാണ്. സമതലങ്ങളിൽ തഴച്ചുവളരുന്ന ജോവാർ ഏതാണ്ട് ആയിരം മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും കൃഷിചെയ്യപ്പെടുന്നു. കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമെങ്കിലും കറുത്ത പരുത്തിക്കരിമണ്ണിലും ഇത് വളരും.

വടക്കേ ഇന്ത്യയിൽ തുവരപ്പയറിനോടൊപ്പം ജോവാറും കൃഷിചെയ്തുവരുന്നു. മണ്ണ് ഉഴുത് കട്ടയുടച്ച് അടിവളവും ചേർത്താണ് വിത്തുവിതയ്ക്കുന്നത്. 4-5 മാസം കൊണ്ട് മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തിൽനിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുക്കുമ്പോൾ ആദ്യം കതിർക്കുലകൾ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികൾ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലിപ്പവും നിറവുമുള്ള മെച്ചമായ കതിർക്കുലകൾ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.

കാലികളെക്കൊണ്ട് നടത്തിച്ചാണ് കതിർക്കുലകൾ മെതിക്കുന്നത്. യന്ത്രമുപയോഗിച്ചും മെതിക്കാറുണ്ട്. ധാന്യം പാറ്റി വെയിലിലുണക്കി സൂക്ഷിക്കുന്നു. വയ്ക്കോലിന്റെ വിളവ് മറ്റുധാന്യവിളകളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. നെല്ലിന്റെ വയ്ക്കോലിനെ അപേക്ഷിച്ച് സ്വാദും പോഷകാംശവും മണിച്ചോളത്തിൽനിന്നു ലഭിക്കുന്ന വയ്ക്കോലിന് കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷിചെയ്തുവരുന്നു.

കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോൾ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്തെടുക്കുന്നു. തീരെ ഇളം പ്രായത്തിൽ കൊയ്തെടുത്താൽ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതിൽ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.

ധാന്യം നന്നായി വെയിലിലുണക്കി, പ്രാണിശല്യം ഒഴിവാക്കാനായി മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നു. ധാന്യനിരപ്പിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ മണലിട്ട് പാത്രം മണ്ണും ചാണകവും കൂടി കൂട്ടി ചേർത്തടയ്ക്കണം.

വിത്തിന് ആവശ്യത്തിനുള്ളവ മരപ്പെട്ടികളിലോ ലോഹപ്പെട്ടികളിലോ സൂക്ഷിക്കാറാണ് പതിവ്. പ്രാണിശല്യം ഒഴിവാക്കാൻ നാഫ്തലിൻ ചേർക്കുന്നു. വിവിധ കാലാവസ്ഥയ്ക്കും മണ്ണിനും നേരത്തെയുള്ള വിതയ്ക്കും പ്രധാനവിളയ്ക്കും ഒക്കെ അനുയോജ്യമായ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലിത്തീറ്റയ്ക്കു മാത്രം പറ്റിയ ഇനങ്ങളുമുണ്ട്.

ഓട്ട്സ്

[തിരുത്തുക]
ഓട്ട്സ്

ശാസ്ത്രനാമം: അവിന സറ്റൈവ (Avena sativa). തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഇനമാണിത്. ഉത്തർപ്രദേശിലും പഞ്ചാബിലുമാണ് ഇത് ധാരാളമായി കൃഷിചെയ്യപ്പെടുന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കാണ് കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകൾക്കും കന്നുകാലികൾക്കും നല്ല ആഹാരമാണിത്. വളക്കൂറും നീർവാർച്ചയുമുള്ള കളിമൺപ്രദേശങ്ങളാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. ഓട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കൻ ഗുജറാത്തിൽ ഓട്സിനോടൊപ്പം ചെറുകടുകും കൃഷി ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടികൾക്ക് പച്ചനിറമുള്ളപ്പോൾത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാൽ കൊയ്തെടുക്കുമ്പോൾ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലിപ്പം കൂടിയ ധാന്യവുമുള്ള ഈ ആസ്റ്റ്രേലിയൻ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്. ഗോതമ്പിൽ ഉള്ളതിനെക്കാൾ കൂടുതൽ ബി1, ബി2, ഇ എന്നീ ജീവകങ്ങൾ ഇതിലുണ്ട്.

യവം (ബാർലി)

[തിരുത്തുക]

ഹോർഡിയം വൾഗേർ (Hordeum vulgare) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. വടക്കേ ഇന്ത്യയിൽ പാവപ്പട്ടവരുടെ ആഹാരമാണിത്. ഗോതമ്പുപൊടിയുമായി ചേർത്ത് ഉപയോഗിക്കുകയാണ് പതിവ്. വറുത്ത് പൊടിച്ച് 'ബത്തു' എന്നൊരു പലഹാരമുണ്ടാക്കുന്നു. കന്നുകാലികൾക്കും കുതിരയ്ക്കും തീറ്റയായും ഉപയോഗിക്കാറുണ്ട്. ബിയറും വിസ്കിയും ഉണ്ടാക്കുന്നതിനാവശ്യമായ യവ മദ്യം ഉണ്ടാക്കാനും പേൾ ബാർലിയുണ്ടാക്കാനും യവം ഉപയോഗിക്കുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇത് പ്രധാനമായും കൃഷിചെയ്യുന്നത്. ഉമിയുള്ള ആറുവരിയൻ ബാർലിയാണ് സാധാരണ കൃഷിചെയ്യുന്ന ഇനം. ഉമിയില്ലാത്ത ആറുവരിയനും രണ്ടുവരിയനും ചിലയിടങ്ങളിൽ കൃഷിചെയ്തുവരുന്നു. ഏതു കാലാവസ്ഥയിലും ഇവ വളരും. ബാർലി തനിവിളയായോ മിശ്രവിളയായോ കൃഷിചെയ്യാം.

ബാർലി

സെക്കേൽ സിറിയൽ (Secale Cereale) എന്നറിയപ്പെടുന്ന ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികൾക്ക് ആഹാരമായും ആൽക്കഹോളും വിസ്കിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും കടലാസ്സു നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷിചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ നീല കലർന്ന പച്ച നിറം ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.

റൈ


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സിറിയൽ&oldid=3303769" എന്ന താളിൽനിന്ന് ശേഖരിച്ചത്