സി.ആർ. രാജഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C. R. Rajagopalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.ആർ. രാജഗോപാലൻ
ജനനം1957/1958
പെരുംപുള്ളിശ്ശേരി, തൃശ്ശൂർ ജില്ല
മരണം (വയസ്സ് 64)
തൊഴിൽഫോക്ലോർ ഗവേഷകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ശീതൾ വി.എസ്.
മാതാപിതാക്ക(ൾ)രാമ പണിക്കർ
നാരായണിയമ്മ
പുരസ്കാരങ്ങൾകേരള ഫോക്‌ലോർ അക്കാദമി അവാർഡ്
കേരള സംഗീതനാടക അക്കാദമി അവാർഡ്

കേരളത്തിൽ നിന്നുള്ള ഒരു ഫോക്ലോർ ഗവേഷകനും, എഴുത്തുകാരനും, അധ്യാപകനും, പരിസ്ഥിതി പ്രവർത്തകനും ആയിരുന്നു സി ആർ രാജഗോപാലൻ (1957/1958 - ജനുവരി 31, 2022). നാടോടിക്കഥകളുടെയും ഗോത്ര സംസ്ക്കാരത്തിന്റെയും നിരീക്ഷണത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിച്ച അദ്ദേഹം, പൈതൃകത്തെക്കുറിച്ചും നാടോടിക്കഥകളെക്കുറിച്ചുമുള്ള നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[1] കേരള ഫോക്‌ലോർ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

കേരളത്തിലെ തൃശൂർ ജില്ലയിലെ പെരുമ്പുള്ളിശ്ശേരിയിൽ രാമ പണിക്കരുടെയും നാരായണി അമ്മയുടെയും മകനായാണ് സി ആർ രാജഗോപാലൻ ജനിച്ചത്.[2] സിഎൻഎൻ ഹൈസ്കൂൾ, തൃശൂർ ഗവൺമെന്റ് കോളേജ്, ശ്രീ കേരള വർമ്മ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. [2] തെയ്യം, കുമ്മാട്ടി, പൂതനും തിറയും, കൃഷ്ണനാട്ടം എന്നിവയിൽ ഉപയോഗിക്കുന്ന മുഖംമൂടികളുടെ നാടകീയ വശങ്ങളിലും ആധുനിക നാടക സമ്പ്രദായങ്ങളിൽ അവയുടെ പ്രസക്തിയും എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. തൃശൂർ കേരള വർമ്മ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായും കേരള യൂണിവേഴ്സിറ്റിയിൽ ഡീനായും സേവനമനുഷ്ഠിച്ചു.[3] കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള അദ്ദേഹം, എത്‌നിക് മ്യൂസിക് പ്രോജക്‌റ്റും ഫോക്ക് തിയറ്ററിന്റെ ദേശീയ സൗന്ദര്യശാസ്ത്രത്തിൽ യുജിസിയുടെ മേജർ പ്രോജക്‌റ്റും ചെയ്‌തു.[2] രാജഗോപാലൻ തൃശ്ശൂരിലെ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും,[4] കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ ഇന്റർനാഷണൽ സെന്റർ ഫോർ കേരള സ്റ്റഡീസിന്റെയും (ICKS) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [5]

നാടോടിക്കഥകളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ രാജഗോപാലൻ രചിച്ചിട്ടുണ്ട്, അതുകൂടാതെ നാടൻ പാട്ടുകളുടെ ആൽബങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഒപ്പം ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, റോം, ജനീവ, ഓക്സ്ഫോർഡ് എന്നിവിടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.[2] ഡിസി ബുക്‌സിന്റെ നാട്ടറിവുകൾ എന്ന നാടോടി വിജ്ഞാനവുമായി ബന്ധപ്പെട്ട 20 പുസ്തകങ്ങളുടെ പരമ്പരയുടെ ജനറൽ എഡിറ്റർ, കൃഷി ഗീതയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2] ജനീവ ആസ്ഥാനമായുള്ള വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ ഹെറിറ്റേജ് നോളജ് മീറ്റിംഗിൽ അദ്ദേഹം പങ്കെടുത്തു.[2] നാടോടി വിജ്ഞാനവുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നയാളായിരുന്നു അദ്ദേഹം.[6]

പരിസ്ഥിതി മലിനീകരണത്തിനെതിരായ വിവിധ പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം പരിസ്ഥിതി സംരക്ഷണം, ബദൽ രാഷ്ട്രീയം, ബദൽ ജീവിതശൈലി എന്നിവയുടെ പ്രധാന പിന്തുണക്കാരനായിരുന്നു.[7] ജാപ്പനീസ് കർഷകനും തത്ത്വചിന്തകനുമായ മസനോബു ഫുകുവോക്കയുടെ ഒറ്റ വൈക്കോൽ വിപ്ലവം (One Straw Revolution) എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ പിന്തുണ നിർണായകമായിരുന്നു.[7]

വ്യക്തിഗത ജീവിതവും മരണവും[തിരുത്തുക]

ശീതൾ വിഎസ് ആയിരുന്നു ഭാര്യ.[4] 2022 ജനുവരി 31-ന് 64-ആം വയസ്സിൽ കോവിഡ് ബാധിച്ച് അദ്ദേഹം അന്തരിച്ചു. ഒരു അനുശോചന കുറിപ്പിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ ആൻഡ് സോഷ്യൽ ജസ്റ്റിസ് മന്ത്രി ആർ. ബിന്ദു രാജഗോപാലൻറെ പേര് ഫോക്ലോർ പഠനത്തിൻറെ പര്യായമാണെന്ന് പറഞ്ഞു.[8]

പ്രധാന കൃതികൾ[തിരുത്തുക]

എല്ലം കത്തിയെരിയുകയാണ് (കവിതാസമാഹാരം), അലയുന്നവർ (യാത്രാവിവരണം), മുടിയേറ്റ്: നാടോടി നേരരങ്ങ്, ഫോക്‌ലോർ സിദ്ധാന്തങ്ങൾ, കാവേറ്റം: നാടൻ കലാപഠനങ്ങൾ, കറുത്തമണികളുടെ കൊയ്ത്ത്, ഗോത്രകലാവടിവുകൾ: ദേശസൗന്ദര്യബോധം, തണ്ണീർപ്പന്തൽ, ഞാറ്റുവേലക്ക് പൊട്ടുകുത്തണ്ട, കൃഷിഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകൾ, അന്നവും സംസ്കാരവും, വരിക്കപ്ലാവിനുവേണ്ടി ഒരു വടക്കൻപാട്ട്, ആട്ടക്കോലങ്ങൾ: കേരളീയ രംഗകലാചരിത്രം, മണ്ണ്:ലാവണ്യം പ്രതിരോധം, നാട്ടുനാവ് മൊഴിമലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോൾ, ഡയസ്പോറ ഏറുമാടങ്ങൾ , നാട്ടറിവ്-2000 ഇയേഴ്സ് ഓഫ് മലയാളി ഹെറിറ്റേജ് എന്നിവയാണ് നാട്ടറിവുകളും ഗോത്ര സംസ്കൃതിയും സംസ്കാരവും ആയി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ പ്രധാന കൃതികൾ.[9]

എഡിറ്ററായി[തിരുത്തുക]

ഡിസി ബുക്‌സിന്റെ നാട്ടറിവുകൾ നാടോടി വിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തക പരമ്പരയിലെ 20 പുസ്തകങ്ങളിൽ കാട്ടറിവുകൾ, നാട്ടുഭക്ഷണം, നാട്ടുവൈദ്യം, നാട്ടുസംഗീതം, സസ്യങ്ങളുടെ നാട്ടറിവ്, കടലറിവുകൾ, കൃഷി നാട്ടറിവുകൾ, നാടോടി കൈവേല,പൂക്കളും പക്ഷികളും, ജന്തുക്കളും നാട്ടറിവുകളും, നീരറിവുകൾ, പുഴയുടെ നാട്ടറിവുകൾ എന്നീ പുസ്തകങ്ങൾ അദ്ദേഹം എഡിറ്റ് ചെയ്തവയാണ്.[2]

അതുകൂടാതെ സമ്മർ റെയിൻ: ഹാർവെസ്റ്റിങ് ദ ഇൻഡിഗീനസ് നോളജ് ഓഫ് കേരള, പിള്ളേർത്താളം, നാട്ടറിവിൻറെ നിനവ്, ഉപ്പും ചോറും: നാട്ടുചരിത്രം, പിറവി, വയൽക്കാളകൾ, പാമരം: ഉൾനാടൻ ജലഗതാഗതം, കൃഷിഗീത എന്നീ പുസ്തകങ്ങളും അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്.[2]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "ഡോ.സി.ആർ. രാജഗോപാലൻ അന്തരിച്ചു". Twentyfournews.com. 31 January 2022.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 "പ്രശസ്ത ഫോക്ക് ലോറിസ്റ്റ് സി.ആർ.രാജഗോപാലൻ അന്തരിച്ചു". Kairali News | Kairali News Live. 31 January 2022.
  3. "Folklore researcher C.R. Rajagopalan no more". The Hindu (in Indian English). 31 January 2022.
  4. 4.0 4.1 4.2 ലേഖകൻ, മാധ്യമം (31 January 2022). "അധ്യാപകനും എഴുത്തുകാരനുമായ ഡോ.സി.ആർ രാജഗോപാലൻ അന്തരിച്ചു | Madhyamam". www.madhyamam.com.
  5. "Tunes of tradition". The New Indian Express. Retrieved 2022-02-01.
  6. "ഡോ. സി. ആർ. രാജഗോപാലൻ അന്തരിച്ചു". DoolNews (in ഇംഗ്ലീഷ്).
  7. 7.0 7.1 Feb 1, T. Ramavarman /. "rajagopalan: Folklore Scholar Rajagopalan Dies | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്).{{cite news}}: CS1 maint: numeric names: authors list (link)
  8. "ഡോ സി ആർ രാജഗോപാൽ നാട്ടറിവു പഠനത്തിന്റെ പര്യായം: മന്ത്രി ഡോ. ആർ ബിന്ദു". Kairali News | Kairali News Live. 31 January 2022.
  9. "ഡോ. സി.ആർ. രാജഗോപാലൻ അന്തരിച്ചു". ManoramaOnline.
  10. Jan 2, TNN /. "Int'l Folklore Film Festival Begins | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്).{{cite news}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=സി.ആർ._രാജഗോപാലൻ&oldid=3830907" എന്ന താളിൽനിന്ന് ശേഖരിച്ചത്