സി.ജി. രാജഗോപാൽ
ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തുളസിദാസിന്റെ രാമചരിതമാനസം വിവർത്തനം ചെയ്ത എഴുത്തുകാരനാണ് സി.ജി. രാജഗോപാൽ (മരണം : 21 മേയ് 1932 - 02 ആഗസ്റ്റ് 2024). ശ്രീരാമചരിത മാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തിൽ തന്നെയുള്ള വിവർത്തനത്തിന്റെ പേര്. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019–ലെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]കുട്ടനാട് തലവടിയിൽ ചേരിയിൽ സി.എസ്. ഗോപാല കൈമളുടെയും കെ.പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ. കോളേജിൽ പ്രീ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളജിൽ നിന്നു ഹിന്ദി ബിരുദത്തിൽ ഒന്നാം റാങ്ക് നേടി. 1955 ൽ ലക്നോ സർവകലാശാലയിൽ ഉപരിപഠനം നടത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ഹിന്ദി വിഭാഗം തലവനായിരുന്നു. തൃശൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പലായി വിരമിച്ചു. തുടർന്നു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായി. എൻ.കൃഷ്ണപിള്ളയുടെ അവതാരികയോടെ പുറത്തുവന്ന “നാദത്രയം' ബിഎ മലയാളം പാഠപുസ്തകമായി. കഥകളി, കവിത, കർണാടക സംഗീതം ഈ മൂന്നു മേഖലകളിലും ശ്രദ്ധേയമായ നിരവധി സംരംഭങ്ങളിൽ പങ്കാളിയായി. കഥകളി പരിപോഷണത്തിനായി ദൃശ്യവേദി എന്ന സംഘടന രൂപീകരിച്ചു. തപസ്യ, ഭാരതീയ വിചാരകേന്ദ്രം എന്നിവയുടെ പ്രസിഡൻ്റായും പ്രവർത്തിച്ചു.[2]
തുളസീദാസ രാമായണത്തിന്റെ പരിഭാഷ
[തിരുത്തുക]കാൽ ലക്ഷത്തിലേറെ വരികളുള്ള ( 26152 വരികളും 46 സംസ്‌കൃത ശ്ലോകങ്ങളുമുള്ള മലയാള പരിഭാഷ) തുളസീദാസ രാമായണത്തിന്റെ പരിഭാഷയാണ് രാജഗോപാലിന്റെ പ്രധാന സാഹിത്യ പരിശ്രമങ്ങളിലൊന്ന്. കൈനിക്കര കുമാരപിള്ളയുടെ നിർദേശാനുസരണം ഏറ്റെടുത്ത ദൗത്യം വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 79-0൦ വയസ്സിൽ പൂർത്തീകരിച്ചു.
നാദത്രയം
[തിരുത്തുക]1958-ൽ അദ്ദേഹം രചിച്ച കവിതാ സമാഹാരമാണ് നാദത്രയം. ശിൽപി ഉൾപ്പെടെ പതിനാറ് കവിതകൾ അടങ്ങിയ നാദത്രയം എന്ന അദ്ദേഹത്തിന്റെ പുസ്തകം മലയാളം വിദ്വാൻ കോഴ്‌സിനും മലയാളം ബിഎ കോഴ്‌സിനും പാഠപുസ്തകമായിരുന്നു.ഓംകാരമൊഴുകുന്ന ശംഖവും പള്ളിമണികളും വാങ്കുവിളിയും ഒരേ നാദത്തിന്റെ വകഭേദങ്ങളെന്ന് പ്രഖ്യാപിക്കുന്ന മൂന്ന് ഖണ്ഡങ്ങളായിരുന്നു നാദത്രയം എന്ന കവിത.
കൃതികൾ
[തിരുത്തുക]- ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) വിവർത്തനം
- നാദത്രയം (കവിതാ സമാഹാരം)
- ഭാരത ബൃഹദ് ചരിത്രം(വിവർത്തനം)
- ഭാരതീയ സംസ്കാരത്തിന് ജൈന മതത്തിന്റെ സംഭാവന (പഠനം),
- ഹിന്ദി–ഇംഗ്ലിഷ്–മലയാളം ത്രിഭാഷാ നിഘണ്ടു
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019–ലെ വിവർത്തനത്തിനുള്ള അവാർഡ്[3]