വാഗ്‌ഭടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brhat Trayi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന കാലത്തെ പ്രസിദ്ധനായ ആയുർ വേദാചാര്യനാണ് വാഗ്‌ഭടൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ, ചരകനും സുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത്‌ പന്ത്രണ്ടാം ശതകത്തിൽ വാഗ്‌ഭടൻ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] അഷ്‌ടാംഗഹൃദയം,അഷ്‌ടാംഗസംഗ്രഹം എന്നീ ആയുർ‌വേദഗ്രന്ഥങ്ങളുടെ കർത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടൻ. ബുദ്ധമതപ്രചരണാർത്ഥം 9-)ം നൂറ്റാണ്ടിൽ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയർക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങൾക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു. [1].

വാഗ്‌ഭടന്റെ പിതാവ്‌ സിംഹഗുപ്‌തനാണെന്നും ഗുരു ബുദ്ധമതക്കാരനായ അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളിൽ വാഗ്‌ഭടനെ പരാമർശിച്ചിട്ടുണ്ട്‌. രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതിൽ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടൻ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി. പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായ കാവ്യാനുശാസനം, ഋഷഭദേവചരിതം എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

അഷ്ടാംഗഹൃദയം വാഗ്‌ഭടൻ രചിക്കാനിടയായതിനെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. ധന്വന്തരി മഹർഷി ഒരിക്കൽ ഒരു പക്ഷിയുടെ രൂപത്തിൽ വൈദ്യൻമാരെ പരീക്ഷിക്കാനെത്തി. 'ആരാണ്‌ രോഗമില്ലാത്തയാൾ?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന്‌ വൈദ്യൻമാരൊന്നും കൃത്യമായ ഉത്തരം നൽകിയില്ല. ഒടുവിൽ, സിന്ധു ദേശത്ത്‌ പാർത്തിരുന്ന വാഗ്‌ഭടൻ എന്ന പ്രസിദ്ധ വൈദ്യൻ പക്ഷിക്ക്‌ ഇങ്ങനെ മറുപടി നൽകി, 'ഹിതഭുക്‌, മിതഭുക്‌, അശാകഭുക്‌'(ഹിതമായി ഭക്ഷിക്കുന്നവൻ, മിതമായി ഭക്ഷിക്കുന്നവൻ, ഇലക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാൾ)- സസ്യക്കറിയോടൊപ്പം മാംസ്യവും ഉപയോഗിക്കുന്നവൻ എന്നർത്ഥം. വാഗ്‌ഭടന്റെ ഉത്തരത്തിൽ സംതൃപ്‌തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. അഷ്ടാംഗഹൃദയം രചിക്കാൻ പറഞ്ഞിട്ട്‌ പോവുകയും ചെയ്‌തു.

അഷ്ടാംഗഹൃദയം[തിരുത്തുക]

സുശ്രുതസംഹിത, ചരകസംഹിത എന്നിവയെ അവലംബിച്ചാണ് വാഗ്‌ഭടൻ അഷ്ടാംഗഹൃദയം രചിച്ചത്‌. കായം(ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം (കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കൽ), ഊർധ്വം, ശല്യം, ദംഷ്ട്രം (വിഷചികിത്സ), ജര (രസായന ചികിത്സ), വൃഷം (വാജീകരണം) എന്നിവയാണ്‌ ആയുർവേദത്തിലെ എട്ട്‌ അംഗങ്ങൾ. ഇവയുടെയെല്ലാം സാരസംഗ്രഹമാണ്‌ അഷ്ടാംഗഹൃദയം. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കൽപം, ഉത്തരം എന്നിങ്ങനെ ആറ്‌ സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌.

ശ്രീലങ്കയിൽ[തിരുത്തുക]

ഉത്തരേന്ത്യയിൽ ബുദ്ധമതത്തിന് പ്രചാരം കുറഞ്ഞപ്പോൾ ബുദ്ധമതാനുയായിയായിരുന്ന വാഗ്ഭടൻ എട്ടാം നൂറ്റാണ്ടിൽ ശ്രീലങ്കയിലേക്ക് കുടിയേറുകയും അങ്ങനെ അദ്ദേഹത്തിന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ശ്രീലങ്കയിൽ പ്രചരിപ്പിക്കപ്പെട്ടു[1].

കേരളത്തിൽ[തിരുത്തുക]

ശ്രീലങ്കയിൽ നിന്നാണ്‌‌ ബുദ്ധമതം കേരളത്തിലെത്തിയത്‌. ഒൻപതാം നൂറ്റാണ്ടിൽ ബുദ്ധമതപ്രചരണത്തിന്‌ വാഗ്ഭടൻ കേരളത്തിലെത്തിയിരുന്നതായി കരുതപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങൾക്കും കേരളത്തിൽ പ്രചാരം സിദ്ധിച്ചു[1].

കേരളത്തിൽ ഏറെ പ്രചാരമുണ്ടായ ഒന്നാണ്‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വടക്കേ ഇന്ത്യയിൽ ചരകസംഹിതക്കായിരുന്നു അന്ന് പ്രാധാന്യം. (ഇന്ന് ആധുനിക സർവകലാശാലകൾ അഷ്ടാംഗഹൃദയവും പാഠ്യവിഷയമാക്കിയിട്ടുണ്ടെന്നു മാത്രം)

വാഗ്‌ഭടശിഷ്യരായ ഇന്ദു, ജജ്ജടൻ എന്നിവർ കേരളത്തിലാണ്‌ വസിച്ചിരുത്‌, അതാണ്‌ ഈ ചികിത്സാരീതിക്ക്‌ കേളത്തിൽ ഏറെ പ്രചാരം ലഭിച്ചതിന്‌ കാരണമെന്നൊരു വാദമുണ്ട്‌. ഇവരിൽ ഇന്ദുവാണ്‌ അഷ്‌ടാംഗഹൃദയ വ്യാഖ്യാനമായ `ശശിലേഖ'യുടെ കർത്താവ്‌. കേരളത്തിലെ പല പാരമ്പര്യ വൈദ്യകുടുംബങ്ങളും ഇന്നും ഈ വാഗ്‌ഭടശിഷ്യരുടെ വ്യാഖ്യാനങ്ങൾ അഭ്യസിച്ചു പോരുന്നു. പക്ഷേ, കേരളത്തിൽ ഏറ്റവും പ്രചാരം സിദ്ധിച്ച അഷ്‌ടാംഗഹൃദയവ്യാഖ്യാനം `പാഠ്യം' ആണ്‌. അത്‌ രചിച്ചതാരാണെന്ന്‌ വ്യക്തമല്ല.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Archived from the original on 2008-07-29. Retrieved 2008-07-28.



"https://ml.wikipedia.org/w/index.php?title=വാഗ്‌ഭടൻ&oldid=3947887" എന്ന താളിൽനിന്ന് ശേഖരിച്ചത്