ബോസ്ഫറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bosphorus strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ് (തുർക്കിഷ്: Boğaziçi, ഗ്രീക്ക്: Βόσπορος) (Bosphorus) ഇസ്താംബൂൾ കടലിടുക്ക് എന്നർത്ഥം വരുന്ന ഇസ്താംബുൾ ബോഗാസി എന്നും അറിയപ്പെടുന്നു. ബോസ്ഫറസ്, ഇസ്താംബുൾ നഗരത്തെ രണ്ടായി വിഭജിക്കുന്നു. യൂറോപ്പിൽ കിടക്കുന്ന ത്രോസ്സും, ഏഷ്യയിൽ കിടക്കുന്ന അനറ്റോളിയയും. വടക്കുളള കരിങ്കടലിനേയും, തെക്കുളള മർമറ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കു കൂടിയാണ് ബോസ്ഫറസ്. ബോസ് (പശുക്കുട്ടി), ഫറസ്( നദി താണ്ടൽ) എന്ന രണ്ടു ഗ്രീക്കു പദങ്ങളുടെ സംയുക്തമായ ബോസ്ഫറസ് (പശുക്കുട്ടി താണ്ടിയ നദി) ഗ്രീക്കു പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്യൂസിന്റെ അഭിശപ്തയായ പ്രണയിനി അയോ പശുക്കുട്ടിയായി യൂറോപ്പു ഭാഗത്തു കുറേക്കാലം അലഞ്ഞു തിരിഞ്ഞെന്നും, പിന്നീട് കടലിടുക്കു ചാടി ഏഷ്യയിലേക്കു രക്ഷപ്പെട്ടെന്നും കഥ.[1]

ബോസ്ഫറസ് ബഹിരാകാശവീക്ഷണം International Space Station in April 2004.
ബോസ്ഫറസ്: ടോപ്കാപി കൊട്ടാരത്തിലെ മട്ടുപ്പാവിൽ നിന്നുളള കാഴ്ച
ഇസ്താംബുൾ നഗരം: ബോസ്ഫറസിൽ നിന്നുളള കാഴ്ച

ഭൂമിശാസ്ത്രം[തിരുത്തുക]

ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കടലിടുക്കാണ് ബോസ്ഫറസ്. 31 കിലോമീറ്റർ നീളമുളള ബോസ്ഫറസിന്റെ ഏറ്റവും കൂടിയ വീതി 3.3 കി.മിയും, ഏറ്റവും കുറഞ്ഞ വീതി 0.7 കിലോ മീറ്ററുമാണ്. വളവുതിരിവുകൾ കടലിടുക്കിലൂടെയുളള പ്രയാണം വിഷമകരമാക്കിത്തീർക്കുന്നു. ആഴം 35-125 മീറ്റർ വരെ കാണും.[2] ബോസ്ഫറസിന്റെ ഉത്പത്തിയെപ്പറ്റി, വിവിധാഭിപ്രായങ്ങളാണ് ഭൂഗർഭശാസ്ത്രജ്ഞന്മാർക്കുളളത്.ക്രി.മു. 5600-ൽ മദ്ധ്യധരണ്യാഴിയിലുണ്ടായ വെളളപ്പൊക്കം കരഭേദിച്ചു് കരിങ്കടലിലേക്കുളള വഴിയുണ്ടാക്കിയതാണെന്നും അതല്ല 10,000 വർഷങ്ങൾക്കു മുമ്പു തന്നെ കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്ക് വെളളം ഒഴുകിയിരുന്നെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.[3], [4]

ചരിത്രം[തിരുത്തുക]

സാമ്രാജ്യത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി ബൈസന്റിനിയൻ ചക്രവർത്തിമാരും ഓട്ടോമാൻ സുൽത്താന്മാരും ബോസ്ഫറസ്സിന്റെ ഇരുകരകളിലും കോട്ടകൾ പണിതു. ആനഡോലു ഹിസാരി (1393), റുമേലി ഹിസാരി (1451).കടലിടുക്കിന്റെ അന്താരാഷ്ട്രീയ വാണിജ്യ,രാഷ്ട്രീയ പ്രാധാന്യങ്ങൾക്ക് മുൻ തൂക്കും നല്കുന്ന മോൺട്രോ ഉടമ്പടി 1936-ലാണ് നിലവിൽ വന്നത്. [5] ഇതിനു പിന്നീടു പലേ ഭേദഗതികളും ഉണ്ടായി.ബോസ്ഫറസിലൂടെയുളള വർ ദ്ധിച്ചു വരുന്ന കപ്പൽ ഗതാഗതം[6] അന്തരീക്ഷ മാലിന്യവും പരിസരമാലിന്യവും വർദ്ധിക്കാനും കാരണമാകുന്നു.

പാലങ്ങൾ[തിരുത്തുക]

യൂറോപ്യൻ ഏഷ്യൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു തൂക്കു പാലങ്ങളുണ്ട് (suspension bridges). 1973-ൽ നിർമ്മാണം പൂർത്തിയാക്കിയ ബോസ്ഫറസ് പാലവും ( ഒരു കിമി. നീളം 33 മീറ്റർ വീതി), 1988-ൽ പൂർത്തിയാക്കിയ ഫതേ സുൽത്താൻ മഹ്മദ് പാലവും(ഒരു കി.മി നീളം, 39 മീ വീതി ).

ബോസ്ഫറസ് പാലം ആകാശ വീക്ഷണം

ബോസ്ഫറസ് റെയിൽവേ തുരങ്കം[തിരുത്തുക]

ഇസ്താംബുൾ നഗരത്തിന്റെ ഏഷ്യൻ - യൂറോപ്യൻ തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ അത്യഗാധ റെയിൽവേ തുരങ്കം. 13.6 കിലോമീറ്റർ നീളമുള്ള ഇതിൽ 1.4 കിലോമീറ്റർ 60 മീറ്റർ ആഴത്തിൽ കടലിനടിയിൽ കൂടിയാണ്. ഒട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ് 150 കൊല്ലം മുമ്പ് വിഭാവന ചെയ്തിരുന്നതാണ് ഇസ്താംബുൾ നഗര ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കടൽ തുരങ്ക പദ്ധതി. 400 കോടി ഡോളറിന്റേതാണ് ഈ തുരങ്ക പദ്ധതി.[7]

ബോട്ടു യാത്ര[തിരുത്തുക]

ബോസ്ഫറസിലൂടെയുളള ബോട്ടു യാത്ര വിനോദ സഞ്ചാരികൾക്കായുളള പരിപാടികളിലെ മുഖ്യ ഇനമാണ്.

അവലംബം[തിരുത്തുക]

  1. Edith Hamilton (1969). Mythology. Little, Brown & Company.
  2. ബോസ്ഫറസ് accessed 22 May 2013
  3. മദ്ധ്യധരണ്യാഴിയിലേ വെളളപ്പൊക്കം
  4. കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്കുളള ജലപ്രവാഹം accessed 22 May 2013
  5. "മോൺട്രോ ഉടമ്പടി" (PDF). Archived from the original (PDF) on 2020-02-11. Retrieved 2013-05-22.
  6. കപ്പൽ ഗതാഗതം സ്ഥിതിവിവരക്കണക്കുകൾ accessed 22 May 2013
  7. "ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ബോസ്ഫറസ് റെയിൽവേ തുരങ്കം തുറന്നു". കേരള കൗമുദി. 2013 ഒക്ടോബർ 30. Retrieved 2013 ഒക്ടോബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബോസ്ഫറസ്&oldid=3788268" എന്ന താളിൽനിന്ന് ശേഖരിച്ചത്