ബർണദീത്ത സുബീരു
വിശുദ്ധ ബർണദീത്ത Saint Bernadette Soubirous | |
---|---|
ജനനം | 7 ജനുവരി 1844[1] ലൂർദ്ദ്, ഫ്രാൻസ് |
മരണം | 16 ഏപ്രിൽ 1879 നെവേഴ്സ്, ഫ്രാൻസ് | (പ്രായം 35)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 14 ജൂൺ 1927, റോം, by പതിനൊന്നാം പീയൂസ് മാർപാപ്പ |
നാമകരണം | 8 ഡിസംബർ 1933, റോം, by പതിനൊന്നാം പീയൂസ് മാർപാപ്പ |
ഓർമ്മത്തിരുന്നാൾ | 16 ഏപ്രിൽ (ഫെബ്രുവരി 18 ഫ്രാൻസിൽ) |
മദ്ധ്യസ്ഥം | ശാരീരിക രോഗങ്ങൾ |
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് വിശുദ്ധ ബർണദീത്ത (മരിയ ബർണദെത്ത് സുബീരു) (7 January 1844–16 April 1879). ശാരീരിക രോഗങ്ങളനുഭവിക്കുന്നവരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വിശുദ്ധ ബർണദീത്ത.
ജീവിതരേഖ
[തിരുത്തുക]ഫ്രാൻസിലെ ലൂർദിൽ സുബീരു എന്ന നിർദ്ധന കർഷകകുടുംബത്തിൽ 1844 - ൽ ഫ്രാങ്കോയുടെയും ലൂയിസിന്റെയും മൂത്ത മകളായി മരിയ ബർണദീത്ത ജനിച്ചു. ബർണദീത്തയുടെ മാതാപിതാക്കൾ വിശാലമനസ്കരും ഉദാരമതികളുമായിരുന്നു. പിതാവ് ഫ്രാങ്കോക്ക് ഒരു മില്ലുണ്ടായിരുന്നു. ഈ ദമ്പതികൾക്കു പിറന്ന ഒൻപതു മക്കളിൽ മൂന്നു പേർ ശൈശവത്തിൽ തന്നെ മരണമടഞ്ഞു. മരിയ വളരെ ഉയരം കുറഞ്ഞ പെൺകുട്ടിയായിരുന്നു. അതിനാലാകാം അവളെ എല്ലാവരും പേരിന്റെ ചുരുക്കരൂപമായ ബെർണദീത്ത എന്ന നാമം മാത്രം വിളിച്ചതെന്നു കരുതപ്പെടുന്നു. മരിയയുടെ ആരോഗ്യസ്ഥിതി മോശമെന്നു മനസ്സിലാക്കിയ മാതാപിതാക്കൾ മരിയയ്ക്ക് കൂടുതൽ ഭക്ഷണവും പരിചരണവും നൽകിയിരുന്നു. എന്നാൽ, തനിക്കു ലഭിച്ചിരുന്ന ഭക്ഷണത്തിലെ അധികപങ്ക് അവൾ സഹോദരങ്ങൾക്ക് നൽകുകയാണുണ്ടായത്.
ബർണദീത്തയ്ക്ക് 12 വയസ് തികഞ്ഞപ്പോൾ ആടുകളെ മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. ഒപ്പം ജപമാല ചൊല്ലുന്ന ശീലവുമുണ്ടായിരുന്നു. കഠിനജോലിയും ദുർബലശരീരവും മൂലം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബർണദീത്തയുടെ ജീവിതം. അതോടൊപ്പം വിദ്യാഭ്യാസത്തിലും കുറവ് സംഭവിച്ചിരുന്നു. ജീവിതത്തിലുടനീളം അവൾ ഒരു ആസ്മാ രോഗിയായിരുന്നു. പല സമയങ്ങളിലും ശ്വാസം കിട്ടാതെ വിഷമം അനുഭവിച്ചിരുന്നു. എങ്കിലും അവൾ സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നതെന്ന് ബർണദീത്ത ജോലി ചെയ്തിരുന്ന സ്ഥലത്തെ വളർത്തമ്മ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബർണദീത്തയ്ക്ക് പതിനാലു വയസ് പൂർത്തിയായി ഏതാനും ആഴ്ചകൾക്കു ശേഷം അവൾ സ്വഭവനത്തിലേക്ക് തിരിച്ചു. പിന്നീടുണ്ടായ ചില സംഭവങ്ങളാണ് നാടകീയമായ രീതിയിൽ അവളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത്.
ഒരു ഫെബ്രുവരി 11-ന് വൈകുന്നേരം തണുപ്പാർന്ന കാലാവസ്ഥ മൂലം ബർണദീത്തയും രണ്ട് സുഹൃത്തുക്കളും ചേർന്ന് തീകായാനുള്ള വിറകു ശേഖരിക്കാനായി പുറപ്പെട്ടു. നടന്നുനടന്ന് അവർ അറിയാതെ മസബിയെല്ലിയിലെ ഗ്രോട്ടോക്കു സമീപമെത്തി. അപ്പോൾ ബർണദീത്ത കാറ്റിന്റെ ശക്തമായ പ്രവാഹം പോലെ ഒരു ശബ്‌ദം ശ്രവിക്കുകയും ഒപ്പം ഒരു തീവ്രപ്രകാശവും കണ്ടു. ഭയത്തോടെ നിന്ന ബർണ്ണദീത്തയുടെ കൺമുൻപിൽ തേജസാർന്ന മുഖത്തോടെ ഒരു പെൺകുട്ടി നിൽക്കുന്നതു കണ്ട് അവൾ അത്ഭുതസ്‌തബ്‌ധയായി. വെള്ള നിറമുള്ള വസ്‌ത്രം ധരിച്ച് അരയിൽ നീലനിറമുള്ള കച്ച ചുറ്റി നിന്ന രൂപത്തിലാണ് പെൺകുട്ടിയെ കണ്ടത്. അവളുടെ പാദങ്ങളിൽ മഞ്ഞ റോസാപ്പൂക്കളും കൈയ്യിൽ ജപമാലയും ഉണ്ടായിരുന്നു. ഇതു കണ്ട ഉടനെ ബർണദീത്ത പ്രാർഥിക്കുവാനാരംഭിച്ചു.
ഉടൻ തന്നെ ദേവാലയത്തിൽ ചെന്ന് കുമ്പസാരത്തിനായി ബർണ്ണദീത്തയെ ഒരുക്കുകയായിരുന്ന പുരോഹിതനോട് നടന്ന സംഭവം അറിയിച്ചു. പുരോഹിതൻ ഈ സംഭവം തന്റെ മേലധികാരിയായ വൈദികനോട് ചർച്ച നടത്തുവാൻ ബർണ്ണദീത്തയോട് അനുവാദവും വാങ്ങി. ഫെബ്രുവരി 11-ന് നടന്ന ദർശനത്തിനു ശേഷം ബർണ്ണദീത്ത ഫെബ്രുവരി 14ന് വീണ്ടും ഗ്രോട്ടോയിലേക്ക് പോയി.
അന്ത്യം/വിശുദ്ധപദവി
[തിരുത്തുക]1879-ൽ ബർണദീത്തയുടെ ആരോഗ്യം പൂർണ്ണമായും ക്ഷയിച്ചു. ഏപ്രിൽ 16-ന് ഫ്രാൻസിലെ നെവേഴ്‌സിൽ വച്ച് അന്തരിച്ച ബർണദീത്തയുടെ ശരീരം ഇന്നും അഴുകാതെ സൂക്ഷിച്ചിരിക്കുന്നു. 1927 ജൂൺ 14-ന് പീയൂസ് പതിനൊന്നാമൻ മാർപാപ്പ ബർണദീത്തയെ വാഴ്ത്തപ്പെട്ടവളായും 1933 ഡിസംബർ 8-ന് പീയൂസ് പതിനൊന്നാമൻ മാർപാപ്പ തന്നെ വിശുദ്ധയായും പ്രഖ്യാപിച്ചു[2].