Jump to content

ബെഞ്ചമിൻ ഡിസ്രയേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benjamin Disraeli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെഞ്ചമിൻ ഡിസ്രയേലി
[[ബ്രിട്ടീഷ് പ്രധാനമന്ത്രി]]
ഓഫീസിൽ
1874 ഫെബ്രുവരി 20 – 1880 ഏപ്രിൽ 21
Monarchവിക്റ്റോറിയ
മുൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
ഓഫീസിൽ
1868 ഫെബ്രുവരി 27 – 1868 ഡിസംബർ 1
Monarchവിക്റ്റോറിയ
മുൻഗാമിഎഡ്വേഡ് സ്മിത്ത്-സ്റ്റാൻലി
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
ചാൻസലർ ഓഫ് എക്സ്ചെക്കർ
ഓഫീസിൽ
1866 ജൂലൈ 6 – 1868 ഫെബ്രുവരി 29
Monarchവിക്റ്റോറിയ
മുൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
പിൻഗാമിജോർജ് വാർഡ് ഹണ്ട്
ഓഫീസിൽ
1858 ഫെബ്രുവരി 26 – 1859 ജൂൺ 11
Monarchവിക്റ്റോറിയ
മുൻഗാമിജോർജ്ജ് കോണ്വെൽ ലൂയിസ്
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
ഓഫീസിൽ
1852 ഫെബ്രുവരി 27 – 1852 ഡിസംബർ 17
Monarchവിക്റ്റോറിയ
മുൻഗാമിചാൾസ് വുഡ്
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
വ്യക്തിഗത വിവരങ്ങൾ
ജനനം(1804-12-21)21 ഡിസംബർ 1804
ലണ്ടൻ, ഇംഗ്ലണ്ട്
മരണം19 ഏപ്രിൽ 1881(1881-04-19) (പ്രായം 76)
ലണ്ടൻ, ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷികൺസർ‌വേറ്റീവ് കഷി

പ്രമുഖനായ ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനും ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായിരുന്നു ബഞ്ചമിൻ ഡിസ്റെയ്ലി (ജീവിതകാലം: 21 ഡിസംബർ 1804 – 19 ഏപ്രിൽ 1881). ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ നോവലുകളുടെ കർത്താവെന്ന നിലയിലാണ് ഇദ്ദേഹത്തിന് പ്രശസ്തി ഏറെയുള്ളത്. രാഷ്ട്രീയ അന്യാപദേശങ്ങൾ (political allegories) എന്ന് ഇദ്ദേഹത്തിന്റെ നോവലുകളെ വിശേഷിപ്പിക്കാം. നോവലുകളിലൂടെ തന്റെ രാഷ്ട്രീയ ദർശനങ്ങൾക്ക് കലാസുഭഗമായ ആവിഷ്കാരം നൽകുകയാണ് ഇദ്ദേഹം ചെയ്തത്. ആ വഴിക്ക് സമകാലിക യാഥാസ്ഥിതിക കക്ഷിയെയും ബ്രിട്ടിഷ് ജനതയെയും ബോധവത്കരിക്കുകയും പരിവർത്തനവിധേയരാക്കുകയും ചെയ്യാനായിരുന്നു ഡിസ്റെയ്ലിയുടെ ശ്രമം.

ജീവിതരേഖ

[തിരുത്തുക]

1804 ഡിസംബർ 21-ന് ലണ്ടനിലെ ഒരു യഹൂദകുടുംബത്തിലാണ് ബെഞ്ചമിൻ ജനിച്ചത്. പതിമൂന്നാം വയസിൽ മാമോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായെങ്കിലും തന്റെ യഹൂദപാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. തന്റെ ശത്രുക്കൾ ജൂതതെമ്മാടി എന്നുവിളിച്ചാക്ഷേപിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറയുമായിരുന്നത്രേ.

വാൽത്തം സ്റ്റോയിലെ ഒരു പ്രൈവറ്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1828-31 കാലഘട്ടത്തിൽ സ്പെയിൻ, ഇറ്റലി, പൌരസ്ത്യ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. കൺസർവേറ്റീവ് കക്ഷി അംഗമായിരുന്ന ഡിസ്രയേലി 1821-നും -47-നുമിടയ്ക്ക് നിരവധി പ്രാവശ്യം പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1842-ൽ യംഗ് ഇംഗ്ലണ്ട് പാർട്ടി ഒഫ് കൺസർവേറ്റീവ്സിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1852, 1858 - 59, 1867 എന്നീ കാലയളവുകളിൽ നികുതികാര്യവകുപ്പിന്റെ മേധാവിയായി (ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ). 1868-ലും 1874-80 കാലഘട്ടത്തിലും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാനും ഡിസ്റെയ്ലിക്ക് അവസരം ലഭിച്ചു.

1875-ൽ സൂയസ് കനാലിന്റെ പകുതി ഉടമാവകാശം ബ്രിട്ടന് നേടിയെടുത്തതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയവിജയമായി വാഴ്ത്തപ്പെടുന്നത്. പ്രധാനമന്ത്രിപദത്തിലെ തന്റെ രണ്ടാമത്തെ കാലയളവിൽ, ചേരി നിർമ്മാർജ്ജനം, പൊതുജനാരോഗ്യം, വ്യാപാരിനാവികരുടെ സേവനവ്യവസ്ഥകൾ തുടങ്ങിയ മേഖലകളിൽ പുതിയ നിയമനിർമ്മാണങ്ങൾ നടത്തി.

വിക്റ്റോറിയ രാജ്ഞിക്കൊപ്പം

വിക്റ്റോറിയ രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ൽ രാജ്ഞിക്ക് ഇന്ത്യയുടെ ചക്രവർത്തിനി എന്ന പട്ടം ചാർത്തിയത്. 1878-ൽ ചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. റഷ്യ കോൺസ്റ്റാന്റിനോപ്പിളിനെ ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്. എന്നാൽ ഇതേസമയം തന്നെ ഇന്ത്യയിലെ ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ അതുവരെ അനുവർത്തിച്ചുവന്ന ഇടപെടാതിരിക്കൽ നയം കൈവെടിഞ്ഞ് രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന് വഴിയൊരുക്കിയതും ഡിസ്രയേലിയാണ്.[1][2]

1880-ൽ ഡിസ്രയേലിയും ടോറികളും (കൺസർ‌വേറ്റീവ് കക്ഷിയെയും അതിനെ പിന്തുണക്കുന്നവരേയും ടോറികൾ എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.

1881 ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.

സാഹിത്യം

[തിരുത്തുക]

1826-ൽ തന്റെ 22-ാം വയസ്സിൽ തന്നെ ഡിസ്റെയ്ലി സാഹിത്യരചന ആരംഭിക്കുകയുണ്ടായി. 1826-ൽ പുറത്തുവന്ന വിവിയൻ ഗ്രേയുടെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. സമകാലിക സാമൂഹിക ജീവിതത്തിൽ നിന്നു തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായി എളുപ്പം താദാത്മ്യം പ്രാപിക്കാൻ വായനക്കാർക്കു കഴിഞ്ഞു. അഭിജാത വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതും അക്കാലത്തു വളരെ പ്രചാരം നേടിയതുമായ 'വെള്ളിക്കരണ്ടി നോവലിന്റെ' (silver-fork novel) മാതൃകയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. പറയത്തക്ക രാഷ്ട്രീയ ദർശനങ്ങളോ ധാർമികമൂല്യങ്ങളോ ഒന്നുമില്ലാതെ ജീവിതവിജയം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ഒരു യുവാവിന്റെ മാനസിക വികാസവും രാഷ്ട്രീയ ബോധവത്ക്കരണവുമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.

നോവൽ ഒഫ് ദി എയ്റ്റീൻ ഫോർട്ടീസ് (1954) എന്ന കൃതിയിൽ കാത്ലീൻ റ്റിലസ്റ്റൻ നിരീക്ഷിച്ചതുപോലെ, തങ്ങളുടെ സാമൂഹികാവകാശങ്ങളേയും കടമകളേയും കുറിച്ചു ബോധമുള്ളവരാണ് ഡിസ്റെയ്ലിയുടെ പക്വമതികളായ നായകന്മാർ. സിബിലിലെ ചാൾസ് എഗ്രിമോണ്ട്, കോനിംഗ്സ്ബി, റ്റാൻക്രെഡ്, ലോതെയർ, എൻഡിമിയൻ എന്നിവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ആഢ്യവർഗത്തിന്റെ ആശയാദർശങ്ങൾ തകർന്നടിഞ്ഞതിൽ ഖിന്നരായ ഇവർ ബ്രിട്ടനിലെ യാഥാസ്ഥിതികകക്ഷികളുടെ ദുരവസ്ഥയ്ക്കു കാരണം ഈ തകർച്ചയാണെന്ന് കണ്ടെത്തുന്നു. സാമൂഹികപ്രതിബദ്ധത എന്ന പഴയ ആശയത്തിന്റെ പുനരുത്ഥാനമാണ് ഇതിനുള്ള പ്രതിവിധിയായി ഇവർ കാണുന്നത്. അങ്ങനെ ഡിസ്റെയ്ലിയുടെ കഥാനായകന്മാർ അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയാശയങ്ങളുടെ പ്രതിനിധികളാണെന്നു കാണാൻ പ്രയാസമില്ല. യാഥാസ്ഥിതിക ദർശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരമെന്ന ഖ്യാതി അദ്ദേഹത്തിന്റെ കൃതികൾക്കും ലഭിച്ചു. 1881-ൽ നിര്യാതനായി.

കൃതികൾ

[തിരുത്തുക]

വിവിയൻ ഗ്രേ (5 വാല്യം, 1826-27), കോനിംഗ്സ്ബി (1844), സിബിൽ (1845), റ്റാൻക്രെഡ് (1847) ലോതെയർ (1870), എൻഡിമിയൻ (1880), ലായേഴ്സ് ആൻഡ് ലെജിസ്ളേറ്റേഴ്സ് (1825), ദ് പ്രസന്റ് സ്റ്റേജ് ഒഫ് മെക്സിക്കോ (1825), കീ റ്റു വിവിയൻ ഗ്രേ (1827), വിൻഡിക്കേഷൻ ഒഫ് ദി ഇംഗ്ലീഷ് കോൺസ്റ്റിറ്റ്യൂഷൻ (1835) എന്നിവയാണ് ബഞ്ചമിൻ ഡിസ്റെയ്ലിയുടെ ഗദ്യകൃതികളിൽ പ്രധാനം. ദ് റെവല്യൂഷണറി എപ്പിക് (1834) എന്ന കാവ്യവും ദ് ട്രാജഡി ഒഫ് കൌണ്ട് അലാർക്കോസ് (1839), എന്ന നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "17 - ലാസ്റ്റ് യേഴ്സ് (Last Years), 1869 - 1879". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 413. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  2. Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 259–262. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • ദ് ഹിന്ദു യങ്ങ് വേൾഡ് - 2007 സെപ്റ്റംബർ 28 (‘‘ദ് ഗ്രേറ്റ് വൺസ്‘‘ എന്ന പംക്തിയിൽ ‘‘ബെഞ്ചമിൻ ഡിസ്രയേലി‘‘ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം)

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിസ്റെയ്ലി, ബഞ്ചമിൻ (1804 - 81) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ബെഞ്ചമിൻ_ഡിസ്രയേലി&oldid=3798787" എന്ന താളിൽനിന്ന് ശേഖരിച്ചത്