ബംഗാൾ വോളന്റിയേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bengal Volunteers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Subhash Chandra Bose along with members of Bengal Volunteers

ബ്രിട്ടീഷ് ഭരണശക്തികൾക്കെതിരേ പ്രവർത്തിച്ച ധീരദേശാഭിമാനികളുടെ വിപ്ലവ സംഘടനയാണ്​ ബംഗാൾ വോളന്റിയേഴ്‌സ് . 1928-ലെ രൂപീകരണം മുതൽ സ്വാതന്ത്ര്യപ്രാപ്തി വരെ സംഘം സജീവമായിരുന്നു.

ആരംഭം[തിരുത്തുക]

1928 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്താ സമ്മേളനത്തോടനുബന്ധിച്ച്, സുഭാഷ് ചന്ദ്രബോസ് മേജർ സത്യഗുപ്തയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ സമ്മേളനത്തിനു ശേഷവും തുടർന്നു. താമസിയാതെ ഇതൊരു വിപ്ലവപ്രസ്ഥാനമായി വളർന്നു.

പ്രവർത്തനങ്ങളും ശ്രദ്ധേയമായ അംഗങ്ങളും[തിരുത്തുക]

ബിനോയ്, ബാദൽ, ദിനേഷ് എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയ്ക്കായി (റൈറ്റേഴ്‌സ് ബിൽഡിംഗിൽ)

1930 കളുടെ ആരംഭത്തിൽ ബംഗാൾ ജയിലുകളിലെ പോലീസ് അടിച്ചമർത്തലിനും പീഡനങ്ങൾക്കുമെതിരേ ‘ഓപറേഷൻ ഫ്രീഡം’ എന്ന പേരിൽ ബംഗാൾ വോളന്റിയേഴ്‌സ് നീക്കമാരംഭിച്ചു. 1930 ഓഗസ്റ്റ് 30-ന് ബംഗാൾ പോലീസ് തലവനായിരുന്ന ഐ.ജി. ലോമാനെ മെഡിക്കൽ സ്കൂളിൽ വിദ്യാർത്ഥിയായ 22-കാരനായ ബിനോയ് കൃഷ്ണ ബസു വെടിവെച്ചുകൊന്നു. ധാക്കയിലെ മെഡിക്കൽ സ്‌കൂൾ ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ഐ.ജി. യുടെ നേർക്ക്, സുരക്ഷാവലയം ഭേദിച്ചു കടന്ന് തൊട്ടടുത്തെത്തിയാണ് ബോസ് നിറയൊഴിച്ചത്. ലോമാൻ തൽക്ഷണം മരിച്ചു. പൊലീസ് സൂപ്രണ്ട് ഹോഡ്സണ് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ബിനോയ് കൃഷ്ണ ബസു ധാക്കയിൽ നിന്ന് കൊൽക്കത്തയിലേയ്ക്ക് രക്ഷപ്പെട്ടു.

തടവറകളിലെ മൃഗീയ പീഡനങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ടിരുന്ന ജയിൽ വകുപ്പുമേധാവി കേണൽ എൻ. എസ്. സിംപ്സൺ ആയിരുന്നു അടുത്ത ലക്ഷ്യം. 1930 ഡിസംബർ 8-ന് ബിനോയ് ബസു, ദിനേശ് ഗുപ്ത, ബാദൽ ഗുപ്ത എന്നിവർ പാശ്ചാത്യ വേഷത്തിൽ റൈറ്റേഴ്‌സ് ബിൽഡിംഗിൽ കയറി സിംപ്സണെ വെടിവച്ചുകൊന്നു.[1] തുടർന്നുണ്ടായ വെടിവെപ്പിൽ ട്വിനാമും പ്രിന്റസും നെൽസണും ഉൾപ്പെടെയുള്ള മറ്റു ചില ഉദ്യോഗസ്ഥർക്കു സാരമായി പരിക്കേറ്റു. തുടർന്ന് ബ്രിട്ടീഷുകാർക്കു പിടികൊടുക്കാതിരിക്കാൻ ബാദൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു. ബിനോയ്, ദിനേശ് എന്നിവർ സ്വയം നിറയൊഴിച്ചു. ഗുരുതരാവസ്ഥയിൽ നിന്നു രക്ഷപെട്ട ദിനേശിനെ ബ്രിട്ടീഷുകാർ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളും കൊലപാതകകുറ്റവും ചുമത്തി തൂക്കിക്കൊന്നു. ദിനേശ് ഗുപ്ത, 1931 ജൂലൈ ഏഴിന് അലിപ്പൂർ ജയിലിൽ 19 ാം വയസിൽ രക്തസാക്ഷിയായി.[2]

ഇതിനുപുറമെ, ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ 1930 കളിലെ എല്ലാ കാലഘട്ടങ്ങളിലും ബംഗാൾ വോളന്റിയേഴ്‌സ് സജീവമായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Basu, Raj Sekhar (2012). "Basu, Benoy Krishna". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. https://www.thebetterindia.com/154654/benoy-badal-dinesh-writers-building-kolkata-news/
  3. https://www.indianetzone.com/21/bengal_volunteers_indian_revolutionary_organisation.htm
"https://ml.wikipedia.org/w/index.php?title=ബംഗാൾ_വോളന്റിയേഴ്‌സ്&oldid=3829050" എന്ന താളിൽനിന്ന് ശേഖരിച്ചത്