ബി.എ. ചിദംബരനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(B.A. Chidambaranath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി. എ. ചിദംബരനാഥ്
പശ്ചാത്തല വിവരങ്ങൾ
ജനനം(1923-12-10)ഡിസംബർ 10, 1923
മരണംഓഗസ്റ്റ് 31, 2007(2007-08-31) (പ്രായം 83)
തൊഴിൽ(കൾ)സംഗീത സംവിധായകൻ, പിന്നണിഗായകൻ
വർഷങ്ങളായി സജീവം1948–1988

പ്രസിദ്ധനായ മലയാളചലച്ചിത്ര സംഗീതസംവിധായകനായിരുന്നു ഭൂതപ്പാണ്ടി അരുണാചലം ചിദംബരനാഥൻ എന്ന ബി.എ. ചിദംബരനാഥ് (10 ഡിസംബർ 1923 - 31 ഓഗസ്റ്റ് 2007). ഏകദേശം മുപ്പതിനടുത്ത് ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം ഈണം പകർന്ന മിക്ക ഗാനങ്ങളും സൂപ്പർഹിറ്റുകളാണ്. കരയുന്നോ പുഴ ചിരിയ്ക്കുന്നോ, കേശാദിപാദം തൊഴുന്നേൻ, പകൽക്കിനാവിൻ സുന്ദരമാകും തുടങ്ങിയവ അദ്ദേഹം ഈണം പകർന്ന് ശ്രദ്ധേയമായ ഗാനങ്ങളാണ്. ഒരു കർണ്ണാടകസംഗീതജ്ഞൻ കൂടിയായിരുന്ന ഇദ്ദേഹം വയലിൻ, മൃദംഗം, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നതിലും വിദഗ്ദ്ധനായിരുന്നു. വാണീ വാഗധീശ്വരീ, നാമം നല്ല നാമം തുടങ്ങിയ ഏതാനും കർണാടക സംഗീതകൃതികളുടെ രചയിതാവും ഇദ്ദേഹമാണ്. അന്തരിച്ച സംഗീതസംവിധായകൻ രാജാമണി, ചിദംബരനാഥിന്റെ മകനും ഗായകൻ അച്ചു രാജാമണി പേരമകനുമാണ്.

ജീവിതരേഖ[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയിൽ സംഗീതജ്ഞനായിരുന്ന ബി.കെ. അരുണാചലം അണ്ണാവിയുടേയും ചെമ്പകവല്ലിയുടേയും മൂത്ത മകനായി 1923 ഡിസംബർ 10-ന് ജനിച്ചു.[1] 22 വാദ്യോപകരണങ്ങൾ (പ്രധാനമായും നാദസ്വരം) വായിയ്ക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു ചിദംബരനാഥിന്റെ അച്ഛൻ. ഒരു തമിഴ് പണ്ഡിതനും കവിയും അധ്യാപകനും കൂടിയായിരുന്ന അരുണാചലം അണ്ണാവി തന്നെയായിരുന്നു ചിദംബരനാഥിന്റെ ആദ്യഗുരുവും. അച്ഛനിൽ നിന്ന് വായ്പ്പാട്ടിലും മൃദംഗത്തിലും പരിശീലം നേടിയ ചിദംബരനാഥ്, പിന്നീട് അക്കാലത്തെ പ്രഗദ്ഭ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതരിൽ നിന്നും സംഗീതത്തിൽ വിദഗ്ദ്ധ പരിശീലനം നേടി. പിന്നീട്, മുത്തയ്യാ ഭാഗവതരുടെ ചില കച്ചേരികളിൽ അദ്ദേഹത്തിന്റെ കൂടെപ്പാടിയും മറ്റുചില കച്ചേരികളിൽ അദ്ദേഹത്തിന് അകമ്പടി സേവിച്ചും ചിദംബരനാഥ് വളർന്നുവന്നു. എന്നാൽ, തന്റെ യഥാർത്ഥ അരങ്ങേറ്റം മുത്തയ്യാ ഭാഗവതരുടെ ശിഷ്യയായിരുന്ന കുന്നിയൂർ സീതമ്മയുടെ കച്ചേരിയ്ക്കുവേണ്ടിയായിരുന്നെന്ന് അദ്ദേഹം ഒരിയ്ക്കൽ പറയുകയുണ്ടായി.

പിന്നീട്, നാഗമണി മാർത്താണ്ഡ നാടാർ എന്ന പ്രമുഖ വയലിൻ വിദഗ്ദ്ധന്റെ കീഴിൽ വയലിൻ അഭ്യസിച്ചുതുടങ്ങിയ ചിദംബരനാഥ്, അതിനുശേഷം കുംഭകോണം രാജമാണിക്യം പിള്ള എന്ന വയലിൻ മാന്ത്രികന്റെ കീഴിൽ വയലിനിൽ വിദഗ്ദ്ധപരിശീലനം നേടി. പിന്നീട് ചെന്നൈയിൽ താമസമാക്കിയ അദ്ദേഹം കർണാടക സംഗീതത്തിലെ പല പ്രഗദ്ഭരുടെയും കച്ചേരികൾക്ക് വയലിനിലും മൃദംഗത്തിലും അകമ്പടി സേവിയ്ക്കുകയുണ്ടായി. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥയ്യർ, എം.എസ്. സുബ്ബുലക്ഷ്മി തുടങ്ങിയവർ ഇതിൽ പെടുന്നു. ഇത്തരം കച്ചേരികളാണ് അദ്ദേഹത്തെ സിനിമയിലേയ്ക്ക് നയിച്ചത്.

1948-ൽ അക്കാലത്തെ കർണാടക സംഗീതചക്രവർത്തിയായിരുന്ന ദണ്ഡപാണി ദേശികരുടെ കച്ചേരിയിൽ വയലിൻ വായിച്ചുകൊണ്ടിരിയ്ക്കുയായിരുന്ന ചിദംബരനാഥ്, അക്കാലത്തെ പ്രശസ്ത സംഗീതസംവിധായകനായിരുന്ന സി.എൻ. പാണ്ഡുരംഗന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇതിനെത്തുടർന്നാണ് അദ്ദേഹത്തിന് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശനം ലഭിയ്ക്കുന്നത്. ഏതാനും ചിത്രങ്ങളിൽ പാണ്ഡുരംഗന്റെ സഹായിയായി അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ഒരു സിംഹള ചിത്രത്തിന് അദ്ദേഹം സംഗീതസംവിധാനം നിർവഹിയ്ക്കുകയുണ്ടായി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

അവലംബം[തിരുത്തുക]

  1. ബി.എ. ചിദംബരനാഥ് - malayalasangeetham.info
"https://ml.wikipedia.org/w/index.php?title=ബി.എ._ചിദംബരനാഥ്&oldid=3521601" എന്ന താളിൽനിന്ന് ശേഖരിച്ചത്