അഥാനാറിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athanaric എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിസിഗോത്തുവർഗക്കാരുടെ തലവനായിരുന്നു ‍അഥാനാറിക്ക്. റോഥസ്റ്റിയസിന്റെ പുത്രനായ ഇദ്ദേഹം എ.ഡി. 364 മുതൽ 376 വരെ ഡേഷിയ (Dacia) ഭരിച്ചു. രാജാവ് എന്നതിനെക്കാളും ന്യായാധിപനെന്ന പദവിയാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്. റോമാചക്രവർത്തിയായിരുന്ന വാലൻസ് (367-369) അഥാനാറിക്കിനെ യുദ്ധത്തിൽ തോല്പിച്ചു. സന്ധിസംഭാഷണങ്ങൾക്കായി അഥാനാറിക്കിന്റെ രാജ്യത്തിലേക്കു പോകാൻ വാലൻസും, വാലൻസിന്റെ രാജ്യത്തിലേക്കു പോകാൻ അഥാനാറിക്കും വിസമ്മതിച്ചു; അവിശ്വാസികളുടെ നാട്ടിലേക്കു പോകുന്നതു റോമാചക്രവർത്തിക്ക് അഭിമാനക്ഷതമായി തോന്നി; ഒരു ക്രൈസ്തവ രാജ്യത്തിൽ പോകുവാൻ അഥാനാറിക്കിനും ഇഷ്ടമുണ്ടായിരുന്നില്ല. ഇരുകൂട്ടരുടെയും രാജ്യങ്ങളുടെ അതിരായി അംഗീകരിക്കപ്പെട്ട ഡാന്യൂബ് നദിയിൽ വള്ളങ്ങൾകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽവച്ചാണ്, ഈ രണ്ടു രാഷ്ട്രത്തലവന്മാർ സമ്മേളിച്ച് സന്ധിസംഭാഷണങ്ങൾ നടത്തിയത്. യൂറോപ്പിൽ പ്രവേശിച്ച ഹൂണവർഗക്കാരുടെ ആക്രമണഫലമായി (376) അഥാനാറിക്ക് രാജ്യത്തിൽനിന്ന് പലായനം ചെയ്ത്, ട്രാൻസിൽവേനിയാ മലകളിൽ അഭയംതേടി. ഓസ്റ്റ്രഗോത്തുകളുടെ ആക്രമണം മൂലം അഥാനാറിക് കോൺസ്റ്റാന്റിനോപ്പിളിൽ ചക്രവർത്തിയായിരുന്ന തിയീഡാഷ്യസ് ക-നെ (346-395) അഭയം പ്രാപിച്ചു. 381 ജനുവരി 25-ന് അവിടെ വച്ച് ഇദ്ദേഹം നിര്യാതനായി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഥാനാറിക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഥാനാറിക്ക്&oldid=3970757" എന്ന താളിൽനിന്ന് ശേഖരിച്ചത്