Jump to content

അഷാന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashanti Region എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഷാന്തി
Location of Ashanti Region in Ghana
Location of Ashanti Region in Ghana
AbbreviationAS
ISO CodeGH-AH
CapitalKumasi
Districts27
ഭരണസമ്പ്രദായം
 • Regional MinisterHon. Kofi Opoku Manu (NDC)
 • Members of Parliament39
വിസ്തീർണ്ണം
 • ആകെ24,389 ച.കി.മീ.(9,417 ച മൈ)
ജനസംഖ്യ
 • ആകെ3,612,950 (2,000 census)
Ranked 1st
 • ജനസാന്ദ്രത148.14/ച.കി.മീ.(383.7/ച മൈ)
സമയമേഖലGMT
ഏരിയ കോഡ്032

പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒമ്പതു ഭരണമേഖലകളിലൊന്നാണ് അഷാന്തി. ഗോൾഡ് കോസ്റ്റ് എന്ന ബ്രിട്ടീഷ്‌ കോളനി (പിന്നീട് ഘാന)യിലായിരുന്നു ഈ പ്രദേശം. 1902 ജനുവരി 1-ന് ആണ് ബ്രിട്ടൻ അഷാന്തിരാജ്യം പൂർണമായും ഒരു കോളനിയാക്കിത്തീർത്തത്. ഘാന സ്വതന്ത്രമായതോടുകൂടി (1957 മാർച്ച് 6) ഈ പ്രദേശം ഘാനയിൽ ലയിച്ചു. വിസ്തീർണം: 15,067 ച.കി.മീ.

ദക്ഷിണ ഘാനയെ അധിവസിക്കുന്ന അക്കൻ ജനതയിൽ സാംസ്കാരികമായും സംഖ്യാപരമായും ഏറ്റവും മുന്നിട്ടു നിൽക്കുന്ന ജനവർഗമാണ് അഷാന്തികൾ. ട്വീ (Twi)[2] ഭാഷയാണ് അവർ സംസാരിക്കുന്നത്. അഷാന്തികളുടെ ഡയലക്റ്റ് അസാന്റെ (Asante)യാണ്. അഷാന്തിരാജ്യത്തിനുള്ളിൽ തെക്കു കിഴക്കു നിന്ന് വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് ഒരു പർവത പംക്തി നീണ്ടുകിടക്കുന്നു. അതിന്റെ വടക്കുഭാഗത്താണ് കൃഷി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ചോളമാണ് പ്രമുഖമായ കാർഷികവിള. കൂടാതെ വാഴ, കിഴങ്ങുവർഗങ്ങൾ, കരിമ്പ്, കൊക്കൊ, നിലക്കടല എന്നിവയും കൃഷി ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ ദക്ഷിണഭാഗം ഉഷ്ണമേഖലാവനപ്രദേശമായതിനാൽ ധാരാളം തടികൾ ലഭിക്കുന്നു - മഹാഗണി, സിഡാർ തുടങ്ങിയവ. ഘാനയിലെ കൊക്കൊ ഉത്പാദനത്തിന്റെ നല്ലൊരു ഭാഗം അഷാന്തിയിലാണ് നടക്കുന്നത്.

സാമൂഹികജീവിതം

[തിരുത്തുക]
അഷാന്തി ജില്ലകൾ

നരബലിയിൽ വിശ്വസിച്ചിരുന്ന യുദ്ധകുതുകികളായിരുന്നു അഷാന്തികൾ. പിതൃപൂജയിൽ അതീവ വിശ്വാസികളായിരുന്നു ഇവർ. മരുമക്കത്തായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സാമൂഹികജീവിതം പടുത്തുയർത്തിയിരുന്നത്. ഗോത്രത്തലവൻ അവരുടെ മാത്രമല്ല പിതൃക്കളുടെയും രക്ഷകനായിരുന്നു. അഷാന്തി സ്വയംഭരണ ഗ്രാമങ്ങളായിരുന്നു ഇവരുടേത്. വളരെയധികം ഗ്രാമങ്ങൾ ചേർന്നതാണ് ഒമൻ (രാജ്യം). അഷാന്തി രാജമാതാവായിരുന്നു ഗോത്രത്തലവനെ നാമനിർദ്ദേശം ചെയ്തിരുന്നത്. രാജാക്കന്മാരുടെ സിംഹാസനമായ സുവർണപീഠം (Golden Stool) ദൈവദത്തമാണെന്നും ജനതയുടെ ആത്മാവ് അതിൽ കുടി കൊള്ളുന്നുവെന്നും ഇവർ വിശ്വസിച്ചിരുന്നു. അഷാന്തികളുടെ തലസ്ഥാനം കുമാസി(കൂമാസി)യായിരുന്നു; അവിടമാണ് രാജാവിന്റെ വാസസ്ഥാനവും (Asantehene).

അഷാന്തി, അക്കൻ ജനപദങ്ങളിൽ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായിരുന്നു. എ.ഡി. 1600-ൽ പശ്ചിമാഫ്രിക്കയിൽനിന്നു കുടിയേറിപ്പാർത്ത അനേകം ചെറിയ സമൂഹങ്ങൾ സ്ഥാപിച്ച രാജ്യങ്ങൾ ചേർന്നുണ്ടായതാണ് അഷാന്തി. ഈ ചെറുരാജ്യങ്ങൾ എല്ലാംതന്നെ ഡെൻകേറ (Denkera) എന്ന ശക്തമായ മറ്റൊരു അക്കൻ രാഷ്ട്രത്തിന് കപ്പം കൊടുത്തുവന്നു. 17-ആം നൂറ്റാണ്ടിൽ ബാഹ്യാക്രമണങ്ങളിൽനിന്നു രക്ഷതേടുവാനായി കുമാസി വർഗത്തലവന്മാരുടെ കീഴിൽ സംഘടിച്ചു. കുമാസിവർഗത്തലവനായ ഒസീ തൂതുവും അദ്ദേഹത്തിന്റെ പുരോഹിതനായ അനോക്വേയും ചേർന്ന് അഷാന്തിയെ ഡെൻകേറയിൽ നിന്ന് സ്വതന്ത്രമാക്കി.

സാമ്പത്തികമായ ഉന്നതി

[തിരുത്തുക]
അഷാന്തിയിലെ ഒരു ഗ്രാമം

ഒസീ തൂതു (Osei Tutu) 1712-ൽ നിര്യാതനായി; എങ്കിലും ഏതാനും വർഷങ്ങൾക്കകം അഷാന്തിരാജ്യം വിസ്തൃതമായി; അതിന്റെ അതിരുകൾസമുദ്രതീരംവരെ വ്യാപിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ്-ഡച്ച് അധിവാസകേന്ദ്രങ്ങൾ അഷാന്തിയുടെ അധീശാധികാരം അംഗീകരിക്കുവാൻ നിർബന്ധിതമായി. സമുദ്രസാമീപ്യമുണ്ടായതോടുകൂടി അഷാന്തി സാമ്രാജ്യത്തിനു വാണിജ്യവികസനത്തിനും തദ്വാരാ സാമ്പത്തികോത്കർഷത്തിനും സൗകര്യം ലഭിച്ചു. എന്നാൽ ഒരു രാഷ്ട്രീയ ഘടകമെന്നനിലയിൽ അഷാന്തിരാജ്യം വിജയമായിരുന്നില്ല.

1817-ൽ ബ്രിട്ടീഷ് വ്യാപാരികൾ അഷാന്തി നേതാവായ ഒസി ബോൺസുവുമായി (Osei Bonsu) ഒരു കച്ചവടക്കരാർ ഉണ്ടാക്കി. 1821-ൽ ബ്രിട്ടീഷ് വ്യാപാരികളുടെ കോട്ട ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുക്കുകയും സർ ചാൾസ് മെക്കാർത്തി അവിടത്തെ ഗവർണറാകുകയും ചെയ്തു. അഷാന്തികളുമായുള്ള യുദ്ധത്തിൽ ഇദ്ദേഹം വധിക്കപ്പെട്ടു (1824). രണ്ടു വർഷത്തിനുശേഷം ഉണ്ടായ അഷാന്തി ആക്രമണം ബ്രിട്ടീഷുകാർ തുരത്തി. 1831-ലെ സന്ധിയനുസരിച്ച് ഡെൻകേറ, അക്കിം, അസിൻ എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അഷാന്തികൾ അംഗീകരിച്ചു. സമുദ്രതീരത്തുള്ള ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും കോട്ടകളിൽ അവരുടെ അധീശാധികാരവും അംഗീകരിക്കപ്പെട്ടു. 1831 മുതൽ 1843 വരെ സ്ഥിതിഗതികൾ പ്രായേണ ശാന്തമായിരുന്നു. അടിമവ്യാപാരം തടയപ്പെട്ടത് അഷാന്തികളുടെയിടയിൽ അസ്വാസ്ഥ്യത്തിനു കാരണമായി. ബ്രിട്ടീഷുകാർ സമുദ്രതീരപ്രദേശങ്ങളിൽ തങ്ങളുടെ ശക്തി വർധിപ്പിച്ചു.

ബ്രിട്ടീഷുകാരുമായി ശത്രുത

[തിരുത്തുക]
അഷാന്തിയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന താളവാദ്യങ്ങൾ
അഷാന്തിയിലെ കർഷിക മേള

1863-ൽ ബ്രിട്ടീഷുകാരും അഷാന്തികളും തമ്മിൽ വീണ്ടും ശത്രുത വർധിച്ചു. 1869-ൽ ടോഗോലാൻഡിലെ അഷാന്തിസേന ജർമൻ മിഷനറിമാരെ ബന്ധനസ്ഥരാക്കി. ഡച്ചുകാർ തങ്ങളുടെ എൽമിനായിലെ കോട്ട ബ്രിട്ടീഷുകാർക്ക് കൈമാറിയത് (1870) അഷാന്തികൾക്കു ഹിതകരമായില്ല. 1873-ൽ അഷാന്തികൾ സമുദ്രതീരപ്രദേശങ്ങളിലെ ഡെൻകേറ, ഫാന്റി എന്നീ രാജ്യങ്ങൾ ആക്രമിച്ചു. മേജർ ജനറൽ സർ ഗാർനറ്റ് വൂൾസ്ലീയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്സേന അഷാന്തി ആക്രമിച്ച് കുമാസിപ്രദേശം നശിപ്പിച്ചു (1874). സമുദ്രതീരത്തുള്ള ബ്രിട്ടീഷ് കോളനികൾ സംരക്ഷിക്കുക മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. യുദ്ധത്തിൽ പരാജയപ്പെട്ടതോടുകൂടി അഷാന്തി യൂണിയൻ ശിഥിലമാകുകയും അംഗരാജ്യങ്ങൾ 1874-ലെ ഫൊമേന സന്ധി അംഗീകരിക്കുകയും ചെയ്തു. ഈ സന്ധിയനുസരിച്ച് അഷാന്തികൾ ഡെൻകേറ, അക്കിം, അസിൻ തുടങ്ങിയ രാജ്യങ്ങളുടെയും സമുദ്രതീരത്തുള്ള ബ്രിട്ടീഷ് കോട്ടകളുടെയും മേലുള്ള അവകാശങ്ങൾ ഉപേക്ഷിച്ചു. സമാധാനപരമായി വ്യാപാരം നടത്താമെന്നും നരബലി അവസാനിപ്പിക്കാമെന്നും അവർ സമ്മതിച്ചു; യുദ്ധച്ചെലവിനായി നഷ്ടപരിഹാരം നൽകാനും അഷാന്തികൾ നിർബന്ധിതരായി. എന്നാൽ ഏറെ താമസിയാതെ അഷാന്തിരാജ്യങ്ങൾ വീണ്ടും സംഘടിക്കുകയും പ്രബലരാകുകയും ചെയ്തു; പക്ഷേ, അഷാന്തികളുടെയിടയിൽ വീണ്ടും അഭിപ്രായഭിന്നതകളും ആഭ്യന്തരസമരവും ഉണ്ടായത് അവരെ ശക്തിഹീനരാക്കി. 1888-ൽ അഷാന്തികളുടെ നേതാവായി പ്രെംപേ എന്ന യുവാവ് അവരോധിതനായി.

ഫൊമേന സന്ധിവ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട അഷാന്തികളുമായി ഒരു സംഘട്ടനം അനിവാര്യമായി. 1896-ൽ ബ്രിട്ടീഷുകാർ രണ്ടാംപ്രാവശ്യവും അഷാന്തികളുടെ കുമാസിപ്രദേശം കീഴടക്കി അഷാന്തികളുടെ ഗോത്രത്തലവന്മാരെ ബന്ധനസ്ഥരാക്കി നാടുകടത്തി. അഷാന്തി യൂണിയനിലെ രാജ്യങ്ങളുമായി ബ്രിട്ടീഷുകാർ പ്രത്യേക സന്ധികൾ ഒപ്പുവച്ചു; അഷാന്തി യൂണിയൻ നാമാവശേഷമായി. അടുത്ത നാലുവർഷം (1896-1900) അഷാന്തിപ്രദേശം ശാന്തമായിരുന്നു. എന്നാൽ 1900-ൽ അഷാന്തിജനത ബ്രിട്ടീഷുകാർക്കെതിരായി സായുധസമരം നടത്താൻ തയ്യാറായി. ഗോൾഡ്കോസ്റ്റ് ഗവർണറായിരുന്ന ഫ്രെഡറിക്ക് ഹോഗ്സന്റെ (Frederick Hodgson) കുമാസി സന്ദർശനവും അദ്ദേഹത്തിന്റെ ചില പ്രസ്താവനകളും അഷാന്തിജനതയെ രോഷാകുലരാക്കി. 9 മാസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം മാത്രമാണ് അഷാന്തികളെ പരാജയപ്പെടുത്താൻ ബ്രിട്ടീഷുകാർക്കു സാധിച്ചത്.

ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചു

[തിരുത്തുക]
അഷാന്തിയിലെ ക്ഷേത്രം

1902 ജനുവരി 1-ന് അഷാന്തി ഒരു ബ്രിട്ടീഷ്‌ കോളനിയായി പ്രഖ്യാപിക്കപ്പെട്ടു; ഗോൾഡ് കോസ്റ്റിലെ ഗവർണർ ഈ പ്രദേശത്തിന്റെ ഭരണാധികാരിയായി. കുമാസിയിൽ ഗവർണർ ഒരു ചീഫ് കമ്മിഷണറെ നിയമിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെപ്യൂട്ടി കമ്മിഷണർമാരും ഭരണ സൗകര്യാർഥം നിയമിതരായി. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഗോത്രത്തലവന്മാരുടെ അധികാരം നാമാവശേഷമായി. റെയിൽവേ, റോഡ് എന്നിവയുടെ നിർമ്മാണവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭവും ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തനവും അഷാന്തിയിൽ സാരമായ സാമൂഹിക പരിവർത്തനമുണ്ടാക്കി. അഷാന്തികളുടെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ അനുഭാവപൂർവം വീക്ഷിക്കുവാൻ ബ്രിട്ടീഷുകാരും തയ്യാറായി. 1924-ൽ അഷാന്തിഗോത്രത്തലവന്മാർക്കുഭാഗികമായ സ്വയംഭരണാവകാശങ്ങൾ നൽകി. മുൻപ് നാടുകടത്തപ്പെട്ട പ്രെംപേ II നെ അംഗീകരിക്കാനും (1935) അഷാന്തി കൗൺസിലിന് അംഗീകാരം നൽകാനും ബ്രിട്ടീഷുകാർ തയ്യാറായി.

അഷാന്തികല

[തിരുത്തുക]
അഷാന്തി ഗ്രാമം

വിശ്വപ്രസിദ്ധിയാർജിച്ച ഒരു കലാപാരമ്പര്യത്തിനു രൂപംനൽകുകയും നിലനിർത്തിപ്പോരുകയും ചെയ്ത പശ്ചിമാഫ്രിക്കൻ ജനവർഗത്തിന്റെ സംഭാവനകളെയാണ് ഈ സംജ്ഞ സൂചിപ്പിക്കുന്നത്. സ്വർണപ്പണിയിൽ വിദഗ്ദ്ധരായ അഷാന്തികലാകാരന്മാർ ചെമ്പ്, പിച്ചള തുടങ്ങിയ ലോഹങ്ങളും കൈകാര്യം ചെയ്തുവന്നിരുന്നു. ജ്യാമിതീയ രൂപങ്ങളിലുള്ള കൊത്തുപണികൾ അതിവിദഗ്ദ്ധമായി നിർവഹിച്ചിരുന്ന ഇവരുടെ കലാവീക്ഷണത്തിനു പിന്നിൽ ദക്ഷിണാഫ്രിക്കൻ കലയുടെയും സ്പെയിനിലെ ഇസ്ലാമിക കലയുടെയും അന്തർധാരകൾ പ്രചോദനക്ഷമങ്ങളായി വർത്തിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ആയുധങ്ങൾ, വെടിമരുന്ന്, തുണിത്തരങ്ങൾ, മദ്യം എന്നിവയ്ക്കുപകരം സ്വർണാഭരണങ്ങൾ നൽകുന്ന ഒരിനം കൈമാറ്റക്കച്ചവട സമ്പ്രദായം 19-ആം നൂറ്റാണ്ടു വരെ ഇവർ നിലനിർത്തിപ്പോന്നിരുന്നു. വിഗ്രഹനിർമ്മാണത്തിനു വിലക്കു കല്പിച്ചിരുന്നു ഇവർ. അകുവബ അഥവാ സമ്പന്നതയുടെ രൂപം നിർമിച്ചിരുന്നു; സൗന്ദര്യമുള്ള കുട്ടികൾ ജനിക്കുവാനായി ഈ രൂപം ഗർഭിണികൾ ധരിച്ചുവന്നു. വിലപിടിച്ച ലോഹപ്പണികളിൽ വ്യാപൃതരായിരുന്ന അഷാന്തികലാകാരന്മാർ ദാരുശില്പനിർമിതിയിൽ ഉത്സുകരായിരുന്നില്ല.

ഇതുംകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Ashanti Region". Ghanadistricts.com. Archived from the original on 2010-08-28. Retrieved 2010-10-13.
  2. http://www.expatads.com/47-Thailand/posts/9-Education/477-Learn-English-Language/394486-Tewi-languages-School-.html Archived 2016-09-22 at the Wayback Machine. Tewi languages School ( Nonthaburi )

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഷാന്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഷാന്തി&oldid=3623856" എന്ന താളിൽനിന്ന് ശേഖരിച്ചത്