അരുൾ നൂൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arulnool എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീമൻ നാരായണൻറെ പത്താമത്തെ അവതാരം ആണ് "വൈകുണ്ഡർ" എന്ന നാമത്തോടെ കലിയുഗത്തിൽ അവതരിച്ചത് (1833-51). കലിയുഗ അവതാരത്തെ പറ്റിയും കലിയുഗത്തെ പറ്റിയും അരുൾ നൂലിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. വൈകുണ്ഡ അവതാര കാലത്തിൽ രചിച്ച രണ്ടു കൃതികളിൽ ഒന്നാണ് അരുൾ നൂൽ (അകിലത്തിരട്ട് ആണ് മറ്റേ കൃതി). ഇദ്ദേഹത്തിന്റെ അഞ്ചു ശിഷ്യന്മാരിൽ പ്രമുഖനായിരുന്ന സഹദേവനാണ് ഈ കൃതി താളിയോലയിലാക്കിയത്. ചരിത്ര സംഭവങ്ങൾ, സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, തത്ത്വദർശനം എന്നിവ ഈ കൃതിയിൽ ഉടനീളം കാണാം. അരുൾനൂലിൽ 'യുഗപ്പഠിപ്പ്' (ലോകപഠനം), 'വാഴപ്പഠിപ്പ്' (ജീവിത പഠനം), 'ഉച്ചിപ്പഠിപ്പ്' (ഉയർന്ന പഠനം), 'ചാട്ടു നീട്ടോലൈ' (നശിക്കുന്ന ശ്വാസം), 'ശിവകാണ്ഡ അധികാരപത്രം' (ശിവതത്ത്വം), 'നടുതീർവൈ ഉലാ' (ന്യായവിധി), 'തിങ്കൾ പദം' (ചന്ദ്രലയം), 'ഭദ്രം' (സുരക്ഷിതത്വം), 'പഞ്ചദേവർ ഉത്പത്തി', 'തിരുമണവാഴ്ത്ത്' (വിവാഹസ്തുതി) തുടങ്ങിയ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

മനുഷ്യരുടെ ദുഃഖം ഇല്ലായ്മ ചെയ്യാനുള്ള മാർഗ്ഗമാണ് 'യുഗപ്പഠിപ്പി'ൽ വിവരിക്കുന്നത്. ജീവിതത്തിൽ വിജയം കൈവരിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഗുണഗണങ്ങൾ 'വാഴപ്പഠിപ്പി'ൽ പ്രതിപാദിക്കുന്നു. ആത്മീയതയുടെ ഉത്തുംഗശൃംഗമായ ശിവജ്യോതിയിലേക്ക് ഉയർത്തിക്കൊണ്ടു പോകുന്നതാണ് 'ഉച്ചിപ്പഠിപ്പ്'. ഭൗതികത്തെക്കാൾ ആത്മീയ തത്ത്വത്തിനുള്ള പ്രാധാന്യമാണ് 'ചാട്ടുനീട്ടോലൈയി'ലെ വിഷയം. "ശിവനേ അയ്യാ! എന്നവസാനിക്കുന്ന 215 ഈരടികളും മറ്റ് ഒൻപതു ഈരടികളും ഈ അധ്യായത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഭാഗത്താണ് ആത്മകഥാപരമായ കാര്യങ്ങൾ ഏറ്റവും കൂടുതൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

അരുൾനൂലിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം 'നടുതീർവൈ ഉലാ' ആണെന്നു പറയാം. കലിയുഗത്തിന്റെ ഓരോ കാലഘട്ടത്തിലും ഓരോ മനുഷ്യന്റെയും ദേഹവിയോഗകാലത്തും ന്യായവിധി നടക്കുന്നതെങ്ങനെ എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഭാഗം. വഴിയാംവണ്ണമുള്ള അഭ്യാസത്തിലൂടെ പ്രാണൻ ഉദ്ധരിച്ച് ചന്ദ്രമണ്ഡലത്തിൽ ലയം പ്രാപിക്കുന്നതിനെയാണ് വൈകുണ്ഠസ്വാമികൾ 'തിങ്കൾ പദ'ത്തിൽ വെളിപ്പെടുത്തുന്നത്. മനുഷ്യരാശിക്ക് മംഗളം ഭവിക്കാനുള്ള സന്ദേശമാണ് 'ഭദ്ര'ത്തിലുള്ളത്. പഞ്ചഭൂതങ്ങളിൽ ഓരോന്നിനെയും ഓരോ ദേവനായി കല്പിച്ച് അവയുടെ പ്രവർത്തനത്തെ ശരീരവുമായി ബന്ധിപ്പിച്ചു വിവരിക്കുന്നു 'പഞ്ചദേവർ ഉത്പത്തി'യിൽ. പുരുഷനെയും സ്ത്രീയെയും യോജിപ്പിക്കുന്ന കർമമായ 'തിരുമണ'ത്തെ ഭൗതിക തലത്തിൽ നിന്ന് ആത്മീയ തലത്തിലേക്ക് ഉയർത്തുകയാണ് 'തിരുമണവാഴ്ത്ത്' എന്ന അധ്യായത്തിൽ കവി ചെയ്തിരിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

  1. വൈകുണ്ഠ സ്വാമി

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരുൾ നൂൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരുൾ_നൂൽ&oldid=3810374" എന്ന താളിൽനിന്ന് ശേഖരിച്ചത്