വികല
കോണുകൾ അളക്കുന്നതിനുള്ള ഏകകമായ കലയുടെ(ആർൿമിനുട്ട്)ഒരു ഉപഏകകമാണു് വികല അഥവാ ആർൿസെക്കന്റ് (Arcsecond). വളരെ സൂക്ഷ്മമായ കോണളവുകൾ സൂചിപ്പിക്കുകയും അളന്നെടുക്കുകയും വേണ്ടിവരുന്ന ജ്യോതിശാസ്ത്രം, ഓപ്റ്റോമെട്രി, നയനചികിത്സാശാസ്ത്രം, നാവികശാസ്ത്രം, കായികരംഗം തുടങ്ങിയ മേഖലകളിലെല്ലാം വികല ഒരു യൂണിറ്റായി ഉപയോഗിക്കുന്നു.
ഒരു പൂർണ്ണവൃത്തത്തിനെ 360 കോണുകളായി വിഭജിച്ചതിൽ ഒരു ഭാഗമാണു് ഒരു ഭാഗ. ഭാഗയുടെ 60ൽ ഒന്നു് കലയും കലയുടെ 60-ൽ ഒന്നു് വികലയുമാണു്.
പ്രതീകങ്ങളും ചുരുക്കെഴുത്തുകളും
[തിരുത്തുക]അന്താരാഷ്ട്രതലത്തിൽ വികലയെ പ്രതിനിധീകരിക്കാൻ യുണികോഡ് അക്ഷരമായ (″) (U+2033) ആണു് ഉപയോഗിക്കുന്നതു്. ഈ അടയാളത്തെ ഡബിൾ പ്രൈം എന്നു വിളിക്കാറുണ്ടു്. യുണികോഡ് ലഭ്യമല്ലാത്ത ഉപകരണങ്ങളിൽ സാധാരണ ഉദ്ധരണി ചിഹ്നം (") (U+0022) ഉപയോഗിക്കുന്നു. മലയാളത്തിൽ വി. എന്നും ഇംഗ്ലീഷിൽ arcsec അല്ലെങ്കിൽ asec എന്നും ഈ ഏകകത്തെ ചുരുക്കിയെഴുതാറുണ്ടു്. ഉദാഹരണത്തിനു് 34 വികല = 34″ = 34 വി.= 34 arcsec = 34 asec.
ഏകകം | മൂല്യം | പ്രതീകം | ചുരുക്കെഴുത്ത് (മലയാളം) | ചുരുക്കെഴുത്ത്(ഇംഗ്ലീഷ്) | റേഡിയനുകളിൽ ഏകദേശം |
---|---|---|---|---|---|
ഭാഗ (ഡിഗ്രി) | 1⁄360 വൃത്തം | ° | ഭാ. | deg | 17.4532925 mrad |
കല | 1⁄60 ഭാഗ | ′ | ക. | arcmin, amin, am, , MOA | 290.8882087 µrad |
വികല | 1⁄60 കല | ″ | വി. | arcsec, asec, as | 4.8481368 µrad |
മില്ലിആർൿസെക്കന്റ് | 1⁄1,000 വികല | mas | 4.8481368 nrad | ||
മൈക്രോആർൿസെക്കന്റ് | 10−6 വികല | μas | 4.8481368 prad |
ഇവയിൽ മില്ലിആർൿസെക്കന്റുകളും മൈക്രോആർൿസെക്കന്റുകളും അപൂർവ്വമായാണു് വേർതിരിച്ചെഴുതുന്നതു്. ഖഗോളപര്യവേക്ഷണത്തിലും ജി.പി.എസ്. സംവിധാനങ്ങളിലും അടക്കം കോണളവുകളിൽ കലയുടെ അവശിഷ്ടഭാഗം ദശാംശരൂപത്തിൽ കലയിൽ തന്നെ ചേർത്തെഴുതുകയാണു പതിവു്. (ഉദാ: 42° 25′.32 അല്ലെങ്കിൽ 42° 25′.322).