അരഞ്ഞാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aranjanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സ്വർണ്ണ അരഞ്ഞാണം

അരയിൽ ധരിക്കുന്ന ഒരു ആഭരണമാണ് അരഞ്ഞാണം. സ്വർണം, വെള്ളി, ചെമ്പ് മുതലായ ലോഹങ്ങൾകൊണ്ട് ഇതു നിർമ്മിക്കുന്നു. അരയിൽ കെട്ടുന്ന ചരട് അരഞ്ഞാൺ അല്ലെങ്കിൽ ഉടഞ്ഞാൺ ആണ്. തമിഴിൽ അരൈഞ്ഞാൺ എന്നും സാധാരണ സംസാരഭാഷയിൽ അരഞ്ഞാണം എന്നും പറയാറുണ്ട്. മേഖല, കാഞ്ചി, സപ്തകി, രശന, സാരസനം എന്നിവ സ്ത്രീകൾ ധരിക്കുന്ന അരഞ്ഞാണിന്റെ സംസ്കൃത പര്യായങ്ങൾ ആണ്. പുരുഷന്മാർ ധരിക്കുന്ന അരഞ്ഞാണിന് ശൃംഖല എന്നാണ് പേര്. കിലുങ്ങുന്ന ധാരാളം മണികൾ ഘടിപ്പിച്ച് ഭംഗിപിടിപ്പിച്ചിട്ടുള്ള അരഞ്ഞാണിന് അരമണി എന്നു പറയുന്നു. പെൺകുട്ടികളുടെ അരയിൽ കെട്ടാൻ അരഞ്ഞാണിനോടു ചേർത്ത് അരയാലിലയുടെ ആകൃതിയിൽ പണിയുന്ന ആഭരണമാണ് 'അരത്താലി'. മുസ്ലീം സ്ത്രീകൾ വസ്ത്രത്തിനുമീതെ പലതരം കൊത്തുപണികളോടുകൂടിയ വീതിയുള്ള അരഞ്ഞാൺ ധരിക്കാറുണ്ട്. ഇതിനു കച്ചപ്പുറം എന്നും ഒഡ്യാണം എന്നും പേരുണ്ട്.

ഹിന്ദുക്കളുടെയിടയിൽ അരഞ്ഞാൺ കെട്ടുന്നത് ഒരു പ്രധാന ചടങ്ങാണ്. കേരളത്തിലെ ബ്രാഹ്മണരുടെ ഇടയിൽ ഒരു കുട്ടി ജനിച്ച് 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്. ബ്രാഹ്മണേതരരായ ഹിന്ദുക്കൾ പെൺകുട്ടിക്ക് ജനിച്ചതിന്റെ 27-ാം ദിവസവും ആൺകുട്ടിക്ക് 28-ാം ദിവസവും അരഞ്ഞാൺ കെട്ടുന്നു. ഈ ചടങ്ങിന് 'ഇരുപത്തെട്ടുകെട്ടുക' എന്നാണു പറയുക. ഈ ചടങ്ങിൽ ആദ്യം ഒരു ചരടുകെട്ടുകയും ഇതോടൊപ്പം തന്നെ ആളുകളുടെ അവസ്ഥപോലെ സ്വർണംകൊണ്ടോ വെള്ളികൊണ്ടോ നിർമിച്ച അരഞ്ഞാണം ധരിപ്പിക്കുകയുമാണ് പതിവ്. ചിലർ ഏലസും രക്ഷയും അരഞ്ഞാണിൽ ബന്ധിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ അരയിൽ അണിയിക്കുന്നതിന് ഇരുമ്പുകൊണ്ടു നിർമ്മിക്കുന്ന പഴയ ഒരു ആഭരണമാണ് അരച്ചുരിക. ഇതും ഒരിനം അരഞ്ഞാൺ തന്നെയാണ്.

കിണറിന്റെ തൊടി(പടി)ക്കും അരഞ്ഞാൺ എന്നു ചില പ്രദേശങ്ങളിൽ പറഞ്ഞുവരുന്നുണ്ട്. അതുപോലെ നിരപ്പടിക്ക് ചിലയിടങ്ങളിൽ അരഞ്ഞാൺ പടി എന്നാണു പറയുക.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരഞ്ഞാൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരഞ്ഞാണം&oldid=2280307" എന്ന താളിൽനിന്ന് ശേഖരിച്ചത്