അന്ന മാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna Mani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന മാണി
ജനനം23 ഓഗസ്റ്റ് 1918
തിരുവിതാംകൂർ
മരണം16 ഓഗസ്റ്റ് 2001(2001-08-16) (പ്രായം 82)
തിരുവനന്തപുരം
ദേശീയതഭാരതീയ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകാലാവസ്ഥാപഠനം, ഭൗതികശാസ്ത്രം

മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി. ഇംഗ്ലീഷ്: Anna Mani. ഇവർ ഭാരതീയ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1918 ആഗസ്ത് 23 ന് പഴയ തിരുവിതാംകൂറിലെ പീരുമേടിലാണ് അന്ന മാണി ജനിച്ചത് .[2]. ഡോക്റ്ററാവാനായിരുന്നു മോഹമുണ്ടായിരുന്നതെങ്കിലും, സാഹചര്യങ്ങൾ അനുകൂലമല്ലായിരുന്നതിനാൽ മദ്രാസിലെ പ്രസിഡെൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടി. ബിരുദപഠനത്തിനു ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നോബൽ പുരസ്കാര ജേതാവ് സി.വി രാമന്റെ മേൽനോട്ടത്തിൽ ഗവേഷണം തുടങ്ങി. വജ്രത്തിന്റേയും മറ്റു അമൂല്യരത്നങ്ങളുടേയും പ്രകാശവികിരണരീതികളായിരുന്നു ഗവേഷണവിഷയം. താമസിയാതെ ഈ വിഷയത്തിൽ ആധികാരികമായ പ്രബന്ധങ്ങൾ അന്നാ മാണി പ്രസിദ്ധീകരിച്ചു.1945-ൽ പി.എച്.ഡി ബിരുദത്തിനായുളള തീസിസ് മദ്രാസ് യൂണിവേഴിസിറ്റിക്ക് സമർപ്പിച്ചശേഷം പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി.ചില സാങ്കേതിക തടസ്സങ്ങളാൽ മദ്രാസ് യൂണിവേഴിസിറ്റി അന്നാ മാണിക്ക് ഡോക്ററർ ബിരുദം നല്കുന്നതിന് വിസമ്മതിച്ചു.[3]

1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്തരീക്ഷ ഓസോൺ ഗവേഷണ രംഗത്ത് അതീവ തൽപ്പരയായിരുന്ന ഇവർ 30-ൽ ഏറെ വർഷങ്ങൾ ഈ മേഖലയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി 1987-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ കെ.ആർ രാമനാഥൻ മെഡൽ നേടി. ഇന്ത്യ ഉപഭൂഖണ്ഡത്തിനു മീതെയുളള സൗരോർജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച കൈപ്പുസ്തകവും [4],പവനോർ ഊർജ്ജസാധ്യതകളെക്കുറിച്ച് അവർ ഏകയായി നടത്തിയ പഠനവും [5] റഫറന്സ് പുസ്തകങ്ങളായി ഇന്നും ഉപയോഗിക്കപ്പെടുന്നു.

ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതം നയിച്ചിരുന്ന അന്ന മാണി 2001 ആഗസ്ത് 16 ന് അന്തരിച്ചു.

ഗവേഷണ കൃതികൾ[തിരുത്തുക]

  • ഹാൻഡ് ബുക്ക് ഓഫ് വിൻഡ് എനെർജി ഡാറ്റ ഇൻ ഇന്ത്യ
  • Handbook of Solar Radiation Data for India 1981
  • Solar Radiation over India

അവലംബം[തിരുത്തുക]

  1. Sur, Abha (14 October 2001). "The Life and Times of a Pioneer". The Hindu. Archived from the original on 2014-04-13. Retrieved 7 October 2012.
  2. Gupta, Aravind. "Anna Mani" (PDF). Platinum Jubilee Publishing of INSA. Indian National science academy. Retrieved 7 October 2012.
  3. Godbole & Ramaswamy (ed.). Lilavati's Daughters. Indian Academy of Sciences. ISBN 978-81-8465-005-1.
  4. Solar Radiation over India
  5. Anna Mani (1990). Wind Energy Resource Survey in India. Allied Publishers. ISBN 9788170232971.
"https://ml.wikipedia.org/w/index.php?title=അന്ന_മാണി&oldid=3928458" എന്ന താളിൽനിന്ന് ശേഖരിച്ചത്