അനസൂയാബായി കാലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anasuyabai kale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനസൂയാബായി കാലേ
വ്യക്തിഗത വിവരങ്ങൾ
ജനനം1896
ബെൽഗാം
മരണം- 1958
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിപി.ബി. കാലേ
വസതിനാഗ്‌പ്പൂർ

ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും സാമൂഹികപ്രവർത്തകയും ഒന്നും രണ്ടും ലോക്സഭകളിലെ അംഗവുമായിരുന്നു അനസൂയാബായി കാലേ (1896 - 1958).

ജീവിതരേഖ[തിരുത്തുക]

ഗംഗുബായിയുടെയും അഭിഭാഷകനായ സദാശിവ്‌ ബി. ഭാട്ടേയുടെയും പുത്രിയായി 1896ൽ ബെൽഗാമിൽ ജനിച്ചു. 1913ൽ മെട്രിക്കുലേഷൻ പാസ്സായി. ഫെർഗുസൺ കോളജ്‌, ബറോഡ കോളജ്‌ എന്നിവിടങ്ങളിൽ പഠനം തുടർന്നെങ്കിലും 1916ൽ പി.ബി. കാലേയുമായുള്ള വിവാഹംമൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1926 മുതൽ കാലേദമ്പതികൾ നാഗ്‌പ്പൂരിൽ സ്ഥിരതാമസമാക്കി. 1928ൽ കാലേ മധ്യസംസ്ഥാന നിയമനിർമ്മാണസഭയിൽ (Central Provinces Legislative Council) അംഗമായി; അതോടൊപ്പം വനിതാജയിലുകളിലെ "സന്ദർശക' (visitor) യും. 1929ൽ അന്താരാഷ്‌ട്ര തൊഴിൽസംഘടന(ILO)യിൽ ഒരംഗമായി നിയമിക്കപ്പെട്ടു. 1930ൽ നിയമസഭാംഗത്വം രാജിവച്ച്‌ ഗാന്ധിജിയുടെ സത്യഗ്രഹപ്രസ്ഥാനത്തിൽ ചേർന്നു. തത്‌ഫലമായി നാലു മാസക്കാലം ജയിലിൽ കഴിച്ചുകൂട്ടേണ്ടിവന്നു. 1932ൽ അവർ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി (A.I.C.C.) അംഗമായി. അയിത്തവിരുദ്ധസമരത്തോടനുബന്ധിച്ച്‌ ഗാന്ധിജി മധ്യസംസ്ഥാനത്തു സഞ്ചരിച്ചപ്പോൾ കാലേയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 1935ൽ നാഗ്‌പൂർ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായ കാലേ, 1936ൽ മൊഹപയിൽവച്ച്‌ നടന്ന മധ്യസംസ്ഥാന ഹരിജനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മധ്യസംസ്ഥാനബിറാർ നിയമസഭയിലേക്ക്‌ നാഗ്‌പ്പൂരിൽനിന്ന്‌ 1937ൽ തെരഞ്ഞെടുക്കപ്പെട്ടു; അല്‌പകാലം ഡെപ്യൂട്ടിസ്‌പീക്കറായും സേവനമനുഷ്‌ഠിച്ചു. 1938ൽ നാഗ്‌പ്പൂർ വനിതാസമ്മേളനം സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ചു. ഗോണ്ടുകളുടെ സത്യഗ്രഹ(1942)ത്തിൽ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചവരെ മോചിപ്പിക്കാൻ കാലേ അക്ഷീണയത്‌നം നടത്തി. 1937ലെ നാഗ്‌പ്പൂർ വനിതാ സമ്മേളനത്തിൽ, വനിതകൾ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളിലും പങ്കെടുക്കണമെന്ന്‌ വാദിച്ചു. ഈ സംഘടനയുടെ 1947ലെ പൊതുയോഗാധ്യക്ഷയും ഇവരായിരുന്നു. ഗാന്ധിജിയുടെ നിര്യാണ(1948)ത്തെത്തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ, ദുർബലരെ സഹായിക്കാൻ അവർ മുന്നോട്ടുവന്നു. 1952ലും 1957ലും ലോക്‌സഭാംഗമായി കാലേ തെരഞ്ഞെടുക്കപ്പെട്ടു. 1952ൽ കാനഡയിൽ ചേർന്ന കോമൺവെൽത്ത്‌ സമ്മേളനത്തിൽ ഒരു പ്രതിനിധിയായി ങ്കെടുത്തിട്ടുണ്ട്.[1] ഐക്യമഹാരാഷ്‌ട്രവാദി കൂടിയായിരുന്ന അനസൂയാബായി കാലേ 1958ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Second Lok Sabha Members Bioprofile". ലോക്സഭ വെബ്സൈറ്റ്. Archived from the original on 2014-12-18. Retrieved 17 നവംബർ 2014.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനസൂയാബായി കാലേ (1896 - 1958) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനസൂയാബായി_കാലേ&oldid=3660689" എന്ന താളിൽനിന്ന് ശേഖരിച്ചത്