അമോറിസ് ലെറ്റീഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amoris laetitia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുടുംബങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ 2014-15 വർഷങ്ങളിൽ വിളിച്ചു കൂട്ടിയ സൂനഹദോസിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പ പുറപ്പെടുവിച്ച ശ്ലൈഹികാഹ്വാനമാണ് (Apostolic Exhortation) അമോറിസ് ലെറ്റീഷ (Amoris Laetitia). ലത്തീൻ ഭാഷയിലുള്ള ഈ പേരിന് സ്നേഹത്തിന്റെ സന്തുഷ്ടി (Joy of Love) എന്നാണർത്ഥം. 2016 മാർച്ച് 19-നു പൂർത്തിയായ ഈ രചന, ഇംഗ്ലീഷ്, ഫ്രെഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ് പാഠങ്ങളിൽ ഏപ്രിൽ 8-നു പ്രസിദ്ധീകരിക്കപ്പെട്ടു.[1]

വിവാഹമോചനത്തേയും, സ്വവർഗ്ഗദാമ്പത്യത്തേയും, സ്വവർഗ്ഗരതിയേയും മറ്റും സംബന്ധിച്ച കത്തോലിക്കാനിലപാടുകളിൽ അടിസ്ഥാനപരമായ മാറ്റമൊന്നും ഈ രേഖയിൽ സൂചിപ്പിക്കാത്ത മാർപ്പാപ്പ[2] സന്താനങ്ങൾക്കു ജന്മംകൊടുത്തു വളർത്താനൊരുക്കമുള്ള സ്ത്രീപുരുഷന്മാർ തമ്മിലുള്ള ആജീവനാന്തബന്ധമായി വിവാഹത്തെ സങ്കല്പിക്കുന്ന പരമ്പരാഗതവീക്ഷണം ആവർത്തിക്കുന്നു. എങ്കിലും, പരമ്പാരാഗതനിലപാടുകളുടെ കേവലമായ ആവർത്തനം വിവാഹബന്ധങ്ങളെ ശക്തിപ്പെടുത്താനോ, വ്യക്തിജീവിതത്തിൽ വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനോ ഉപകരിക്കില്ലെന്നും അദ്ദേഹം പറയുന്നു. സ്വന്തം ജീവിതസാഹചര്യങ്ങളിൽ വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവയിൽ കൃപ കണ്ടെത്താനും സഭാജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കാനും അവരെ സഹായിക്കുകയാണ് വൈദികരും മെത്രാന്മാരും ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.[3][4]

ഇംഗ്ലീഷ് പാഠത്തിൽ ചെറിയ 250 പുറങ്ങൾ വരുന്ന ഈ ലിഖതത്തിനു്, നാനൂറോളം അടിക്കുറിപ്പുകളുടെ അകമ്പടിയുണ്ട്. ആമുഖവും തുടർന്നു വരുന്ന 9 അദ്ധ്യായങ്ങളും ചേർന്ന അതിന്റെ ഉള്ളടക്കം, അക്കമിട്ട് മൊത്തം 325 ഖണ്ഢികകളായി തിരിക്കപ്പെട്ടിരിക്കുന്നു. ഈ ലിഖിതത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ, മുൻ-മാർപ്പാപ്പാമാർ, പ്രാദേശികമെത്രാൻ സമിതികൾ, ദൈവശാസ്ത്രജ്ഞൻ തോമസ് അക്വീനാസ്, അമേരിക്കൻ മനുഷ്യാവകാശപ്രവർത്തകൻ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നിവരുടെ രചനകളിൽ നിന്നുള്ള ഉദ്ധരണികൾ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. ഒക്ടാവിയോ പാസ്, ഹോർഹെ ലൂയി ബോർഹെ, ഗബ്രിയേൽ മാർസൽ, മാരിയോ ബെനെഡെറ്റി തുടങ്ങിയ എഴുത്തുകാരുടെ രചനകളിൽ നിന്നുള്ള ഉദ്ധരണികളും ഇതിലുണ്ട്. ഒരു പേപ്പൽ ലിഖിതത്തിൽ ആദ്യമായി ഒരു ചലച്ചിത്രം പരാമർശിക്കപ്പെടുന്നതും ഇതിലാണ്. 1987-ൽ വെളിച്ചം കണ്ട് "ബാബെറ്റയുടെ വിരുന്ന്" (Babette's Feast) എന്ന ഡാനിഷ് ചലച്ചിത്രമാണ് ഇതിൽ പരാമർശിതമാകുന്നത്.[5]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അമോറിസ് ലെറ്റീഷ - സമ്പൂർണ്ണ ഇംഗ്ലീഷ് പാഠം

അവലംബം[തിരുത്തുക]

  1. Amoris Laetitia is ‘a love letter’ to families, says head of US bishops’ conference - Catholic Herald പത്രത്തിലെ വാർത്ത
  2. Pope Francis is right. Families need less punishment and more 'joy of love' ഗാർഡിയൻ പത്രത്തിൽ അന്തിയ ബട്ട്ലർ എഴുതിയ ലേഖനം
  3. Highlights of Pope's document on Catholic family life - 2016 ഏപ്രിൽ 8-ലെ ഹിന്ദു ദിനപത്രത്തിലെ വാർത്ത
  4. The New Morality of Pope Francis - ന്യൂയോർക്കർ പത്രത്തിൽ ജെയിംസ് കാരൽ എഴുതിയ ലേഖനം
  5. Amoris Laetitia (129-ആം ഖണ്ഢിക)
"https://ml.wikipedia.org/w/index.php?title=അമോറിസ്_ലെറ്റീഷ&oldid=3229066" എന്ന താളിൽനിന്ന് ശേഖരിച്ചത്