Jump to content

അൽത്തായ് മലകൾ

Coordinates: 49°N 89°E / 49°N 89°E / 49; 89
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Altay Mountains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

49°N 89°E / 49°N 89°E / 49; 89

അൽത്തായ് മലകൾ
Map of the Altai mountain range
Chinese name
Simplified Chinese阿尔泰山脉
Traditional Chinese阿爾泰山脈
Mongolian name
MongolianАлтайн нуруу/Altain nurû
Russian name
RussianАлтай
RomanizationAltay
Kazakh name
KazakhАлтай таулары/Altay tawları/التاي تاۋلارى
Uyghur name
UyghurAltay Taghliri/ئالتاي تاغلىرى

മദ്ധ്യേഷ്യയിലെ ഒരു പർവതശൃംഖലയാണ് അൽത്തായ് മലകൾ (Altai Mountains , Altay Mountains; Altai: Алтай туулар, Altay tuular; Mongolian: ᠠᠯᠲᠠᠢ
‍ᠶᠢᠨ
ᠨᠢᠷᠤᠭᠤ
, Altai-yin niruɣu (Chakhar) / Алтайн нуруу, Altain nurû (Khalkha); Kazakh: Алтай таулары, Altay tawları, التاي تاۋلارى Russian: Алтайские горы, Altajskije gory; Chinese; 阿尔泰山脉, Ā'ěrtài Shānmài, Xiao'erjing: اَعَرتَىْ شًامَىْ; Dungan: Артэ Шанмэ). റഷ്യ, ചൈന,മംഗോളിയ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സന്ധിക്കുന്നിടത്താണ്‌ പർവതം സ്ഥിതിചെയ്യുന്നത്‌. വടക്കൻ അക്ഷാംശം 48º മുതൽ 53º വരെയ്‌ക്കും കിഴക്കൻ രേഖാശം 81º മുതൽ 90º വരെയ്‌ക്കും ഈ പർവതശൃംഖല വ്യാപിച്ചു കാണുന്നു; ഏറിയഭാഗവും റഷ്യൻ അധീനതയിലാണ്‌; തെക്കൻ ചരിവുകൾ ചൈനയിലെ സിങ്കിയാങ്‌ പ്രദേശത്തും, തെക്ക് കിഴക്കൻ ചരിവുകൾ മംഗോളിയൻ റിപ്പബ്ലിക്കിലും ഉൾപ്പെട്ടിരിക്കുന്നു.

റഷ്യ-ചൈന-മംഗോളിയ അതിരുകൾ സന്ധിക്കുന്ന കൂയ്‌തൻപർവതത്തിൽ (4,388 മീ.) നിന്ന്‌ ശാഖകൾപോലെ നീണ്ടുകാണുന്ന പർവതശിഖരങ്ങളെ ദക്ഷിണ-മധ്യ-പൂർവനിരകളും മംഗോളിയൻ ശാഖയുമുൾപ്പെടെ നാല്‌ ഭാഗങ്ങളായി തിരിക്കാവുന്നതാണ്‌. ദക്ഷിണ ആൽട്ടായ്‌ പടിഞ്ഞാറേക്കും, മധ്യ ആൽട്ടായ്‌ വടക്കു പടിഞ്ഞാറേക്കും, പൂർവ ആൽട്ടായ്‌ വടക്കുകിഴക്കേക്കും, മംഗോളിയൻ ആൽട്ടായ്‌ തെക്കുകിഴക്കേക്കും നീളുന്നു. ദക്ഷിണ ആൽട്ടായ്‌ നിരയുടെ പടിഞ്ഞാറേ അറ്റം നാരിം എന്ന പേരിൽ അറിയപ്പെടുന്നു. ഇർതിഷ്‌, ബുക്തർമ എന്നീ നദീതടങ്ങൾക്കിടയിലെ ജലവിഭാജകമായി വർത്തിക്കുന്ന ഈ നിരയുടെ ഏറ്റവും കൂടിയ ഉയരം 387 മീ. ആണ്‌. ദക്ഷിണ ആൽട്ടായ്‌ നിരയുടെ തെക്കൻ ചരിവിലാണ്‌ മാർക്കാകുൽ തടാകം സ്ഥിതിചെയ്യുന്നത്‌. സമാന്തരനിരകളായി വടക്കുപടിഞ്ഞാറുദിശയിൽ നീണ്ടുകാണുന്ന മധ്യ ആൾട്ടായി ശിഖരങ്ങൾ മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നു. ഈ നിരകളിലുൾപ്പെട്ട ബേലുഖാ പർവതമാണ്‌ ആൽട്ടായ്‌ ശൃംഖലയിലെ ഏറ്റവും ഉയരംകൂടിയഭാഗം (4,509 മീ.). പൂർവ ആൽട്ടായ്‌ ഓബ്‌, യെനീസി എന്നീ സൈബീരിയൻ നദികൾക്കിടയിലെ ജലവിഭാജകമായി വടക്കുകിഴക്കൻ ദിശയിൽ നീണ്ടുകിടക്കുന്നു. ഇതിന്റെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിമോഹനമായ തെലെത്‌സ്‌കോയേ തടാകം. മംഗോളിയൻ ആൽട്ടായ്‌, മംഗോളിയൻ റിപ്പബ്ലിക്കിനുള്ളിലേക്ക്‌ 1,440 കി.മീറ്ററോളം തെക്കുകിഴക്കുദിശയിൽ വ്യാപിച്ചുകാണുന്നു. ഈ നിരകൾ ക്രമേണ ഉയരം കുറഞ്ഞ്‌ ഗോബി മരുഭൂമിയിൽ ലയിക്കുന്നു, മുങ്കു-ഖായൻഖാൻ (4.234 മീ.) ആണ്‌ ഈ നിരകളിലെ ഏറ്റവും ഉയർന്നഭാഗം.

ഭൂവിജ്ഞാനപരമായി ആൽട്ടായ്‌ രണ്ട്‌ പർവതനങ്ങളിലൂടെയാണ്‌ (Orogen)ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ആൽട്ടായ്‌നിരകളുടെ വടക്കുകിഴക്കുഭാഗം പാലിയോസോയിക്‌ കല്‌പത്തിന്റെ പൂർവപാദത്തിൽ കാലിഡോണിയൻ പർവതനത്തിലൂടെ ഉദ്‌ഭൂതമായി; എന്നാൽ തെക്കുപടിഞ്ഞാറുഭാഗങ്ങൾ (രുദ്‌നി ആൽട്ടായ്‌) ടെർഷ്യറി കാലഘട്ടത്തിൽ മാത്രമാണ്‌ പ്രാത്ഥാനവിധേയമായത്‌. ഏഷ്യയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആൽട്ടായ്‌ പ്രദേശത്ത്‌ ഉഷ്‌ണകാലത്ത്‌ കടുത്ത ചൂടും ശൈത്യകാലത്ത്‌ അതിശൈത്യവും അനുഭവപ്പെടുന്നു. ആൽട്ടായ്‌നിരകളുടെ താഴ്‌വാരങ്ങൾ സ്റ്റെപ്‌ മാതൃകയിലുള്ള പുൽപ്രദേശങ്ങളാണ്‌. 2,440 മീ. വരെ ഉയരമുള്ള മേഖലകളിൽ ലാർച്ച്‌, പൈൻ, ഫർ, സ്‌പ്രൂസ്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങൾ വളരുന്നു. അങ്ങിങ്ങായി ബെർച്ച്‌, ആസ്‌പെൻ തുടങ്ങിയവയുടെ ആധിക്യമുള്ള ഇല പൊഴിയും കാടുകളും കാണാം. കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും ബെർച്ച്‌, ആസ്‌പെൻ തുടങ്ങിയവയുടെ ആധിക്യമുള്ള ഇലപൊഴിയും കാടുകളും കാണാം. കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും ബെർച്ച്‌, വില്ലോ തുടങ്ങിയ ഉയരം കുറഞ്ഞ മരങ്ങളും അതിനും മുകളിൽ ആർട്ടിക്‌ മാതൃകയിലുള്ള ക്ഷുദ്രസസ്യങ്ങളും വളരുന്നു.

18-ാം ശതകത്തിന്റെ ആരംഭത്തിൽ ആൽട്ടായ്‌ പ്രദേശത്ത്‌ വെള്ളി ഖനനം ആരംഭിച്ചു; 19-ാം ശതകത്തിന്റെ മധ്യത്തോടെ ഖനനസാധ്യതകൾ അവസാനിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ റഷ്യൻ കുടിയേറ്റക്കാർ കാർഷികവികസനത്തിൽ ശ്രദ്ധപതിപ്പിച്ചു. ഗോതമ്പ്, മധുരക്കിഴങ്ങ്, സൂര്യകാന്തി എന്നിവയാണ്‌ പ്രധാന വിളകൾ. ആൽട്ടായ്‌ പ്രദേശത്തെ ആദിവാസികൾ മംഗോൾ-തുങ്കു സങ്കരവർഗക്കാരായ ഒയ്‌രാത്തുകളായിരുന്നു. ഇക്കൂട്ടർ നായാടിയും ആടുവളർത്തിയും കാലയാപനംചെയ്‌തുപോന്ന സഞ്ചാരിവർഗമായിരുന്നു. ഇവരെ സ്ഥിരമായി പാർപ്പിച്ച്‌ പരിഷ്‌കൃതരാക്കിത്തീർക്കുന്ന പ്രക്രിയ വളരെയധികം വിജയിച്ചിട്ടുണ്ട്‌. ഖസാക്‌ എസ്‌.എസ്‌. ആറിൽ ഉൾപ്പെടുന്ന രുദ്‌നി ആൽട്ടായ്‌ പ്രദേശം ഒരു ഖനനകേന്ദ്രമായിത്തീർന്നിരിക്കുന്നു. ഈയവും നാകവുമാണ്‌ പ്രധാനമായും ഖനനംചെയ്യപ്പെടുന്നത്‌. ടങ്സ്റ്റൺ, തകരം, ചെമ്പ്‌, രസം എന്നിവയും സാമാന്യമായ തോതിൽ ലഭിച്ചുവരുന്നു. ഈ ഭാഗങ്ങളിൽ റയിൽപ്പാതകളും റോഡുകളുംവഴി ഗതാഗതസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. റഷ്യയെ മംഗോളിയൻ റിപ്പബ്ലിക്കുമായി ബന്ധിക്കുന്ന ചൂയാ താഴ്‌വരയിലൂടെയുള്ള റോഡ്‌ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അൽത്തായ്_മലകൾ&oldid=2850797" എന്ന താളിൽനിന്ന് ശേഖരിച്ചത്