ആലപ്പി രംഗനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alappey Ranganath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പി രംഗനാഥ്
ജനനം09/03/1949
അലപ്പുഴ
മരണം16/01/2022
കോട്ടയം
തൊഴിൽഗാനരചയിതാവ്, സംഗീത സംവിധായകൻ
ജീവിതപങ്കാളി(കൾ)ബി.രാജശ്രീ

സിനിമ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാളി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത പ്രതിഭയും ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന കലാകാരനാണ് ആലപ്പി രംഗനാഥ് (ജീവിതകാലം: 1949-2022).[1][2][3]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ വേഴപ്രയിൽ കുഞ്ഞു കുഞ്ഞു ഭാഗവതരുടേയും എം.ജി.ദേവമാളുവമ്മയുടേയും മകനായി 1949 മാർച്ച് 9ന് ജനിച്ചു. നാടകത്തിന് സംഗീതമൊരുക്കിയ ആദ്യകാലത്തിന് ശേഷം സിനിമയിലേയ്ക്ക് ആകർഷണം തോന്നി മദ്രാസിലേയ്ക്ക് വണ്ടി കയറി. നാളികേരത്തിൻ്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെ... എന്ന പ്രശസ്ത ഗാനത്തിൻ്റെ ഉപകരണവാദകനായി സിനിമ രംഗത്ത് പ്രവേശിച്ചു.

ആദ്യ സിനിമയായി 1973-ൽ റിലീസായ ജീസസിൽ ഓശാന ഓശാന കർത്താവിനോശാന...എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിൻ്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പ ഭക്തിഗാനങ്ങളിലെ സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലൊ ഞാൻ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയത്.[4]

എല്ലാ ദുഃഖവും തീർത്തുതരു എൻ്റെ അയ്യാ.. എൻ മനം പൊന്നമ്പലം... കന്നിമല പൊന്നുമല പുണ്യമല... മകരസംക്രമ ദീപം കാണാൻ മനസുകളെ ഉണരു... തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും മഹാബലി മഹാനുഭാവ... ഓർമയിൽപ്പോലും... പൊന്നോണമെപ്പോഴും... നിറയോ നിറ നിറയോ... തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിൻ്റെ... എൻ ഹൃദയം നിൻ്റെ മുന്നിൽ പൊൻതുടിയായ്... നാലുമണിപ്പൂവേ... എന്നിങ്ങനെയുള്ള ലളിത ഗാനങ്ങളും ശ്രോതാക്കൾ കേൾക്കാനിഷ്ടപ്പെടുന്നവയാണ്.

പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാൻ്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

പൂച്ചക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തു.

ത്യാഗരാജ സ്വാമികളെ പറ്റി ദൂരദർശനിൽ പതിനേഴ് എപ്പിസോഡുകളും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.

എം.ജി.യൂണിവേഴ്സിറ്റിയിൽ സയൻസ് ഓഫ് മെലഡി ആൻറ് ഹാർമണി വിഭാഗത്തിലെ ഗസ്റ്റ് ലക്ചററായും പ്രവർത്തിച്ചു

മലയാളത്തിലും തമിഴിലുമായി 1500 -ലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. 2022 ജനുവരി മാസം ആദ്യവാരത്തിലാണ് ഹരിവരാസനം പുരസ്കാരം ലഭിച്ചത്.[5] മികച്ച സംഗീതസംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്.

സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി 2000-ൽ പരം ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിൽ നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളുണ്ട്. ഇവയിൽ 250-ലേറെ ഗാനങ്ങൾ പാടിയത് യേശുദാസാണ്.

സ്വകാര്യ ജീവിതം

  • ആദ്യ ഭാര്യ: ഓമനക്കുട്ടിയമ്മ
  • മക്കൾ : ജയപ്രമോദ് (സർവീസ് എൻജിനീയർ, കിർലോസ്കർ)
  • അഡ്വ. പ്രസീത
  • പ്രതിഭ (യെസ് ബാങ്ക്)
  • മരുമക്കൾ
  • മായാ (വില്ലേജ് ഓഫീസർ, വാഴപ്പള്ളി വെസ്റ്റ്)
  • നാരായണൻകുട്ടി
  • പ്രദീപ് കുമാർ

മരണം

2022 ജനുവരി 16ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിന് ചികിത്സയിലിരിക്കെ അന്തരിച്ചു.[6][7]

ആലപ്പി രംഗനാഥിൻ്റെ ഹിറ്റ് ഗാനങ്ങൾ

  • (രചനയും സംഗീതവും നിർവഹിച്ച തരംഗിണി ഗാനങ്ങൾ)
  • സ്വാമി സംഗീതമാലപിക്കും...
  • എല്ലാ ദുഃഖവും തീർത്തു തരൂ...
  • ചിപ്പിവള കിലുങ്ങുന്നത് പോലെ...
  • പ്രമദ വൃന്ദാവനം...
  • മദഗജമുഖനെ...

സിനിമ ഗാനങ്ങൾ ഈണമിട്ടത്

  • ഓശാന ഓശാന.. (ജീസസ്)
  • ശാലീന സൗന്ദര്യമെ.. (ആരാൻ്റെ മുല്ല കൊച്ചുമുല്ല)
  • അല്ലിത്താമരമൊട്ട് പോലെ..(പപ്പൻ പ്രിയപ്പെട്ട പപ്പൻ)
  • പ്രിയസഖിക്കൊരു ലേഖനം...(പ്രിയസഖിക്കൊരു ലേഖനം)

ലളിതഗാനങ്ങൾ

  • പറയൂ നിൻ ഗാനത്തിൻ.. (രചന: ഒ.എൻ.വി)
  • നാലു മണിപ്പൂവേ...(ഒ.എൻ.വി)
  • ഓർമയിൽ പോലും പൊന്നോണമെപ്പോഴും...(വി.മധുസൂദനൻ നായർ)
  • പുലർകാല സംക്രമ രാശിയിലെത്തുന്ന...(വി.മധുസൂദനൻ നായർ)
  • കാവിയുടുപ്പുമായ്...(വയലാർ)
  • എലിക്കൂട്ടം പൊറുക്കുന്ന...(ബിച്ചു തിരുമല)[8]

അവലംബം[തിരുത്തുക]

  1. "ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു" https://www.manoramaonline.com/news/latest-news/2022/01/16/music-director-alleppey-ranganath-passed-away.amp.html
  2. "‘തുറക്കാത്ത വാതിൽ’ തുറന്നുകൊടുത്തു; സിനിമയുടെയും സംഗീതത്തിന്റെയും ലോകം | Musical journey of Alleppey Ranganath special story" https://www.manoramaonline.com/music/features/2022/01/13/musical-journey-of-alleppey-ranganath-special-story.html
  3. "ആലപ്പി രംഗനാഥ് - Alleppey Ranganath | M3DB.COM" https://m3db.com/alappy-ranganath
  4. "Rewind to a versatile music maker - The Hindu" https://www.thehindu.com/features/friday-review/music/rewind-to-a-versatile-music-maker/article6379956.ece/amp/
  5. "ഹരിവരാസനം പുരസ്കാരം ഗാനരചയിതാവ് ആലപ്പി രംഗനാഥിന് | Madhyamam" https://www.madhyamam.com/amp/entertainment/music/harivarasanam-award-for-lyricist-alleppey-ranganath-905738
  6. "സംഗീതസംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു | Alappey Ranganath" https://www.mathrubhumi.com/mobile/news/kerala/musician-alappey-ranganath-passes-away-1.6365653
  7. "| ആലപ്പി രംഗനാഥ്‌ അന്തരിച്ചു | Mangalam" https://www.mangalam.com/news/detail/539647-keralam.html
  8. "Alleppey Ranganath | Topics | Latest News Updates from Manorama Online - മലയാള മനോരമ" https://www.manoramaonline.com/tag-results.mo~entertainment@music@Alleppey-Ranganath.html
"https://ml.wikipedia.org/w/index.php?title=ആലപ്പി_രംഗനാഥ്&oldid=4024013" എന്ന താളിൽനിന്ന് ശേഖരിച്ചത്