അഡുല്ലാമൈറ്റുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adullamites എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടിഷ് ലിബറൽ കക്ഷിയിൽ അതിന്റെ പൊതുനയങ്ങളെ എതിർത്തിരുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് നല്കപ്പെട്ട പരിഹാസനാമമാണ് അഡുല്ലാമൈറ്റുകൾ. ലിബറൽ കക്ഷിയുടെ പരിപാടിയിലുള്ള പാർലമെന്റ് പരിഷ്കാരങ്ങളെ ശക്തിയുക്തം അവർ എതിർത്തു. ഈ വിഭാഗത്തിന്റെ നേതാവ് റോബർട്ട് ലോവ് (1811-92) ആയിരുന്നു. 1866-ൽ ഇംഗ്ലണ്ടിലെ പാർലമെന്റിൽ അവതരിപ്പിച്ച ഭരണപരിഷ്കാരനിയമം അവരുടെ എതിർപ്പുമൂലം പരാജയപ്പെട്ടു. താഴ്ന്ന വരുമാനത്തിൽപെട്ടവർക്കുകൂടി വോട്ടവകാശം നല്കാൻ ഉദ്ദേശിച്ചുള്ള ബില്ലിനെ ലിബറൽ കക്ഷിയിൽതന്നെയുള്ള ഒരു വിഭാഗം എതിർത്തു. ആ വിഭാഗക്കാരെ എതിരാളികളുടെ നേതാവായ ജോൺ ബ്രൈറ്റ് (1811-89) അഡുല്ലാമിലെ രാഷ്ട്രീയ ഗുഹാവാസികൾ എന്നു വിശേഷിപ്പിച്ചു. ഇതിൽനിന്നാണ് അഡുല്ലാമൈറ്റുകൾ എന്ന പ്രയോഗം ഉണ്ടായത്. ജോൺ റസ്സൽ പ്രഭുവിന്റെ (1792-1878) നേതൃത്വത്തിലുണ്ടായിരുന്ന ഗവൺമെന്റ് അഡുല്ലാമൈറ്റുകളുടെ എതിർപ്പുമൂലം തകരുകയും തുടർന്നു ഡെർബിപ്രഭുവിന്റെ (1799-1869) നേതൃത്വത്തിൽ യാഥാസ്ഥിതികകക്ഷിയുടെ ഗവൺമെന്റ് നിലവിൽ വരികയും ചെയ്തു. ഭരണപരിഷ്കാരബില്ലിനെ പരാജയപ്പെടുത്തുവാൻ തന്ത്രപരമായ നീക്കങ്ങൾ നടത്തിയ അഡുല്ലാമൈറ്റുകളുടെ നേതാവായ റോബർട്ട് ലോവ് ജനാധിപത്യം കാര്യക്ഷമമായ ഭരണനിർവഹണത്തിന് ഉതകുകയില്ലെന്നു വിശ്വസിച്ചിരുന്നു. ഗ്ളാഡ്സ്റ്റന്റെയും (1809-98) ജോൺ ബ്രൈറ്റിന്റെയും രാഷ്ട്രീയ പ്രതിയോഗികളായിരുന്നു റോബർട്ട് ലോവും സഹപ്രവർത്തകരുമടങ്ങിയ അഡുല്ലാമൈറ്റുകൾ. അവർ താത്കാലികവിജയം നേടിയെങ്കിലും പിന്നീടു ബലഹീനരായി.

ബൈബിളിലെ പഴയനിയമത്തിൽ (1 ശാ.xxii) കനാൻനാട്ടിലെ കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട ഒരു നഗരമായ അഡുല്ലാമിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ശൌൽരാജാവിനെ ഭയന്ന് ദാവീദ് അഡുല്ലാംഗുഹയിൽ അഭയം തേടി. നിസ്സഹായരായവരെ എല്ലാം ദാവീദ് അവിടേക്കു ക്ഷണിച്ചിരുന്നു. അഡുല്ലാം ഗുഹയല്ല, നഗരമായിരുന്നു എന്നും അഭിപ്രായമുണ്ട്. ദാവീദിന്റെ ഗുഹയിൽ അഭയം തേടിയ അതൃപ്തരോടും കടക്കാരോടും നിസ്സഹായരോടും ലിബറൽ കക്ഷിയിൽനിന്നു കാലുമാറിയവരെ ഉപമിക്കുകയായിരുന്നു അഡുല്ലാമൈറ്റുകൾ എന്ന പ്രയോഗത്തിലൂടെ ജോൺ ബ്രൈറ്റ് ചെയ്തത്. ഇതുപോലെയുള്ള രാഷ്ട്രീയ കാലുമാറ്റക്കാരെ അഡുല്ലാമൈറ്റുകൾ എന്ന് അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണും (1809-65) ഒരിക്കൽ (1864) വിശേഷിപ്പിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡുല്ലാമൈറ്റുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡുല്ലാമൈറ്റുകൾ&oldid=1697401" എന്ന താളിൽനിന്ന് ശേഖരിച്ചത്