അബ്ബക്കാ റാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abbakka Chowta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അബ്ബക്കാ ചൗത
ഉള്ളാൾ റാണി
Life size statue of the Chowta Queen Abbakka in Ullal
ഭരണകാലം1525 – ?? 1570s
മുൻ‌ഗാമിതിരുമല രായ ചൗത
ജീവിതപങ്കാളിബംഗ ലക്ഷ്മപ്പ അരാസ
രാജകൊട്ടാരംചൗത
മതവിശ്വാസംജൈനമതം

ഉള്ളാളിലെ റാണിയും, കോളനി കാലഘട്ടത്തിൽ പോർച്ചുഗീസുകാർക്കെതിരെ പൊരുതിയ ധീര വനിതയുമായിരുന്നു അബ്ബക്കാ റാണി.[1] പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയായിരുന്നു അവരുടെ കാലഘട്ടം. തുളുനാട് എന്നറിയപ്പെട്ടിരുന്ന കർണ്ണാടകയുടെ തീരദേശം ഭരിച്ചിരുന്ന ചൗത വംശജയായിരുന്നു അബ്ബക്കാ റാണി. തുളുനാടിന്റെ തുറമുഖമായിരുന്നു ഉള്ളാൾ. വളരെ പ്രധാനപ്പെട്ട ഈ പ്രദേശം പിടിച്ചെടുക്കാൻ പോർച്ചുഗീസുകാർ വളരെയധികം ശ്രമിച്ചുവെങ്കിലും വിജയിക്കുവാൻ കഴിഞ്ഞില്ല. അബ്ബക്കാ റാണിയുടെ ധീരമായ ചെറുത്തു നിൽപ്പുകാരണം, പോർച്ചുഗീസുകാർക്ക് ഈ പ്രദേശം അപ്രാപ്യമായി തീർന്നു.[2] കോളനിവാഴ്ചക്കെതിരേ പോരാടിയ ആദ്യ കാല ഭാരതീയരിൽ ഒരാളായിരുന്നു അബ്ബക്കാ റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ വനിതയായും ഇവരെ വിശേഷിപ്പിക്കുന്നു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

തായ്വഴി സമ്പ്രദായം പിന്തുടർന്നു വന്ന ഒരു രാജവംശമായിരുന്നു ചൗത രാജവംശം. അബ്ബക്കയുടെ അമ്മാവനായിരുന്ന തിരുമാല രായൻ അബ്ബക്കയെ അടുത്ത കിരീടാവകാശിയായി വാഴിക്കുകയായിരുന്നു.[4] ബൈന്ദൂരിലെ ശക്തനായ രാജാവായിരുന്ന ലക്ഷ്മപ്പ ബംഗാര അരസയെക്കൊണ്ട് അബ്ബക്കയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ശക്തമായ ഈ രണ്ടു രാജവംശങ്ങൾ തമ്മിലുള്ള ഈ ബന്ധം പോർച്ചുഗീസുകാരെ വല്ലാതെ നിരാശരാക്കി.[5]യുദ്ധതന്ത്രങ്ങളും, രാഷ്ട്രതന്ത്രവും തിരുമലരായൻ അബ്ബക്കയെ പരിശീലിപ്പിച്ചു. വളരെ ഹ്രസ്വമായിരുന്നു ഇവരുടെ വിവാഹ ജീവിതം. അബ്ബക്ക തിരികെ ഉള്ളാളിലേക്കു പോന്നു. ലക്ഷ്മപ്പ പിന്നീട് അബ്ബക്കയോടുള്ള പ്രതികാരം തീർക്കാൻ പോർച്ചുഗീസുകാരുടെ കൂടെ ചേർന്നു.

ചരിത്ര പശ്ചാത്തലം[തിരുത്തുക]

ഗോവയെ കീഴടക്കിയശേഷം, പോർച്ചുഗീസുകാർ പിന്നീട് ലക്ഷ്യമാക്കിയത് കർണ്ണാടകയുടെ തീരപ്രദേശമായിരുന്നു. വ്യാപാരത്തിനു, സുരക്ഷക്കും വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു കർണ്ണാടകയുടെ തീരപ്രദേശം. അറേബ്യൻ രാജ്യങ്ങളും മറ്റ് പാശ്ചാത്യരാജ്യങ്ങളുമായി സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിനു പേരുകേട്ട തുറമുഖമായിരുന്നു ഉള്ളാൾ. പ്രാദേശികമായ ചെറുത്തു നില്പുകാരണം ആ പ്രദേശം കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല.

ജൈനമതക്കാരിയായ അബ്ബക്ക റാണിക്ക, ഹൈന്ദവരിൽ നിന്നും, മുസ്ലിം സമുദായത്തിലുള്ളവരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. അബ്ബക്ക റാണിയുടെ സൈന്യത്തിൽ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. വിദേശികളായ ശത്രുക്കൾക്കെതിരേ പൊരുതാൻ കോഴിക്കോട് സാമൂതിരിയുടെ പിന്തുണയും അബ്ബക്ക തേടിയിരുന്നു.[6] വിവാഹത്തിലൂടെ അയൽ രാജ്യമായ ബെന്ദൂരിന്റെ പിന്തുണയും അബ്ബക്കു ലഭിച്ചിരുന്നു. ഈ സഖ്യം, തീരപ്രദേശത്തുവെച്ച് പോർച്ചുഗീസ് സൈന്യത്തെ നേരിട്ടു.

പോർച്ചുഗീസുകാർക്കെതിരേയുള്ള യുദ്ധം[തിരുത്തുക]

പോർച്ചുഗീസുകാർ അബ്ബക്ക റാണിയോട് കപ്പം നൽകണം എന്നാവശ്യപ്പെട്ടെങ്കിലും, റാണി അത് നിരസിച്ചു. 1555 റാണിയെ പരാജയപ്പെടുത്താൻ അഡ്മിറൽ ഡോം അൽവാറോയുടെ നേതൃത്വത്തിൽ ഒരു സൈന്യം തുളുനാട്ടിലേക്കു വന്നുവെങ്കിലും, റാണി അവരെ പരാജയപ്പെടുത്തി. 1557 ൽ പോർച്ചുഗീസുകാർ മംഗലാപുരം കീഴടക്കി. ഉള്ളാൾ കീഴടക്കാൻ ഒരു സൈന്യം പുറപ്പെട്ടു, അവർ കൊട്ടാരത്തിലെത്തിയപ്പോഴേക്കും, റാണി അവിടെ നിന്നും രക്ഷപ്പെട്ടു ഒരു പള്ളിയിൽ അഭയം തേടി. അന്നത്തെ രാത്രിയിൽ 200 ഓളം സൈനികരെ സംഘടിപ്പിച്ച റാണി പോർച്ചുഗീസ് സേനക്കെതിരേ ആക്രമണം അഴിച്ചു വിട്ടു. പോർച്ചുഗീസ് സൈന്യതലവനായിരുന്ന ജനറൽ പൈക്സിയോട്ടോ കൊല്ലപ്പെട്ടു.[7] എഴുപതോളം പോർച്ചുഗീസ് സൈനികരെ റാണിയുടെ സേന തടവുകാരായി പിടിച്ചു. തുടർന്നു നടന്ന യുദ്ധത്തിൽ പോർച്ചുഗീസ് ജനറലായിരുന്ന മസ്കരാസ് കൊല്ലപ്പെടുകയും, മംഗലാപുരം കോട്ട ഉപേക്ഷിച്ചു പോവാൻ പോർച്ചുഗീസുകാർ നിർബന്ധിതരാവുകയും ചെയ്തു.

1569 ൽ പോർച്ചുഗീസുകാർ മംഗലാപുരം കോട്ട പിടിച്ചെടുക്കുകയും, നിർണ്ണായകമായ കുന്ദാപുരയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കുന്ദാപുരയിലെ ശത്രു സാന്നിദ്ധ്യം റാണിക്കു അസ്വസ്ഥതയായി മാറി. കൂടാതെ, റാണിയുടെ മുൻ ഭർത്താവ്, ലക്ഷ്മപ്പ പോർച്ചുഗീസുകാരുടെ കൂടെ കൂടി റാണിക്കെതിരേ യുദ്ധത്തിനിറങ്ങുകയും ചെയ്തു. 1570 ൽ പോർച്ചുഗീസുകാർക്കെതിരേ പടനയിക്കാനായി റാണി, ബിജാപൂർ സുൽത്താനുമായും, കോഴിക്കോടു സാമൂതിരിയുമായും കരാറിലേർപ്പെട്ടു.[8] ഇരു ഭരണാധികാരികളും, പോർച്ചുഗീസുകാരുടെ ആധിപത്യം അവസാനിപ്പിക്കണം എന്ന ലക്ഷ്യക്കാരായിരുന്നു.[9] കോഴിക്കോടു സാമൂതിരിയുടെ നാവികസേനാ തലവനായിരുന്ന കുട്ടി പോക്കർ മരക്കാർ റാണിക്കു വേണ്ടി, പോർച്ചുഗീസുകാർക്കെതിരേ യുദ്ധം നയിക്കുകയും, മംഗലാപുരം കോട്ട നശിപ്പിക്കുകയും ചെയ്തു. എന്നാൽ മരക്കാരെ പോർച്ചുഗീസുകാർ പിടികൂടുകയും വധിക്കുകയും ചെയ്തു.[10] സഖ്യത്തിനു വല്ലാത്തൊരു നഷ്ടമായിരുന്നു മരക്കാരുടെ മരണം. കൂടാതെ, ഭർത്താവിന്റെ വഞ്ചന കൂടിയായപ്പോൾ റാണി വല്ലാതെ തളർന്നു. പോർച്ചുഗീസുകാർ റാണിയെ അറസ്റ്റു ചെയ്യുകയും തടവിലാക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "ക്വീൻ അബ്ബക്കാസ് ട്രയംഫ് ഓവർ വെസ്റ്റേൺ കോളനൈസേഴ്സ്". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. ശേഖരിച്ചത് 2015-01-25. CS1 maint: discouraged parameter (link)
  2. "ബ്ലെൻഡ് പാസ്റ്റ് ആന്റ് പ്രസന്റ് ടു ബെനഫിറ്റ് ഫ്യൂച്ചർ". ടൈംസ് ഓഫ് ഇന്ത്യ. 2001-01-14. ശേഖരിച്ചത് 2015-01-25. CS1 maint: discouraged parameter (link)
  3. "ഇൻക്ലൂഡ് തുളു ഇൻ എയിറ്റ്ത്ത് ഷെഡ്യൂൾ - ഫെർണാണ്ടസ്". റീഡിഫ്. 2003-02-13. ശേഖരിച്ചത് 2015-01-25. CS1 maint: discouraged parameter (link)
  4. "ദ ഇന്റർപിഡ് ക്വീൻ റാണി അബ്ബക്ക ഓഫ് ഉള്ളാൾ". ബോലോജി. 2005-01-02. ശേഖരിച്ചത് 2015-01-25. CS1 maint: discouraged parameter (link)
  5. "ദ ഇന്റർപിഡ് ക്വീൻ റാണി അബ്ബക്ക ഓഫ് ഉള്ളാൾ". ബോലോജി. 2005-01-02. ശേഖരിച്ചത് 2015-01-25. CS1 maint: discouraged parameter (link)
  6. സരോജിനി, ഷിന്ത്രി (1983). വുമൺ ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ. കർണ്ണാടക സർവ്വകലാശാല. Unknown parameter |coauthors= ignored (|author= suggested) (help)
  7. "അബ്ബക്ക റാണി- ദ അൺസങ് വാര്യർ ക്വീൻ". ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ്. ശേഖരിച്ചത് 2015-01-26. CS1 maint: discouraged parameter (link)
  8. "ലീഡർഷിപ്പ് ലെസ്സൺസ് ഫ്രം റാണി അബ്ബക്ക". ചേഞ്ച് ഫോർ ബെറ്റർ. 2014-09-02. ശേഖരിച്ചത് 2015-01-26. CS1 maint: discouraged parameter (link)
  9. "ക്വീൻ അബ്ബാക്കാസ് ട്രയംഫ് എഗെയിൻസ്റ്റ് വെസ്റ്റേൺ കോളനൈസേഴ്സ്". പബ്ലിക്ക ഇൻഫർമേഷൻ ബ്യൂറോ. ശേഖരിച്ചത് 2015-01-26. CS1 maint: discouraged parameter (link)
  10. എ, ശ്രീധരമേനോൻ (1986). കേരള ഡിസ്ട്രിക്ട് ഗസറ്റിയേഴ്സ് - മലപ്പുറം. കേരള വിദ്യാഭ്യാസ വകുപ്പ്.
"https://ml.wikipedia.org/w/index.php?title=അബ്ബക്കാ_റാണി&oldid=3509025" എന്ന താളിൽനിന്ന് ശേഖരിച്ചത്