ആയിരത്തിൽ ഒരുവൻ (2010-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aayirathil Oruvan (2010 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിരത്തിൽ ഒരുവൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസെൽവരാഘവൻ
നിർമ്മാണംആർ. രവീന്ദ്രൻ
രചനസെൽവരാഘവൻ
അഭിനേതാക്കൾകാർത്തി
റീമ സെൻ
ആൻഡ്രിയ ജെർമിയ
ആർ. പാർത്തിപൻ
സംഗീതംജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണംറാംജി
ചിത്രസംയോജനംകോല ഭാസ്കർ
സ്റ്റുഡിയോഡ്രീം വാലി കോർപ്പറേഷൻ
വിതരണംഅയ്യങ്കരൻ ഇന്റർനാഷണൽ
ഡ്രീം വാലി കോർപ്പറേഷൻ
റിലീസിങ് തീയതി
  • 14 ജനുവരി 2010 (2010-01-14)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്32 കോടി[1]
സമയദൈർഘ്യം154 മിനിറ്റ് (തീയറ്റർ പതിപ്പ്)[2]
181 മിനിറ്റ് (യഥാർത്ത പതിപ്പ്)[2]
ആകെ100 കോടി[3]

സെൽവരാഘവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ സാഹസിക ചലച്ചിത്രമാണ് ആയിരത്തിൽ ഒരുവൻ.[4] റാംജി ഛായാഗ്രഹണവും കോല ഭാസ്കർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്കു ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്.[1] കാർത്തി, റീമ സെൻ, ആൻഡ്രിയ ജെർമിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ പാർത്തിപൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

എ.ഡി. 1279-ൽ ചോളസാമ്രാജ്യത്തിലെ അവസാനത്തെ കിരീടാവകാശി തന്റെ പ്രജകളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുത്തി ഒരു സുരക്ഷിത താവളത്തിലേക്കു മാറ്റുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. വർഷങ്ങൾക്കുശേഷം ഒരു പുരാവസ്തുഗവേഷക തന്റെ പിതാവിനെത്തേടിയുള്ള അന്വേഷണത്തിനിടെ ഈ സ്ഥലത്തെത്തിച്ചേരുന്നു. അവളോടൊപ്പം ഒരു ചെറുപ്പക്കാരനും ആർമിയിൽ നിന്നുള്ള ഒരു വനിതയും ഉണ്ട്. ചോളസാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ തേടിയുള്ള അവരുടെ യാത്രയിൽ പല നിഗൂഢ സത്യങ്ങളും വെളിപ്പെടുന്നു. അവർ എത്തിച്ചേർന്ന സ്ഥലത്ത് ചോളസാമ്രാജ്യത്തിലെ പിൻതുടർച്ചക്കാർ വസിക്കുന്നുണ്ടെന്ന കാര്യം പലർക്കും അജ്ഞാതമായിരുന്നു. തികച്ചും അപരിഷ്കൃതരായി കഴിഞ്ഞുവന്ന ചോളസമൂഹവും പരിഷ്കൃതരെന്നു സ്വയം കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

2007 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ചുവെങ്കിലും വിവിധ കാരണങ്ങളാൽ ചിത്രത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടു. ചാലക്കുടി, ജയ്സാൽമീർ, രാജസ്ഥാൻ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത്.[5][6] ചിത്രീകരണം പൂർത്തിയായപ്പോൾ ചിത്രത്തിന് 181 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നു. തുടർന്ന് ചില രംഗങ്ങൾ ഒഴിവാക്കിയതിനാൽ 153 മിനിറ്റ് ദൈർഘ്യത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

2010 ജനുവരി 14-ന് പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രം പ്രദർശനത്തിനെത്തി. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിത്തീർന്നു. ആറ് ആഴ്ചകൾക്കുശേഷം യുഗാനികി ഒക്കഡു എന്ന പേരിൽ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തി. 2017-ൽ കാഷ്മോരാ 2 എന്ന പേരിൽ ഹിന്ദിയിലേക്കും ചിത്രം മൊഴിമാറ്റുകയുണ്ടായി.[7]

കഥ[തിരുത്തുക]

എ.ഡി. 1279-ൽ പാണ്ഡ്യന്മാരുടെ ആക്രമണത്തെത്തുടർന്ന് ചോളസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയും ചോളന്മാർ സ്വന്തം രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ചോളരാജാവ് തന്റെ മകനെയും അവരോടോപ്പം അയയ്ക്കുന്നു. പാണ്ഡ്യന്മാരെ പ്രകോപിപ്പിക്കുന്നതിനായി അവരുടെ ആരാധനാവിഗ്രഹം അപഹരിച്ചുകൊണ്ടാണ് ചോളന്മാരുടെ യാത്ര ആരംഭിക്കുന്നത്. ചോളന്മാരെ നശിപ്പിച്ച് വിഗ്രഹം വീണ്ടെടുക്കുന്നതിനായി പാണ്ഡ്യന്മാർ പുറപ്പെടുന്നു. പക്ഷേ ചോളന്മാരെ കണ്ടെത്താനോ നഷ്ടപ്പെട്ട വിഗ്രഹം വീണ്ടെടുക്കാനോ അവർക്കു കഴിയുന്നില്ല.

അജ്ഞാതവാസത്തിനായി പോയ ചോളന്മാരെത്തേടി നൂറ്റാണ്ടുകൾക്കുശേഷം ഇന്ത്യൻ പുരാവസ്തുഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം അന്വേഷണം ആരംഭിക്കുന്നു. ചോളന്മാരുടെ ഒളിത്താവളം തേടി പുറപ്പെട്ട പല ഗവേഷകരും മടങ്ങിവന്നില്ല. കാണാതായ പുരാവസ്തുഗവേഷകരിൽ ഏറ്റവും ഒടുവിലത്തെയാളാണ് ചന്ദ്രമൗലി. ചന്ദ്രമൗലിയെയും ചോളസാമ്രാജ്യത്തെയും കുറിച്ച് അന്വേഷിക്കുന്നതിനായി ഭാരത സർക്കാർ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയായ അനിതയെ ചുമതലപ്പെടുത്തുന്നു. അനിതയെ സഹായിക്കുന്നതിനായി രവിശേഖരന്റെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ഫോഴ്സ് പുറപ്പെടുന്നു. ചന്ദ്രമൗലിയുടെ മകളും പുരാവസ്തുഗവേഷകയുമായ ലാവണ്യയും അന്വേഷണസംഘത്തോടൊപ്പം ചേരുന്നു. ചോളന്മാരിലേക്ക് എത്തിച്ചേരുന്നതിനായി ചന്ദ്രമൗലി തയ്യാറാക്കിയ ചില രേഖകൾ ലാവണ്യയുടെ പക്കലുണ്ട്.

അന്വേഷണസംഘത്തിന്റെ യാത്രാസാമഗ്രികളും മറ്റും ചുമക്കുന്നതിനായി മുത്തുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളും അവരോടൊപ്പം ചേരുന്നു. ദീർഘനേരത്തെ കപ്പൽ യാത്രയ്ക്കുശേഷം അവർ വിയറ്റ്നാമിനു സമീപമുള്ള മിൻ-ഗുവ എന്ന ദ്വീപിൽ എത്തിച്ചേരുന്നു. ശത്രുക്കളിൽ നിന്ന് രക്ഷതേടുന്നതിനായി ചോളന്മാർ അവിടെ ചില കെണികൾ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. കടൽ ജീവികൾ, നരഭോജികൾ, പാമ്പുകൾ, യോദ്ധാക്കൾ, പൂഴിമണൽ, വിശപ്പ് എന്നീ പ്രതിസന്ധികളെയെല്ലാം യാത്രാസംഘത്തിനു നേരിടേണ്ടിവരുന്നു. യാത്രയ്ക്കിടയിൽ ഈ കെണികളിൽ അകപ്പെട്ട് ധാരാളം സൈനികരും തൊഴിലാളികളും കൊല്ലപ്പെടുന്നു.

യാത്രയ്ക്കിടയിൽ മുത്തു, അനിത, ലാവണ്യ എന്നിവർ സംഘത്തിൽ നിന്നും ഒറ്റപ്പെടുന്നു. അവർ മൂന്നുപേരും ഒരു തകർന്നടിഞ്ഞ ഗ്രാമത്തിൽ എത്തിച്ചേരുന്നു. ആരുടെയോ മന്ത്രശക്തിയാൽ മൂന്നു പേർക്കും ഭ്രാന്തുപിടിക്കുന്നു. അബോധാവസ്ഥയിലായ അവരെ ചില ആളുകൾ ചേർന്ന് ചോളന്മാരുടെ ഒളിസങ്കേതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സ്വബോധം ലഭിക്കുമ്പോൾ അവർ കാണുന്നത് അപരിഷ്കൃതരായ തമിഴ് ജനതയെയും അവരുടെ രാജാവിനെയുമാണ്. വർഷങ്ങളായി ഒറ്റപ്പെട്ടു കഴിയുന്ന ചോളന്മാരുടെ പിന്തുടർച്ചക്കാരാണ് അവർ. തങ്ങളെ രക്ഷിക്കുവാനായി ഒരാൾ വരുമെന്നും അവൻ മാതൃരാജ്യമായ തഞ്ചാവൂരിലേക്ക് തങ്ങളെ കൊണ്ടുപോകുമെന്നും അവർ വിശ്വസിക്കുന്നു. രാജപുരോഹിതന്റെ ഉപദേശ പ്രകാരം മുത്തുവിനെയും അനിതയെയും ലാവണ്യയെയും അഗ്നിക്കു ബലിനൽകുവാൻ ചോളരാജാവ് തീരുമാനിക്കുന്നു.

ചോളൻമാർ ഇത്രയും നാൾ കാത്തിരുന്നത് തനിക്കുവേണ്ടിയായിരുന്നുവെന്ന് അനിത പ്രഖ്യാപിക്കുന്നു. രണ്ടു ദിവസത്തിനകം ചോളന്മാരെ അവരുടെ മാതൃരാജ്യത്തേക്കു കൊണ്ടുപോകുമെന്നും രാജാവിന്റെ പട്ടാഭിഷേകം നടത്തുമെന്നും അനിത അവർക്കു വാക്കുകൊടുക്കുന്നു. അനിതയ്ക്കു രാജകീയ സ്വീകരണം നൽകുന്ന ചോളന്മാർ മുത്തുവിനെയും ലാവണ്യയെയും അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നു. ചോളസാമ്രാജ്യത്തിലെ പൂർവ്വികർ പ്രവചിച്ചിരുന്നതുപോലുള്ള സ്വഭാവ സവിശേഷതകൾ അനിതയ്ക്കില്ലെന്നു മനസ്സിലാക്കിയ ചോളരാജാവ് അവളെ സംശയിക്കുന്നു.

ചോളന്മാരുടെ ഒളിസങ്കേതത്തിൽ നിന്നും പാണ്ഡ്യന്മാരുടെ പഴയ ആരാധനാവിഗ്രഹം അനിത കണ്ടെത്തുന്നു. വിഗ്രഹവുമായി സ്ഥലംവിടുന്ന അനിത, ചോളന്മാരുടെ ആജന്മശത്രുക്കളായ പാണ്ഡ്യന്മാരുടെ വംശത്തിൽപ്പെട്ടവളാണ് താനെന്ന കാര്യം വെളിപ്പെടുത്തുന്നു. ചോളന്മാരെത്തേടിയുള്ള യാത്ര ആസൂത്രണം ചെയ്ത കേന്ദ്രമന്ത്രിയും ഒരു പാണ്ഡ്യനാണ്. അനിതയുടെ സന്ദേശം ലഭിക്കുന്ന രവിശേഖരൻ വലിയൊരു സൈന്യവുമായെത്തി ചോളന്മാരോടു യുദ്ധം ചെയ്യുന്നു. അനിതയുടെയും സൈന്യത്തിന്റെയും ആക്രമണങ്ങളിൽ നിന്ന് തന്റെ പ്രജകളെ സംരക്ഷിക്കുവാൻ വന്ന യഥാർത്ഥ രക്ഷകൻ മുത്തുവാണെന്ന് രാജാവ് തിരിച്ചറിയുന്നു. രാജപുരോഹിതൻ തന്റെ മാന്ത്രികവിദ്യകൾ മുത്തുവിന് പകർന്നു നൽകുന്നു. ചോളന്മാരും സൈനികരും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നു. മികച്ച സാങ്കേതികവിദ്യ വശമുള്ള പ്രൈവറ്റ് ഫോഴ്സ് ചോളന്മാരെ നിഷ്പ്രയാസം പരാജയപ്പെടുത്തുന്നു. പരാജിതരായ ചോളന്മാരെ തടവിലാക്കുന്ന സൈന്യം അവിടെയുള്ള സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. ചോളരാജാവിനെ സൈന്യം വധിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പുത്രനും അടുത്ത കിരീടാവകാശിയുമായ കുഞ്ഞിനെ എടുത്തുകൊണ്ട് മുത്തു രക്ഷപ്പെടുന്നതോടെ ചിത്രം അവസാനിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

റിലീസ്[തിരുത്തുക]

ചിത്രത്തിന്റെ ഉപഗ്രഹ സംപ്രേഷണാവകാശം 350 മില്യൺ (US$5.5 million) തുകയ്ക്ക് സൺ ടി.വി. സ്വന്തമാക്കി.[12] ലോകമെമ്പാടും 600 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.[13] തമിഴിലും തെലുങ്കിലും പ്രദർശനത്തിനെത്തിയ ചിത്രത്തിനു മികച്ച സ്വീകരണമാണ് ലഭിച്ചത്.[14][15][16][17][18][18]

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ
# ഗാനംആലാപനം ദൈർഘ്യം
1. "ഓ ഈശാ (Composers Mix)"  കാർത്തിക്, ആൻഡ്രിയ ജെർമ്മിയ 5:22
2. "മാലൈ നേരം"  ആൻഡ്രിയ ജെർമ്മിയ ജി.വി. പ്രകാശ് കുമാർ 5:58
3. "ഉൻ മേലെ ആസ താൻ"  ധനുഷ്, ഐശ്വര്യ ധനുഷ്, ആൻഡ്രിയ ജെർമ്മിയ 4:30
4. "ദ കിംഗ് അറൈവ്സ്"  നീൽ മുഖർജി & മദ്രാസ് അഗസ്റ്റിൻ 3:02
5. "തായ് തിൻഡ്ര മനൈ"  വിജയ് യേശുദാസ്, നിത്യശ്രീ മഹാദോവൻ, ശ്രീകൃഷ്ണ 5:57
6. "പെമ്മനെ"  പി.ബി. ശ്രീനിവാസ്, ബോംബെ ജയശ്രീ 5:59
7. "സെലിബ്രേഷൻ ഓഫ് ലൈഫ്"  ഇൻസ്ട്രുമെന്റൽ 3:32
8. "തായ് തിൻഡ്ര മനൈ (ക്ലാസിക്കൽ)"  വിജയ് യേശുദാസ് 7:17
9. "ഇന്ത പതൈ"  ജി.വി. പ്രകാശ് കുമാർ 4:53
10. "ഓ ഈശാ (ക്ലബ്ബ് മിക്സ്)"  ബിഗ് നിക്ക് 4:53
ആകെ ദൈർഘ്യം:
51:23

പുരസ്കാരങ്ങൾ[തിരുത്തുക]

ചടങ്ങ് പുരസ്കാരം വിഭാഗം നാമനിർദ്ദേശം ഫലം
2-ആമത് എഡിസൺ അവാർഡ് എഡിസൺ അവാർഡ്] മികച്ച ത്രില്ലർ ചലച്ചിത്രം സെൽവരാഘവൻ വിജയിച്ചു
58-ആമത് ഫിലിംഫെയർ പുരസ്കാരം സൗത്ത് ഫിലിംഫെയർ പുരസ്കാരം സൗത്ത് മികച്ച ചലച്ചിത്രം ആർ. രവീന്ദ്രൻ നാമനിർദ്ദേശം
മികച്ച സംവിധായകൻ സെൽവരാഘവൻ നാമനിർദ്ദേശം
മികച്ച നടൻ കാർത്തി നാമനിർദ്ദേശം
മികച്ച നടി റിമ സെൻ നാമനിർദ്ദേശം
മികച്ച സഹനടൻ ആർ. പാർത്തിപൻ വിജയിച്ചു
മികച്ച സഹനടി ആൻഡ്രിയ ജെർമ്മിയ നാമനിർദ്ദേശം
മികച്ച സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ നാമനിർദ്ദേശം
മികച്ച പിന്നണി ഗായകൻ ധനുഷ് for "ഉൻ മേലെ ആസതാൻ" നാമനിർദ്ദേശം
മികച്ച പിന്നണി ഗായിക ആൻഡ്രിയ ജെർമ്മിയ,
ഐശ്വര്യ ധനുഷ് for "ഉൻ മേലെ ആസതാൻ"
നാമനിർദ്ദേശം
5-ആമത് വിജയ് അവാർഡ്സ് വിജയ് അവാർഡ്സ് മികച്ച വില്ലൻ കഥാപാത്രം റീമാ സെൻ വിജയിച്ചു
മികച്ച സഹനടൻ ആർ. പാർത്തിപൻ നാമനിർദ്ദേശം
മികച്ച കലാസംവിധായകൻ ടി. സന്താനം നാമനിർദ്ദേശം
സംഘട്ടന സംവിധാനം റാംപോ രാജ്കുമാർ നാമനിർദ്ദേശം
വസ്ത്രാലങ്കാരം ഇരം അലി നാമനിർദ്ദേശം
മികച്ച ഗാനം "ഉൻ മേലെ ആസതാൻ" നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. 1.0 1.1 "Aayirathil Oruvan: Movie Preview". Behindwoods. 2010. Archived from the original on 15 January 2010. Retrieved 12 January 2010.
  2. 2.0 2.1 http://www.bbfc.co.uk/search/releases/Aayirathil%2BOruvan
  3. AO BO Archived 26 April 2015 at the Wayback Machine.. IMDb.
  4. AAYIRATHIL ORUVAN (12A) - British Board of Film Classification
  5. Moviebuzz (2007). "Selva on Aayirathil Oruvan". Sify. Archived from the original on 16 December 2007. Retrieved 15 December 2007.
  6. Rangarajan, Malathi (14 January 2010). "All eyes on Aayirathil Oruvan". The Hindu. Chennai, India. Archived from the original on 23 January 2010. Retrieved 14 January 2010.
  7. "Kaashmora (Aayirathil Oruvan) 2017 Official Motion Poster". YouTube.
  8. "Karthi as MGR fan". Indiaglitz.com. 2007. Archived from the original on 18 December 2007. Retrieved 17 December 2007.
  9. Srinivasan, Pavithra (2010). "Aayirathil Oruvan is not for the faint hearted". Rediff. Archived from the original on 16 January 2010. Retrieved 14 January 2010.
  10. 10.0 10.1 Devi Rani, Bhama (16 January 2010). "Aayirathil Oruvan". Times of India. Archived from the original on 25 October 2012. Retrieved 15 January 2010.
  11. "Selvaraghavan on his relationship with Andrea". Behindwoods. 2009. Archived from the original on 22 February 2010. Retrieved 17 December 2009.
  12. Moviebuzz (2009). "Selva's Aayirathil Oruvan sold for 35 C!". Sify. Archived from the original on 3 April 2015. Retrieved 31 December 2009.
  13. Aayirathil Oruvan released in 600 screens worldwide (all language versions) Archived 17 October 2013 at the Wayback Machine.
  14. Moviebuzz (2010). "Chennai Box Office – Jan 14 to 17". Sify. Archived from the original on 22 January 2010. Retrieved 19 January 2010.
  15. "Ranking based on Chennai Box Office Collections from Jan 15th 2010 to Jan 17th 2010". Behindwoods. 2010. Retrieved 19 January 2010.[പ്രവർത്തിക്കാത്ത കണ്ണി]
  16. "UK Box Office: 15–17 January 2010". UK Film Council. 2010. Archived from the original on 19 February 2010. Retrieved 19 January 2010.
  17. "Malaysia Box Office – January 21–24, 2010". Box Office Mojo. 2010. Archived from the original on 22 February 2010. Retrieved 19 January 2010.
  18. 18.0 18.1 Moviebuzz (2010). "AO is super hit in Telugu". Sify. Archived from the original on 12 February 2010. Retrieved 9 February 2010.

പുറം കണ്ണികൾ[തിരുത്തുക]