ഒരു ക്രിസ്മസ് കരോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A Christmas Carol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു ക്രിസ്മസ് കരോൾ
കർത്താവ്ചാൾസ് ഡിക്കൻസ്
യഥാർത്ഥ പേര്A Christmas Carol. In Prose. Being a Ghost Story of Christmas.
രാജ്യംEngland
ഭാഷEnglish
സാഹിത്യവിഭാഗംNovella
പ്രസിദ്ധീകൃതം19 December 1843
പ്രസാധകൻChapman & Hall

വിക്ടോറിയൻ കാലഘട്ടത്തിലെ സുപ്രസിദ്ധ എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ പ്രസിദ്ധമായ ചെറു നോവലാണ് ഒരു ക്രിസ്മസ് കരോൾ. ലുബ്ധനും അത്യാഗ്രഹിയുമായ എബനേസർ സ്ക്രൂജ് എന്ന വയോധികൻ ഒരു ക്രിസ്മസ് കാലത്ത് മരിച്ചുപോയ സുഹൃത്തിന്റെ ആത്‌മാവിനെയും പിന്നീട് ഭൂത-വർത്തമാന-ഭാവി കാലങ്ങളിലെ ക്രിസ്മസിന്റെ ആത്മാക്കളെയും കാണുകയും തൻ്റെ ഭൂത-വർത്തമാന-ഭാവികളിലെ ക്രിസ്മസ് ദൃശ്യങ്ങൾ കണ്ട് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതാണ് കഥ. 1843-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയെ വിമർശകരും വായനക്കാരും നല്ല രീതിയിൽ സ്വീകരിച്ചു. ഇത് പല ഭാഷകളിൽ തർജ്ജിമ ചെയ്തിട്ടുണ്ട്. ഈ ചെറു നോവലിനെ ആസ്പദമാക്കി അനേകം നാടകങ്ങളും സിനിമയും നിർമ്മിച്ചിട്ടുണ്ട്[1].

കഥ[തിരുത്തുക]

അഞ്ച് ഭാഗങ്ങളായാണ് കഥ. എബനേസർ സ്ക്രൂജ് എന്ന വ്യക്തിയുടെ വീട്ടിൽ ഒരു ക്രിസ്മസ് കാലത്ത് തന്റെ അനന്തരവനായ ഫ്രെഡ് എത്തുന്നു. ക്രിസ്മസിനെ സമയവും പണവും പാഴാക്കുന്ന അനാവശ്യ ധൂർത്തായി കാണുന്ന സ്ക്രൂജ് ഫ്രഡിന്റെ ആശംസ നിഷേധിക്കുന്നു. ഫ്രെഡ് പോയ ശേഷം കുറച്ചു സാമൂഹ്യപ്രവർത്തകർ സംഭാവനയ്കായി എത്തുന്നു. അവർക്ക് ഒന്നും കൊടുക്കാതെ സ്ക്രൂജ് പറഞ്ഞുവിടുന്നു. പിന്നീട് തന്റെ ജോലിക്കാരനായ ബോബ് ക്റാചിറ്റ് ക്രിസ്മസിന് അവധി ആവശ്യപ്പെടുമ്പോൾ സ്ക്രൂജ് അനുവദിക്കുമെങ്കിലും പിറ്റേ ദിവസം നേരത്തെ തന്നെ എത്തണമെന്ന് അറിയിക്കുന്നു. പതിവ് പോലെ മുന്നോട്ടു പോയ ആ ദിവസം രാത്രി സ്ക്രൂജ് ഒരു രൂപം മുന്നിൽ കാണുന്നു. ഏഴ് വർഷങ്ങൾക്കുമുൻപ് മരിച്ചുപോയ തന്റെ വ്യാപാരത്തിലെ പങ്കാളിയായ ജേക്കബ് മാർലി ആണ് താനെന്ന് സ്വയം വെളിപ്പെടുത്തുന്ന ചങ്ങലയിൽ ബന്ധിതനായ ആ രൂപം തൻ്റെ ഈ സ്ഥിതിയുടെ കാരണം അറിയിക്കുന്നു. സ്ക്രൂജിനെപ്പോലെ സ്വാർത്ഥമായി ധനസമ്പാദനത്തിൽ മാത്രം മുഴുകി ജീവിച്ചിരുന്നതിനാലാണ് മരണശേഷം ചങ്ങലകളാൽ ഇങ്ങനെ നടക്കേണ്ടി വരുന്നത് എന്നറിയിക്കുന്ന മാർലി സമാനമായ വിധിയിൽ നിന്നും സ്ക്രൂജിനെ രക്ഷിക്കാനാണ് എത്തുന്നത്. രാത്രി സ്ക്രൂജിനെ മൂന്ന് ആത്മാക്കൾ സമീപിക്കുമെന്നുകൂടി അറിയിച്ച ശേഷം മാർലി പോകുന്നു.ഭയന്നുനിന്ന സ്ക്രൂജ് ഉടനേ ഉറങ്ങി വീഴുന്നു.

രാത്രി ഒരു മണിയ്ക്ക് സ്ക്രൂജിന്റെ വീട്ടിലേക്ക് വെള്ളവസ്ത്രം ധരിച്ച അസാധാരണമായ രൂപം എത്തുന്നു. ഗതകാല ക്രിസ്മസുകളുടെ ആത്മാവ്. ആത്മാവ് സ്ക്രൂജിനെ ഭൂതകാല ക്രിസ്മസ് ഓർമകളിലേക്ക് കൊണ്ടുപോകുന്നു. മരിച്ചുപോയ തൻ്റെ അനിയത്തിയുടെ ഒപ്പമുള്ള ബാല്യകാലം കാണുന്ന സ്ക്രൂജ് അനിയത്തിയുടെ മകനായ ഫ്രെഡിന്റെ ക്രിസ്മസ് ആഘോഷത്തിനുള്ള ക്ഷണം നിരാകരിച്ചത് വിഷമത്തോടെ ഓർക്കുന്നു. താൻ സ്നേഹിച്ചിരുന്ന ബെൽ എന്ന പെൺകുട്ടിയെ പിന്നീട് ആത്മാവ് കാണിക്കുന്നു. ധനസമ്പാദനത്തോടുള്ള താല്പര്യം ഇതിനകം വളരെ കൂടിയതിനാൽ അവൾ സ്ക്രൂജിനോടുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് കാണുന്നത്. ഓർമ്മകൾ കണ്ട് തളർന്നുപോയ സ്ക്രൂജ് തന്നെ തിരികെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോകാൻ അപേക്ഷിക്കിന്നു. തിരിച്ചെത്തിയെ സ്ക്രൂജ് വീണ്ടും ഉറക്കത്തിലേക്ക് വീഴുന്നു.

രണ്ടാമതായി സ്ക്രൂജ് കാണുന്നത് പച്ച വസ്ത്രധാരിയായ 'ഇപ്പോഴത്തെ ക്രിസ്മസിൻ്റെ ആത്മാവിനെയാണ്. ആത്മാവിന്റെ ഒപ്പം സഞ്ചരിക്കുന്ന സ്ക്രൂജ് പരസ്പരം ക്രിസ്മസ് ആശംസിക്കുന്ന മനുഷ്യരെ കാണുന്നു. പിന്നീട് ക്രാചിറ്റിൻറെ വീട്ടിലെത്തുന്ന സ്ക്രൂജ് കാണുന്നത് മോശമായ സാമ്പത്തികസ്ഥിതിയിലും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്ന ക്രാചിറ്റിന്റെ കുടുംബത്തെയാണ്. ക്രാച്ചിറ്റിൻറെ വൈകല്യമുള്ള ഇളയ മകനായ കൊച്ചു റ്റിമ്മിനെ കാണുമ്പോൾ ആ കുട്ടിയുടെ ഭാവിയെപ്പറ്റി സ്ക്രൂജ് ആട്മാവിനോട് ചോദിക്കുന്നു. അടുത്ത ക്രിസ്മസ് ദിനത്തിൽ റ്റിമ്മുണ്ടാവില്ലെന്ന് ആത്‌മാവ്‌ സൂചിപ്പിക്കുന്നു. പിന്നീട് ഫ്രഡിന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷത്തിലേക്ക് സ്ക്രൂജിനെ കൊണ്ടുപോകുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ആനന്ദം അവിടെ നിന്ന് മനസ്സിലാക്കുന്ന സ്‌ക്രൂജ് ഒടുവിൽ അവിടെ നിന്നും ഇറങ്ങുന്നു.വഴിയിൽ പട്ടിണി കിടക്കുന്ന രണ്ടു കുട്ടികളെ കണ്ട സ്ക്രൂജ് അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലേ എന്ന് ആട്മാവിനോട് ചോദിക്കുമ്പോൾ ഇവരോടുള്ള സ്ക്രൂജിന്റെ മുൻ സമീപനം പോലെ ആത്‌മാവ്‌ പ്രതികരിക്കുന്നു.

മൂന്നാമതായി എത്തുന്നത് വരാനിരിക്കുന്ന ക്രിസ്മസിന്റെ ആത്മാവാണ്. കറുത്ത വസ്ത്രം ധരിച്ച് മുഖം മൂടിയ നിശ്ശബ്ദനായ ആ ആത്മാവിന്റെ കൂടെ സ്ക്രൂജ് യാത്ര ചെയ്യാൻ തുടങ്ങി. മരിച്ചുപോയ ധനികനായ ഒരു വ്യാപാരിയെക്കുറിച്ച് ഏതാനും വ്യാപാരികൾ ചർച്ച ചെയ്യുന്നതാണ് സ്ക്രൂജ് കാണുന്നത്. ആരും തന്നെ ഈ മരണത്തിൽ ദുഃഖിക്കുന്നതായി കാണുന്നില്ല. പരേതന്റെ വീട്ടിൽനിന്ന് ആളുകൾ ഓരോന്നായി എടുത്തുകൊണ്ടും പോകുന്നു. പിന്നീട് ആത്മാവ് കാണിക്കുന്നത് ഈ മരണം മൂലം സമാധാനിക്കുന്ന പരേതന് കടം തിരികെ നൽകാനുള്ള ദമ്പതികളെയാണ്. ഇതിനുശേഷം ക്രാചിറ്റിന്റെ വീട് കാണുന്ന സ്ക്രൂജ് അവിടെയും മരണം നടന്നിട്ടുള്ളതായി കാണുന്നു. ഇളയ മകനായ ടിം മരിച്ചുകഴിഞ്ഞു.തിരികെ പോകുവാൻ ആഗ്രഹിക്കുന്ന സ്ക്രൂജിനു മുൻപിൽ ഇനി ഒരു ദർശനം കൂടിയുണ്ട്. ആദ്യം കണ്ട മരിച്ചുപോയ വ്യാപാരിയുടെ കല്ലറ. കല്ലറയിലെ പേര് സ്വന്തം പേരുതന്നെയാണെന്നു കാണുന്ന സ്ക്രൂജ് തന്റെ ജീവിതരീതി മാറ്റാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. സാവധാനം ആത്മാവ് അപ്രത്യക്ഷമാവുകയും സ്ക്രൂജ് തിരികെ തൻറെ മുറിയിലെത്തുകയും ചെയ്യുന്നു.

തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായാണ് സ്ക്രൂജ് മാറുന്നത്. ആഹ്‌ളാദത്തോടെ പുറത്തിറങ്ങുന്ന സ്ക്രൂജ് ക്രാച്ചിറ്റിന് ടർക്കി വാങ്ങുവാനായി പണം ഒരു കുട്ടിയെ ഏല്പിക്കുന്നു. നേരത്തേ സംഭാവന ചോദിച്ചുവന്ന ആൾക്ക് പണം കൊടുക്കുകയും മുൻപത്തെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പിന്നീട് ഫ്രഡിന്റെ വീട്ടിലേക്ക് പോകുകയും ഫ്രഡിനൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്യുന്നു. പിറ്റേന്ന് ക്രാച്ചിറ്റിന്റെ ശമ്പളം വർധിപ്പിക്കുന്ന സ്ക്രൂജ് ടിമ്മിന്റെ ചികിത്സക്കായുള്ള സഹായവും ചെയ്യുന്നു. അങ്ങനെ സ്ക്രൂജ് മൂന്നാം ആത്മാവിന്റെ ദർശനങ്ങളും മാർലിയുടെ സമാനമായ വിധിയും ഒഴിവാക്കുന്നു.

പ്രമേയം[തിരുത്തുക]

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്കുള്ള മടങ്ങിവരവാണ് കഥാതന്തു. സ്വാർത്ഥമായ ജീവിതത്തിൽ നിന്നും സമൂഹത്തെ സഹായിക്കുന്ന സന്തോഷവാനായുള്ള സ്ക്രൂജിന്റെ മാറ്റമാണ് ക്രിസ്മസിന്റെയും കഥയുടെയും അർഥം.

പ്രഭാവം[തിരുത്തുക]

ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷരീതിയിൽത്തന്നെ ക്രിസ്മസ് കരോൾ എന്ന നോവൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്രിസ്മസിനെ ഒരു പ്രധാന വിശേഷദിവസമാക്കുകയും കുടുംബവും കൂട്ടുകാരുമൊത്ത് കൂടുവാനുള്ള ദിവസമാക്കുകയും പാവങ്ങളെ സഹായിക്കാനുള്ള ദിവസമാക്കുകയും ചെയ്തതിൽ ഈ കൃതി പങ്കുവഹിച്ചിട്ടുണ്ട്[2][3].

അവലംബങ്ങൾ[തിരുത്തുക]

  1. "Film adaptations".
  2. "The Impact of Dicken's A Christmas Carol".
  3. "man who invented christmas".
"https://ml.wikipedia.org/w/index.php?title=ഒരു_ക്രിസ്മസ്_കരോൾ&oldid=2932493" എന്ന താളിൽനിന്ന് ശേഖരിച്ചത്